Quantcast

പത്താം ക്ലാസില്‍ മലയാളത്തിന് തോറ്റതിന്റെ വാശി തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകനായ കെ.എം റോയ്

പത്രപ്രവര്‍ത്തനം ആരംഭിച്ച കേരള പ്രകാശത്തിന്റെ പത്രാധിപരായ മത്തായി മാഞ്ഞൂരാനെ ആയിരുന്നു അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത് തന്റെ ഗുരുവായി പരിഗണിച്ചിരുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹിയായിരുന്ന കാലത്ത് പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

MediaOne Logo
പത്താം ക്ലാസില്‍ മലയാളത്തിന് തോറ്റതിന്റെ വാശി തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകനായ കെ.എം റോയ്
X

പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ജയിച്ചെങ്കിലും മാതൃഭാഷയില്‍ തോറ്റുപോയ വ്യക്തിയായിരുന്നു മാധ്യമപ്രവര്‍ത്തകനായ കെ.എം റോയ്. മാതൃഭാഷയില്‍ തോറ്റുപോയത് റോയിക്ക് വലിയ കുറച്ചിലായി. ഇതൊരു വാശിയായി വളര്‍ന്നാണ് മലയാളത്തിലെ എക്കാലത്തെയും പ്രഗത്ഭനായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ കെ.എം റോയ് ജനിക്കുന്നത്. ഇനിയൊരിക്കലും മലയാളത്തില്‍ പിന്നോട്ടുപോവില്ലെന്ന് തീരുമാനിച്ച റോയ് എഴുത്തും വായനയും പിന്നീട് ഒരു ശീലമാക്കി മാറ്റുകയായിരുന്നു. മഹാരാജാസ് കോളേജിലായിരുന്നു പ്രീ ഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. ഇക്കാലത്ത് തന്നെ കേരള കൗമുദിയില്‍ സ്ഥിരമായി എഴുതിയിരുന്നു. പിന്നീട് ജീവിതത്തില്‍ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1961ല്‍ മഹാരാജാസ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന കാലത്ത് കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപ്രകാശം എന്ന പത്രത്തിലാണ് ഔദ്യോഗിക പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. പി.ജി പഠനം പൂര്‍ത്തിയാക്കിയ ശേഷം ദേശബന്ധു, കേരള ഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് എകണോമിക് ടൈംസ്, ദി ഹിന്ദു എന്ന പത്രങ്ങളിലും ഒമ്പത് വര്‍ഷത്തോളം വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐയിലും പ്രവര്‍ത്തിച്ചു. മംഗളം പത്രത്തിന്റെ ജനറല്‍ എഡിറ്ററായിരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തനരംഗത്ത് നിന്ന് വിരമിച്ചത്.

പത്രപ്രവര്‍ത്തനം ആരംഭിച്ച കേരള പ്രകാശത്തിന്റെ പത്രാധിപരായ മത്തായി മാഞ്ഞൂരാനെ ആയിരുന്നു അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത് തന്റെ ഗുരുവായി പരിഗണിച്ചിരുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹിയായിരുന്ന കാലത്ത് പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്നു അദ്ദേഹം. രണ്ട് തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായും 1984 മുതല്‍ നാല് വര്‍ഷം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് സെക്രട്ടറി ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേജ് ബോര്‍ഡ്, പ്രസ് അക്കാദമി, പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി എന്നിവക്ക് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

കേരള ഭൂഷണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മനോരാജ്യം എന്ന പേരില്‍ പുതിയ വാരിക പുറത്തിറക്കി മാനേജ്‌മെന്റ് രംഗത്തും അദ്ദേഹം കരുത്ത് തെളിയിച്ചു. അന്ന് മനോരമ വാരികയായിരുന്നു ജനപ്രിയ വാരികയായി കണക്കാക്കിയിരുന്നത്. ജനയുഗം ശരാശരിക്കാരുടെയും ഭാഷാപോഷിണി ബുദ്ധിജീവികളുടെയും വാരികയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇതിനിടയിലേക്കാണ് മനോരാജ്യം കടന്നുവന്നത്. ഏഴു മാസംകൊണ്ട് ഇതിന്റെ സര്‍ക്കുലേഷന്‍ 49000ല്‍ എത്തിച്ച അദ്ദേഹം പുതിയ ചരിത്രം രചിച്ചു.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എല്ലായിപ്പോഴും വിവേചനാധികാരം ഉപയോഗിക്കണമെന്ന് പറയുകയും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തുകയും ചെയ്ത ആളായിരുന്നു കെ.എം റോയ്. അദ്ദേഹം മംഗളം പത്രത്തില്‍ എഡിറ്ററായിരുന്ന കാലത്താണ് സെന്റ് മൈക്കിള്‍സ് കോളേജിലെ മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. മൂവരും 18 വയസിന് താഴെയുള്ളവരായിരുന്നു. ഭൂരിഭാഗം പത്രങ്ങളും പെണ്‍കുട്ടികളുടെ തിരോധാനത്തെക്കുറിച്ച് സ്വന്തം ഇഷ്ടപ്രകാരം കഥകള്‍ മെനഞ്ഞു. എന്നാല്‍ കൃത്യമായ വിവരങ്ങളില്ലാതെ ആ വാര്‍ത്ത പ്രസിദ്ധീകരിക്കേണ്ടതില്ല എന്നായിരുന്നു കെ.എം റോയിയുടെ തീരുമാനം. പിന്നീട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ പേരില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വിവാദമാവും പത്രങ്ങള്‍ക്ക് ഖേദപ്രകടനം നടത്തേണ്ടിവരികയും ചെയ്തു. തന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ഉടനീളം ധാര്‍മികത ഉയര്‍ത്തിപ്പിച്ച കെ.എം റോയ് എന്ന പത്രാധിപരുടെ ഉറച്ച തീരുമാനത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്‌ടൈം അവാര്‍ഡ്, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993ലെ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

TAGS :

Next Story