എടാ പോടാ വിളികൾ, അതിരറ്റ സ്‌നേഹം, ഉറച്ച രാഷ്ട്രീയബോധ്യം; ഗൗരിയമ്മ എന്ന കുഞ്ഞമ്മ ഇതായിരുന്നു
സഖാവ് എന്ന കമ്യൂണിസ്റ്റ് സംബോധനയേക്കാൾ കുഞ്ഞമ്മ എന്ന വിളിയായിരുന്നു ഏറെ ഇഷ്ടം. മാധ്യമപ്രവർത്തകരടക്കം ഈ വിളിയിലാണ് ഗൗരിയമ്മയുടെ ഇഷ്ടം സമ്പാദിച്ചിരുന്നത്.
ആലപ്പുഴ നഗരത്തിലെ ചാത്തനാട്ടെ വസതിയിൽ കഴിയുമ്പോൾ രാഷ്ട്രീയ പ്രതികരണങ്ങൾക്കോ മറ്റോ ഗൗരിയമ്മയെ കാണണം എന്ന് വിചാരിച്ചാൽ അൽപം പ്രയാസമായിരുന്നു. അത് രാഷ്ട്രീയ ജാഡയായിരുന്നില്ല മറിച്ച് പ്രായം കൂടുംതോറും ഗൗരിയമ്മയുടെ ശാഠ്യം കൂടി വന്നതായിരുന്നു. പക്ഷേ എത്ര ശാഠ്യം പിടിച്ചാലും ആര് വന്ന് കാണണം എന്ന് പറഞ്ഞാലും ഇറങ്ങി വരും. എത്ര വയ്യെങ്കിലും ഒന്ന് നന്നായി മിണ്ടാൻ ആവില്ലെങ്കിലും ഇറങ്ങിവരും. അപ്പോഴും ആ ശാഠ്യം മുഖത്ത് കാണിക്കും, പരിഭവം പറയും. അത് നമുക്ക് പ്രതീക്ഷിക്കാം. ഗൗരിയമ്മയോട് വിവരം പറഞ്ഞ് പുറത്തേക്ക് വരുന്ന ഗൺമാൻ്റെ മുഖത്ത് ഗൗരിയമ്മയുടെ പ്രതികരണം കാണാം. നല്ല ചിരിയായിരിക്കും ആ മുഖത്ത്. ചെന്ന് കാര്യം പറയുമ്പോൾ ഗൺമാനോട് ഗൗരിയമ്മയുടെ തനത് ശൈലി പുറത്ത് വരും 'ഏതവനാടാ വന്നേ'എന്നാണ് ചോദ്യം. അപ്പോൾ മനസിലാക്കിക്കോണം ഗൗരിയമ്മ ഇന്ന് കുഞ്ഞമ്മയാണെന്ന്. അതായത് നല്ല മൂഡിലാണെന്ന്.
നരച്ച തലമുടിയാകെ അലക്ഷ്യമായി കിടക്കുന്ന അവസ്ഥയിൽ കണ്ണട പോലും വക്കാതെ ഗൗരി ശൈലിയിൽ വരും. 'എന്താടാ ഇന്ന് പ്രത്യേകത' എന്ന ചോദ്യവുമായി. പിന്നെ വരിഞ്ഞ കസേരയിൽ വന്നിരുന്നു വരുന്നവരെ ഗംഭീരമായി സ്വീകരിക്കും. ഇവൻ മാർക്ക് ചായ കൊടുക്കാൻ ഗൗരിയുടെ ആജ്ഞ പോകും. തുടർന്ന് വന്ന കാര്യം ശ്രദ്ധയോടെ കേൾക്കും. എന്നിട്ട് വിറക്കുന്ന നാവിൽ നിന്ന് ഗൗരി ശൈലിയിൽ വാക്കുകള്‍ പുറത്ത് വരും.
സഖാവ് എന്ന കമ്യൂണിസ്റ്റ് സംബോധനയേക്കാൾ കുഞ്ഞമ്മ എന്ന വിളിയായിരുന്നു ഏറെ ഇഷ്ടം. മാധ്യമപ്രവർത്തകരടക്കം ഈ വിളിയിലാണ് ഗൗരിയമ്മയുടെ ഇഷ്ടം സമ്പാദിച്ചിരുന്നത്. ആലപ്പുഴയിൽ തൻ്റെ മുന്നിൽ വരുന്ന മാധ്യമ പ്രവർത്തകർക്ക് ഗൗരിയമ്മയുടെ പ്രായത്തേക്കാൾ അധികം ഇളപ്പമായത് കൊണ്ടല്ല എല്ലാവരെയും എടാ... പോടാ.. എന്നു വിളിക്കുന്നത്. മുന്നിൽ വന്നു നിൽക്കുന്നത് വി.എസ് അച്ചുതാനന്ദനായാലും ഈ രീതി വിട്ട് കളിയില്ല. ഇളം തലമുറയിൽ പെട്ട ചെറുപ്പക്കാരായ ദൃശ്യമാധ്യമപ്രവർത്തകരോട് അതിരറ്റ സ്നേഹപ്രകടനമാണ്. ചോദ്യം ചോദിക്കുമ്പോൾ ചാടി വീഴും, ക്ഷോഭിക്കും, പുറത്തടിച്ച് ശകാരിക്കും. ചെറുപ്പക്കാരുടെ രാഷ്ട്രീയ ബോധത്തെ പ്രോത്സാഹിപ്പിക്കും. അതായിരുന്നു മാധ്യമ പ്രവർത്തകരുടെ കുഞ്ഞമ്മ.
ഗൗരിയമ്മയുടെ ആഘോഷം പിറന്നാള്‍ ദിനങ്ങളിലായിരുന്നു. ഓരോന്നിലും രാഷ്ട്രീയ ചലനങ്ങളുടെ പന്തലാകുമെങ്കിലും ഗൗരിയമ്മയുടെ സ്നേഹപ്രകടനമാണ് വരുന്നവർ ആസ്വദിക്കുന്നത്. എല്ലാ പിറന്നാളിനും പ്രായം അടയാളം ചെയ്ത കേക്കിന് സമീപം വലിയ ഒരു കുട്ട നിറയെ ഉണ്ണിയപ്പം ഉണ്ടാകും. ഗൗരിയമ്മ തന്നെയാണ് അതെടുത്ത് അതിഥികൾക്ക് നൽകുന്നത്. ഇതിൽ മാധ്യമ പ്രവർത്തകർക്ക് മുൻഗണന നൽകാൻ കുഞ്ഞമ്മ ശ്രദ്ധിച്ചിരുന്നു.
താന്‍ രാഷട്രീയ രംഗത്ത് പയറ്റുമ്പോൾ പിറന്നിട്ടില്ലാത്ത ടെലിവിഷന്‍ ചാനലുകൾക്കു മുന്നിൽ ഈ രാഷ്ട്രീയക്കാരി കിതച്ചിട്ടില്ല. ക്യാമറക്കൊപ്പം പ്രകാശിക്കുന്ന ലൈറ്റ് കാണുമ്പോൾ ഈ കുന്ത്രാണ്ടം മാറ്റി പിടിക്കടാ എന്ന് ക്ഷോഭിക്കും. പക്ഷേ ചോദ്യങ്ങൾക്ക് മുന്നിൽ ഉരുളയ്ക്കുപ്പേരിയാണ്.
ദൈനംദിന രാഷ്ട്രീയചലനങ്ങൾ കൃത്യമായി ശ്രദ്ധിച്ചിരുന്ന ഗൗരിയമ്മ വീട്ടിൽ വരുന്ന പത്രങ്ങൾ ഓരോന്നും സമമെടുത്ത് വായിക്കും. ടി വി കാണൽ ഇടയ്ക്കു മാത്രം.. ഈ വായനകളിൽ നിന്ന് അന്നന്നത്തെ രാഷ്ട്രീയത്തെ പഠിച്ചാണ് പ്രതികരണം. ഈ രാഷ്ട്രീയ കരുത്താണ് കൂസലില്ലാതെ കേരളത്തിൻ്റെ പൊതുരംഗത്തിൻ്റെ സ്വന്തമായി ഗൗരിയമ്മ മാറിയത്. പ്രായം പിന്നിടുന്നതിനനുസരിച്ച് രാഷ്ട്രീയ ബോധ്യങ്ങള്‍ കൂടുതല്‍ ഉറക്കുകയാണുണ്ടായത്. സി.പി.എം തിരികെ വിളിച്ചപ്പോഴും ഈ ബോധ്യത്തിന്റെ ബലത്തിലാണ് അവര്‍ നിലപാടറിയിച്ചത്.
അരൂര്‍ മണ്ഡലത്തില്‍നിന്ന് തന്നെ തോൽപിച്ചയച്ച എ.എം ആരിഫിന് വേണ്ടി തൻ്റെ രാഷ്ട്രീയനിലപാടില്‍ പരിവര്‍ത്തനം വരുത്തിയതും സി.പി.എം സ്ഥാനാർഥികൾക്കായി തൻ്റെ മതിലുകൾ വിട്ടു നൽകിയതും അതുകൊണ്ടായിരുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ഗൗരിയമ്മയെ കാണാനെത്തിയപ്പോഴും ഒരു ഭാവവ്യത്യാസവുമില്ലാതെ ഉമ്മറെത്തെത്തി സ്വീകരിച്ചു. പതിവുശൈലി വിടാതെ കുശലാന്വഷണം. ഇത് കണ്ട് പിണറായി തൻ്റെ ശൈലി മാറ്റി ഗൗരിയമ്മക്ക് മുന്നിൽ നിന്ന് പൊട്ടിച്ചിരിച്ചു. അതായിരുന്നു ഗൗരിയമ്മ. മുന്നിലാരെന്നത് പ്രശ്‌നമല്ല. എല്ലാവര്‍ക്കും മുന്നില്‍ ഒരേയൊരു ഗൗരിയമ്മ...
Adjust Story Font
16