മിഷൻ പ്രശാന്ത് കിഷോർ; ദേശീയ രാഷ്ട്രീയത്തിൽ മസിലു കാണിച്ച് മമത
തൃണമൂലിന്റെ നീക്കങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കു പറ്റിയത് കോൺഗ്രസിനാണ്
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അപ്രതീക്ഷിത നീക്കങ്ങളിൽ പകച്ച് രാഷ്ട്രീയലോകം. ബിജെപിക്കെതിരെയുള്ള വിശാല പ്രതിപക്ഷത്തെ നയിക്കാൻ കെൽപ്പുള്ള രാഷ്ട്രീയനേതാവ് എന്ന നിലയിലേക്ക് മമത ഒരുപടി കൂടി അടുത്തു എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. അതിന് അടിവരയിടുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ മമതയുടെ ഡൽഹി സന്ദർശനം.
ചുരുങ്ങിയ കാലയളവിൽ ഒരുപറ്റം രാഷ്ട്രീയ വൻതോക്കുകളെ കൂടെ നിർത്താൻ മമതയ്ക്കായിട്ടുണ്ട്. മോദിക്കെതിരെ ഇടഞ്ഞുനിൽക്കുന്ന സുബ്രഹ്‌മണ്യൻ സ്വാമിയാണ് അതിൽ അവസാനത്തേത്. ശത്രുഘ്‌നൻ സിൻഹ, യശ്വന്ത് സിൻഹ, കീർത്തി ആസാദ്, അശോക് തൻവർ, പവൻ വർമ, കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരായ മുകുൾ സാങ്മ, ലൂസിനോ ഫലേരിയോ, മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ സുഷ്മിത ദേവ് തുടങ്ങിയവർ തൃണമൂലിൽ ചേരുകയോ മമതയോട് അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
തൃണമൂലിന്റെ നീക്കങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കു പറ്റിയത് കോൺഗ്രസിനാണ്. മേഘാലയയിലെ 12 എംഎൽഎമാരാണ് മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയ്‌ക്കൊപ്പം കൂട്ടത്തോടെ തൃണമൂലിലേക്ക് ചേക്കേറിയത്. തങ്ങളുടെ നേതാക്കളെ അടർത്തിയെടുക്കുന്നു എന്ന കോൺഗ്രസ് ആരോപണങ്ങളെ പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ല രൂക്ഷമായ ഭാഷയിലാണ് തൃണമൂൽ കഴിഞ്ഞ ദിവസം വിമർശിച്ചത്.
'കോൺഗ്രസിൽ ഗുരുതര പ്രശ്‌നങ്ങളുണ്ട്. അതിൽനിന്നുള്ള നേതാക്കൾ ടിഎംസിയിൽ ചേർന്നാൽ അതിന് ഞങ്ങളെ വിമർശിക്കരുത്. പാർട്ടിയുടെ കേന്ദ്രനേതൃത്വത്തേക്കാൾ പ്രശ്‌നമാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിക്ക് ടിഎംസിയുമായി ഉള്ളത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു. മോദി-ഷാ ശക്തിയെ എങ്ങനെ പരാജയപ്പെടുത്താമെന്നാണ് മമത ബാനർജി കാണിച്ചുതന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ടിഎംസിക്ക് അപേക്ഷ കിട്ടുന്നത് അതു കൊണ്ടാണ്. മമത ബാനർജിയാണ് ബദൽ മുഖം. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിന്റെ കഴിവുകേടിൽ ടിഎംസിയെ കുറ്റപ്പെടുത്തരുത്' - മുഖപ്രസംഗം വ്യക്തമാക്കി.
മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടിയിലെത്തുന്നതിന് മുമ്പ്, കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദ്, അശോക് തൻവർ, ജെഡിയു മുൻ ജനറൽ സെക്രട്ടറി പവൻ വർമയും ടിഎംസി അംഗത്വം സ്വീകരിച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുൻ ഉപദേഷ്ടാവ് കൂടിയാണ് വർമ. പാർട്ടി വക്താവുമായിരുന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനാണ് ഹരിയാന മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ തൻവർ. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനും സിർസയിൽ നിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു.
സുഷ്മിത ദേവിലൂടെ ത്രിപുര, ഫലേരിയോയിലൂടെ ഗോവ, സാങ്മയിലൂടെ മേഘാലയ, തൻവറിലൂടെ ഹരിയാന, വർമയിലൂടെ ബിഹാർ എന്നിവിടങ്ങളിലാണ് ടിഎംസി വേരുകളുണ്ടാക്കുന്നത്. ത്രിപുരയിൽ ദേവിന് പുറമേ, മുൻ മന്ത്രി പ്രകാശ് ചന്ദ്രദാസ്, മുൻ എംഎൽഎ സുബൽ ഭൗമിക് തുടങ്ങി ഏഴ് മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ടിഎംസിയിൽ ചേർന്നത്. ഗോവയിൽ ഫലേരിയോക്ക് പുറമേ, ലാവൂ മംലെദാർ, യതീഷ് നായിക്, ആനന്ദ് നായിക് തുടങ്ങി ഒമ്പത് കോൺഗ്രസ് നേതാക്കൾ ടിഎംസിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുണ്ട്. ഇതിന് പുറമേ, ഉത്തർപ്രദേശിൽ നിന്നുള്ള രാജേഷ്പതി ത്രിപാഠിയും ലളിത്പാഠി ത്രിപാഠിയും മമതയ്‌ക്കൊപ്പം ചേർന്നിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമേ, ഹിന്ദി ബെൽറ്റിലേക്കു കൂടിയുള്ള തൃണമൂലിന്റെ കടന്നുവരവ് തൃണമൂലിന് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ദൃശ്യത കൈവരും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്ക് പൊരുതിത്തോൽപ്പിച്ചതിന്റെ പ്രഭാവം മമതയ്ക്ക് ഇതരരാഷ്ട്രീയ കക്ഷികൾക്കിടയിൽ മേൽക്കൈയും നൽകുന്നു.
മമതയുടെ വരവ് കോൺഗ്രസിനാണ് ഏറ്റവും വലിയ ആധിയുണ്ടാക്കുന്നത്. മുഴുസമയ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ഇനിയും കഴിയാത്ത പാർട്ടിക്ക് ബിജെപി വിരുദ്ധസഖ്യത്തെ മുമ്പോട്ടു നയിക്കാൻ പ്രാപ്തിയുണ്ടോ എന്ന ആശങ്ക ശക്തമാണ്. എൻസിപി നേതാവ് ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല തുടങ്ങിയവർ ആ ആശങ്ക പരസ്യമായി പലകുറി പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ വേളയിൽ പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാൻ മമത തയ്യാറായിരുന്നില്ല. ഡൽഹിയിൽ വരുമ്പോഴൊക്കെ കാണാൻ സോണിയാ ഗാന്ധി ഭരണഘടനാ സ്ഥാപനമാണോ എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയയുമായി ദീർഘകാല സൗഹൃദം സൂക്ഷിക്കുന്ന മമതയുടെ ചുവടുമാറ്റം അവരുടെ രാഷ്ട്രീയദിശാ മാറ്റമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. കോൺഗ്രസിൽ സോണിയയ്ക്ക് പുറമേ, ജി23 ഗ്രൂപ്പിലെ ഏതാനും നേതാക്കളുമായാണ് മമതയ്ക്ക് സൗഹൃദമുള്ളത്. രാഹുൽഗാന്ധിയുമായോ പ്രിയങ്കാ ഗാന്ധിയുമായോ അവർ സൗഹൃദം സൂക്ഷിക്കുന്നില്ല.
മമതയുടെ പുതിയ ഉയിർപ്പിന് പിന്നിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ കരങ്ങളുണ്ട് എന്ന് കരുതുന്ന രാഷ്ട്രീയവിദഗ്ധരും ഏറെയാണ്. മേഘാലയയിലെ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ടിഎംസിയിലേക്ക് ചേക്കേറിയതിന് പിന്നിലും കിഷോറാണ് എന്നാണ് അടക്കംപറച്ചിൽ. ടിഎംസിയിലെത്തുന്നതിന് മുമ്പ് സാങ്മ കൊൽക്കത്തിയൽ വച്ച് കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിൽ നേടിയ തകർപ്പൻ വിജയത്തിന് പിന്നിൽ മമതയ്ക്കായി തന്ത്രമൊരുക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഐപാക് ആയിരുന്നു. 2023ൽ നടക്കുന്ന ത്രിപുര, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ഐപാക് ഇപ്പോഴേ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16