Quantcast

മമ്മുട്ടിയും മോഹൻലാലുമൊത്ത് ഒരു സിനിമ - ആദം അയൂബ്

ശ്രീനാഥും ശാന്തികൃഷ്ണയുമായിരുന്നു പ്രധാന ജോഡികൾ. പിന്നെ മമ്മൂട്ടി, മോഹൻലാൽ, ബഹദൂർ, ജഗതി ശ്രീകുമാർ, സത്താർ, ജലജ, ശാന്തകുമാരി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ. ആദ്യത്തെ ഷെഡ്യൂൾ ബോംബേയിൽ വെച്ച് തുടങ്ങാൻ തീരുമാനിച്ചു

MediaOne Logo
മമ്മുട്ടിയും മോഹൻലാലുമൊത്ത് ഒരു സിനിമ - ആദം അയൂബ്
X

വളരെ ദീർഘമായ നിർമ്മാണഘട്ടവും, വളരെ വിപുലമായ ബഡ്ജറ്റുമായി നിർമ്മാണം പൂർത്തിയാക്കി റിലീസ് ചെയ്ത ‘അസ്തി’ സാമ്പത്തികമായി പരാജയപ്പെട്ടു. ബാബു സേട്ടിന്റെ അവസാനത്തെ സിനിമയായിരുന്നു അത്. വളരെ ചെറിയ പ്രായത്തിൽ തന്നെ, രാഷ്ട്രപതിയിൽ നിന്നും മലയാള സിനിമയ്ക്ക് വേണ്ടി, ചെമ്മീനിലൂടെ, ആദ്യത്തെ സ്വർണ മെഡൽ ഏറ്റു വാങ്ങിയ ബാബു സേട്ട് എന്ന നിർമാതാവ് വളരെ വര്ഷങ്ങൾക്കു ശേഷം, വെള്ളിത്തിരയുടെ കണ്ണഞ്ചിക്കുന്ന പ്രകാശ വലയത്തിനു പുറത്തു, ആരാലും ശ്രദ്ധിക്കപ്പെടാതെ, സമ്പത്ത് മാത്രമല്ല ആരോഗ്യവും ക്ഷയിച്ച, ജീവിതത്തിൽ ഒറ്റപ്പെട്ടാണ് തന്റെ അവസാന നാളുകൾ തള്ളി നീക്കിയത്.

കൺമണി ഫിലിംസിന്റെ മദിരാശിയിലെ ഓഫിസിൽ നിന്ന് ഞാൻ ഇറങ്ങുന്നതിനു മുൻപ് എനിക്ക് തിരുവന്തപുരത്തു നിന്നും ഒരു ഫോൺ വന്നു. നിർമ്മാതാവ് എൻ.പി. അബു ആയിരുന്നു മറുതലക്കൽ. ക്യാമറാമാൻ വിപിൻദാസ് ആണ് എന്റെ നമ്പർ കൊടുത്തതെന്ന് പറഞ്ഞു.

വിപിൻദാസ് ‘അസ്തി’യുടെയും ക്യാമറാമാൻ ആയിരുന്നു. തിരുവന്തപുരത്തു നിന്നും ഒരു നിർമ്മാതാവ് വിളിക്കും എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

‘വിസ’ യുടെ ഷൂട്ടിംഗിനിടയിൽ

‘അയൂബ് വര്ഷങ്ങളായല്ലോ ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്നത്. ഇനി സ്വന്തമായി ഒരു പടം ചെയ്യണം. പുതിയ പടം പ്ലാൻ ചെയ്യുന്ന ഒരു നിർമ്മാതാവിനോട് ഞാൻ അയൂബിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം വിളിക്കും’

ആ നിർമ്മാതാവാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്. മധു സാർ ആദ്യമായി സംവിധാനം ചെയ്ത ‘പ്രിയ’ എന്ന സിനിമയുടെ സഹനിർമ്മാതാവായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം പ്രിയ ഫിലിംസ് എന്ന പ്രൊഡക്ഷൻ ബാനറിൽ ‘ദ്വീപ്’, (സംവിധാനം-രാമു കാര്യാട്ട്) , ‘അണിയാത്ത വളകൾ’ (സംവിധാനം-ബാലചന്ദ്ര മേനോൻ) എന്നീ സിനിമകൾ നിർമ്മിച്ചു . മുഖവുരയൊന്നും കൂടാതെ അദ്ദേഹം പറഞ്ഞു:-

‘വിപിൻദാസ് നിങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു. നമുക്കൊരു പടം ചെയ്യണം. കഥയൊക്കെ റെഡി ആണ്. ഞാൻ ഒരാളെ അങ്ങോട്ട് അയക്കുന്നുണ്ട്. വിവരങ്ങൾ അയാൾ പറയും. രണ്ടു ദിവസം കഴിഞ്ഞു ഞാൻ വരാം. ബാക്കി കാര്യങ്ങൾ നേരിൽ സംസാരിക്കാം’.

പറഞ്ഞത് പോലെത്തന്നെ അടുത്ത ദിവസം ഒരാൾ വിളിച്ചു .

‘ഞാൻ അബുക്ക പറഞ്ഞയച്ച ആളാണ് . നമുക്ക് എപ്പോ കാണാം ?

ഞാൻ അദ്ദേഹം പറഞ്ഞ ഹോട്ടലിൽ എത്തി. മെലിഞ്ഞ പൊക്കം കുറഞ്ഞ ഒരു മനുഷ്യൻ. അദ്ദേഹം സ്വയം പരിചയപ്പെടുത്തി:-

‘ഞാൻ ബാലു കിരിയത്ത്’.

പിന്നെ അദ്ദേഹം മനസ്സ് തുറന്നു. തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ടസ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു. ‘തകില് കൊട്ടാമ്പുറം’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തും ഗാനരചയിതാവുമാണ്. ജീവിതത്തെ ആകെ തകിടം മറിച്ച ഒരു വൈകാരിക പ്രതിസന്ധിയുടെ നീർച്ചുഴിയിൽ നിന്ന് കര കേറാനുള്ള ശ്രമത്തിലാണ്. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു. അബൂക്കയെ കണ്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഇനിയും സിനിമ ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. ജി.വിവേകാനന്ദന്റെ ‘ബോംബെയിൽ ഒരു മധുവിധു’ എന്ന കഥ സിനിമയാക്കാനായി അബുക്ക അതിന്റെ റൈറ്സ് വാങ്ങിയിട്ടുണ്ട്. എന്നോട് തിരക്കഥ എഴുതാൻ പറഞ്ഞു. ഞാൻ കഥയുടെ പൊതു ആശയം മാത്രം എടുത്തു, വിസ തട്ടിപ്പുകളെ മുഖ്യ പ്രമേയമാക്കിയാണ് സ്ക്രിപ്റ്റ് തയാറാക്കുന്നത്.

‘നമുക്ക് സ്ക്രിപ്റ്റ് ഒന്ന് വായിക്കാം’ ഞാൻ പറഞ്ഞു.

‘വായിക്കാം. അതിനു മുൻപ് എനിക്കൊരപേക്ഷയുണ്ട്. തിരക്കഥയും ഗാനങ്ങളും അബുക്ക എന്നെ ഏല്പിച്ചിട്ടുണ്ട്. പക്ഷെ സംവിധാനത്തിന്റെ കാര്യത്തിൽ അദ്ദേഹം കമ്മിറ്റ്മെന്റ് ഒന്നും നടത്തിയിട്ടില്ല. അയൂബ് എനിക്ക് വേണ്ടി സ്ട്രോങ്ങ് ആയിട്ടു റെക്കമെന്റ് ചെയ്യണം’.

ഞാൻ ഞെട്ടി. വിപിന്ദാസും അബുക്കയും എന്നോട് പറഞ്ഞത് ഞാൻ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചാണ്. പക്ഷെ ഇപ്പോൾ ഇദ്ദേഹം പറയുന്നത്….

‘ അബുക്ക എന്നോട് പറഞ്ഞത് അങ്ങിനെയല്ല’.

‘അറിയാം, അതുകൊണ്ടാണ് ഞാൻ അയൂബിനോട് അപേക്ഷിക്കുന്നത്. എനിക്ക് രക്ഷപെടാൻ ഇനി ഈ ഒരു വഴിയേ ഉള്ളു’.

ഞാൻ പെട്ടെന്ന് എഴുന്നേറ്റു.

‘ഞാൻ ഏതായാലും അബുക്കയോട് സംസാരിക്കട്ടെ’

അവിടെ നിന്ന് ഇറങ്ങിയ ഉടനെ ഞാൻ അബുക്കയെ വിളിച്ചു. ബാലു കിരിയത്ത് പറഞ്ഞ കാര്യം അദ്ദേഹത്തോട് പറഞ്ഞു.

‘ബാലു വല്ലാത്തൊരു മാനസിക അവസ്ഥയിലാണ്. അയാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണ് ഞാൻ അയാളെ ഈ സിനിമയുടെ തിരക്കഥ ഏല്പിച്ചത്’. അബുക്ക പറഞ്ഞു.

‘പക്ഷെ അദ്ദേഹത്തിന് സംവിധാനം ചെയ്യണമെന്നാണ് പറയുന്നത്’

ഞാൻ പറഞ്ഞു.

ഒരു ചെറിയ നിശബ്ദതയ്ക്കു ശേഷം അബുക്ക ചോദിച്ചു.

‘നിങ്ങള്ക്ക് രണ്ടു പേർക്കും കൂടി സംവിധാനം ചെയ്തു കൂടെ ?.’

വിജയത്തിലേക്കുള്ള പാതയിൽ നിന്നും എന്റെ ജീവിതത്തെ വഴി തിരിച്ചുവിട്ട ആ ബുദ്ധിശൂന്യമായ മറുപടി ഞാൻ പറഞ്ഞു:-

‘ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്റേതു മാത്രമായിരിക്കണം. അതിൽ ഒരു പങ്കുകാരനെ ചേർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’.

‘അയൂബില്ലെങ്കിൽ ഞാൻ ഈ സിനിമ ചെയ്യുന്നില്ല’ അദ്ദേഹവും കണിശമായിട്ടു പറഞ്ഞു.

അബുക്ക ബാലുവുമായി എന്ത് സംസാരിച്ചു എന്നെനിക്കറിയില്ല, ബാലു അടുത്ത ദിവസം വീണ്ടും എന്നെ കാണാൻ വന്നു. അദ്ദേഹം വളരെ ദു:ഖിതനായിരുന്നു.

ബാലു കിരിയത്തും എൻ.ബി അബുവും

‘അയൂബ് ഇല്ലെങ്കിൽ അബുക്ക ഈ സിനിമ ചെയ്യില്ല എന്നാണ് പറയുന്നത്. രണ്ടു പേരും ചേർന്ന് സംവിധാനം ചെയ്യാനും അയൂബിനു താല്പര്യം ഇല്ല എന്നറിഞ്ഞു. അയൂബിനു ഇനിയും അവസരങ്ങൾ ഉണ്ടാവും. പക്ഷെ ഈ അവസരം നഷ്ടപ്പെട്ടാൽ പിന്നെ എനിക്ക് മറ്റൊരു അവസരമുണ്ടാവില്ല’. അദ്ദേഹം വളരെ വികാരാധീനനായാണ് ഇത് പറഞ്ഞത്.

‘ഞാൻ എന്ത് ചെയ്യണം ബാലു?’

‘അയൂബ് എന്റെ കൂടെ അസോഷിയേറ്റ് ചെയ്യണം’.

ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചം ഉണ്ടായിരുന്നു. എന്നെപ്പോലൊരു ചെറുപ്പക്കാരൻ ! ഞാൻ എന്തിനു അയാളുടെ വഴി മുടക്കണം. എൻറെ മനസ്സ് അയഞ്ഞു.

‘ശരി’ ഞാൻ സമ്മതിച്ചു.

രണ്ടു ദിവസം കഴിഞ്ഞു അബുക്ക എത്തി. എന്റെ തീരുമാനത്തിൽ അബുക്കയും ഏറെ സന്തുഷ്ടനായി. വിപിൻദാസ് തന്നെ ആയിരുന്നു ക്യാമറാമാൻ. മദിരാശിയിലെ ഒരു ഹോട്ടലിൽ ഇരുന്നു കൊണ്ട് ഞങ്ങൾ സ്ക്രിപ്റ്റിന്റെയും മറ്റും ജോലികൾ പൂർത്തിയാക്കി. സിനിമയ്ക്ക് ‘വിസ’ എന്ന് പേരിട്ടു. ശ്രീനാഥും ശാന്തികൃഷ്ണയുമായിരുന്നു പ്രധാന ജോഡികൾ. പിന്നെ മമ്മൂട്ടി, മോഹൻലാൽ, ബഹദൂർ, ജഗതി ശ്രീകുമാർ, സത്താർ, ജലജ, ശാന്തകുമാരി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ. ആദ്യത്തെ ഷെഡ്യൂൾ ബോംബേയിൽ വെച്ച് തുടങ്ങാൻ തീരുമാനിച്ചു. ബോംബെയിൽ ചിത്രീകരണത്തിന് ആവശ്യമുള്ള നടന്മാർ ശ്രീനാഥ്, ബഹദൂർ, ജഗതി ശ്രീകുമാർ, സത്താർ എന്നിവരായിരുന്നു. ബോംബെയിലേക്കു പുറപ്പെടുന്നതിനു രണ്ടു ദിവസം മുൻപാണ് ഒരു പ്രധാനപ്പെട്ട ഫോൺ വന്നത്.

സത്യൻ അന്തിക്കാടിന്റെ ‘മണ്ടന്മാർ ലണ്ടനിൽ’ എന്ന സിനിമയിൽ അഭിനയിക്കാൻ പോയ ജഗതി ശ്രീകുമാറിന്, അവിടത്തെ ഷൂട്ടിംഗ് നീണ്ടുപോയതിനാൽ, വിസയുടെ ഷൂട്ടിങ്ങിനു എത്താൻ കഴിയില്ല. അദ്ദേഹം അബുക്കയോട് ക്ഷമ ചോദിക്കുകയും അഡ്വാൻസ് തുക തിരികെ

നൽകുകയും ചെയ്തു. പെട്ടെന്ന് ഒരു പകരക്കാരനെ കണ്ടുപിടിക്കണം. ഞങ്ങൾ എല്ലാവരും കൂടി തിരക്കിട്ട ആലോചനയായി. വെറും രണ്ടു ദിവസത്തെ സമയത്തിൽ അനുയോജ്യനായ മറ്റൊരാളെ കണ്ടുപിടിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ബാലു പറഞ്ഞു ➖

‘അബുക്ക, ഇനി വേറെ ആരെയും നോക്കണ്ട. നടൻ നമ്മുടെ കൈയ്യിൽ തന്നെയുണ്ട്’.

അബുക്ക ബാലുവിന്റെ മുഖത്തേക്ക് നോക്കി.

‘ആ വേഷം അയൂബ് അഭിനയിക്കട്ടെ’

എല്ലാവരും കൈയ്യടിച്ചുകൊണ്ടു ആ തീരുമാനം സ്വാഗതം ചെയ്തു. ദുബൈയിലേക്ക് പോകാനായി, അറിയിപ്പ് കിട്ടിയതനുസരിച്ചു ,ബോംബെയിൽ എത്തി, ചതിക്കപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ, തമിഴ്നാട്ടുകാരനായ ഒരു പട്ടര് ഉണ്ട്. ആ വേഷമാണ്ഫ, ജഗതി ചെയ്യേണ്ടിയിരുന്ന, എനിക്ക് കിട്ടിയ വേഷം. അങ്ങിനെ ഞാൻ ‘വിസ’യിൽ സഹസംവിധായകനും നടനുമായി. ബാലുവിന്റെ ആദ്യ സിനിമയിലെ അസിസ്റ്റന്റ് ആയിരുന്ന വി.ആർ. ഗോപാലകൃഷ്ണനും ഈ സിനിമയിൽ അസിസ്റ്റന്റായി ഉണ്ടായിരുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ നടക്കുന്ന രംഗങ്ങളാണ് ബോംബെയിൽ വെച്ച് ചിത്രീകരിച്ചത്.

ബോംബെയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി ഞങ്ങൾ തിരുവന്തപുരത്തേക്കു മടങ്ങി. അവിടെയാണ് ഞാനും സത്താറും ഒഴിച്ചുള്ള മറ്റെല്ലാ അഭിനേതാക്കളും അണി നിരന്നത്. മഹാരാജാസിലെ എന്റെ കോളേജുമേറ്റ് കൂടിയായ മമ്മൂട്ടിയുമായി, ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ, പഴയ സൗഹൃദവും ഓർമ്മകളും പങ്കിട്ടു. കോളേജിൽ സഹപാഠികളായിരുന്ന പല സുന്ദരിമാരെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. മോഹൻലാലുമായി വർക്ക് ചെയ്യുന്നത് ആദ്യമായിട്ടാണെങ്കിലും അദ്ദേഹം ചിരകാലസുഹൃത്തിനെപ്പോലെയാണ് പെരുമാറിയത്.

മെരിലാൻഡ് സ്റ്റുഡിയോവിൽ വെച്ച് ഒരു ഗാനചിത്രീകരണം നടക്കുമ്പോൾ, ഷാജി കൈലാസ്, വിജി തമ്പി എന്നിവർ ബാലു കിരിയത്തതിനെ കാണാൻ വന്നിരുന്നു. അവർ ബാലുവിന്റെ ആദ്യ ചിത്രത്തിലെ അസ്സിസ്റ്റന്റുമാർ ആയിരുന്നോ അതോ, പുതിയ സിനിമയിൽ അസ്സിസ്റ് ചെയ്യാൻ അവസരം തേടി വന്നതാണെന്നോ ആണ് വി.ആർ. ഗോപാലകൃഷ്ണൻ പറഞ്ഞത്.

വിസ’ പൂർത്തിയായി. അബുക്ക തന്നെയാണ് ചിത്രം വിതരണം ചെയ്തത്. സിനിമ സാമാന്യം നന്നായി കളക്ട് ചെയ്തു. തിരുവനതപുരം പടിഞ്ഞാറേനടയിൽ ആയിരുന്നു അബുക്കയുടെ ഓഫിസ്സ്- നിർമ്മാണ-വിതരണ കമ്പനിയായ പ്രിയ ഫിലിംസിന്റെ ഓഫിസ്. ജോലിയെല്ലാം കഴിഞ്ഞു ഞാൻ മദിരാശിയിലുള്ള എന്റെ വീട്ടിലേക്കു മടങ്ങാൻ പോകുമ്പോൾ അബുക്ക പറഞ്ഞു:

‘മലയാള സിനിമ മുഴുവൻ കേരളത്തിലേക്ക് പറിച്ചു നടാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പലരും കേരളത്തിലേക്ക് താമസം മാറ്റി. അയൂബ് എന്തിനാ ഇനിയും മദ്രാസിൽ തുടരുന്നത്? കുടുംബവുമായി തിരുവന്തപുരത്തേക്കു വരൂ’

അബുക്കയുടെ ആ അഭിപ്രായം എനിക്ക് നന്നായി തോന്നി. ‘വിസയുടെ’ ജോലികൾ കൂടുതലും ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ചെയ്തത്.

ചിത്രാഞ്ജലിയിൽ നല്ല തിരക്കുള്ള സമയമാണ്. വർഷങ്ങളായി മദിരാശിയിൽ സ്ഥിര താമസമാക്കിയ പല സിനിമാക്കാരും കേരളത്തിലേക്ക് താമസം മാറ്റി. താമസിയാതെ ഞാനും കുടുംബ സമേതം എന്നെ തിരുവനന്തപുരത്തേക്കു പറിച്ചു നട്ടു.

1982 ഡിസംബർ 31 രാത്രി ഞാൻ കുടുംബസമേതം തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ, തിരുവനന്തപുരം കത്തുകയായിരുന്നു. രണ്ടു ദിവസം മുൻപ് ആലപ്പുഴയിൽ നബിദിനത്തോടനുബന്ധിച്ചു നടന്ന റാലിയുമായി ബന്ധപ്പെട്ട് , പോലീസുമായി ഉണ്ടായ ഒരു തർക്കം, വർഗീയ ലഹളയായി പരിണമിക്കുകയായിരുന്നു. അത് പെട്ടെന്ന് കേരളത്തിലെ മറ്റു നഗരങ്ങളിക്കും പടർന്നു. കിഴക്കേക്കോട്ടയിലൂടെ ഞങ്ങളുടെ വാഹനം കടന്നു പോകുമ്പോൾ ചാലക്കമ്പോളം കത്തുകയായിരുന്നു. വർഗീയതയുടെ അഗ്നിജ്വാലകൾ സംഹാര താണ്ഡവമാടുന്ന സമയത്താണ് ഞാൻ മദിരാശിയിൽ നിന്ന് തിരുവനന്തപുരത്തേക്കു കൂടു മാറിയത്.

TAGS :

Next Story