Quantcast

എന്റെ ദാസങ്കിൾ; മലയാളത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റ്

വിമോചന സമരത്തിന് മുൻപ് വരെ വലതുപക്ഷ നിലപാടിലായിരുന്നു കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ. ജനയുഗത്തിൽ ഇടതുപക്ഷ അനുകൂല കാർട്ടൂണുകൾ യേശുദാസനാണ് വരച്ചു തുടങ്ങിയത്

MediaOne Logo

സുധീർ നാഥ്

  • Published:

    6 Oct 2021 6:14 AM GMT

എന്റെ ദാസങ്കിൾ; മലയാളത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റ്
X

"കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു". വാർത്തകൾ എല്ലായിടത്തും നിറയുന്നു. ഒരു കാർട്ടൂണിസ്റ്റായ എനിക്ക് വെറും കാർട്ടൂണിസ്റ്റ് മാത്രമായിരുന്നില്ല യേശുദാസൻ. ഓർമ്മ വച്ച നാൾ മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിലല്ല. അയൽക്കാരൻ, കളിക്കൂട്ടുകാരുടെ പിതാവ് എന്ന നിലയിലെല്ലാം. അതുകൊണ്ടു തന്നെ ദാസങ്കിൾ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. അദ്ദേഹം കാർട്ടൂൺ വരയ്ക്കുന്ന ആളാണ് എന്ന് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അറിഞ്ഞത്.

പഠനത്തേക്കാൾ വരയിൽ താത്പര്യം കാണിച്ച എന്നെ അമ്മയാണ് കാർട്ടൂണിസ്റ്റ് യേശുദാസന്റെ അടുക്കലേയ്ക്ക് കൊണ്ടുപോയത്. കാർട്ടൂൺ രംഗത്തെ എന്റെ ഗുരുനാഥൻ കൂടിയായി അദ്ദേഹം മാറുകയായിരുന്നു. കാർട്ടൂൺ രംഗത്തെ എന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. കേരള കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനായിരുന്ന അദ്ദേഹം പതിനഞ്ച് വയസ്സു മാത്രമുള്ള എന്നെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുന്ന അവസരത്തിൽ സഹായിയായി കൊണ്ടുപോകുമായിരുന്നു. അവിടെ കണ്ട് മുട്ടിയ മലയാളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളുമായുള്ള ബന്ധം എന്റെ ഈ രംഗത്തെ വളർച്ചയിൽ പ്രധാനമായിരുന്നു.

ദേശീയ തലത്തിൽ ഒരു തലമുറ കാർട്ടൂണിസ്റ്റുകളെ ശങ്കർ വളർത്തി എടുത്തിരുന്നു. അദ്ദേഹം തുടങ്ങിയ ശങ്കേഴ്‌സ് വീക്കിലി യേശുദാസൻ അടക്കമുള്ള പ്രമുഖ കാർട്ടൂണിസ്റ്റുകളെ വളർത്തി. അത്തരത്തിൽ അസാധു, സാധു, കട്ട് കട്ട്, ടക്ക് ടക്ക് തുടങ്ങിയ സ്വന്തം പ്രസിദ്ധീകരണങ്ങൾ വഴി യേശുദാസൻ കേരളത്തിലെ ഒരു തലമുറയെ വളർത്തി എടുത്തു. സാമ്പത്തിക നഷ്ടം കാരണമാണ് സ്വന്തം പ്രസിദ്ധീകരണങ്ങൾ നിർത്തി യേശുദാസൻ മലയാള മനോരമയിൽ കാർട്ടൂണിസ്റ്റായി ജോലിക്ക് ചേർന്നത്. മലയാള മാധ്യമ ചരിത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റാണ് യേശുദാസൻ.

വിമോചന സമരത്തിന് മുൻപ് വരെ വലതുപക്ഷ നിലപാടിലായിരുന്നു കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ. ജനയുഗത്തിൽ ഇടതുപക്ഷ അനുകൂല കാർട്ടൂണുകൾ യേശുദാസനാണ് വരച്ചു തുടങ്ങിയത്. യേശുദാസന് പിന്നാലെ ഒട്ടേറെ കാർട്ടൂണിസ്റ്റുകൾ ഇടത് അനുഭാവ കാർട്ടൂണുകൾ വരയ്ക്കാൻ മുന്നോട്ട് വന്നു. ജനയുഗത്തിൽ നിന്ന് ശങ്കേഴ്‌സ് വീക്കിലിയിലും, പിന്നീട് സ്വന്തം പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ച ശേഷമാണ് മലയാള മനോരമയിൽ കാർട്ടൂണിസ്റ്റായി ചേരുന്നത്. പിന്നീട് മെട്രോ വാർത്തയിലും, ദേശാഭിമാനിയിലും കാർട്ടൂണുകൾ വരച്ചു. ഈ കാലയളവിലെല്ലാം ജനയുഗത്തിൽ തുടക്കം കുറിച്ച കിട്ടുമ്മാവൻ എന്ന ബോക്‌സ് കാർട്ടൂൺ അദ്ദേഹം വരച്ചിരുന്നു.

2021 സെപ്തംബർ 13 ന് കാർട്ടൂണിസ്റ്റ് യേശുദാസൻ തൂലിക എന്ന ചിത്രത്തിന്റെ പോസ്റ്റർ വീട്ടിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. അതായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാന ചടങ്ങ്. 14 ന് കോവിഡ് സ്ഥിരീകരിക്കുകയും, 19 ന് ന്യുമോണിയയുടെ തുടക്കം കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 29 ന് കോവിഡ് നെഗറ്റീവായി. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു. ഒക്ടോബർ 6 ന് പുലർച്ചെ 3.45 ന് വരയുടെ മാന്ത്രിക വിരലുകൾ നിശ്ചലമായി.

കാർട്ടൂൺ രംഗത്ത് മാത്രമല്ല മലയാള ഹാസ്യ സാഹിത്യ രംഗത്തും സിനിമാ തിരക്കഥയിലും യേശുദാസൻ തന്റെ ക്കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. പഞ്ചവടിപ്പാലം എന്ന ഒറ്റ സിനിമയുടെ തിരക്കഥയിലൂടെ അദ്ദേഹം ആക്ഷേപഹാസ്യ രംഗത്ത് ഒന്നാം നിരക്കാരനായിരുന്നു. യേശുദാസിന്റെ വിയോഗം അതുകൊണ്ട് തന്നെ മലയാളത്തിന്റെ നഷ്ടമാണ്.

TAGS :

Next Story