Quantcast

KLY 5959, KLQ 7831; അര്‍ധരാത്രി ആ കാറുകൾ ഓടിയ വഴികൾ

അർത്തുങ്കൽ പള്ളിയിലെ പെരുന്നാളായിരുന്നു അന്ന്. പിറ്റേന്ന് ഞായറാഴ്ചയും. രണ്ടു ദിവസവും ചാക്കോ വീട്ടിലെത്തിയില്ല. ആ സമയത്താണ് മാവേലിക്കരക്കടുത്ത് കുന്നത്ത് ഒരു കാറും അതിനുള്ളിൽ ജഡവും കത്തിക്കരഞ്ഞ നിലയിൽ കണ്ടതായി വാർത്തവന്നത്.

MediaOne Logo

അഭിമന്യു എം

  • Published:

    12 Nov 2021 9:25 AM GMT

KLY 5959, KLQ 7831; അര്‍ധരാത്രി ആ കാറുകൾ ഓടിയ വഴികൾ
X

'ശനിയാഴ്ച രാത്രി കുന്നത്തു വച്ചു കാർ ഓടിച്ചുവന്ന ചെങ്ങന്നൂർ ചെറിയനാട് താനോലിൽ പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പ് കാറിലിരുന്ന് വെന്തുമരിച്ചു. സ്റ്റിയറിങ്ങിന്റെ താഴെ തലയോട്ടിയും കാലും കയ്യും കാണാം' - കേരള പൊലീസിന്റെ തല പുകഞ്ഞുപെരുത്ത സുകുമാരക്കുറുപ്പ് കേസിന്റെ തുടക്കം പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്-ഒരു സാധാരണ വെന്തുമരണം!

1984 ജനുവരി 22ന് പുലർച്ചെ നാലു മണിയോടെയാണ് മാവേലിക്കര-ചെങ്ങന്നൂർ റോഡിന് സമീപമുള്ള വയലിൽ ഒരു അംബാസഡർ കാർ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. നാട്ടുകാരിൽ ഒരാൾ ഓടിച്ചെന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. കാറിന്റെ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ രീതിയിലായിരുന്നു മൃതദേഹം. മുഖം തിരിച്ചയാൻ കഴിയാത്ത വിധം കരിഞ്ഞിരുന്നു. പുറത്തെടുക്കുമ്പോൾ അടിവസ്ത്രത്തിന്റെ കുറച്ചുഭാഗം മാത്രമാണ് കരിയാതെയുണ്ടായിരുന്നത്. ചെരുപ്പ്, വാച്ച്, മോതിരം എന്നിവ കണ്ടില്ല.

പ്രാഥമികാന്വേഷണത്തിൽ ആയിടെ ഗൾഫിൽ നിന്നെത്തിയ സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്തതോടെ മരിച്ച വ്യക്തി സുകുമാരക്കുറുപ്പല്ലെന്ന് കണ്ടെത്തി. തീപിടിത്തത്തിൽ കൊല്ലപ്പെട്ടിട്ടും മരിച്ചയാളുടെ ശ്വസകോശത്തിൽ കരിയുടെയോ പുകയുടെയോ ഒരു അംശവും ഉണ്ടായിരുന്നില്ല.

സുകുമാരക്കുറുപ്പിന്‍റെ കാര്‍

പോസ്റ്റ്‌മോർട്ടം ചെയ്ത സർജൻ ഈ സംശയം കേസ് അന്വേഷിച്ച ഡിവൈഎസ്പി ഹരിദാസിനോട് പങ്കുവച്ചു. മരിച്ചയാളുടെ വയറ്റിൽ വിഷാംശം കണ്ടെത്തിയതും ദുരൂഹത കൂട്ടി. ഇതോടെ ഇയാളെ കൊലപ്പെടുത്തിയ ശേഷം കാറിൽ ഇരുത്തി കത്തിച്ചതാകാമെന്ന നിഗമനത്തിൽ പോലീസെത്തി.

സുകുമാരക്കുറിപ്പിന്റെ ബന്ധു ഭാസ്‌കരപിള്ളയെ ചോദ്യം ചെയ്തതോടെ കേസിന്റെ ചുരുൾ അഴിഞ്ഞു. കൊല്ലപ്പെട്ടത് ഫിലിം റെപ്രസന്റീവായ ചാക്കോയാണെന്ന് തെളിഞ്ഞു. തന്റെ സഹായികളായ ഷാഹു, പൊന്നപ്പൻ എന്നിവരുടെ സഹായത്തോടെ സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് ഭാസ്‌കപിള്ള കുറ്റസമ്മതം നടത്തി.

ചാക്കോ വന്ന വഴി

അബുദാബിയിലെ മറൈൻ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുകുമാരക്കുറുപ്പ് മൂന്നു ലക്ഷം രൂപ വരുന്ന മെഡിക്കൽ ഇൻഷുറൻസ് തട്ടിയെടുക്കാൻ വേണ്ടിയാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. താൻ മരിച്ചെന്നു വരുത്തിത്തീർത്ത് തുക തട്ടിയെടുത്ത് സുഖമായി ജീവിക്കാനായിരുന്നു അയാളുടെ ലക്ഷ്യം.

തന്റെ പൊക്കവും വണ്ണവുമുള്ള മൃതദേഹം സംഘടിപ്പിക്കുകയായിരുന്നു കുറുപ്പിന്റെ ആദ്യ പദ്ധതി. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് ഏതെങ്കിലും അനാഥ ജഡമോ സെമിത്തേരിയിൽനിന്ന് മാന്തിയെടുത്ത മൃതദേഹമോ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കാതെ വന്നപ്പോഴാണ് കുറുപ്പിന്റെ സംഘം ഇരയെ തേടിയിറങ്ങിയത്.

1984 ജനുവരി 21ന് രാത്രി കെഎൽക്യു 7831, കെഎൽവൈ 5959 കാറുകളിൽ ദേശീയപാതയിലൂടെ ഇവർ കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ഒരാളെ തേടി ദേശീയ പാത 47ലൂടെ കായംകുളം മുതൽ ആലപ്പുഴ വരെ സഞ്ചരിച്ചു. കാർത്തികപ്പള്ളി, ഹരിപ്പാട്, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിലെത്തി കടത്തിണ്ണകളിൽ രാത്രി അഭയം പ്രാപിച്ച ഭിക്ഷാടകരെ പൊക്കിയെടുക്കാൻ പലകുറി ശ്രമം നടത്തി. ഇതെല്ലാം പരാജയപ്പെട്ട് തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കരുവാറ്റയിൽ വച്ച് ഒരാൾ കാറിന് കൈ നീട്ടി ലിഫ്റ്റ് ചോദിച്ചത്.

സുകുമാരക്കുറുപ്പിന്‍റെ വീട്ടില്‍ കുഴിച്ചിട്ടിരുന്ന ചാക്കോയുടെ മൃതദേഹം

കരുവാറ്റയിൽ നാഷണൽ ഹൈവേയിൽ ആലപ്പുഴക്ക് ബസ് കാത്തുനിൽക്കുന്ന ചാക്കോയായിരുന്നു അത്. കെഎൽവൈ 5959 കാറിൽ അവർ ചാക്കോക്ക് ലിഫ്റ്റ് നൽകി. യാത്രയ്ക്കിടെ സ്‌നേഹത്തോടെ നൽകിയ മദ്യം ചാക്കോ ആദ്യം നിരസിച്ചെങ്കിലും പിന്നീട് കുടിച്ചു. ഈഥർ ചേർത്ത മദ്യം കുടിച്ച് ബോധരഹിതനായ അദ്ദേഹത്തെ കാറിനുള്ളിൽ ശ്വാസം മുട്ടിച്ചു കൊന്നു. ചാക്കോയുടെ കഴുത്തിൽ ടവ്വൽ മുറുക്കിയാണ് ഭാസ്‌കരപിള്ള കൃത്യം നടത്തിയത്.

അന്ന് പള്ളിയിൽ പെരുന്നാളായിരുന്നു

പിന്നീട് അവർ കുറുപ്പിന്റെ ഭാര്യവീടായ സ്മിത ഭവനിലേക്ക് പോയി. മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, സുകുമാരക്കുറുപ്പിന്റെ അടിവസ്ത്രങ്ങളും മേൽവസ്ത്രങ്ങളും ധരിപ്പിച്ചു. തുടർന്ന് മൃതദേഹം കുറുപ്പിന്റെ കെഎൽക്യു 7831 കാറിന്റെ ഡിക്കിയിലാക്കി കത്തിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ച് യാത്ര തിരിച്ചു. കുന്നം റോഡിന് സമീപമുള്ള സ്ഥലം കണ്ടെത്തി മൃതദേഹം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം കാർ സമീപമുള്ള വയലിലേക്ക് ഇറക്കിവിട്ടു. പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു.

അർത്തുങ്കൽ പള്ളിയിലെ പെരുന്നാളായിരുന്നു അന്ന്. പിറ്റേന്ന് ഞായറാഴ്ചയും. രണ്ടു ദിവസവും ചാക്കോ വീട്ടിലെത്തിയില്ല. ഇതോടെ അന്വേഷണമായി. ആ സമയത്താണ് മാവേലിക്കരക്കടുത്ത് കുന്നത്ത് ഒരു കാറും അതിനുള്ളിൽ ജഡവും കത്തിക്കരഞ്ഞ നിലയിൽ കണ്ടതായി വാർത്തവന്നത്. അത് ചാക്കോവാണെന്ന് ചിന്തിക്കാൻ പോലും വീട്ടുകാർക്ക് ആകുമായിരുന്നില്ല. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞതെല്ലാം പിന്നീടായിരുന്നു.

സുകുമാരക്കുറുപ്പ്

രണ്ട് വാദഗതികളാണ് പ്രധാനമായും ഈ കേസിൽ ഉണ്ടായിരുന്നതെന്ന് ജസ്റ്റിസ് കെ.ടി തോമസ് തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നാമത്, 'മൃതദേഹം സുകുമാരക്കുറുപ്പിന്റേതു തന്നെയാണെങ്കിൽ പ്രതികളെ ശിക്ഷിക്കാൻകഴിയില്ല' എന്നതായിരുന്നു. ഈ വാദഗതിയെനേരിടാൻ, കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം തന്നെ സുകുമാരക്കുറുപ്പിനെ ജീവനോടെ കണ്ടവരുണ്ടെന്നതു മതിയാകുമായിരുന്നു. നിരവധി സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച്, സംഭവത്തിനുശേഷവും സുകുമാരക്കുറുപ്പിനെ ജീവനോടെ രണ്ടുപേർ (സാക്ഷികൾ) കണ്ടിരുന്നെന്നുസ്ഥാപിക്കാൻ ഞങ്ങൾക്കു സാധിച്ചു.

'പ്രതികളെ ശിക്ഷിക്കണമെങ്കിൽ, കൊല്ലപ്പെട്ടത് തിരിച്ചറിയാൻകഴിയുന്ന ഒരാളായിരിക്കണമെന്ന് നിയമമനുശാസിക്കുന്നില്ല. കൊല്ലപ്പെട്ടത്, ഒരു മനുഷ്യനാണെന്നതു തന്നെ അധികമാണ്' ഇങ്ങനെയൊരു പ്രമാണവാക്യംകൊണ്ടാണ്, രണ്ടാമത്തെ വാദഗതിയെ (കൊല്ലപ്പെട്ടതു ചാക്കോയാണെന്ന് ആ സമയത്തു സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല) ഞങ്ങൾ നേരിട്ടത്.'

ഗോപാലകൃഷ്ണക്കുറുപ്പ്!

ഭാസ്‌കരപ്പിള്ള പൊലീസിന് മുമ്പാകെ കുറ്റസമ്മതം നടത്തുമ്പോൾ ആലുവയിലെ അലങ്കാർ ലോഡ്ജിലുണ്ടായിരുന്നു സുകുമാരക്കുറുപ്പ്. ഭാസ്‌കരപ്പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തത് അറിഞ്ഞ കുറുപ്പ് മാവേലിക്കരയിൽ നിന്ന് കൊല്ലത്തേക്ക് തീവണ്ടി കയറി. അവിടെ നിന്ന് ഭൂട്ടാനിലേക്ക് പോയി എന്നാണ് പറയപ്പെടുന്നത്. പിന്നീട് മദ്രാസിൽ തിരിച്ചെത്തിയെങ്കിലും പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനാൽ വീണ്ടും മുങ്ങി. ഒടുക്കത്തെ മുങ്ങൽ!

ചാക്കോ, സുകുമാരക്കുറുപ്പിന്‍റെ പണി തീരാത്ത വീട്

അറിയപ്പെട്ടത് സുകുമാരക്കുറുപ്പ് എന്നാണെങ്കിലും അയാളുടെ പേര് അങ്ങനെയായിരുന്നില്ല. മാവേലിക്കര ചെറിയനാട് ഡിബിഎച്ച്എസിലും ചങ്ങനാശേരി എൻഎസ്എസ് കോളജിൽ പഠിക്കുമ്പോഴും ടികെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

പിന്നീട് അച്ഛനോടൊത്ത് മദ്രാസിലേക്ക് പോയി. അക്കാലത്ത് എയർഫോഴ്‌സിൽ ജോലി നേടി. അവിടെ വച്ച് ഗോപാലകൃഷ്ണൻ എന്നയാൾ മരിച്ചു എന്ന റെക്കോർഡുണ്ടാക്കി നാട്ടിലെത്തി. പിന്നീട് പേരുകൾ മാറി മാറി പാസ്‌പോർട്ട് സമ്പാദിച്ചു. ഗോപാലകൃഷ്ണക്കുറുപ്പ് അങ്ങനെ ശിവരാമക്കുറുപ്പായും സുകുമാരനായും ജോർജ് സാം കുട്ടിയായും സുകുമാരക്കുറുപ്പായും മാറിക്കൊണ്ടിരുന്നു. ജോർജ് സാം കുട്ടിയെന്ന പേരിൽ മദ്രാസിൽ നിന്നെടുത്ത പാസ്‌പോർട്ടും ഇയാൾക്കുണ്ട്. ചാക്കോ വധത്തിന് ശേഷം ഇയാൾ ഗൾഫിലേക്ക് കടന്നു എന്നാണ് പലരും വിശ്വസിക്കുന്നത്.

TAGS :

Next Story