Quantcast

തമിഴ് റോക്കേഴ്‌സിന്റെ പിന്നാമ്പുറ കഥകള്‍

നിരവധി പ്രൊഡക്ഷന്‍ ഹൗസുകളും വിതരണക്കാരും പങ്കാളികളുമെല്ലാം ഉള്‍പ്പെടുന്ന വലിയൊരു നെറ്റ് വര്‍ക്കാണ് പൈറസിയിലൂടെ നിലനില്‍ക്കുന്നത് എന്നാണ് ഭാസ്‌ക്കര്‍ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    1 Dec 2018 2:08 PM GMT

തമിഴ് റോക്കേഴ്‌സിന്റെ പിന്നാമ്പുറ കഥകള്‍
X

ഇന്ത്യയില്‍ ഓരോ ആറ് മണിക്കൂറിലും 6780 സിനിമകള്‍ ടൊറന്റ് സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. മൊണൊനോവ, ദ പൈററ്റ്‌ ബെ, കിക്ക് ആസ്‌ടോറന്റ്‌സ്, ഐ.എസ്.ഒ ഹണ്ട് തുടങ്ങിയവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ടൊറന്റ് സൈറ്റുകള്‍. ടൊറന്റ് ഉപയോഗത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ എട്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സൈറ്റാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. മൂവീസ്ഫ്രീറ്റു എന്നായിരുന്നു തുടക്കത്തില്‍ അതിന്റെ പേര്. പിന്നീടാണ് അത് തമിഴ് റോക്കേഴ്‌സ് എന്ന് നാമകരണം ചെയ്യപ്പെടുന്നത്. ഈ ലേഖനം യഥാര്‍ത്ഥത്തില്‍ തമിഴ് റോക്കേഴ്‌സിന്റെ കഥയാണ്. അതോടൊപ്പം പൈറസിയും സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും ഞാന്‍ പരിശോധിക്കുന്നുണ്ട്. ആഴ്ചകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തമിഴ് റോക്കേഴ്‌സിന് അടിത്തറയൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഭാസ്‌കര്‍ കുമാറുമായി ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചത്. അദ്ദേഹവുമായുള്ള സംസാരമാണ് ചുവടെ കൊടുക്കുന്നത്.

ഒന്ന്- ശരവണപ്പെട്ടി, കൊയമ്പത്തൂര്‍, 2003, തുടക്കം

പതിനേഴ് വയസ്സ് പ്രായമുള്ള ഭാസ്‌ക്കര്‍ കുമാര്‍ സരവണംപാട്ടിയിലെ അങ്ങാടിയില്‍ തന്നെയാണ് തന്റെ കട നടത്തുന്നത്. ലോക വെബ് മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകള്‍, സിഡികള്‍, വീഡിയോഗെയിമുകള്‍ എന്നിവയെല്ലാം വളരെ വ്യാപകമായി വില്‍ക്കപ്പെടുന്ന അങ്ങാടിയാണിത്. ഭാസ്‌ക്കര്‍ കുമാറും ധാരാളം സിഡികളും വീഡിയോഗെയിമുകളും വില്‍ക്കുന്നുണ്ട്. കോര്‍ണ്ണര്‍ സിഡി ഷോപ്പ് എന്നാണ് അയാളുടെ ബിസിനസ്സ് സംരഭം അറിയപ്പെടുന്നത്. സിഡികള്‍ വാടകക്ക് കൊടുക്കലാണ് അയാള്‍ മുഖ്യമായും ചെയ്യുന്നത്.

ഭാസ്‌ക്കര്‍ കട തുറന്നയുടന്‍ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കയറിവന്നു. അവര്‍ക്ക് വേണ്ടത് ടെര്‍മിനേറ്റര്‍ ത്രീ: റൈസ് ഓഫ് മഷീന്‍സ് എന്ന സിനിമയുടെ സിഡിയാണ്.

ഈ ലേഖനം യഥാര്‍ത്ഥത്തില്‍ തമിഴ് റോക്കേഴ്‌സിന്റെ കഥയാണ്. അതോടൊപ്പം പൈറസിയും സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും ഞാന്‍ പരിശോധിക്കുന്നുണ്ട്.

അണ്ണാ, പ്രിന്റ് എങ്ങനെയുണ്ട്?

'മാസ്റ്റര്‍ പ്രിന്റ് മാത്രമേ ഇവിടെയുള്ളൂ. ഒരു ശരാശരി സിനിമയാണ്.' ഒരു സിനിമാവിമര്‍ശകന്റെ പോലെയായിരുന്നു ഭാസ്‌ക്കറിന്റെ മറുപടി. സിനിമയെക്കുറിച്ച് നന്നായി അറിയുന്ന പോലെ സംസാരിച്ചാല്‍ മാത്രമേ ആളുകള്‍ കടകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയുള്ളൂ എന്ന് ഭാസ്‌ക്കറിന് നല്ല ബോധ്യമുണ്ട്.

അങ്ങനെ അവര്‍ രണ്ട് സിഡികളാണ് വാങ്ങിയത്. ആദ്യത്തെ കച്ചവടത്തില്‍ തന്നെ ഭാസ്‌ക്കറിന് 400 രൂപയാണ് ലഭിച്ചത്. ഇങ്ങനെ ദിനംപ്രതി സിഡി വില്‍പ്പനയില്‍ നിന്ന് തന്നെ നല്ല ലാഭമാണ് അയാള്‍ ഉണ്ടാക്കുന്നത്. പോണ്‍ സിനിമകളും ഭാസ്‌ക്കര്‍ വില്‍ക്കാറുണ്ട്. ഓരോ പോണ്‍ സിനിമകളും 350 രൂപക്കാണ് വിറ്റുപോകുന്നത്. ചെന്നെയിലുള്ള ഒരു സുഹൃത്തില്‍ നിന്നാണ് ഭാസ്‌ക്കര്‍ പോണ്‍ സിഡികള്‍ വാങ്ങാറുള്ളത്.

രണ്ട് - വെര്‍ട്ടിക്കല്‍ തിയേറ്റര്‍, ചെന്നൈ 2003, ബ്രോക്കര്‍മാര്‍

സിനിമ ഇറങ്ങുന്നതിന്റെ ആദ്യദിനം വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ സിനിമയുടെ വിധി നിര്‍ണ്ണയിക്കുന്നത് ആദ്യദിനമോ അതിനെത്തുടര്‍ന്നുള്ള ആഴ്ചയോ ഒന്നുമല്ല. സിനിമയുടെ റിലീസിന് മുമ്പുള്ള ആറ് മണിക്കൂറാണ് ഏറ്റവും പ്രധാനം. നിര്‍മ്മാതാക്കളും വിതരണക്കാരുമെല്ലാം സിനിമയുടെ സാമ്പത്തിക വിജയത്തിനായി ഓടിനടക്കുന്ന സമയമാണിത്. മധ്യവര്‍ത്തികളാണ് അവര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുക. ഡാനിയല്‍ രാജു അങ്ങനെയുള്ള ഒരാളാണ്. ഒരു ദിവസത്തില്‍ കൂടുതല്‍ സിനിമ തിയേറ്ററുകളില്‍ ഓടിക്കാന്‍ രാജുവിനെപ്പോലുള്ള മധ്യവര്‍ത്തികള്‍ക്കാണ് വിതരണക്കാര്‍ പണം നല്‍കാറുള്ളത്. ബ്രോക്കര്‍മാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. 70കളിലാണ് അവര്‍ രംഗത്തുവരുന്നത്. ഹൈദരാബാദ്, ചെന്നൈ, ബാംഗളൂര്‍, തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം 90കളില്‍ 150ല്‍ കൂടുതല്‍ ബ്രോക്കര്‍ ഏജന്‍സികളുണ്ടായിരുന്നു.

നമുക്കിനി ഡാനിയല്‍ രാജുവിന്റെ ജീവിതത്തിലേക്ക് ഒന്ന് കടന്നുനോക്കാം. പതിനഞ്ചാം വയസ്സ് മുതല്‍ തന്നെ നിര്‍മ്മാതാക്കളും വിതരണക്കാരുമായി ബന്ധം പുലര്‍ത്താന്‍ തുടങ്ങിയ ഡാനിയല്‍ പിന്നീട് പതിയെ സ്വന്തം നിലക്ക് തന്നെ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങുകയുണ്ടായി. ഇരുപതാം വയസ്സിലാണ് അയാള്‍ വ്യാജ സിഡി നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. 2003ല്‍ പുറത്തിറങ്ങിയ ധനുഷിന്റെ കാതല്‍ കൊണ്ടെയ്ന്‍ എന്ന സിനിമയുടെ ഒറിജിനല്‍ സിഡി 450 രൂപക്ക് 750ഓളം കോപ്പികളാണ് വിറ്റുപോയതെങ്കില്‍ അതിന്റെ വ്യാജന്‍ ഡാനിയല്‍ വിറ്റത് എഴുപത് രൂപക്ക് 62,000ത്തോളം കോപ്പികളാണ്. കോയമ്പത്തൂരിലെ ഭാസ്‌ക്കര്‍ അയാളുടെ സുഹൃത്തുക്കളിലൊരാളാണ്. രണ്ടുപേരും കൂടി ഒരു സിനിമയില്‍ നിന്ന് 3000 മുതല്‍ 20,000 വരെ സമ്പാദിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകള്‍ മാര്‍ക്കറ്റില്‍ കുറവാണെങ്കിലും ചൈനീസ്, കൊറിയന്‍, ഇംഗ്ലീഷ്, റഷ്യന്‍ സിനിമകള്‍ നന്നായി വിറ്റുപോകുന്നുണ്ട്. മാത്രമല്ല, വിദേശികള്‍ കൊണ്ടുവരുന്ന പോണ്‍സിനിമകള്‍ നല്ല തുകക്കാണ് വിറ്റുപോവുന്നത്.

സ്റ്റുഡിയോ മുതലാളിമാരെ പോയി കണ്ട് അവര്‍ക്ക് മിനിമം ഒരു ലക്ഷമെങ്കിലും കൊടുത്ത് പ്രിന്റ് കോപ്പി സൂക്ഷിച്ച് വെക്കുകയാണ് തമിഴ് റോക്കേഴ്‌സ് ചെയ്യുന്നത്.

മൂന്ന് - ഭാസ്കര്‍ ദ റാസ്കല്‍

തമിഴ് റോക്കേഴ്‌സിന്റെ അഡ്മിനുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അവസാനം 2017 ജൂലൈയിലാണ് ഞങ്ങള്‍ക്കൊരു മറുപടി ലഭിക്കുന്നത്. ഡോളി ഗുപ്ത എന്ന് പേരുള്ള ഒരു പ്രൊഫൈലില്‍ നിന്നായിരുന്നു അത്. അങ്ങനെ പിന്നീട് സ്ഥിരമായി ഡോളി ഗുപ്തയുമായി ഞാന്‍ സംസാരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഡോളി ഗുപ്ത എന്ന പേരിലുള്ള യഥാര്‍ത്ഥ ആളെ ഞാന്‍ കണ്ടുമുട്ടി. ഭാസ്‌ക്കര്‍ കുമാര്‍ എന്നായിരുന്നു അയാളുടെ പേര്.

ചുവടെയുള്ളത് ഭാസ്‌ക്കറുമായുള്ള സംഭാഷണമാണ്. ഇന്ത്യയില്‍ വന്‍തോതില്‍ വേരുകളുള്ള പൈറസി റാക്കറ്റിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്.

ഭാസ്‌ക്കര്‍, തമിഴ് റോക്കേഴ്‌സിനെക്കുറിച്ച് ഒന്ന് പറയാമോ?

അതെ. ഇന്ത്യയുടെ വടക്കുഭാഗത്തേക്ക് ബിസിനസ്സ് വികസിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് ഞാനും തമിഴ് റോക്കേഴ്‌സിലെ ചില പങ്കാളികളും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടാകുന്നത്. എനിക്ക് കൂടുതല്‍ സ്ഥലങ്ങളറിയാം. എന്നാല്‍ ബിസിനസ്സ് അവിടേക്ക് വികസിപ്പിക്കുമ്പോള്‍ കൂടുതല്‍ റിസ്‌ക്കെടുക്കേണ്ടി വരും.

2007 ലാണ് തമിഴ് റോക്കേഴ്‌സ് തുടങ്ങുന്നത്. എനിക്കന്ന് 21 വയസ്സായിരുന്നു. തലൈവയുടെ ശിവാജിയുടെ റിലീസിന് ശേഷമായിരുന്നു അത്. അന്ന് നിരവധി പേരാണ് ശിവാജിയുടെ തിയേറ്റര്‍ പ്രിന്റിന് വേണ്ടി സിഡി കടകളിലേക്ക് ഓടിയെത്തിയത്. സിനിമയുടെ റിലീസിന് ഒരാഴ്ചക്ക് ശേഷവും 1000ത്തോളം ഡിവിഡികള്‍ ഞങ്ങള്‍ ദിവസവും നിര്‍മ്മിക്കാറുണ്ടായിരുന്നു. ചെന്നെയിലെ പൈറസി വിരുദ്ധ സെല്‍ ഞങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഒരാഴ്ചക്കകം ചെന്നൈയിലെ 350 കടകളാണ് അവര്‍ പൂട്ടിച്ചത്. മിക്കപേരും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഡാനിയല്‍ റെയ്ഡിനെക്കുറിച്ച് ആദ്യമേ എന്നെ അറിയിച്ചിരുന്നതിനാല്‍ കട പൂട്ടി ഞാന്‍ വീട്ടിലിരിക്കുകയായിരുന്നു. എന്നാല്‍ ശിവാജിയുടെ നിര്‍മ്മാതാക്കള്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. അവര്‍ ഞങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയും പ്രസ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് ഡാനിയല്‍ ടോറന്‍സിനെക്കുറിച്ച ആശയവുമായി എന്റെയടുക്കല്‍ വരികയുണ്ടായി. അപ്പോഴാണ് ഞാനും ഡാനിയലും ഗോവിന്ദയും ചിന്നയും സാമിയും ബാലുവും ആദ്യമായി പരസ്പരം കണ്ടുമുട്ടുന്നത്. ഡാനിയലാണ് തമിഴ് റോക്കേഴ്‌സ് എന്ന പേര് നിര്‍ദേശിച്ചത്. 2007 മുതല്‍ തന്നെ തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി സിനിമകള്‍ ഞങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നുണ്ട്.

എവിടെനിന്നാണ് നിങ്ങള്‍ക്ക് പുതിയ സിനിമകള്‍ ലഭിക്കുന്നത്? എങ്ങനെയാണ് നിങ്ങളവ അപ്‌ലോഡ് ചെയ്യുന്നത്?

ഉദാഹരണത്തിന്, ഭഗവാന്‍ എന്ന സിനിമയെടുക്കുക. എഴുപത് കോടിയോളമാണ് ആ സിനിമയുടെ ബജറ്റെങ്കില്‍ റിലീസിന് ശേഷം ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ ബജറ്റിന്റെ പകുതിയെങ്കിലും തിരിച്ചെടുക്കാനായെങ്കില്‍ നിങ്ങള്‍ വിജയിച്ചു. ബാക്കി നിങ്ങള്‍ക്ക് സാറ്റലൈറ്റ് വഴിയൊക്കെ നേടിയെടുക്കാം.

സിനിമയുടെ റിലീസിന് മുമ്പ് പ്രമുഖരായ അമ്പതോളം ആളുകള്‍ക്ക് വേണ്ടി നിര്‍മ്മാതാവ് ഒരു ഷോ കാണിക്കാറുണ്ട്. സിനിമാ സ്റ്റുഡിയോയിലാണ് അതുണ്ടാവാറുള്ളത്. സ്റ്റുഡിയോ മുതലാളിമാരെ പോയി കണ്ട് അവര്‍ക്ക് മിനിമം ഒരു ലക്ഷമെങ്കിലും കൊടുത്ത് പ്രിന്റ് കോപ്പി സൂക്ഷിച്ച് വെക്കുകയാണ് തമിഴ് റോക്കേഴ്‌സ് ചെയ്യുന്നത്. പിന്നീട് നിര്‍മ്മാതാക്കളെ കണ്ട് സിനിമ അപ്പ്‌ലോഡ് ചെയ്യാതിരിക്കണമെങ്കില്‍ മൂന്ന് ലക്ഷമെങ്കിലും ആവശ്യപ്പെടുന്നു. അവര്‍ ഗത്യന്തരമില്ലാതെ നമ്മളാവശ്യപ്പെടുന്ന പണം തരികയും ചെയ്യും. അതിന്റെ ഒരു മുപ്പത് ശതമാനം വീണ്ടും സ്റ്റുഡിയോക്കാര്‍ക്ക് തന്നെ കൊടുക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ബിസിനസ്സ് നടക്കുന്നത്. ഇനി നിര്‍മ്മാതാക്കള്‍ പണം തരാന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ ഇതര ടൊറന്‍സ് സൈറ്റുകളെ സമീപിക്കും. അവര്‍ എന്തായാലും പ്രിന്റ് കോപ്പി വാങ്ങാന്‍ തയ്യാറാകും.

പ്രിന്റ് ലഭിക്കാനുള്ള മറ്റൊരു വഴി തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്ന കുട്ടികളാണ്. ഞങ്ങള്‍ അഞ്ഞൂറ് മുതല്‍ 1500 രൂപ വരെ അവര്‍ക്ക് കൊടുക്കും. അവര്‍ തിയേറ്ററില്‍ സിനിമ റെക്കോര്‍ഡ് ചെയ്ത് ഞങ്ങള്‍ക്കയച്ച് തരും. നല്ല പ്രിന്റാണെങ്കില്‍ കൂടുതല്‍ കാശ് കൊടുക്കാറുണ്ട്. തുടര്‍ന്ന് ഞങ്ങളത് അപ്പ്‌ലോഡ് ചെയ്യുകയാണ് പതിവ്.

നാല് - കു'പ്രസിദ്ധിയിലേക്ക്'

വലിയൊരു നെറ്റ് വര്‍ക്കായിട്ടും ഇത്രയും കാലം നിയമത്തിന് പിടികൊടുക്കാതെ എങ്ങനെയാണ് നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്? എങ്ങനെയാണ് ടൊറന്‍സിലൂടെ നിങ്ങള്‍ പണം സമ്പാദിക്കുന്നത്?

വലിയൊരു നെറ്റ് വര്‍ക്കാണ് ഞങ്ങളെങ്കിലും നണ്‍ഗംബാക്കത്തെ ഒരു ഓഫീസ് മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. എന്നാല്‍ ഞങ്ങള്‍ക്ക് ലോകത്തുടനീളം വിതരണക്കാരും സഹായികളുമുണ്ട്. അമേരിക്കയില്‍ നിന്ന് വരെ ഞങ്ങള്‍ക്ക് വൈ.എഫ്.ഡി ഹാക്കര്‍മാര്‍ വഴി സിനിമകളെത്താറുണ്ട്.

പ്രിന്റ് ലഭിക്കാനുള്ള മറ്റൊരു വഴി തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്ന കുട്ടികളാണ്. ഞങ്ങള്‍ അഞ്ഞൂറ് മുതല്‍ 1500 രൂപ വരെ അവര്‍ക്ക് കൊടുക്കും. അവര്‍ തിയേറ്ററില്‍ സിനിമ റെക്കോര്‍ഡ് ചെയ്ത് ഞങ്ങള്‍ക്കയച്ച് തരും.

നിര്‍മ്മാതാക്കള്‍ക്ക് ഞങ്ങളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഭയമാണ്. കാരണം അവര്‍ പരസ്പരം പണംകൊയ്യാന്‍ വേണ്ടി മത്സരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ റിലീസിന് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ഞങ്ങള്‍ക്കവര്‍ പ്രിന്റ് കോപ്പി ഒപ്പിച്ചു തരാറുണ്ട്. സ്വന്തം സിനിമകള്‍ തിയേറ്ററില്‍ നന്നായി കളിക്കാനും മറ്റുള്ളവരുടേത് പരാജയപ്പെടാനും വേണ്ടി അവര്‍ തന്നെയാണ് സിനിമകളുടെ പ്രിന്റ് പലപ്പോഴും എത്തിച്ചു തരാറുള്ളത്. ഒരേദിവസം സിനിമകളുടെ റിലീസ് ഉണ്ടാകുമ്പോഴും നിര്‍മ്മാതാക്കള്‍ ഇങ്ങനെ ചെയ്യാറുണ്ട്. അപ്പോള്‍ നിര്‍മ്മാതാക്കളും ഈ ബിസിനസ്സിന്റെ ഭാഗം തന്നെയാണ്. എങ്ങനെയാണ് അവര്‍ക്ക് ഞങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ കഴിയുക?

ഹിറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ഞങ്ങള്‍ക്ക് ലാഭം കിട്ടാറുള്ളത്. കൂടാതെ പരസ്യവരുമാനത്തിന്റെ 45 ശതമാനവും ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. കാറ്റ്, ഡെസിടോറന്‍സ് തുടങ്ങിയ ചില സൈറ്റുകള്‍ പ്രിന്റ് ലഭിക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് പണം തരാറുമുണ്ട്.

നിങ്ങളുടെ ബിസിനസ്സിലൂടെ സിനിമാ വ്യവസായത്തെ തന്നെയാണ് നിങ്ങള്‍ നശിപ്പിക്കുന്നത് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എല്ലാ വര്‍ഷവും പൈറസി നിമിത്തം സിനിമകള്‍ക്ക് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്.

അങ്ങനെയാണെങ്കില്‍ ടോറെന്‍സില്‍ നിന്നും ഇനിമുതല്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. പിന്നെ നിങ്ങളെങ്ങനെയാണ് ഗെയിം ഓഫ് ത്രോണ്‍സ് പോലെയുള്ള സിനിമകള്‍ കാണുക? എല്ലാവരും സ്റ്റാര്‍പ്ലസില്‍ നിന്നാണ് അത് കാണുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഞങ്ങള്‍ ടോറന്‍സ് വഴി സിനിമകളെത്തിച്ചില്ലെങ്കില്‍ പിന്നെ നിങ്ങളുടെ ഒരു സിനിമാ ചര്‍ച്ചയും നടക്കില്ല. ഒരു സിനിമ കാണണമെങ്കില്‍ മിനിമം 500 രൂപയെങ്കിലും ചിലവഴിക്കണം. ഞങ്ങള്‍ സൗജന്യമായാണ് നിങ്ങള്‍ക്ക് സിനിമ തരുന്നത്. ഞങ്ങള്‍ നിലനില്‍ക്കുന്നത് ആളുകള്‍ക്ക് ഞങ്ങളെ ആവശ്യമുള്ളത് കൊണ്ടാണ്.

നിരവധി പ്രൊഡക്ഷന്‍ ഹൗസുകളും വിതരണക്കാരും പങ്കാളികളുമെല്ലാം ഉള്‍പ്പെടുന്ന വലിയൊരു നെറ്റ് വര്‍ക്കാണ് പൈറസിയിലൂടെ നിലനില്‍ക്കുന്നത് എന്നാണ് ഭാസ്‌ക്കര്‍ പറയുന്നത്. തമിഴ് റോക്കേഴ്‌സ് അതിലെ ചെറിയൊരു കണ്ണി മാത്രമാണ്. സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യുന്ന നമ്മളും ഈ വ്യവസായത്തില്‍ പങ്കാളികള്‍ തന്നെയാണ്.

കടപ്പാട്: വോക്‍സ്‍പേസ്‍

TAGS :

Next Story