Quantcast

ചെൽസി കളിക്കാരും നമ്മുടെ കളിക്കാരും തമ്മിൽ എന്താണ് വ്യത്യാസം?

‌യൂറോപ്യന്‍ തലത്തിലെത്തിയില്ലെങ്കിലും നമ്മുടെ താരങ്ങളും ടീമുകളും ഇങ്ങനെയൊക്കെ മത്സരക്ഷമത കാണിക്കില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഇവിടെയാണ് നമ്മുടെ അക്കാഡമി തലങ്ങളില്‍ മാറ്റങ്ങള്‍ വരേണ്ടത്.

MediaOne Logo

ഫൈസൽ കൈപ്പത്തൊടി

  • Updated:

    2022-03-23 10:14:48.0

Published:

12 Feb 2022 11:34 AM GMT

ചെൽസി കളിക്കാരും നമ്മുടെ കളിക്കാരും തമ്മിൽ എന്താണ് വ്യത്യാസം?
X

കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലാദ്യമായി ഒരു വേള്‍ഡ്‌ക്ലാസ് ടീമിന്‍റെ കളി നേര്‍ക്ക് നേര്‍ കണ്ടു. ഇഷ്ടടീമും യൂറോപ്യന്‍ ചാമ്പ്യന്‍സുമായ ചെല്‍സിയും സൗദി ക്ലബായ അല്‍ ഹിലാല്‍ എഫ്.സിയും തമ്മില്‍ ലോകക്ലബ് വേള്‍ഡ്കപ്പില്‍ അബൂദാബിയില്‍ നടന്ന മാച്ച്. ഒരു ചെല്‍സി ആരാധകന്‍റെ ആത്മഹര്‍ഷങ്ങള്‍ക്കപ്പുറം വെറുമൊരു ഫുട്ബോള്‍പ്രേമിയെന്ന നിലയില്‍ പല ചിന്തകളിലേക്കുമാണ് കളി വഴിതിരിച്ച് വിട്ടത്.

എങ്ങനെയാണ് ഒരു വേള്‍ഡ് ക്ലാസ് ടോപ് ടയര്‍ ടീമിനെതിരെ ഒരു ഏഷ്യന്‍ ടോപ് ഡിവിഷന്‍ ടീം കളത്തില്‍ പ്രതികരിക്കുക ?

ഏതൊരു ടോപ് ക്ലാസ് ടീമിന്‍റെയും ഗുണമേന്മാസൂചകമായ കളിയുടെ മൊമെന്‍റം മുറിയാത്ത ' ഫ്ലുയിഡിറ്റി ഓഫ് ഗെയിം' നടപ്പിലാക്കാന്‍ അവരെ സാധ്യമാക്കുന്ന ചേരുവകളെന്തൊക്കെയാവാം?

പിന്നെ സ്ഥിരം ക്ലീഷേ ചിന്തയായ 'എന്നാണ് നമ്മള്‍ നമ്മുടെ ഒപ്റ്റിമം ലെവലില്‍ ഇതുപോലെയൊക്കെ പന്തുകളിക്കുക ?

എല്ലാ തോന്നലുകളും ഒടുക്കം ചേക്കേറുന്ന മരക്കൊമ്പ് പതിവ് പോലെ അത് തന്നെ.. 'ക്വാളിറ്റി പ്ലെയര്‍ പ്രൊഡക്ഷന്‍ '.. ഉദാഹരണത്തിന്‌ മുപ്പതുകളുടെ ഞരമ്പിലോടുന്ന അസ്പിലിക്വേറ്റയൊക്കെ വലത് വിങില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ തരംഗദൈര്‍ഘ്യത്തില്‍ ചലിച്ചു കൊണ്ടേയിരുന്നതും പരസ്പരപൂരകങ്ങളായി ഓരോരുത്തരും മൈതാനത്ത് പന്തുമായും അല്ലാതെയും ഒഴുകിപ്പരക്കുന്നതും, അത്രയൊന്നും പെരുമ അവകാശപ്പെടാനില്ലെങ്കിലും അല്‍ ഹിലാല്‍ കളിക്കാര്‍ ടീമായും വ്യക്തിഗതമായും ഈ കളിയൊഴുക്കിനെതിരെ ചിട്ടയോടെ പ്രതിരോധവും പ്രത്യാക്രമണങ്ങളും ക്രമീകരിക്കുന്നതുമൊക്കെ തൊട്ടടുത്ത് കാണുമ്പോഴാണ് നമ്മുടെ കളിക്കാരെ/ടീമുകളെയൊക്കെ പറ്റിയുള്ള ചിന്തയുണരുന്നത്. കളിമികവില്ലായ്മക്ക് കോച്ചിനെ കുറ്റപ്പെടുത്തുന്നതിനപ്പുറത്തേക്ക് ഏതു കളിതന്ത്രങ്ങളേയും നടപ്പില്‍ വരുത്താന്‍ വേണ്ട ഉപകരണങ്ങളായി ക്വാളിറ്റി പ്ലെയേഴ്സ് ഇല്ലാത്തതിലേക്കാണ് ചിന്തകള്‍ വീണ്ടും നീളുന്നത്. ഇതൊരിക്കലും ഒരു കുറ്റപ്പെടുത്തലല്ല, കാരണം നമ്മുടെ കളിക്കാര്‍ക്ക് അവര്‍ ട്രെയിന്‍ ചെയ്യപ്പെട്ടതിനനുസരിച്ചേ കളിക്കാനാവൂ...

മുന്തിയ വാഹനങ്ങളുടെ പ്രധാനസവിശേഷതകളിലൊന്നായി പറയാറുള്ള 0 - 100kms/hr വേഗമെടുക്കാന്‍ ഏറ്റവും കുറഞ്ഞസമയമെന്നപോല്‍ യാന്ത്രികത്വരണശേഷിയുളള എംഗോളോ കാന്‍റേയും, തന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട പന്തിനെ നിമിഷാര്‍ദ്ധങ്ങളേക്കാള്‍ കുറവ് സമയം കൊണ്ട് തിരിച്ച് പിടിക്കുന്ന കൊവാചിചും, പന്തിന്മേലുള്ള പ്രഥമസ്പര്‍ശത്തിലേ രണ്ടോ മൂന്നോ സാധ്യതകളെ തുറന്നിടുന്ന ജൊര്‍ഗീഞ്ഞോയും ഹവെര്‍ട്സും സിയെച്ചുമെല്ലാം വാം അപ് ചെയ്യുന്നത് നമ്മുടെ കളിക്കാരില്‍ നിന്നൊന്നും വലിയ വ്യത്യസ്തതയിലല്ല, പന്ത് തട്ടുന്നതിലും വലിയ മാറ്റങ്ങളില്ല.. അത്ഭുതകരമായ ഒന്നും അവര്‍ കളിക്കകളത്തില്‍ ചെയ്യുന്നില്ല. പിന്നെയെന്താണ് ടോപ്ക്ലാസ് പ്ലെയേഴ്സിനെ വ്യത്യസ്തരാക്കുന്നത് ? അവരുടെ മാനസികനിലയും അത്ലിറ്റിസിസവും...

ഒരു അത്ലീറ്റിന്‍റെ പ്രാഥമികഗുണങ്ങളായ Endurance , Aerobic & Anaerobic capacity, Energy level, Speed recovery, Perfect balance തുടങ്ങിയവയൊക്കെ ഇത്തരം ടോപ് ഫ്ലൈറ്റ് പ്ലെയേഴ്സില്‍ രക്തത്തിലലിഞ്ഞ പോലെയാണ്. ജനിതകപരമായ കാരണങ്ങള്‍ വളരെ ചെറിയൊരംശം കണ്ടേക്കാം, പക്ഷെ പ്രതിഭയോടൊപ്പം ഇവയൊക്കെ മൂര്‍ച്ഛപ്പെടുത്താനും നിലനിര്‍ത്താനുമാവുന്നത് അവര്‍ക്ക് അക്കാഡമി തലത്തില്‍ കിട്ടിയ പരിശീലനം തന്നെയാവും. അല്‍ ഹിലാല്‍ FCയുടെ അപകടകരമായ ആക്രമണസമയത്തൊക്കെ റൂഡിഗറും സില്‍വയും ക്രിസ്റ്റ്യന്‍സണുമെല്ലാം കാണിച്ച സംയമനപ്രതിരോധവും ശരീരഭാഷ കൊണ്ടുള്ള ആശയവിനിമയങ്ങളുമൊക്കെ പ്രസ്താവിക്കുന്നത് അവര്‍ നിരന്തരമായി ട്രെയ്ന്‍ ചെയ്ത് പരിചിതമായ സന്ദര്‍ഭങ്ങളാണവയൊക്കെയെന്നാണ്. തിരിച്ച് ചെല്‍സീ ആക്രമണങ്ങള്‍ക്കെതിരെ അല്‍ ഹിലാല്‍ താരങ്ങളും നിലയുറപ്പിച്ചത് വ്യത്യസ്തമായല്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അല്‍ ഹിലാല്‍ ശരിക്കും ചെല്‍സി പ്രതിരോധത്തിന് നല്ല രീതിയില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പ്രതിരോധപ്പിഴവില്‍ ഒരു ഗോള്‍ വഴങ്ങിയതൊഴിച്ച് അവര്‍ കൃത്യമായ പദ്ധതികളോടെ യൂറോപ്യന്‍ ചാമ്പ്യന്‍സിന് കടിഞ്ഞാണിട്ട് പിടിച്ചു. എതിര്‍ടീമും കളിക്കാരും ആരാണെന്ന ബോധത്തിനപ്പുറം ഓരോ സന്ദര്‍ഭത്തേയും ക്രിയാത്മകമായി എതിരിടാന്‍ അതിനവരെ സാധ്യമാക്കിയതും മികച്ച നിലവാരമുള്ള കളിക്കാരായിരുന്നു.

‌യൂറോപ്യന്‍ തലത്തിലെത്തിയില്ലെങ്കിലും നമ്മുടെ താരങ്ങളും ടീമുകളും ഇങ്ങനെയൊക്കെ മത്സരക്ഷമത കാണിക്കില്ലേ എന്ന ചോദ്യമാണ് പിന്നീടുയരുന്നത്. ഇവിടെയാണ് നമ്മുടെ അക്കാഡമി തലങ്ങളില്‍ മാറ്റങ്ങള്‍ വരേണ്ടത്. കളിയാവേശം മൂത്ത മാതപിതാക്കളും കുട്ടികളും കോച്ചസും ആദ്യമറിയേണ്ടതും അവരുടെ പ്രതിഭയെത്രത്തോളമെന്നാണ്. അതില്‍ ശരാശരിക്ക് മേലെയും, അസാധാരണമികവുള്ളവരെയും ഒരു ഫൈന്‍ ട്യൂണിങ് പ്രൊസസിലൂടെയാണ് പിന്നീട് വളര്‍ത്തിയെടുക്കേണ്ടത്. ടെക്നിക്കല്‍ സ്കില്ലുകളില്‍ വല്ലാതെ അഭിരമിക്കാതെ (തെറ്റായ അര്‍ത്ഥത്തിലല്ല) മെന്‍റല്‍ - അത്ലീലിറ്റിക്കല്‍ - ഡിസിഷന്‍ മേയ്കിങ് എന്നീ ഘടകങ്ങളിലാണ് ശരിക്കും അത്തരം കുട്ടികളില്‍ പണിയെടുക്കേണ്ടത്.

ഒരു മാച്ചില്‍ സംഭവിക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും അതേ തീവ്രതയില്‍ പരിശീലനവേളകളിലും കടന്ന് പോവണം, ആ സമയത്ത് ഏറ്റവും നന്നായി അതിനോട് എങ്ങനെ റിയാക്റ്റ് ചെയ്യണമെന്ന് യാന്ത്രികമായി സംഭവിക്കുംവിധം മസില്‍ മെമ്മറികളില്‍ സ്റ്റോര്‍ ചെയ്യപ്പെടണം. കളരിപ്പയറ്റുഭാഷയിലെ ' കണ്ണ് മെയ്യാവണം ' എന്ന പോലെ മനസ്സും ശരീരവും ഏകീകൃതമാവുന്ന Neuro - Muscular Coordination വേഗപ്പെടുത്തുന്ന ട്രെയ്നിങ് സെഷനുകള്‍ അധികരിക്കപ്പെടണം. കളിയിലെ പലവിധ സാഹചര്യങ്ങള്‍ക്കുള്ള സൊല്യൂഷന്‍ അവനവന്‍ തുറന്നെടുക്കുന്ന തലത്തിലേക്ക് കുട്ടികള്‍ എജ്യൂകേറ്റ് ചെയ്യപ്പെടണം. പലപ്പോഴും നമ്മുടെ നാട്ടില്‍ നല്ല ട്രെയ്നിങ് നടക്കുമ്പോഴും നല്ല ഗെയിം എജ്യൂകേഷന്‍ നടക്കുന്നില്ലെന്നത് ആശങ്കാജനകമാണ്.

അത്ലിറ്റികല്‍ എജ്യുകേഷനില്‍ തന്‍റെ ഗുണവും കുറവും കുട്ടിക്ക് തിരിച്ചറിയാനാവുക, ശാരീരിക/മാനസിക/അവയവ ബോധ്യം , ക്രമീകൃതഭക്ഷണത്തെ പറ്റിയും അവശ്യ-സപ്ലിമെന്‍റേഷനുകളെ പറ്റിയുമുള്ള യാഥാര്‍ത്ഥ്യബോധം, പരിക്കുകളും പ്രതിവിധികളും, ഇഞ്ച്വറി പ്രിവന്‍ഷന്‍ മെതഡോളജികളെ പ്രതി പ്രാഥമിക അറിവ് തുടങ്ങിയവയടക്കമുള്ള ഒരു എജ്യുകേഷന്‍ പ്രൊസസിലൂടെ വളര്‍ന്ന് വരുന്ന പ്രതിഭകള്‍ നിരന്തരം പുറത്ത് വരുന്ന കാലത്ത് നമ്മുടെ നാട്ടിലെ കളികളും ടീമുകളും ഈ നിലവാരത്തിലേക്കുയരുമെന്ന പ്രതീക്ഷയോടെ അബൂദാബി ശൈഖ് സായെദ് സ്റ്റേഡിയം വിട്ടത്.

‌ഒന്നുമൊന്നും അപ്രാപ്യമല്ല, എന്നാല്‍ ഒറ്റയടിക്ക് ലോകകപ്പടിക്കലുമല്ല.. പടിപടിയായുള്ള ക്വാളിറ്റി പ്രൊസസിലൂടെ കളിക്കാര്‍ വരട്ടെ, അതിലൂടെ നല്ല ടീമുകളും കളികളും വരട്ടെ, ബാക്കിയൊക്കെ വരുമ്പൊ വരട്ടെ...

TAGS :

Next Story