ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രചരിപ്പിക്കുന്ന 10 വാദങ്ങളും അതിന്റെ യാഥാര്‍ഥ്യവും
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രചരിപ്പിക്കുന്ന പ്രധാന വാദങ്ങളെന്തെല്ലാമാണ് എന്നും, എന്താണ് അവയുടെ യാഥാര്‍ത്ഥ്യങ്ങളെന്നും പരിശോധിക്കുകയാണ് മീഡിയ വണ്‍
ശബരിമല യുവതി പ്രവേശനവും, അതു നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെയും സംബന്ധിച്ച് ബി.ജെ.പിയും സംഘപരിവാര്‍ പ്രവര്‍ത്തകരും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിശ്വാസികളെയും സാധാരണ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്താണ് ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രചരിപ്പിച്ച പ്രധാന വാദങ്ങളെന്നും എന്താണ് അവയുടെ യാഥാര്‍ത്ഥ്യങ്ങളെന്നും പരിശോധിക്കുകയാണ് മീഡിയ വണ്‍.
1. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തുന്നില്ല.
- സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം സാധ്യമല്ല.
- സുപ്രീംകോടതി വിധിക്കെതിരെ ഏതെങ്കിലും നിയമനിര്‍മാണം നടത്താന്‍ അധികാരമുള്ളത് കേന്ദ്ര സര്‍ക്കാരിനാണ്.
2. തീര്‍ത്ഥാടനം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്നതാണ്.
- സുപ്രീംകോടതി വിധി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ളതല്ല.
- ആരാധനാസ്ഥലങ്ങളില്‍ തുടര്‍ന്നു വരുന്ന ലിംഗവിവേചനം ഭരണഘടനാ വിരുദ്ധമാണെന്നതാണ് വിധി. അല്ലാതെ തീര്‍ത്ഥാടനം സംബന്ധിച്ചതല്ല.
3. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍
- യുവതീ പ്രവേശന വിഷയത്തില്‍ പുതിയ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
- നിലവിലുള്ള കോടതി നിര്‍ദേശപ്രകാരം ശബരിമലയില്‍ 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നതിന് സാധ്യമായ എല്ലാ നടപടിയും സ്വീകരിച്ചുവരികയാണെന്ന് സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
4. സംസ്ഥാന സര്‍ക്കാരാണ് പുനഃപരിശോധനാ ഹരജി നല്‍കേണ്ടത്
- സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ അന്തിമവിധി നടപ്പാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല.
- ഭരണഘടനാ ബെഞ്ചിന്റെ അന്തിമവിധിയില്‍ പുനഃപരിശോധന ഹരജി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.
5. ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുവാനുള്ള രഹസ്യ അജണ്ടയാണ് സംസ്ഥാന സര്‍ക്കാരിന്റേത്.
- ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി.
- വിശ്വാസത്തില്‍ വിവേചനം പാടില്ലെന്നും ശബരിമലയിലെ ആചാരം വിവേചനപരമാണെന്നും സുപ്രീംകോടതി വിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
- ഭരണഘടനാ ബഞ്ചിലെ അഞ്ചില്‍ നാലുപേരും ചേര്‍ന്ന് തയ്യാറാക്കിയതാണ് അന്തിമവിധി.
- 12 വര്‍ഷം നീണ്ടുനിന്ന ഇഴകീറിയ നിയമ പോരാട്ടങ്ങള്‍ക്കുശേഷം പുറത്തിറക്കിയ അന്തിമ വിധി ഒരിക്കലും സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ അജണ്ടയല്ല.
6. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പ്രധാന വസ്തുതകള്‍ ഇവയാണ്:
- സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പിന്തുടരുന്ന സമ്പ്രദായം ജനങ്ങള്‍ സ്വീകരിച്ച വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതാണ്.
- ഹിന്ദുധര്‍മ്മ ശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷനെ നിയോഗിച്ച്, എല്ലാവിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് അതിന്റെയടിസ്ഥാനത്തില്‍ തീരുമാനം എടുക്കണം.
- മുന്‍ കാലങ്ങളിലും സ്ത്രീകള്‍ ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു
- സാമൂഹികനീതി ഉറപ്പുവരുത്തുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. അതിനാല്‍ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല.
7. ശബരിമലയിലെ വരുമാനം സര്‍ക്കാര്‍ വകമാറ്റി കൈക്കലാക്കുകയാണ് ചെയ്യുന്നത്.
- ശബരിമലയുടെ വരുമാനം ഒരു പൈസ പോലും സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നില്ല. സര്‍ക്കാരിന്റെ ഒരാവശ്യത്തിനുവേണ്ടിയും ആ പണം ചെലവഴിക്കുന്നില്ല.
- സര്‍ക്കാര്‍ ശബരിമലയിലേക്ക് അങ്ങോട്ട് കാശ് കൊടുക്കാറാണ് പതിവ്.
- യു.ഡി.എഫ് സര്‍ക്കാര്‍ 2013-14 ല്‍ 47 കോടിയാണ് ശബരിമലക്ക് കൊടുത്തത്. 2014-15 ല്‍ കൊടുത്തത് 48 കോടി.
- എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016-17 ല്‍ കൊടുത്തത് 133 കോടി. ഈ വര്‍ഷം (2017-18) കൊടുത്തതാകട്ടെ 202 കോടി രൂപ.
8. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുമാനം പൊതുഖജനാവിലേക്കാണ് എടുക്കുന്നത്.
- 2017-18 ല്‍ ശബരിമല ഉള്‍പ്പെടെയുള്ള 1249 ക്ഷേത്രങ്ങളില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ആകെ ലഭിച്ചത് 683 കോടി രൂപയാണ്.
- ഇതില്‍ ക്ഷേത്ര ചെലവുകളും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള ശമ്പളം, പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പടെ ആകെ ചെലവായത് 678 കോടി രൂപ.
- ആകെയുള്ള 1249 ക്ഷേത്രങ്ങളില്‍ ചെലവിനേക്കാള്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളില്‍ മാത്രമാണ്. 1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശബരിമല ഉള്‍പ്പടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സര്‍ക്കാര്‍ സഹായവും ഉപയോഗിച്ച്.
9. വിശ്വാസികള്‍ക്കുള്ള ഒരു സൌകര്യവും സര്‍ക്കാര്‍ ഈ വര്‍ഷം ഒരുക്കിയില്ല
- പ്രളയം തകര്‍ത്തെറിഞ്ഞ പമ്പയും പരിസരവും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുനര്‍നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു.
- രാജ്യത്തെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ ടാറ്റ പ്രോജക്ട്സിന് കീഴില്‍ 21 കോടി രൂപ കരാറിലാണ് ഈ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നത്.
- പ്രളയത്തില്‍ ഒലിച്ചുവന്ന മണ്ണിനടിയിലായിരുന്ന രണ്ടു പാലങ്ങള്‍ വീണ്ടെടുത്ത് ഗതാഗത യോഗ്യമാക്കി.
- നിലയ്ക്കലും പമ്പയിലും കുടിവെള്ള വിതരണത്തിനായി ആറ് കോടി രൂപയുടെ പുതിയ പദ്ധതി വാട്ടര്‍ അതോറിറ്റി നടപ്പാക്കി.
- പൊതുമരാമത്ത് വകുപ്പ് 123 വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു.
- 10,000 പേര്‍ക്ക് വിരിവെയ്ക്കുന്നതിനുള്ള വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിവരുന്നു.
10. ജനങ്ങളില്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢ നീക്കമാണിത്. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ് ശബരിമലയില്‍ നടപ്പിലാക്കുന്നത്.
- ശബരിമലയിലെ വിഷയത്തില്‍ സി.പി.എം സുപ്രീംകോടതിയെ സമീപിച്ചിരുന്നില്ല.
- യുവതികളുടെ ക്ഷേത്രപ്രവേശമെന്നത് ശബരിമലയില്‍ മാത്രം ഉയര്‍ന്നു വന്ന ആവശ്യമല്ല. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും ഇതുപോലുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
- മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിലും ഈ ആവശ്യം ഉയര്‍ന്നു വരികയും സമാന വിധി വരികയും ചെയ്തിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനുപോലും പോയില്ല.
Adjust Story Font
16