Quantcast

ചെകുത്താന്റെ വേദപുസ്തകത്തിൽനിന്ന് അറിവുതേടുമ്പോൾ

മക്കയെക്കുറിച്ചും മതങ്ങളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ പൊടുന്നനെ ചെകുത്താന്റെ വേദപുസ്തകം എഴുതിയാൽ വായനക്കാർ എന്തു ചെയ്യണം?

MediaOne Logo

  • Published:

    11 April 2020 10:50 AM GMT

ചെകുത്താന്റെ വേദപുസ്തകത്തിൽനിന്ന് അറിവുതേടുമ്പോൾ
X

അങ്ങനെയാവുമ്പോൾ രണ്ടു ചോദ്യങ്ങൾ മുന്നിൽവന്നു നിൽക്കും. ചെകുത്താന് വേദപുസ്തകമുണ്ടോ എന്നതാണ് ഒന്നാമത്തെ ചോദ്യം. ഉണ്ട് എന്നാണുത്തരം. അങ്ങനെയൊന്ന് എഴുതപ്പെട്ടിട്ടുണ്ട്. പാപ്പിനിശ്ശേരി കക്കാട്ട് വളപ്പിൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് ശമീം എഴുതിയതാണ്. അപ്പോൾ അങ്ങനെയൊന്നുണ്ട്. ചെകുത്താന്റെ വേദപുസ്തകമുണ്ട്. ഇവിടെ തുറന്നിരിപ്പുണ്ട്.

അറിവ് എന്നാൽ എന്താണ്? എന്നതാണ് രണ്ടാമത്തെ ചോദ്യം.

ഇതേ ചോദ്യം ചോദിക്കാനിടവന്ന സന്ദർഭം വി.എസ് നയ്പാൾ ഒരിക്കൽ എഴുതിയിട്ടുണ്ട്. 'ഇന്ത്യ: കലാപങ്ങളുടെ വർത്തമാനം ' എന്ന പുസ്തകത്തിലാണ് അതുള്ളത്. ആ പുസ്തകം രൂപപ്പെട്ടുവന്ന സന്ദർഭവുമായി ബന്ധപ്പെട്ടാണത്. ഇന്ത്യയെക്കുറിച്ചാണല്ലോ പുസ്തകം. ധാരാളമായി സമയം ചെലവഴിച്ചാണ് നയ്പാൾ അതെഴുതിയത്. ഇന്ത്യയിൽ തലങ്ങും വിലങ്ങും യാത്രചെയ്തു. വിവരങ്ങൾ നൽകാൻ കഴിയുന്ന ആളുകളെ കണ്ടെത്തി. അവരോടൊപ്പം ദിവസങ്ങൾ താമസിച്ചു. മദിരാശിയിൽ ഒരയ്യങ്കാരോടൊപ്പമാണ് താമസിച്ചത്. കാലങ്ങളായി കണക്കെഴുത്തും ഗുമസ്ഥപ്പണിയും ശീലിച്ച്, അതിലൂടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറിയ ആ സമൂഹത്തിലൂടെ തമിഴ്നാടിന്റെ കഥ. ബോംബെയിൽ ഒരു ദലിത് ആക്ടിവിസ്റ്റിന്റെ കൂടെ. അംബേദ്ക്കറിന്റെ നാട്ടിൽ അങ്ങനെ വേണമല്ലോ. അങ്ങനെയങ്ങനെ നടന്നാണ് വി.എസ് നയ്പാൾ ഇന്ത്യയെ അറിഞ്ഞത്.

വി.എസ് നയ്‌പോൾ

ലഖ്നൗവിന്റെ മുസ്ലിം പാരമ്പര്യമാണ് നയ്പോളിനെ ആകർഷിച്ചത്. അതിനാൽ താമസം മുസ്ലിമിന്റെ കൂടെയായി. ചില്ലറക്കാരനല്ല. നവാബാണ്. അതും ചരിത്രത്തിന്റെ അങ്ങേയറ്റത്ത് പണ്ടെന്നോ അനക്കമറ്റുപോയ നവാബുമല്ല. സമീപകാല ചരിത്രത്തിലും വർത്തമാനകാലത്തു തന്നെയും സജീവമായിനിൽക്കുന്ന കുടുംബമാണ്. മഹമ്മൂദാബാദ് രാജായുടെ മകന്റെ മകന്റെകൂടെ. മഹമ്മൂദാബാദ് രാജ ഒന്നാമൻ, പഴയ മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1906 ൽ സർവ്വേന്ത്യാ മുസ്ലിംലീഗ് ഉണ്ടാക്കിയതു മുതൽ 29 കൊല്ലക്കാലം ഖജാഞ്ചിയായിരുന്ന ആളാണ്. 1935ൽ രാജ മരിച്ചതു മുതൽ ആ കാര്യം നോക്കിയിരുന്നത് രണ്ടാമനാണ്. പക്ഷേ, വിഭജന സമയത്ത് പാക്കിസ്ഥാനിലേക്ക് പോകണോ പോകണ്ടയോ എന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായി. അലച്ചിലായി. പത്തുകൊല്ലം കഴിഞ്ഞ് 1957ലാണ് തീരുമാനമെടുത്തത്. പാക്കിസ്ഥാനിലേക്ക് പോകാൻ. അതൊരു ദുരന്തമായി കലാശിച്ചു. അതൊന്നുമിപ്പോൾ പരത്തിപ്പറയേണ്ടതില്ല. ഇവിടെ ചേരില്ല. ആ രാജാവിന്റെ മകനാണ് നയ്പാളിന്റെ ആതിഥേയൻ എന്നുമാത്രം പറയാം. പാക്കിസ്ഥാനിൽ നിന്ന് തിരിച്ചെത്തി രാഷ്ട്രീയത്തിൽ സജീവമായ ആളാണ്. എം.എൽ.എയായിരുന്നു. അമീർ എന്നാണ് നയ്പാൾ വിളിക്കുന്നത്.

അമീറിന്റെ കൂടെയുള്ള ദിവസങ്ങളിൽ അവർ ഏറെയും കൊട്ടാരത്തിലെ ലൈബ്രറിയിലായിരുന്നു. മറ്റൊരു കാര്യം നയ്പാൾ എടുത്തുപറയുന്നത്, അമീറിന്റെ സംഭാഷണ രീതിയാണ്. ഒന്നും അമീറായിട്ട് പറയില്ല. എന്തും, 'ഇമാം അലി ഇങ്ങനെയാണ് പറഞ്ഞത് ' എന്നാണ് തുടങ്ങുക. എന്നിട്ട് അലിയുടെ വാചകം ആദ്യം ഉദ്ധരിക്കും. അലി എന്നാൽ നാലാം ഖലീഫയായ അലി ഇബ്‌നു അബു താലിബ്.

അമീറും നയ്പോളും തമ്മിലുള്ള സംസാരത്തിനിടയിൽ 'അറിവ്' ഒരു വിഷയമായി വന്നു. ഏറെക്കാലം മതവിദ്യാഭ്യാസം നൽകിയ ശേഷം തന്നെ ഭൗതിക വിദ്യാഭ്യാസത്തിലേക്ക് മാറ്റാൻ പിതാവ് തീരുമാനിച്ചതിനെക്കുറിച്ച് പറയുകയായിരുന്നു അമീർ. അതിന്റെ ആമുഖമായി ''അറിവ് നേടണമെന്നാണല്ലോ അലി പറഞ്ഞത്'' എന്ന് അമീർ പ്രസ്താവിച്ചു. അപ്പോൾ നയ്പാൾ ചോദിച്ചു: ''അറിവ് എന്നാൽ എന്താണ് എന്ന് അലി പറഞ്ഞിട്ടുണ്ടോ?''

ഉത്തരം: '' അറിവ് രണ്ടുതരമുണ്ട് എന്നാണ് അലി പറഞ്ഞിട്ടുത്. ഒന്ന് , മതങ്ങളെക്കുറിച്ചുള്ള അറിവ്. രണ്ട്, ബാഹ്യ കാര്യങ്ങളെക്കുറിച്ചുള്ള അറിവ്''.

- ഈ ഉത്തരം തന്നെ ആഹ്ലാദഭരിതനാക്കി എന്നാണ് നയ്പാൾ എഴുതിയിട്ടുള്ളത്. കാരണം, മതത്തെക്കുറിച്ചുള്ള അറിവ് എന്നല്ല അലി പറഞ്ഞിട്ടുള്ളത്. മതങ്ങളെക്കുറിച്ചുള്ള അറിവ് എന്നാണ്. അതാണ് ആ ആഹ്ലാദത്തിന് അടിസ്ഥാനം.

അങ്ങനെയൊരു ആഹ്ലാദത്തിന് വകതരുന്ന എഴുത്തുകാരനാണ് മുഹമ്മദ് ശമീം. അറിവ് ശമീമിന് മതത്തെക്കുറിച്ചുള്ള അറിവ് മാത്രമല്ല. മതങ്ങളെക്കുറിച്ചുള്ള അറിവുതന്നെയാണ്. അതു തരുന്ന ഒരു പുസ്തകം ശമീം നേരത്തെ എഴുതിയിട്ടുണ്ട്.

'ബുദ്ധൻ, യേശു, മുഹമ്മദ് - ലോക മതങ്ങളെപ്പറ്റി ഒരു പുസ്തകം' എന്നൊരു ഗ്രന്ഥം.. ശരിക്കും മതങ്ങളെക്കുറിച്ചുള്ള അറിവ്. അതിന്റെ തുടർച്ചയാണ് ചെകുത്താന്റെ വേദപുസ്തകം എന്നും വേണമെങ്കിൽ പറയാം. മതങ്ങളെക്കുറിച്ചുള്ള അറിവ് മാത്രമല്ല ഇതിൽ ബാഹ്യകാര്യങ്ങളെക്കറിച്ചുളള അറിവുമുണ്ട്. കൃത്യമായി പറഞ്ഞാൽ,മതത്തിനു പുറത്തുള്ള 'മതങ്ങളെ' പറ്റിയാണ് ചെകുത്താന്റെ വേദപുസ്തകം പറയുന്നത്. മതം എന്ന വാക്കിന് അഭിപ്രായം എന്നൊരു അർത്ഥവും കൽപ്പിക്കാറുണ്ടല്ലോ.

അത്തരം സകലമാന മതങ്ങളേയും മതബാഹ്യമതങ്ങളേയും കുറിച്ചുള്ള അറിവുകളുടെ പ്രളയമാണ് ചെകുത്താന്റെ വേദപുസ്തകം. അറിവിന്റെ ധാരാളിത്തം ശമീമിന്റെ ഒരു ഗുണമാണ്. പ്രതിഭയുടെ ധാരാളിത്തം പോലെതന്നെയുള്ള പ്രശ്നമാണ് അറിവിന്റെ ധാരാളിത്തവും.

അതെ, അതൊരു പ്രശ്നമാണ്.

പാരമ്പര്യമതങ്ങൾക്കുള്ളിലെ ചെറുതരം പിരിവുകൾ, പാരഡിമതങ്ങൾ, മതമല്ലാത്തമതങ്ങൾ, മതമില്ലാത്ത ദൈവങ്ങൾ, ദൈവമാകാൻ വെമ്പുന്ന മനുഷ്യർ തുടങ്ങി പലതരം അവതാരങ്ങളുടെയും അവരുടെ അനുയായികളുടേയും ഘോഷയാത്ര. റാസ്പുടിനും ആചാര്യ രജനീഷുമൊക്കെയുണ്ട്. ഹരേരാമഹരേകൃഷ്ണ പ്രസ്ഥാനം മുതൽ ഡിങ്കമതക്കാർ വരെയുള്ള ഒരു ബൊഹീമയൻ ഘോഷയാത്ര. ഈ 'ബൊഹീമിയൻ' എന്നാൽ എന്ത് കൃത്യമായി അറിയണമെങ്കിലും ഈ വേദപുസ്തകം വായിച്ചാൽമതി. അങ്ങനെ ചില വാക്കുകളുടെ ഉൽപ്പത്തിയുമുണ്ട്. ആകെ മൊത്തം നോക്കിയാൽ അറിവിന്റെ അടക്കമില്ലാത്ത ഒരൊഴുക്കാണിത്.

എന്ന് വെച്ച്, ചെകുത്താൻ ഭാഗത്തുള്ളവർ മാത്രമല്ല. പ്രവാചക മതങ്ങൾക്കുള്ളിലെ അറിവിന്റെ ഗൂഡസിദ്ധാന്തങ്ങളും ശുദ്ധാശുദ്ധവാദങ്ങളുമൊക്കെ ചർച്ചക്കു വരുന്നുണ്ട്. 'തിയോസൂഫി ' എന്ന അദ്ധ്യായത്തിൽ സൂഫിസത്തിന്റെ തത്ഭവവും ഗ്രീക്ക് തത്വചിന്തയുടെ വരവുമൊക്കെ വിശകലനം ചെയ്യുന്നിടത്ത് പുസ്തകം മറ്റൊരു വിതാനത്തിലേക്ക് ഉയരുന്നുണ്ട്. ഗ്രീക്ക് ജ്ഞാനവാദത്തെക്കുറ്റച്ചുള്ള ചില നിഗമനങ്ങൾ അബുൽ കലാം ആസാദിനെ ഓർമിപ്പിക്കുന്നുണ്ട്. മൗലാനാ ആസാദ് വിശുദ്ധഖുർആനിന് വ്യഖ്യാനമെഴുതിയപ്പോൾ ഫാത്തിഹാ സൂറത്തിന്റെ വ്യാഖ്യാനം മാത്രം ഒരു പുസ്തകമാക്കിയിട്ടുണ്ട്. വെറും ഏഴുവരി വ്യാഖ്യാനിക്കാൻ ഒരു പുസ്തകമോ? എന്ന അൽഭുതം, വായിച്ചു തുടങ്ങുമ്പോൾതന്നെ തീരും. അതിൽ മൗലന ഗ്രീക്ക് ജ്ഞാനവാദത്തിന്റെ വളർച്ച വിശദീകരിക്കുന്നുണ്ട്. ദൈവത്തെക്കുറിച്ച് ഗ്രീക്കുകാർക്കുണ്ടായിരുന്ന ദാർശനിക സങ്കൽപ്പത്തെയാണ് മൗലാനാ ആസാദ് പരിഗണിക്കുന്നത്. ജ്ഞാനത്തെക്കുറിച്ച് ഗ്രീക്കുകാർക്കുള്ള ദാർശനിക സങ്കൽപ്പമാണ് ശമീം പരിഗണിക്കുന്നത്. മൗലാന അരിസ്റ്റോട്ടിലിന്റെ വഴിയിൽ കണ്ടത് ശമീം മുല്ലാ സദറയുടെ വഴിയിൽ കാണുമ്പോൾ ദൈവസങ്കൽപ്പവും ജ്ഞാനസങ്കൽപ്പവും രണ്ടല്ല എന്നൊരു അറിവ് മിന്നും. ആ വഴി പോകേണ്ടവർക്ക് വേറൊരു തുറസ്സ് കിട്ടുകയാണ്.

പക്ഷേ, എന്തൊക്കെയായാലും ചെകുത്താന്റെ വേദപുസ്തകമാണല്ലോ. ചെകുത്താന് വേണ്ടത്ര ഇടം ചെകുത്താന് കൊടുക്കണം. അത് ന്യായം മാത്രമാണ്. ചെകുത്താനോടാണ് എന്ന് വെച്ച് അന്യായം പാടുണ്ടോ! അത് ചെകുത്താനിയത്ത് ആയിപ്പോകില്ല. അതു ചെയ്തിട്ടില്ല. ചെകുത്താനെ പൂജിക്കുന്ന ആധുനികരെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. 'ആവേ സാത്താനാസ്' അതിനുള്ള അദ്ധ്യായമാണ്.

എന്തൊക്കെയായാലും ചെകുത്താനണല്ലോ ആൾ. ചെകുത്താന്റെ മോഡസ് ഓഫ് ഓപ്പറാണ്ടി അറിയാമല്ലോ. മനുഷ്യന്റെ ചിന്തയിൽ കടന്നുകൂടി അതിന്റെ ക്രമം തെറ്റിക്കുകയാണല്ലോ ചെകുത്താൻ ചെയ്യുന്നത്. ആ ഉപദ്രവത്തിൽ നിന്ന് ഈ വേദപുസ്തകത്തിന്റെ എഴുത്തുകാരനും രക്ഷപ്പെട്ടിട്ടില്ല. എഴുതാനിരുന്നപ്പോൾ ചിന്തയുടെ ക്രമം പാളിയതായി കാണാനുണ്ട്. അതുകാരണം, തുടക്കത്തിലെ ചില അദ്ധ്യായങ്ങൾ ഇവിടെ വേണ്ടിയിരുന്നോ എന്നൊരു സംശയം ഉണ്ടായി. ചാർളി ചാപ്ലിന്റെ ഒന്നുരണ്ടു സിനിമകളും ഉംബർട്ടോ എക്കോവിന്റെ ചില സാഹിത്യ സംരഭങ്ങളുമൊക്കെ ആ ഭാഗത്തുവരുന്നുണ്ട്. പിന്നാലെ വരുന്ന ഹിപ്പികൾക്കും ലഹരിപ്പാട്ടുകാർക്കും പശ്ചാത്തലമൊരുക്കാൻ ചെയ്തതാവാം. എന്നാലും വേണ്ടത്രയങ്ങ് ലയിച്ചില്ല. വേറിട്ട് നിൽക്കുന്നു.

നിർബന്ധമായും ഈ വേദപുസ്തകത്തിൽ വരേണ്ടിയിരുന്ന ചിലർ വന്നതുമില്ല. മെക്സിക്കോയിലെ മരണാധകരാണ് ഒരു കൂട്ടർ. ജയിലുകളിൽ നിന്ന് രൂപംകൊണ്ടുവന്ന ആ വിഭാഗം മരണത്തെയാണ് ആരാധിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിൽ അബ്ബാസി ഭരണകാലത്ത് ഇറാഖിൽ ഉയർന്നുവന്ന കർമാത്തികളും ഇതിൽ വേണ്ടവരാണ്. അതൊരു നിഗൂഡ വിമതസംഘമായിരുന്നു. സമൂഹം സദാചാര വിരുദ്ധമെന്ന് കരുതിയ പലരും അവരുടെ സംഘടനാ രീതിയായിരുന്നു. പിന്നെ, കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ചോളം സിദ്ധാശ്രമങ്ങളുണ്ട്. ഇങ്ങനെ ചിലരെ വിട്ടുപോയി. പുതിയ പതിപ്പിൽ ചേർക്കാവുന്നതാണ്.

എല്ലാം കിഴിച്ചാലും ആമുഖത്തിൽ കെ.ഇ.എൻ കുറിച്ച മികവുകൾ തിളങ്ങിത്തന്നെ നിൽക്കുന്നുണ്ട്. അത് രണ്ടാണ്.

ഒന്ന്: തൊട്ടാൽ കൈപൊള്ളുന്ന, സാമ്പ്രദായിക മതവിശ്വസത്തെ മുറിപ്പെടുത്തുന്ന, മനുഷ്യമഹത്വത്തെ അചഞ്ചലമായി ദൃഢപ്പെടുത്തുന്ന, കലയുടേയും അതുവഴി സ്വതന്ത്ര്യത്തിന്റെയും കവാടം തുറന്നുവെക്കുന്ന, സ്വന്തം ബോധ്യത്തിൽ ഒത്തുതീർപ്പുകളില്ലാതെ തന്നെ സർവ്വബോധ്യങ്ങളുടേയും സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു എഴുത്തുരീതി; അസഹിഷ്ണുതയുടേയും ആക്രോശങ്ങളുടേയും പരപുഛത്തിന്റേയും കാലത്ത് ഒരെഴുത്തുകാരന് കാത്തുസൂക്ഷിക്കുവാൻ കഴിയുകയെന്നുള്ളത്, അഭിനന്ദനാർഹമായൊരു കാര്യമാണ്.

രണ്ട്: 'ചെകുത്താന്റെ വേദപുസ്തകം ' ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന, വിമർശനം അർഹിക്കുന്ന മികച്ച കൃതികളിലൊന്നാണെന്ന് നിസ്സംശയം പറയാവുന്നതാണ്.

അങ്ങനെ കെ. ഇ. എൻ പറഞ്ഞു വെച്ച സ്ഥിതിക്ക് വിമർശിക്കാൻ കെൽപ്പുള്ളവർ ഇത് ആഴത്തിൽ വായിക്കുവിൻ. ചെകുത്താന്റെതാണെങ്കിലും വേദപുസ്തകമാണല്ലോ.

Next Story