Quantcast

ബോയിങ് 737 മാക്സിന്റെ ചിറകരിഞ്ഞ് 50 രാജ്യങ്ങള്‍; എന്തുകൊണ്ട് ? അറിയേണ്ടതെല്ലാം...

പാതിവഴിയില്‍ യാത്രക്കാരുടെ ജീവനെടുത്ത 737 മാക്സ് ശ്രേണിയിലെ വിമാനങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത് ചില്ലറ തലവേദനയൊന്നുമല്ല.

MediaOne Logo
ബോയിങ് 737 മാക്സിന്റെ ചിറകരിഞ്ഞ് 50 രാജ്യങ്ങള്‍; എന്തുകൊണ്ട് ? അറിയേണ്ടതെല്ലാം...
X

ആറു മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ബോയിങ് 737 മാക്സ് ശ്രേണിയിലെ വിമാനങ്ങള്‍ യാത്രക്കാരുടെ ജീവനെടുക്കുന്നത്. പാതിവഴിയില്‍ യാത്രക്കാരുടെ ജീവനെടുത്ത 737 മാക്സ് ശ്രേണിയിലെ വിമാനങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത് ചില്ലറ തലവേദനയൊന്നുമല്ല. കഴിഞ്ഞ ദിവസമാണ് എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്സ് 8 ശ്രേണിയിലുള്ള വിമാനം അഡിസ് അബാബയ്ക്കു സമീപം തകര്‍ന്നുവീണത്. 157 പേരുടെ ജീവന്‍ അപഹരിച്ചായിരുന്നു ഈ ദുരന്തം. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 189 പേരുടെ ജീവനെടുത്ത് ലയണ്‍ എയറിന്റെ മാക്സ് 8 വിമാനം തകര്‍ന്നുവീണതിന്റെ പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ച് വീണ്ടുമൊരു ദുരന്തമുണ്ടായത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഈ രണ്ട് അപകടങ്ങളെ ബന്ധിപ്പിക്കാന്‍ തക്ക തെളിവുകളുമില്ല.

അമേരിക്കന്‍ വ്യോമയാന ഭീമന്‍മാരായ ബോയിങ് സമീപകാലത്ത് അവതരിപ്പിച്ച ഇന്ധനക്ഷമതയേറിയ മോഡലായിരുന്നു ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍. രണ്ടു വര്‍ഷം മുമ്പാണ് ഈ ശ്രേണിയിലെ വിമാനങ്ങള്‍ പറന്നുതുടങ്ങിയത്. എന്നാല്‍ ഈ വിമാനങ്ങള്‍ ഒരു വര്‍ഷത്തിനിടെ രണ്ടു തവണയായി നൂറു കണക്കിന് യാത്രക്കാരുടെ ജീവനെടുത്തു. ഇതു തന്നെയാണ് ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ ചിറകരിയാന്‍ വ്യോമയാന മേഖലയെ പ്രേരിപ്പിച്ചിരിക്കുന്നതും. ഇതേസമയം, ഈ രണ്ടു അപകടങ്ങളും തമ്മില്‍ ഏതാനും സാമ്യതകളുണ്ട്. ദുരന്തത്തിന് ഇടയാക്കി രണ്ടു വിമാനങ്ങളും സുരക്ഷയ്ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്ന രണ്ടു എയര്‍ലൈന്‍ കമ്പനികളുടേതായിരുന്നു. ലയണ്‍ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനം പറന്നുപൊങ്ങി 13 മിനിറ്റിനുള്ളിലാണ് തകര്‍ന്നുവീണതെങ്കില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം യാത്ര തുടങ്ങി ആറു മിനിറ്റിനുള്ളിലാണ് ദുരന്തത്തില്‍ കലാശിച്ചത്. എന്നാല്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അപകടത്തില്‍പെടും മുമ്പ് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിന്റെ കാര്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകളൊന്നുണ്ടായിട്ടില്ല. പക്ഷേ, ലയണ്‍ എയറിന്റെ വിമാനം തകര്‍ന്നുവീഴുന്നതിന് മുമ്പ് ഉയരത്തില്‍ നിന്ന് താഴേക്ക് കൂപ്പുകുത്തുകയും പിന്നീട് പഴയസ്ഥാനത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഏതായാലും 24 മണിക്കൂറിനുള്ളില്‍ ബോയിങ് 737 മാക്സ് 8 നെ അപകടകാരിയായി ലോകം പ്രഖ്യാപിച്ചുകഴിഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഴുവന്‍ ബോയിങ് 737 മാക്സ് വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ രണ്ടു ദുരന്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ ഉത്തരവ്. ഇതോടെ ബോയിങും സുരക്ഷയുടെ പശ്ചാത്തലത്തില്‍ തത്കാലം 737 മാക്സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ നിര്‍ദേശമിറക്കി. ഈ സാഹചര്യത്തില്‍ ലോകത്തിലെ 50 രാജ്യങ്ങള്‍ ഈ വിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. പ്രവര്‍ത്തനം നിര്‍ത്തിവെച്ചതു കൂടാതെ ഏതെങ്കിലും രാജ്യങ്ങളുടെ ഈ വിമാനങ്ങള്‍ തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിക്കരുതെന്നും ഇന്ത്യയും ആസ്ട്രേലിയയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉത്തരവിട്ടുകഴിഞ്ഞു. 157 പേരുടെ ജീവനെടുത്ത എത്യോപ്യന്‍ വിമാന ദുരന്തത്തിന് നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ആഗോളതലത്തില്‍ ഇത്തരമൊരു കടുത്ത തീരുമാനമുണ്ടായിരിക്കുന്നത്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക് ബോക്സ് പാരിസിലേക്ക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ദുരന്തത്തില്‍ പൊലിഞ്ഞുപോയവരുടെ പ്രിയപ്പെട്ടവര്‍ക്ക്, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷനും വിമാനം നിലത്തിറക്കാനുള്ള തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

1. എന്താണ് ബോയിങ്ങ് 737 മാക്സ് വിമാനങ്ങളുടെ പ്രശ്നം ?

ബോയിങ് മാക്സ് വിമാനങ്ങളുടെ പുതിയ ഫീച്ചറായിരുന്നു എം.സി.എ.എസ്( ). റണ്‍വേയില്‍ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ വേഗത അസ്വാഭാവികമായി കുറയുകയോ ഒരു പരിധിയില്‍ കൂടുതല്‍ വിമാനത്തിന്റെ മുഖഭാഗം ഉയരുന്നതു മൂലം പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്താല്‍ ആംഗിള്‍ ഓഫ് അറ്റാക്ക് (AOA) സെന്‍സറുകള്‍ ഇത് തിരിച്ചറിയുകയും അപകടമൊഴിവാക്കാന്‍ വിമാനത്തിന്റെ മുഖഭാഗം താഴ്‍ത്തുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് എം.സി.എ.എസ്. തകരാറുകള്‍ സംബന്ധിച്ച് വിമാനത്തിലെ കമ്പ്യൂട്ടറുകളിലേക്ക് സന്ദേശമയക്കുന്നത് വിമാനത്തിന്റെ മുഖഭാഗത്തുള്ള AOA സെന്‍സറുകളാണ്. അപകടമൊഴിവാക്കാന്‍ വേണ്ടി ബോയിങ് പ്രത്യേകം സജ്ജമാക്കിയ എം.സി.എ.എസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് ദുരന്തങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് നിഗമനം. പുതിയൊരു സംവിധാനമായതു കൊണ്ട് തന്നെ ഇതുസംബന്ധിച്ച് പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പരിശീലനവും പൈലറ്റുമാര്‍ക്ക് ലഭിച്ചിട്ടില്ല. ലയണ്‍ എയറിന്റെയും എത്യോപ്യന്‍ എയര്‍ലൈനിന്റെയും 737 മാക്സ് വിമാനങ്ങള്‍ പറന്നുയരുന്നതിനിടെ അപകടത്തില്‍പ്പെട്ടു എന്നത് എം.സി.എ.എസിന്റെ തകരാറിലേക്കാണ് വിരല്‍ചൂണ്ടുന്നതും. ഇന്തോനേഷ്യന്‍ ദേശീയ യാത്രാ സുരക്ഷ കമ്മിറ്റി ഇതു സംബന്ധിച്ച് ഒരു പ്രാഥമിക റിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു. ലയണ്‍ എയറിന്റെ പൈലറ്റ് അപകടമൊഴിവാക്കാന്‍ രണ്ടു ഡസനിലേറെ തവണ ശ്രമിച്ചിരുന്നുവെന്ന് ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. AOA സെന്‍സറുകള്‍ തെറ്റായ ഡാറ്റയാണ് വിമാനത്തിന്റെ കമ്പ്യൂട്ടറുകളിലേക്ക് അയച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാക്സ് 8 നായുള്ള ബോയിങിന്റെ പ്രവര്‍ത്തന സഹായഗ്രന്ഥത്തില്‍ പുതിയ എം.സി.എ.എസ് സംവിധാനത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തിയിരുന്നുമില്ലെന്നാണ് ലയണ്‍ എയറിന്റെ ഓപ്പറേഷണല്‍ ഡയറക്ടര്‍ പറഞ്ഞത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ വിമാനത്തിന്റെ എന്‍ജിന്‍ കൂടുതല്‍ മുമ്പിലേക്കായി സജ്ജീകരിച്ചതും അശാസ്ത്രീയമാണെന്നാണ് വിലയിരുത്തല്‍.

2. 737 മാക്സ് വിമാനങ്ങള്‍ക്ക് എന്ത് സംഭവിക്കും ?

ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍ലൈന്‍സാണ് ബോയിങ്. ഇന്ധനക്ഷമത അടക്കമുള്ള പ്രത്യേകതകള്‍ മൂലം 737 മാക്സ് ശ്രേണിയിലുള്ള വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നത് ഒട്ടേറെ രാജ്യങ്ങളാണ്. ഇതിനോടകം 5000 ലേറെ ഓര്‍ഡറുകള്‍ ബോയിങിന് ലഭിച്ചു കഴിഞ്ഞു. ഇതില്‍ 300 ഓളം വിമാനങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചു കഴിഞ്ഞത്. ഇതില്‍ നൂറോളം വിമാനങ്ങള്‍ അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനികളുടെ റണ്‍വേയിലാണുള്ളത്. ആഗോളതലത്തില്‍ 737 മാക്സ് വിമാനങ്ങള്‍ നിലത്തിറക്കിയ സ്ഥിതിക്ക് ഇനി സംഭവിക്കുക ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ ഇവ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നതാണ്. ഏതാനും രാജ്യങ്ങള്‍ റദ്ദാക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു. ഇന്ത്യയില്‍ സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് തുടങ്ങിയ വിമാനക്കമ്പനികള്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നുണ്ട്.

3. സിവില്‍ ഏവിയേഷന്‍ സ്ഥാപനങ്ങള്‍ എന്ത് ചെയ്തു ?

എല്ലാ സിവില്‍ ഏവിയേഷന്‍ സ്ഥാപനങ്ങളും സുരക്ഷാ മാര്‍ഗ്ഗങ്ങളായി സ്വീകരിക്കുന്നതെല്ലാം ഈ സാഹചര്യത്തിലും സിവില്‍ ഏവിയേഷന്‍ സ്ഥാപനങ്ങള്‍ ചെയ്തത്. ലോകത്തെ വാണിജ്യ വിമാന രംഗത്തെ സുരക്ഷാ സംവിധാനങ്ങള്‍ മികച്ച റെക്കോര്‍ഡാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിര്‍ത്തി പോരുന്നത്. 2018- 2019 കാലഘട്ടത്തില്‍ യു.എസ് പാസഞ്ചര്‍ എയര്‍ലൈന്‍സുകളിലെ വിമാനാപകടങ്ങളില്‍ വെറും ഒരാളാണ് മരിച്ചിരിക്കുന്നത്. കൊറിയന്‍ ക്യാരിയര്‍ ഏഷ്യാനാ വിമാനത്തിലെ ക്യാപ്റ്റന്‍ ലാന്‍റിങ് തെറ്റായി നിര്‍വജിച്ചതോടെ 2013ല്‍ സാന്‍ ഫ്രാന്‍സിസ്കോ എയര്‍പോര്‍ട്ടില്‍ മൂന്ന് പേര്‍ വിമാനാപകടത്തില്‍ മരിച്ചു.

മികച്ച സുരക്ഷ സംവിധാനങ്ങളാണ് ബോയിങ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍സ് തുടങ്ങി തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ള ഉന്നതര്‍ ഉറപ്പു നല്‍കുന്നത്. അവരുടെ ഓരോ തീരുമാനങ്ങളും മികച്ചതാണ്. ഇത്തരം തീരുമാനങ്ങള്‍ കൊണ്ട് എയര്‍ബസ്സിനെപ്പോലെ ബോയിങും വിശ്വാസ്യത നേടിയെടുത്തു കഴിഞ്ഞു. പൈലറ്റുകള്‍, എയര്‍ലൈന്‍സ്, എയര്‍ക്രാഫ്റ്റ് കമ്പനികള്‍ എന്നിവര്‍ ഉന്നയിക്കുന്ന ഉദ്യോഗസ്ഥമേധാവിത്വ പരാതികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സുരക്ഷയുടെ കാര്യത്തില്‍ എഫ്.എ.എ പോലുള്ളവരും വിശ്വാസ്യത നേടിയവരാണ്.

‌4. ഈ സാഹചര്യങ്ങളില്‍ ഏവിയേഷന്‍ സുരക്ഷയെക്കുറിച്ച് പറയാനുള്ളത് എന്ത്?

നാസയുടെ കീഴിലാണ് 1970 മുതല്‍ ഏവിയേഷന്‍ സേഫ്റ്റി റിപ്പോര്‍ട്ടിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. അമേരിക്കയുടെ മറ്റ് എഫ്.എഫ്.എകള്‍ പോലെയല്ലാതെ നാസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഏവിയേഷന്‍ സേഫ്റ്റി റിപ്പോര്‍ട്ടിങ് സിസ്റ്റത്തിന് അതിന്‍റേതായ പ്രഭാവം പ്രകടമാണ്. രഹസ്യം, സന്നദ്ദമായ, ശിക്ഷയില്ലാത്ത എന്നതാണ് ഏവിയേഷന്‍ സേഫ്റ്റി റിപ്പോര്‍ട്ടിങ് സിസ്റ്റത്തിന്‍റെ മുദ്രാവാക്യം.

തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ പാടില്ല എന്ന വിശ്വാസത്തോടെ അസ്വസ്ഥമായ സന്ദര്‍ഭങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ പൈലറ്റ്, കണ്‍ട്രോളര്‍മാര്‍, ഗ്രൌണ്ട് സ്റ്റാഫ്സ് അങ്ങനെ ആര്‍ക്കും ഏവിയേഷനില്‍ പങ്കാളികളാകാം എന്നതാണ് ഏവിയേഷന്‍ സേഫ്റ്റി റിപ്പോര്‍ട്ടിങ് സിസ്റ്റത്തിന്‍റെ പ്രത്യേകത.

5. ഏതാണ് കൂടുതല്‍ സുരക്ഷിതം, എയര്‍ബസോ ബോയിങോ? ഇവര്‍ തമ്മിലുള്ള വ്യത്യാസം എന്താണ്?

മോഡേണ്‍ ഏവിയേഷനില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമാണ് ബോയിങും എയര്‍ബസ്സും തമ്മിലുള്ള താരതമ്യം. സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ എയര്‍ബസും ബോയിങും യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നവരല്ല. അതില്‍ എപ്പോഴും എയര്‍ബസ് ബോയിങിനെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്നതാണ് സത്യം. 1950കളില്‍ രൂപകല്‍പന ചെയ്ത 707 വിമാനത്തിന്‍റെ അതേ രൂപത്തിലാണ് 737 വിമാനവും ഡിസൈന്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ എയര്‍ബസ് സമയമെടുത്ത് തങ്ങളുടെ വിമാനങ്ങളുടെ കോക്പിറ്റ് ഡിസൈന്‍ ചെയ്തു. അവസാനം എയര്‍ബസിന്‍റെ കോക്പിറ്റ് 707ന്‍റേതില്‍ നിന്നും വേറിട്ടും മുന്നിലും നിന്നു.

പൈലറ്റ് കംഫര്‍ട്ട്

എയര്‍ബസ് : റൂമി ഫൊര്‍വാര്‍ഡ് രീതിയിലുള്ള വിമാനത്തിന്‍റെ ഉടല്‍ മികച്ച പ്രവര്‍ത്തനതലം പൈലറ്റിന് ഉറപ്പു നല്‍കുന്നു.

ബോയിങ് : മാക്സ് മോഡലുകള്‍ പുതിയതാണെങ്കിലും പഴയ ഡിസൈന്‍ മികച്ച അനുഭവത്തെ പിന്‍വലിക്കുന്നു.

കൈകാര്യം ചെയ്യല്‍

എയര്‍ബസ് : ഫ്ലൈ ബൈ വയര്‍ സിസ്റ്റമാണ് ഏവിയേഷനായി ഉപയോഗിക്കുന്നത്

ബോയിങ് : പഴയ രീതികളില്‍ തന്നെ മുന്നോട്ട് പോകുന്നു.

ലാന്‍റിങ്

എയര്‍ബസ് : ലാന്‍റിങ് വളരെ സുഗമമമാക്കുന്നു. പക്ഷെ, ഫ്ലൈ ബൈ വയര്‍ സിസ്റ്റം ആയതിനാല്‍ ക്രോസ് വിന്‍റ് ലാന്‍റിങ് വെല്ലുവിളിയാകുന്നു

ബോയിങ് : പഴയ രീതികള്‍ ആയതിനാല്‍ ക്രോസ് വിന്‍റ് ലാന്‍റിങ് സുഗമമമാകും. പക്ഷെ സാധാരണ ലാന്‍റിങ്ങില്‍ പ്രശ്നങ്ങളുണ്ടാകും.

സുരക്ഷ

എയര്‍ബസ് : സ്വതന്ത്രമായ സൈഡ് സ്റ്റിക്കുകള്‍ ഉള്ളതിനാല്‍ മറ്റ് പൈലറ്റുകളുടെ ഇന്‍പുട്ടുകള്‍ എന്താണെന്നറിയാന്‍ പ്രയാസമാണ്. ഓട്ടോ ത്രോട്ടില്‍ ഓപ്പറേഷന്‍റെ സമയത്ത് ത്രസ്റ്റ് ലിവര്‍ അനങ്ങുന്നില്ല.

ബോയിങ് : വലിയ ലാന്‍റിങുകള്‍ നടത്തുന്നതിനാല്‍ അപകട സാധ്യത കുറയുന്നു.

ഈ രണ്ട് അപകടങ്ങളും സാഹചര്യങ്ങളും വിരല്‍ ചൂണ്ടുന്നത് പൈലറ്റ് ട്രെയിനിങ് പ്രോഗ്രാമുകളിലേക്കാണ്. തങ്ങളുടെ എല്ലാ മോഡലുകളിലും എയര്‍ബസിന് പൊതുവായി ഒരു കോക്പിറ്റ് ഇന്‍റര്‍ഫേസുണ്ട്. ആയതിനാല്‍ പൈലറ്റിന് ഒരു മോഡലില്‍ നിന്നും മറ്റൊരു മോഡലിലേക്ക് മാറുമ്പോള്‍ വളരെ കുറഞ്ഞ പരിശീലനം മാത്രമേ ആവശ്യമായി വരികയുള്ളു. പക്ഷെ ബോയിങിന് ട്രെയിനിങ്ങിന് തന്നെ ഒരുപാട് അധികം സമയവും അധ്വാനവും ആവശ്യമാണ്. എന്‍റെ ഒരു അഭിപ്രായത്തില്‍, ഈ രണ്ടു കേസുകളും പഠനവിധേയമാക്കുമ്പോള്‍ ലോകത്താകമാനമുള്ള പൈലറ്റുകള്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ല എന്നതാണ് കാര്യം. മാത്രമല്ല, പുതിയ സോഫ്റ്റ്‍വെയറുകളെക്കുറിച്ചുള്ള ധാരണക്കുറവ് പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള സന്നദ്ധത കുറക്കുകയും ചെയ്യുന്നു.

അഹമ്മദ് ആഷിഖ്

(Aviation Operations Engineer (Research & Development), Melbourne International Airport, Australia. Masters degree holder in Aerospace Engineering and Aviation, former intern to NASA Research Park facility for joint efforts of Emirates Group and Carnegie Mellon University, United States.)

TAGS :

Next Story