‘പച്ച ’ തൊടാന്‍ ഭയക്കുന്ന ലീഗ് യുവത്വം
സെക്കുലര്‍ /ലിബറല്‍ മൂല്യങ്ങള്‍ ലീഗ് യുവാക്കളിലുണ്ടാക്കിയ സന്ദേഹവും ആശയക്കുഴപ്പവും സാമുദായിക വിലാസം കയ്യൊഴിയണമെന്ന തീര്‍പ്പിലേക്ക് വികസിക്കുകയാണ്
ഏഴു പതിറ്റാണ്ടിന്റെ ചരിത്രമുള്ള മുസ്‍ലിം ലീഗ് അതിന്റെ പച്ചപ്പതാക മാറ്റാന്‍ ആലോചിക്കുന്നുവെന്നാണ് കഴിഞ്ഞ ആഴ്ച പുറത്തു പ്രധാന വാര്‍ത്തകളില്‍ ഒന്ന്. പാര്‍ട്ടിയുടെ വ്യതിരിക്തതയും ചരിത്രവും വിസ്മരിച്ച് ഒരു മാറ്റത്തിനും തയ്യാറല്ലെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. പച്ചപ്പതാകയുടെ കാര്യത്തില്‍ മജീദിനെ വിശ്വാസത്തിലെടുക്കാം.
പച്ചക്കൊടിയിലും സാമുദായിക വിലാസത്തിലും അസ്വസ്ഥത പേറുന്ന ഒരു കൂട്ടം പ്രവര്‍ത്തകരും നേതാക്കളും മുസ്‍ലിം ലീഗിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. സാമുദായികമായ അജണ്ടകള്‍ ലീഗ് കൈവിടണം എന്ന് കൂടി ശഠിക്കുന്നവരാണ് ഈ കൂട്ടര്‍. ലിബറല്‍ മൂല്യങ്ങളും സവര്‍ണ പൊതുബോധവും ലീഗ് അണികളിലുണ്ടാക്കുന്ന സന്ദേഹങ്ങള്‍ പല രീതിയില്‍ പുറത്തുവരാറുണ്ട്. അത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ലീഗ് നേതൃത്വം ശ്രമിക്കാറില്ല. സാമുദായിക വിലാസം പേറുമ്പോള്‍ തന്നെ കേരളീയ മുസ്‍ലിംകളെ രാഷ്ട്രീയ മുഖ്യധാരയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ച പാര്‍ട്ടിയാണത്.
അതിജീവിക്കാന്‍ വേണ്ടതിലേറെ സാമൂഹ്യ സമ്മതി നേടാനും ലീഗിന് കഴിഞ്ഞു. സെക്കുലര്‍ /ലിബറല്‍ മൂല്യങ്ങള്‍ ലീഗ് യുവാക്കളിലുണ്ടാക്കിയ സന്ദേഹവും ആശയക്കുഴപ്പവും സാമുദായിക വിലാസം കയ്യൊഴിയണമെന്ന തീര്‍പ്പിലേക്ക് വികസിക്കുകയാണ്.
1. ‘മുസ്‍ലിം ലീഗ് ’ എന്ന വിലാസം
'ചില പ്രശ്‌നങ്ങളില്‍ നമ്മോടൊപ്പം നില്‍ക്കാന്‍ ലിബറല്‍സും കമ്മ്യൂണിസ്റ്റുകളുമെല്ലാം വരും. അവരാണെങ്കിലോ വസ്ത്രധാരണത്തിലും വിശ്വാസത്തിലുമെല്ലാം നിങ്ങളെ ചോദ്യം ചെയ്യുന്നവരുമാണ്. ഒരു മാനസിക സംഘര്‍ഷം അത് നിങ്ങള്‍ക്കുണ്ടാക്കും. ലിബറല്‍ സമൂഹം പറയുന്നതല്ലേ ശരി എന്ന് നിങ്ങള്‍ക്ക് തോന്നാം. അങ്ങനെ തോന്നാന്‍ തുടങ്ങിയാല്‍ പിന്നെ മുസ്ലിം ലീഗില്ല. ലീഗിന്റെ ആശയങ്ങളുമില്ല'. (പി.എം സാദിഖലി, മേയ് 4, 2018, പി.എം ഹനീഫ് അനുസ്മരണം, കോഴിക്കോട് )
കേരളത്തിലെ ഏറ്റവും വലിയ ലീഗ് സൈദ്ധാന്തികനായിരുന്നു സി.എച്ച് മുഹമ്മദ് കോയ. കമ്മ്യൂണിസ്റ്റുകളോടും ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിനോടും ആശയപരമായി പോരാടിയ സിഎച്ചിന്റെ പൈതൃകത്തിന് പാര്‍ട്ടിയില്‍ തുടര്‍ച്ചയുണ്ടായില്ല. ഇസ്‍ലാം /മുസ്‍ലിം എന്ന വിലാസത്തില്‍ അഭിമാനിച്ച് കൊണ്ട് തന്നെ സെക്കുലര്‍/ഇടത് രാഷ്ട്രീയത്തോട് സമരസപ്പെടാനും പൊരുതാനും കഴിയുന്ന ആശയ പരിസരം സി.എച്ച് വികസിപ്പിച്ചു.
കൂടുതല്‍ ജനകീയവും ലിബറല്‍/സവര്‍ണ പൊതുബോധത്തിന് അനുഗുണവുമായ ശൈലി സ്വീകരിച്ചെങ്കിലും ആ കോംപ്ലക്‌സ് ലീഗ് യുവാക്കളെ വിട്ടൊഴിഞ്ഞില്ല.
സി.എച്ചിന് ശേഷം ലീഗിന്റെ രാഷ്ട്രീയ ആശയത്തെ നിരാകരിക്കുന്ന പലതരം ലിബറല്‍/ഇടത് മൂല്യവിചാരങ്ങള്‍ പാര്‍ട്ടിയില്‍ ഇടം കണ്ടെത്തി. യുവാക്കളാണ് ഇത്തരം ആശയങ്ങളില്‍ ആകൃഷ്ടരായത്. സാമൂഹ്യ മാധ്യമങ്ങളുടെ വികാസത്തോടെ ഇത്തരം ലിബറല്‍ ചിന്തകളുടെ പ്രസരണം ശക്തിപ്പെട്ടു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ചില ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനകളും മുന്നോട്ടുവെക്കുന്ന വിപ്ലവ സ്വഭാവമുള്ള മുദ്രാവാക്യങ്ങള്‍ ലീഗ് യുവാക്കളെ ഭ്രമിപ്പിച്ചു. 2000ത്തിന് ശേഷം അത്തരം വിപ്ലവകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമം യൂത്ത് ലീഗില്‍ ശക്തിപ്പെട്ടു. അപ്പോഴും മുസ്‍ലിം ലീഗിലെ 'മുസ്‍ലിം' എന്ന വാക്കും 'പച്ച'ക്കൊടിയും അവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു.
ലിബറല്‍/സവര്‍ണ പൊതുബോധത്തിന് അനുഗുണവും ജനകീയവുമായ ശൈലി സ്വീകരിച്ചെങ്കിലും ‘സമുദായ’ കോംപ്ലക്‌സ് ലീഗ് യുവാക്കളെ വിട്ടൊഴിഞ്ഞില്ല. ഈ ഘട്ടത്തില്‍ തന്നെയാണ് ലിബറല്‍ മൂല്യങ്ങളുള്ള യുവാക്കള്‍ യൂത്ത് ലീഗിന്റെ നേതൃതലങ്ങളില്‍ എത്തുന്നത്. പാര്‍ട്ടിയുടെ മുസ്‍ലിം വിലാസത്തില്‍, മത ചിഹ്നങ്ങളില്‍ എല്ലാം അഭിമാനിക്കുന്നതാണ് ലീഗിന്റെ പൈതൃകം. അതിനെ നിരാകരിക്കുന്ന പുതിയ ശൈലി യൂത്ത് ലീഗില്‍ ശക്തിപ്പെട്ടു. വലിയ ആശയക്കുഴപ്പത്തിനാണ് ഇത് വഴി വെച്ചത്. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനാണ് മേല്‍ ഉദ്ധരിച്ച പ്രസംഗത്തിലൂടെ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി ശ്രമിക്കുന്നത്. പാര്‍ട്ടിയിലെ യുവ തലമുറ നേരിടുന്ന സ്വത്വ പ്രതിസന്ധി എത്രത്തോളം ഗൗരവമുള്ളതാണെന്ന് സാദിഖലിയുടെ വാക്കുകളില്‍ തെളിഞ്ഞു കാണാം.
2 ആരെ പിന്തുടരണം?
മത ന്യൂനപക്ഷം എന്ന സങ്കീര്‍ണത, ലിബറല്‍സും യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് പ്രതിസന്ധിയിലാക്കുന്ന വിശ്വാസ ജീവിതം, സവര്‍ണ മൂല്യങ്ങളുടെ അധീശത്വം ഇതെല്ലാം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പരിഗണനാ വിഷയങ്ങളാണ്. അക്കാദമികവും രാഷ്ട്രീയവുമായി ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം സി.എച്ചിന് ശേഷമുള്ള കാലഘട്ടത്തില്‍ പാര്‍ട്ടിക്ക് കൈമോശം വന്നു. ആകര്‍ഷകവും സ്വീകാര്യവുമായ ആശയമായി ലിബറല്‍/ഇടത് മൂല്യങ്ങള്‍ ലീഗ് യുവാക്കളെ പിടികൂടുന്നത് ഈ ഘട്ടത്തിലാണ്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും മുദ്രാവാക്യങ്ങളെ അതികാല്‍പനികമായി ഉള്ളാല്‍ സ്വീകരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം സംഘടനയില്‍ പെരുകാന്‍ ഇതിടയാക്കി. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ സുനില്‍ പി ഇളയിടം യൂത്ത് ലീഗിന്റെ ഒരു വേദിയില്‍ അസാധാരണമായി സ്വീകരിക്കപ്പെട്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തെ പാടെ നിരാകരിക്കുന്ന, യുക്തിവാദിയായ എം.എന്‍ കാരശ്ശേരിയുടെ ചിന്തകള്‍ക്കും യൂത്ത് ലീഗ് വേദിയൊരുക്കി.
ഇടത് സൈബര്‍ പോരാളികളുടെ ആവേശമായ പഴയ എസ്.എഫ്.ഐ നേതാക്കള്‍ യൂത്ത് ലീഗ് വേദികളില്‍ നിരന്തരം ക്ഷണിക്കപ്പെട്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സാധുത സൈദ്ധാന്തികമായി വിശദീകരിച്ച് സ്ഥാപിക്കാതെയാണ് ഇതിനെല്ലാം ലീഗ് യുവാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടത്. ലിബറല്‍/ഇടത് മൂല്യങ്ങള്‍ക്ക് പാര്‍ട്ടിയുടെ ചെലവില്‍ സംഘടനയില്‍ വ്യാപിക്കാനും സമ്മതി കൂട്ടാനും ഇതിടയാക്കി. എം.എന്‍ കാരശ്ശേരി, ഹമീദ് ചേന്നമംഗല്ലൂര്‍, എ.എം ഷിനാസ് എന്നിവര്‍ പ്രസരിപ്പിക്കുന്ന രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ കെ.എം ഷാജി യൂത്ത് ലീഗില്‍ ജനറല്‍ സെക്രട്ടറി ആയ കാലം മുതല്‍ സംഘടനക്കുള്ളില്‍ വിനിമയം ചെയ്യപ്പെടുന്നുണ്ട്. പി.കെ ഫിറോസ് യൂത്ത് ലീഗ് നേതൃത്വത്തിലെത്തിയതോടെ ലിബറല്‍ ആശങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
3 കുടഞ്ഞെറിയുന്ന ചിഹ്നം
മുസ്‍ലിം ലീഗിനെ അതിന്റെ സാമുദായിക വിലാസത്തില്‍ നിന്ന് മുക്തമാക്കണം എന്നതാണ് വലിയൊരു വിഭാഗം യുവനേതാക്കളുടെ ആഗ്രഹം. പച്ചക്കൊടി ഒരു ഭാരമായി അവര്‍ കാണുന്നു. യൂത്ത് ലീഗിന്റെ യുവജനയാത്രയുടെ പ്രഖ്യാപനം നടന്ന കണ്ണൂരിലെ വേദി ചുവപ്പ് മയമായിരുന്നു. പച്ചയില്‍ നിന്ന് പുറത്തുകടക്കാന്‍ വെമ്പുന്ന ലീഗ് യുവാക്കളുടെ ആത്മാവിഷ്‌കാരമായി ആ വേദിയെ കണക്കാക്കാം. മുസ്‍ലിം സാമുദായികത അടിത്തറയായ പാര്‍ട്ടിയില്‍ അതിനെ പാടേ നിഷേധിക്കുന്നതാണ് പുതിയ ട്രെന്‍ഡ്.
ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ‘സ്ത്രീ ചേലാകര്‍മ്മ’ കേന്ദ്രത്തിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് അത്തരത്തില്‍ ഒന്നായിരുന്നു.
പാര്‍ട്ടിയുടെ വോട്ടര്‍മാരില്‍ ഭൂരിപക്ഷമായ സുന്നികളില്‍, തങ്ങള്‍ അപരവല്‍ക്കരിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കിയത് ഈ സമീപനത്തിന്റെ പ്രതിഫലനമാണ്. സമുദായ പരിഷ്‌കരണം, സമുദായ നവീകരണം തുടങ്ങിയ അജണ്ടകളോടെ ലീഗിലെ യുവനേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ രാഷ്ട്രീയ തിരിച്ചടികളായി മാറുകയാണ്. ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ 'സ്ത്രീ ചേലാകര്‍മ്മ' കേന്ദ്രത്തിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് വലിയ പ്രത്യാഘാതമുണ്ടാക്കി. തങ്ങളുടെ വിശ്വാസാചാരങ്ങളെ ആക്രമിക്കുന്നു എന്ന തോന്നലാണ് ഇത് സുന്നി - മുഹാഹിദ് കേന്ദ്രങ്ങളിലുണ്ടാക്കിയത്. അടിമുടി മതബദ്ധമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് യാഥാസ്ഥിതിക/പാരമ്പര്യ/വിശ്വാസ കാര്യങ്ങളില്‍ തിരുത്തല്‍ ശക്തിയാകാന്‍ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിക്കുന്നത് നിരീശ്വരവാദികളാണെന്ന് കെ.മുരളീധരനെ പോലെ ഒരു സെക്കുലര്‍ നേതാവിന് പറയേണ്ടി വന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.
4. തുറിച്ചുനോക്കുന്ന ഭാവി
സമുദായ ചിഹ്നങ്ങളില്‍ അഭിമാനിക്കുന്ന സുന്നികളെയും മുജാഹിദുകളെയും അപ്പുറത്ത് നിര്‍ത്തി സമുദായ പരിഷ്‌കരണം /വിമര്‍ശനം എന്നത് മുസ്‍ലിം ലീഗ് യുവാക്കള്‍ക്ക് സാധ്യമാകുമോ? സമുദായ വിലാസത്തില്‍ അസ്വസ്ഥപ്പെടുന്നവരാണ് ലീഗിന്റെ യുവനേതാക്കളെന്ന് സുന്നി മുജാഹിദ് പ്രസിദ്ധീകരണങ്ങള്‍ പലതവണ എഴുതിയിട്ടുണ്ട്. മുത്വലാഖ്, നബിദിന ഘോഷയാത്ര, മതപ്രഭാഷണങ്ങള്‍, വിവാഹ പ്രായം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‍ലിം ലീഗ് യുവാക്കള്‍ ഒറ്റപ്പെടുത്തിയതിന്റെ നിരാശയും പ്രതിഷേധവും അവരിലുണ്ട്. ജെ.ജെ ആക്റ്റ് പോലെ അനാഥാലയങ്ങളെ പ്രതിസന്ധിയിലാക്കിയ ഒരു പ്രശ്‌നത്തിലും ലീഗ് യുവാക്കളുടെ പിന്തുണ അവര്‍ക്ക് ലഭിച്ചില്ല.അനാഥാലയ വിഷയത്തില്‍ സുപ്രീംകോടതിയില്‍ തനിച്ച് കേസ് നടത്താന്‍ സമസ്ത ഇറങ്ങിപ്പുറപ്പെട്ടത് കൂടി ചേര്‍ത്ത് വായിക്കണം. കൂടുതല്‍ രാഷ്ട്രീയ ഉള്ളടക്കത്തോടെ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച സമസ്ത, സ്വാശ്രയത്വം നേടാതെ തരമില്ല എന്ന തിരിച്ചറിവ് നേടിക്കഴിഞ്ഞു.
5. പ്രസംഗം തന്നെ രാഷ്ട്രീയം
'ആര്‍ക്ക് ഹിന്ദുത്വം? നരേന്ദ്രമോദിക്കോ? തന്റെ നെറ്റിയില്‍ കുറിച്ചിടുന്ന ചന്ദനക്കുറിക്കപ്പുറം ഹൃദയത്തില്‍ തരിമ്പ് പോലും ഹിന്ദുത്വത്തിന്റെ ധര്‍മമുള്ളവനല്ല നരേന്ദ്രമോദി' (കെ.എം ഷാജി, കടവത്തൂര്‍ പ്രസംഗം, 2015)
ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സാമാന്യ ധാരണ വേണമെന്ന നിര്‍ബന്ധം മുസ്‍ലിം ലീഗിനില്ല. ഇതിന്റെ പ്രതിഫലനമാണ് മേല്‍ ഉദ്ധരിച്ച പ്രസംഗം. ഹിന്ദുത്വ എന്നത് ഹിംസാത്മകമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്ന സാമാന്യ ധാരണ ഇല്ലാത്ത ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ പ്രസംഗിക്കാന്‍ കഴിയൂ. ഹിന്ദുത്വവും ഹിന്ദുയിസവും തമ്മിലുള്ള വ്യത്യാസം പഠിക്കാതെ ഹിന്ദുത്വത്തിന്റെ ഇരകളെ പ്രതിനിധീകരിക്കാന്‍ ഇറങ്ങുന്നതിലെ വൈരുധ്യമാണ് പുതിയ ലീഗ് യുവാക്കളുടെ രാഷ്ട്രീയത്തിലെ വൈരുധ്യം. രാഷ്ട്രീയ നിലപാടുകളിലെ സൂക്ഷ്മതക്കുറവും യുവ നേതാക്കളുടെ പ്രതികരണങ്ങളില്‍ നിഴലിച്ചു കാണാം. ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ ആവശ്യം. യു.എ.പി.എ ഒരു കരിനിയമമാണെന്ന് പാര്‍ടി നിലപാട് സ്വീകരിക്കുകയും ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് മുനവ്വറലി തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. ന്യൂനപക്ഷങ്ങള്‍ അസാധാരണ വെല്ലുവിളികളും ഭീഷണികളും നേരിടുന്ന കാലത്ത് അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം അതീവ ജാഗ്രതയോടെ മാത്രമേ നടത്താനാകൂ. ആശയ വ്യക്തത അണികള്‍ക്കും നേതാക്കള്‍ക്കും അനിവാര്യമായ ഒരു ഘട്ടം കൂടിയാണത്. അവിടെയാണ് പാര്‍ടിയുടെ ഐഡന്റിറ്റി സംബന്ധിച്ച് ലീഗ് യുവാക്കള്‍ക്ക് സന്ദേഹമുണ്ടാകുന്നത്; നിലപാടുകളിലെ സൂക്ഷ്മത കൈമോശം വരുന്നത്.
Adjust Story Font
16