Quantcast

ഈ പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തം; അക്കമിട്ട് നിരത്തുന്ന കാരണങ്ങള്‍

പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും അവരെ മാറ്റി  പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.  

MediaOne Logo
ഈ പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തം; അക്കമിട്ട് നിരത്തുന്ന കാരണങ്ങള്‍
X

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. സംസ്ഥാനം ഒറ്റക്കെട്ടായി കൈകോര്‍ത്തതിനാലാണ് അതില്‍ നിന്ന് ഒരു വിധം കരകയറാനായത്. പ്രതിപക്ഷം രക്ഷാ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനോടൊപ്പം ഏക മനസോടെ പ്രവര്‍ത്തിക്കുകയായിരുന്നു. 1924 ലെ അതായത് കൊല്ലവര്‍ഷം 99 ലെ വെള്ളപ്പൊക്കത്തോടാണ് ഇപ്പോഴത്തെ പ്രളയത്തെ പലരും ഉപമിക്കുന്നത്. പക്ഷെ 99 ലെ വെള്ളപ്പൊക്കം പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. എന്നാല്‍ ഇപ്പോഴെത്തെ വെളളപ്പൊക്കം സര്‍ക്കാര്‍ വരുത്തി വച്ച ദുരന്തമാണ്.

ഇത്തവണ 41.44 ശതമാനം മഴ കൂടുതല്‍ പെയ്തു എന്നത് സത്യമാണ്. പക്ഷെ വെള്ളപ്പൊക്കം രൂക്ഷമായത് അത് കൊണ്ടല്ല. സംസ്ഥാനത്തെ 44 ഡാമുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ശാസ്ത്രീയമായ മുന്‍ കരുതലുകളൊന്നും എടുക്കാതെ ഒന്നിച്ച് തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായത്. 2500 മി. മി മഴയാണ് ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 20 വരെ കേരളത്തില്‍ ലഭിച്ചത്. 1924 ലെ വെള്ളപ്പൊക്കത്തില്‍ 3368 മി. മി മഴയാണ് ലഭിച്ചത്. 1924 നേക്കാള്‍ കുറവായിരുന്നു ഇപ്പോള്‍ എന്നര്‍ത്ഥം.

വെള്ളത്തില്‍ നിന്ന് കിട്ടുന്ന കറന്റ് വിറ്റ് പണം ഉണ്ടാക്കുന്നതില്‍ മാത്രമായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ശ്രദ്ധ. ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് വൈദ്യുതി മന്ത്രി എം.എം മണി ജൂലൈ 27 ന് പറഞ്ഞത്. പക്ഷെ 2397 അടി കഴിഞ്ഞിട്ടും ട്രയല്‍ റണ്‍ നടത്തിയില്ല. 2400 അടി എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.

പമ്പയിലെ 9 ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ഇടുക്കി - എറണാകുളം ജില്ലകളെ 11 ഡാമുകളും ചാലക്കുടി പുഴയിലെ ആറ് ഡാമുകളും തുറന്നു. ഈ ഡാമുകള്‍ തുറക്കുമ്പോള്‍ എവിടെയൊക്കെ വെളളപ്പൊക്കമുണ്ടാകുമെന്നും, ഏതൊക്കെ ഭാഗങ്ങള്‍ മുങ്ങുമെന്നും സര്‍ക്കാരിന് ഒരു രൂപവുമുണ്ടായില്ല. എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, പറവൂര്‍, വക്കം, പന്തളം തുടുങ്ങി അതി രൂക്ഷമായ പ്രളയം ഉണ്ടായ ഒരിടത്തും ഒരു മുന്നറിയിപ്പും ഉണ്ടായില്ല. രാത്രിക്ക് രാത്രി വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു.

ഇടുക്കിയില്‍ സംഭവിച്ചത്

ജൂലൈ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഇടുക്കിയിലെ ഡാമുകള്‍ നിറഞ്ഞിരുന്നു. മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ അതൊക്കെ അവഗണിക്കുകയാണുണ്ടായത്.

ജൂലൈ 31 ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.68 അടിയായി ഉയര്‍ന്നിരുന്നു. പരമാവധി ശേഷി 2403 ഉം ആണ്. തുടര്‍ന്ന് ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. വ്യാപകമായ ഉരുള്‍ പൊട്ടല്‍ സാധ്യത നില നിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ വൈദ്യുത ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ നടപടികള്‍ ഒന്നും എടുത്തില്ല.

വെള്ളത്തില്‍ നിന്ന് കിട്ടുന്ന കറന്റ് വിറ്റ് പണം ഉണ്ടാക്കുന്നതില്‍ മാത്രമായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ശ്രദ്ധ. ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് വൈദ്യുതി മന്ത്രി എം.എം മണി ജൂലൈ 27 ന് പറഞ്ഞത്. പക്ഷെ 2397 അടി കഴിഞ്ഞിട്ടും ട്രയല്‍ റണ്‍ നടത്തിയില്ല. 2400 അടി എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസും, വൈദ്യുതി മന്ത്രി എം.എം മണിയും തമ്മില്‍ തര്‍ക്കമുണ്ടായി. ഡാം തുറക്കണ്ടാ എന്ന നിലപാടായിരുന്നു മാത്യു ടി തോമസിന്.

ഒടുവില്‍ ആഗസ്ത് 9 ന് ജലനിരപ്പ് 2398. 98 അടിയിലേക്കെത്തിയപ്പോള്‍ മാത്രമാണ് ഒരു ഷട്ടര്‍ 50 സെ.മി മാത്രമുയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുമായി.

അന്ന് വൈകീട്ട് തന്നെ ജലനിരപ്പ് 2400.10 അടിയായി ഉയര്‍ന്നു. പിറ്റേന്ന് ആഗസ്ത് 10 രാവിലെ 7.30 ന് രണ്ട് ഷട്ടറും, ഉച്ചക്ക് 1 മണിക്ക് നാലാമത്തെ ഷട്ടറും, വൈകീട്ട് 3 മണിക്ക് അഞ്ചാമത്തെ ഷട്ടറും തുറക്കേണ്ടി വന്നു. തലേന്ന് സെക്കന്റില്‍ അമ്പതിനായിരം ലിറ്റര്‍ പുറത്തേക്കൊഴുകിയ സ്ഥാനത്ത് 7.5 ലക്ഷം ഘന ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കേണ്ടി വന്നു. പ്രളയത്തിന് ഒരു കാരണം അതാണ്.

ചെറുതോണിക്ക് പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍ കെട്ട്, പൊന്‍മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടി വന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് തമിഴ് നാട് വെള്ളം തുറന്ന് വിട്ടു.

2013 ല്‍ കനത്ത മഴ ഉണ്ടായപ്പോള്‍ ഇടുക്കി ഡാം തുറക്കേണ്ടി വന്നില്ല. മഴയുടെ വരവ് മുന്‍കൂട്ടിക്കണ്ട് ചെറിയ ഡാമുകള്‍ നേരത്തെ തുറന്ന് വയ്കുകയും ഇടുക്കിയിലെ വൈദ്യുത ഉദ്പാദനം വര്‍ധിപ്പിച്ച് ജലനിരപ്പ് താഴ്തി വയ്കുകയുമാണ് ചെയ്തത്.

ചാലക്കുടി കരകവിഞ്ഞതെങ്ങനെ

ചാലക്കുടി പുഴയില്‍ ആറ് ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ചാലക്കുടി പുഴയിലെ ഏറ്റവും താഴെ കിടക്കുന്ന പെരിങ്ങല്‍ക്കുത്ത് ജൂണ്‍ പത്തിന് തന്നെ അതിന്റെ പൂര്‍ണ്ണ ശേഷയിലെത്തിയിരുന്നു. പക്ഷെ ഡാം തുറക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ജൂലൈ 28 മുതല്‍ ആഗസ്ത് 8 വരെ ഡാം നിറഞ്ഞ് കിടക്കുകയും മഴ കനക്കുകയും ചെയ്തങ്കിലും ജലനിരപ്പ് താഴ്താന്‍ ശ്രമിച്ചില്ല. ചാലക്കുടി സംരക്ഷണ സമിതി ജൂലൈ 24 ന് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതിനിടയില്‍ അപ്പര്‍ ഷോളയാറില്‍ നിന്ന് തമിഴ്നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കി വിട്ടത് പ്രശ്നം വഷളാക്കി.

തമിഴ്നാടുമായി ബന്ധപ്പെട്ട് അത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം ഇപ്പോള്‍ കേരളത്തിനാണ്. കേരള ഇറിഗേഷന്‍ ചീഫ് എഞ്ചിനിയീറാണ് അതിന്റെ ചെയര്‍മാന്‍. പക്ഷെ തമിഴ്നാട് കേരളത്തിലേക്ക് വെളളം ഒഴുക്കുന്നത് തടയുന്നതില്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ക്കും ഇറിഗേഷന്‍ മന്ത്രിക്കും വലിയ വീഴ്ചയാണുണ്ടായത്. ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് കര കവിയുകയും ചാലക്കുടി പുഴ ഗതി മാറുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലെത്തി. പെരിങ്ങല്‍ കുത്ത് ഡാമിന് ബലക്ഷയം ഉണ്ടായെന്നും പറയുന്നുണ്ട്. അതിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

പമ്പയില്‍ സംഭവിച്ചത്

പമ്പയില്‍ ഒമ്പത് ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും, സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകള്‍ അല്‍പ്പാല്‍പ്പം ക്രമമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു. പരമാവധി ലെവലില്‍ എത്തുമ്പോള്‍ ഡാമുകള്‍ തുറക്കുക എന്ന തത്വം മാത്രമാണ് കെ.എസ്.ഇ.ബിയും, ജലവിഭവ വകുപ്പും അനുവര്‍ത്തിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം ഇതാണ്. പമ്പ വഴി മാറി ഒഴുകുന്ന അവസ്ഥയാണ് ഉണ്ടായത്.

മലമ്പുഴയില്‍ സംഭവിച്ചത്

മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 30 സെ. മി മാത്രമാണ് തുറന്നത്. അതും വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി. ആഗസ്ത് 8 ന് ഒരു മുന്നറിയിപ്പും കൂടാതെ 180 സെ. മി ആയി ഷട്ടര്‍ ഉയര്‍ത്തി. ഇത് മൂലം കല്‍പ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തി ഒഴുകി. പാലക്കാട് ടൗണിലേക്ക് പോലും വെള്ളം കയറി.

വയനാട്ടില്‍ സംഭവിച്ചത്

വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജില്ലാ കലക്ടറെ പോലും അറിയാക്കാതെയാണ് തുറന്നത്. ജൂലൈ 15 ന് ബാണാസുര സാഗറിന്റെ നാല് ഷട്ടറുകള്‍ ആദ്യം തുറന്നു. പക്ഷെ പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ 230 സെ. മി ആയി ഷട്ടറുകള്‍ ഉയര്‍ത്തി. ഒപ്പം നാലാമത്തെ ഷട്ടറും പൊക്കി. ഇതോടെ വയനാട്ടില്‍ പ്രളയമായി. വാട്സ് ആപ്പില്‍ മുന്നറിയിപ്പ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയെന്നാണ് കെ.എസ്.ഇ.ബി ഉദ്യേഗസ്ഥര്‍ പറയുന്നത്. ഇത് തികച്ചും നിരുത്തരവാദ പരമാണ്.

കുട്ടനാട്ടില്‍ പൊറുക്കാനാകാത്ത വീഴ്ച

ഏതാണ്ട് രണ്ടുമാസമായി കുട്ടനാട് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ആദ്യം അധികൃതര്‍ അങ്ങോട്ട് തിരിഞ്ഞ് നോക്കിയതേയില്ല. ഇപ്പോഴാകട്ടെ ചരിത്രത്തില്‍ ആദ്യമായി കുട്ടനാട്ടിലെ 90 ശതമാനം ആളുകളെയും ഒഴിപ്പിക്കേണ്ടി വന്നു. ഒരു നാട് മുഴുവനും അഭയാര്‍ത്ഥികളായി മാറുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ പിടിപ്പ് കേടും കുറ്റകരമായ അനാസ്ഥയും മാത്രമാണ് ഇതിന് കാരണം. കുട്ടനാട് നിന്ന് പുറത്തേക്ക് വെള്ളമൊഴുകി പോകേണ്ട മാര്‍ഗങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. തണ്ണീര്‍ മുക്കം ബണ്ടിലെ മണല്‍ ച്ചിറ മാറ്റാന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആ മണല്‍ ചിറയിലെ മണലിന്റെ വിലയെച്ചൊല്ലി തര്‍ക്കിച്ചാണ് അത് മാറ്റാതിരിക്കുന്നത്. മണലിന്റെ വില സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന് വേണമെന്ന് അവരും, കോണ്‍ട്രാക്ടര്‍ക്ക് വേണമെന്ന് അയാളും തര്‍ക്കിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ വെള്ളത്തില്‍ മുങ്ങുമ്പോഴും ഇങ്ങനെ തര്‍ക്കിക്കുന്നത് മനുഷ്യത്വഹീനമാണ്.

തോട്ടപ്പള്ളി സ്പില്‍വേയിലെ പൊഴി സമയത്തിന് മുറിച്ചില്ല. അവിടുത്തെ സ്പില്‍വേകളും ആഗസ്ത് 17 മാത്രമാണ് ഉയര്‍ത്തിയത്. കുറ്റകരമായ അനസ്ഥയാണ് ഇവിടെയും സംഭവിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ന്യൂസ് ഏജന്‍സിയായ ബി.ബി.സി പറഞ്ഞത് കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തം ഒഴിവാക്കാന്‍ കഴിയാവുന്നതായിരുന്നു എന്നാണ്. ഒരു ജാഗ്രതയും മുന്നൊരുക്കവും ഇല്ലാതെ ഡാമുകളെല്ലാം ഒരേ സമയം തുറന്ന് വിട്ടതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് ബി.ബി.സി പറഞ്ഞത്.

സര്‍ക്കാര്‍ പരാജയം

ഓഖി ദുരന്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പടിച്ചില്ല. ഓഖിയിലെ അതേ ദുരന്തം തന്നെയാണ് പ്രളയത്തിലും ആവര്‍ത്തിച്ചത്. ദുരന്ത സാധ്യതകള്‍ മുന്‍കൂട്ടി അറിഞ്ഞില്ല, മുന്‍ ഒരുക്കങ്ങള്‍ നടത്തിയില്ല, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ വന്‍ വീഴ്ചയുണ്ടായി.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും, പുനസംഘടിപ്പിക്കുമെന്നും ഓഖി ദുരന്തം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞതാണ്. ഇപ്പോഴും അത് കടലാസ് സംഘടന മാത്രമാണ്.

ഇത്രയും ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും അവരെ മാറ്റി പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരിന്റെ ഈ വീഴ്ച കേരളത്തെ തകര്‍ത്തുകളഞ്ഞു. പത്ത് ലക്ഷം പേരാണ് അഭയാര്‍ത്ഥികളായി ക്യാമ്പുകളിലെത്തിയത്. അഞ്ച് ദിവസത്തോളം ജനങ്ങള്‍ നരക യാതന അനുഭവിച്ചു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി ദുരന്ത നിവാരണ അതോറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയാണ്.

TAGS :

Next Story