ലോക്ഡൗണ്‍ അവര്‍ക്ക് നല്‍കിയ ആശ്വാസം
ഒറ്റപ്പെടുത്താതിരിക്കുക എന്നത് മാത്രമാണ് ഇത്തരം ആളുകൾക്ക് വേണ്ട ആദ്യത്തെ ചികിത്സ. അത് നൽകേണ്ടത് ഉറ്റവരും ഉടയവരും തന്നെയാണ്.
കോവിഡ് മൂലം കലഹം പലവിധം - 9
നിരന്തരമായ ലൈംഗിക ബന്ധം ആവശ്യപ്പെടുന്ന ശാരീരികവും മാനസികവുമായ സവിശേഷാവസ്ഥയാണ് കംപൽസിവ് സെക്‌സ്വൽ ഡിസോർഡർ അഥവ നിംഫോമാനിയ എന്ന രോഗം. അനിയന്ത്രിതമായ ലൈംഗികാഭിലാഷമാണ് ഇതിന്റെ പ്രത്യക്ഷാടയാളം. നിംഫോമാനിയയുടെ കാരണം ഇതുവരെ ശാസ്ത്രീയമായി പൂർണമായി കണ്ടെത്തിയിട്ടില്ല. പാരമ്പര്യം ഇതിലൊരു ഘടകമായി മാറാറുണ്ട്. ജീവിത സാഹചര്യം അതിന്റെ വളർച്ചയിൽ പ്രധാനവുമാണ്. തലച്ചോറിലെ രാസഘടനയിലുണ്ടാകുന്ന അസന്തുലിതത്വം ഇതിന് കാരണമാകാറുണ്ടെന്ന ചില പഠനങ്ങളുണ്ടായിട്ടുണ്ട്. സ്വവർഗാനുരാഗികളായ പുരുഷൻമാരിലും ഇത് കണ്ടുവരാറുണ്ടെങ്കിലും സ്ത്രീകളിലാണ് കൂടുതൽ. സ്ത്രീകൾക്കാകട്ടെ അവരുടെ സാമൂഹിക ജീവിതംതന്നെ ഇല്ലാതാകുന്ന തരത്തിലേക്ക് ഇത് മാറാറുമുണ്ട്.
ഇതൊരു രോഗമാണെന്ന് സമൂഹം തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ, ഇത്തരം സ്ത്രീകൾക്കുണ്ടാകുന്ന നിരവധി ലൈംഗിക സൗഹൃദങ്ങളെ മനോരോഗാവസ്ഥ എന്ന നിലയിൽ പരിഗണിക്കുന്നവർ കേരളത്തിൽ ഇന്ന് ഇല്ലെന്ന് തന്നെ പറയാം. ഇതൊരു രോഗമാണെന്ന് തിരിച്ചറിയുന്നവർ പോലും വളരെ വിരളം. പകരം അധിക്ഷേവും അപഥസഞ്ചാരക്കഥകളും കൊണ്ട് അവരെ വേട്ടയാടുകയും ചെയ്യും. അങ്ങനെ ബന്ധുക്കളുടെ ഒറ്റപ്പെടുത്തലും അയൽവാസികളുടെ അശ്ലീലക്കഥകളും കേട്ടിട്ടും തന്റെ വഴിയിൽനിന്ന് മാറിനടക്കാൻ കഴിയാതായ ഇടുക്കി സ്വദേശിയായ യുവതിക്ക് ഈ ലോക്ക്‌ഡൗൺ കാലം പക്ഷെ വലിയ അനുഗ്രമായിമാറി.
ദുരിതമയമായ ജീവിതത്തിന്റെ നടുക്കടലിലായിരുന്നു അവർ. ഒരു ഭാഗത്ത് വിവാഹമോചനക്കേസ്. ജനങ്ങളുടെ ബഹിഷ്‌കരണം കാരണം സ്വന്തം സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥ മറുഭാഗത്ത്. ഒരു സുഹൃത്തിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും ശാരീരിക ആക്രമണം. അയൽക്കാരുടെ ഒറ്റപ്പെടുത്തൽ. വാടകവീട്ടിൽ പോലും താമസം അസാധ്യമായ സ്ഥിതിവിശേഷം. അപവാദക്കഥകൾ വേണ്ടത്ര. ഇങ്ങിനെ ജീവിതം വഴിമുട്ടിനിൽക്കുന്ന മധ്യവയസ്‌കയും രണ്ടുമക്കളുടെ അമ്മയുമാണ് ആ സ്ത്രീ. സമൂഹത്തിൽ വലിയ പദവിയുള്ള കുടുംബ പശ്ചാത്തലവും സമ്പത്തും പൊതുസ്വീകാര്യതയുള്ള സ്വന്തം സ്ഥാപനവും മക്കളും കുടുംബവും സൌഹൃദങ്ങളും എല്ലാം ബാധ്യതയായി മാറിയ സമത്താണ് ലോക്ക്‌ഡൗൺ വന്നത്. ഇതോടെ പുറത്തിറങ്ങാനാകാതായത് വലിയ തിരിച്ചടിയായി. ശാരീരികവും മാനസികവുമായ അനിയന്ത്രിതമായ ആവശ്യങ്ങൾ ഒട്ടും നിറവേറ്റാനാകാതെ വന്നപ്പോൾ ആ സ്ത്രീ അക്രമാസക്തയായി. ഭക്ഷണം കഴിക്കാതെയായി. വിഷാദവും നിരാശയും ബാധിച്ചു. രണ്ട തവണ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മൂന്ന് തവണ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വീട്ടിലെ വേലക്കാരിയും മക്കളുമെല്ലാം യഥാസമയം കണ്ടെത്തിയതിനാൽ എല്ലായ്‌പ്പോഴും മരണം തലനാരിഴക്ക് വഴിമാറിപ്പോയി.
ചികിത്സ തേടിയെത്തുന്‌പോൾ അവർ അങ്ങേയറ്റം അവശയും നിസ്സഹായായിരുന്നു. മരുന്നുകളും സൈക്കോ തെറാപ്പിയും അത്യാവശ്യമായിരുന്നെങ്കിലും ലോക്ക്‌ഡൗൺ എല്ലാം പരിമിതമാക്കി. കൌൺസിലിങ്ങും മറ്റും വഴി തത്ക്കാലം അവരെ നിയന്ത്രിച്ചുനിർത്താവുന്ന അവസ്ഥയിലാക്കുക എന്നതിനായിരുന്നു ആദ്യ പരിഗണന നൽകിയത്. അതിന് പക്ഷെ അവരുടെ അച്ഛനമ്മമാരുടെയും അടുത്ത ബന്ധുക്കളുടെയും പിന്തുണ അനിവാര്യമായിരുന്നു. മകളെക്കുറിച്ച കഥകൾ കേൾക്കാനാകാതെ എല്ലാതരം സാമൂഹിക ജീവിതവും ഉപേക്ഷിച്ച് സ്വയം ഐസൊലേഷൻ പ്രഖ്യാപിച്ച് എത്രയോകാലമായി വീട്ടിൽ അടച്ചിരിക്കുകയായിരുന്നു അവർ. മകളുടേത് സ്വഭാവ ദൂഷ്യമല്ല, മനോരോഗമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയെന്നത് ഏറെ ശ്രമകരമായിരുന്നു. എങ്കിലും അത് ഫലംകണ്ടു. തനിക്കൊപ്പം എല്ലാവരുമുണ്ട് എന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ ആ സ്ത്രീയുടെ നിരാശ പകുതിയില്ലാതായി. തത്കാലം വിവാഹമോചന നടപടികൾ നിർത്തിവപ്പിക്കാനാവുമോ എന്ന ആലോചനയാണ് ഇപ്പോൾ ഭർത്താവുമായി ബന്ധപ്പെട്ട് നടത്തുന്നത്. ലോക്ക്‌ഡൗൺ ഈ സ്ത്രീക്ക് ജീവിതം തിരിച്ചുകൊടുക്കുന്ന മാന്ത്രിക വടിയാണിപ്പോൾ.
ഒറ്റപ്പെടുത്താതിരിക്കുക എന്നത് മാത്രമാണ് ഇത്തരം ആളുകൾക്ക് വേണ്ട ആദ്യത്തെ ചികിത്സ. അത് നൽകേണ്ടത് ഉറ്റവരും ഉടയവരും തന്നെയാണ്. നല്ല ഭക്ഷണം കൊടുക്കുക. വ്യായാമങ്ങളിൽ വ്യാപൃതമാക്കുക. പരമാവധി ഉറക്കം ലഭിക്കുന്ന തരത്തിൽ ദിനചര്യകൾ ക്രമീകരിക്കുക. ഒറ്റപ്പെടുത്താതിരിക്കുക. വീട്ടിൽ തന്നെ ഒറ്റക്കാകാൻ വിട്ടുകൊടുക്കാതിരിക്കുക... ഇതെല്ലാം ഉറപ്പാക്കണം. ഡോക്ടറുടെ ചികിത്സയും മരുന്നും അനിവാര്യമാണ്. എന്നാൽ ഇത് പൂർണമായി ചികിത്സിച്ച് മാറ്റാവുന്ന അസുഖവുമല്ല. അതിനാൽ ചികിത്സ തേടുന്നതിനൊപ്പം അവരെ സ്വാഭാവിക ജീവിതത്തിൽ നിലനിർത്താൻ കഴിയുന്ന തരത്തിലുള്ള കരുതലും പരിഗണനയുമാണ് ബന്ധുക്കളും സുഹൃത്തുക്കളും അവർക്ക് നൽകേണ്ടത്.
ये à¤à¥€ पà¥�ें- പുകവലിക്കാർക്ക് ഒരു സുവർണാവസരം
ये à¤à¥€ पà¥�ें- 'കുട്ടികളെ നോക്കാത്ത അമ്മ' ഒരു രോഗാവസ്ഥയാണ്
ये à¤à¥€ पà¥�ें- സൂക്ഷിക്കുക, ലോക്ക്ഡൗണിൽ കുട്ടികളുടെ മനോനില തെറ്റാം
Adjust Story Font
16