വഞ്ചിക്കപ്പെട്ടാൽ വെറുതെയിരിക്കരുത്
നിത്യജീവിതത്തിൽ എല്ലാവര്‍ക്കും ആശ്രയിക്കേണ്ടിവരുന്ന ഒന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകൾ
- Published:
16 Oct 2021 12:27 PM GMT
ഇഷ്ടപ്പെട്ട സാധനം പണം കൊടുത്തു വാങ്ങിയ ശേഷം കബളിപ്പിക്കപ്പെട്ടുവെന്നു തോന്നിയാൽ എന്തു ചെയ്യണം?. മൊബൈൽ ഫോൺ വാങ്ങി വഞ്ചിക്കപ്പെട്ട എറണാകുളം സ്വദേശി വി എ ജയകുമാറിനെ പോലെ നമ്മൾ ഓരോരുത്തർക്കും പ്രതികരിക്കാവുന്നതാണ്. സംഗതിയിങ്ങനെയാണ്, ജയകുമാർ മോട്ടോറോള കമ്പനിയുടെ 11300 രൂപയുള്ള ഫോൺ വാങ്ങി. പക്ഷേ, വാറണ്ടി കാലാവധി തീരുന്നതിന് മുമ്പേ തന്നെ ഫോൺ പ്രവർത്തനരഹിതമായി. പിന്നീടിയാൾ ഫോൺ സർവീസിന് നൽകി. ആ ശ്രമവും പരാജയപ്പെട്ടു. സാധാരണ നിലയിൽ അതോടെ പലരും പോയ പണം പോകട്ടെയന്ന് വയ്ക്കും. എന്നാൽ അങ്ങനെ പണം വെറുതെ നഷ്ടപ്പെടുത്താനുള്ളതല്ലല്ലോ. അതുകൊണ്ട് ജയകുമാർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചു. കേസ് പരിഗണിച്ച കമ്മിഷൻ മൊബൈൽ ഫോണിന്റെ വില മാത്രമല്ല നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഉത്തരവിട്ടു. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതായിരുന്നു ഉത്തരവ്.
കേടായ മൊബൈൽ ഫോണിന്റെ വിലയായ 11,300 രൂപയും 6000 രൂപ നഷ്ടപരിഹാരവും കൂടാതെ 2000 രൂപ കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്നാണ് കമ്മീഷൻ അദ്ധ്യക്ഷൻ ഡി.ബി.ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ മൊബൈൽ കമ്പനിക്ക് നൽകിയ നിർദേശം. വാറണ്ടി കാലയളവിനുള്ളിൽ തന്നെ ഈ തകരാറ് കണ്ടതിനാൽ പുതിയ ഫോൺ നൽകണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം.
നിത്യജീവിതത്തിൽ എല്ലാവര്‍ക്കും ആശ്രയിക്കേണ്ടിവരുന്ന ഒന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകൾ. ഉപഭോക്തൃ കേസുകൾ അഭിഭാഷകന്റെ സഹായമില്ലാതെ, ഉപഭോക്താവിന് നേരിട്ട് നടത്താവുന്നതാണ് ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1986-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം. ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. പണം നൽകി ഉപഭോക്താവ് സ്വന്തമാക്കുന്ന സാധനത്തിനോ സേവനത്തിനോ എന്തു പോരായ്മ ഉണ്ടായാലും ഈ നിയമത്തിലൂടെ ഉപഭോക്താവിനു സംരക്ഷണം കിട്ടും.
മറ്റു കോടതി നടപടികൾ പോലെ സങ്കീർണമല്ലാത്തതിനാൽ വളരെ ലളിതമായ രീതിയിൽ തന്നെ നമ്മുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഉപഭോക്ത്യ തർക്ക പരിഹാര വേദികൾക്ക് കഴിയും. ഇരുപത് ലക്ഷത്തിൻറെ മൂല്യത്തിൽ കവിയാത്ത പരാതികൾ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ സമർപ്പിക്കാവുന്നതാണ്. ഇരുപത് ലക്ഷത്തിന് മുകളിൽ ഒരു കോടി വരെയുള്ളവ സംസ്ഥാന കമ്മീഷനിലും ഒരു കോടിയിൽ അധികമാണെങ്കിൽ ദേശീയ കമ്മീഷനിലും ആണ് പരാതി കൊടുക്കേണ്ടത്.
ജില്ലാ ഫോറത്തിൽ പരാതികൾ സമർപ്പിക്കുന്നത് ഉപഭോക്തൃ നിയമത്തിന്റെ 12-ം വകുപ്പ് പ്രകാരമാണ്. പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായ സ്ഥലത്തോ കച്ചവടക്കാരൻ താമസിക്കുന്ന സ്ഥലത്തോ സ്ഥാപനത്തിന്റെ ശാഖ പ്രവർത്തിക്കുന്ന സ്ഥലത്തോയുള്ള ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിലാണ് പരാതി സമർപ്പിക്കേണ്ടത്. പരാതി വെള്ളക്കടലാസിൽ എഴുതി നൽകിയാൽ മതിയാകും. പരാതിക്കാരന്റെയും എതിർകക്ഷിയുടെയും വിലാസം രേഖപ്പെടുത്തിയിരിക്കണം. സാധനങ്ങൾ വാങ്ങിയതിന്റെ വിശദാംശങ്ങളോടൊപ്പം ഉപഭോക്താവിന് തർക്കമായിട്ടുള്ള കാര്യമെന്താണെന്ന് പരാതിയിൽ രേഖപ്പെടുത്തണം.
വളരെ വേഗത്തിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ ചെലവിലും ഉപഭോക്താക്കളെ തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതാണ് ഈ നിയമം. ദേശീയതലത്തിൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ, സംസ്ഥാന തലത്തിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജില്ലകൾ തോറും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾ എന്നിങ്ങനെയാണി ഇതിൻറെ പ്രവർത്തനം. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ്, ട്രാൻസ്‌പോർട്ട്, ടെലിഫോൺ സർവീസ്, ഡോക്ടറുടെ സേവനം, വക്കീലിന്റെ സേവനം, ജല വിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്‌ളാറ്റ് നിർമാതാക്കൾ, ഇന്ത്യൻ റെയിൽവേ, ട്രാവൽ ഏജൻസി, ഹോട്ടൽ, പോസ്റ്റൽ സർവീസ്, ഇലക്ട്രിസിറ്റി ബോർഡ്, കൊറിയർ സർവീസ് തുടങ്ങിയ സർവീസുകളെല്ലാം ഈ നിയമത്തിന്റെ പരിധിയിലുള്ളതാണ്.
പരാതിയോടൊപ്പം നിശ്ചിത ഫീസും നൽകേണ്ടതുണ്ട്. 1 ലക്ഷം രൂപവരെയുള്ള പരാതികൾക്ക് 100 രൂപയും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപയ്ക്കു താഴെ വരെയുള്ളതിന് 200 രൂപയും അഞ്ചു ലക്ഷം മുതൽ 10 ലക്ഷത്തിന് താഴെവരെയുള്ളതിന് 400 രൂപയും 10 ലക്ഷം മുതൽ 20 ലക്ഷത്തിന് താഴെ വരെയുള്ളതിന് 500 രൂപയും ഫീസ് നൽകണം. അതിന് മുകളിൽ 50 ലക്ഷം വരെ 2000, 1 കോടി വരെ 4000, ഒരു കോടിക്ക് മുകളിൽ 5000 എന്നിങ്ങനെയും ഫീസ് നൽകണം. ദാരിദ്ര്യ രേഖക്ക് താഴെയുള്ള അന്ത്യോദയ അന്നയോജന കാർഡുള്ളവർക്ക് 1 ലക്ഷം രൂപ വരെയുള്ള പരാതികൾക്ക് യാതൊരു ഫീസും നൽകേണ്ടതില്ല.
നമ്മൾ പരാതി നൽകിയാൽ എതിർകക്ഷികൾക്ക് ഉപഭോക്തൃ ഫോറം നോട്ടീസയക്കുകയും 30 ദിവസത്തിനകം മറുപടി ബോധിപ്പിക്കുകയും ചെയ്യണം. മറുപടി ലഭിച്ചാലും ഇല്ലെങ്കിലും തുടർന്ന് തർക്ക വിചാരണക്കായി തിയ്യതി നിശ്ചയിക്കുകയും പരാതിക്കാരന്റെയും എതിർകക്ഷിയുടെയും ഭാഗം കേട്ട് തെളിവ് രേഖപ്പെടുത്തുകയും ചെയ്യും. മൂന്നുമാസത്തിനകം പരാതികളിൽ തീർപ്പു കല്പിക്കുണമെന്നാണ് നിയമം
പറയുന്നത്. ജില്ലാ ഫോറം വിധിക്കെതിരെ സംസ്ഥാന കമ്മീഷണിലും സംസ്ഥാന കമ്മീഷൻ വിധിക്കെതിരെ ദേശീയ കമ്മീഷനിലും ദേശീയ കമ്മീഷൻ വിധിക്കെതിരെ സുപ്രീം കോടതിയിലും അപ്പീൽ നൽകാനുള്ള അധികാരവും ഉപഭോക്താവിനുണ്ട്.
Adjust Story Font
16