Quantcast

സിപിഎമ്മിന്റെ ഫാസിസ്റ്റ് സന്ദേഹങ്ങൾ

സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ, ഫാസിസ്റ്റാണോ അല്ലയോ എന്ന കാര്യത്തിൽ സിപിഎം ഇതാദ്യമായല്ല സന്ദേഹപ്പെടുന്നത്. 2016ൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടായിരുന്നു

MediaOne Logo
സിപിഎമ്മിന്റെ ഫാസിസ്റ്റ് സന്ദേഹങ്ങൾ
X

ആർ എസ് എസിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപി ഫാസിസ്റ്റാണോ അല്ലയോ എന്നതാണ് കൊണ്ടുപിടിച്ച ചർച്ച. സിപിഎം കേന്ദ്രകമ്മിറ്റിയുടെ 24-ാം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലെ നിരീക്ഷണങ്ങളാണ് വീണ്ടും ഈ ചർച്ചയെ സജീവമാക്കുന്നത്. മോദി ഭരണകൂടത്തിന്റേത് നവഫാസിസ്റ്റ് പ്രവണതകളാണ്. എന്നാൽ അവരൊരു ഫാസിസ്റ്റോ നവഫാസിസ്റ്റോ ആണെന്ന് ചിത്രീകരിക്കാനില്ലെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന ഘടകങ്ങൾക്ക് കൈമാറിയ കരട് രേഖയിൽ പറയുന്നത്.

സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ, ഫാസിസ്റ്റാണോ അല്ലയോ എന്ന കാര്യത്തിൽ സിപിഎം ഇതാദ്യമായല്ല സന്ദേഹപ്പെടുന്നത്. 2016ൽ 'ഫാസിസവും ഇന്ത്യൻ ഭരണവർഗവും' എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടായിരുന്നു. ഇന്ത്യയിൽ നിലവിലുള്ള അവസ്ഥയിൽ, രാഷ്ട്രീയമായോ സാമ്പത്തികമായോ വർഗാടിസ്ഥാനത്തിലോ ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ലെന്നും കാരാട്ട് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രകാശ് കാരാട്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനം

എന്നാൽ സിപിഎം മുന്‍ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നേർ വിപരീതാഭിപ്രായമുള്ളയാളായിരുന്നു. ഫാസിസം നമ്മെ തുറിച്ചുനോക്കുന്നുവെന്നതിൽ യെച്ചൂരിക്ക് ഒരുകാലത്തും സംശയമുണ്ടായിരുന്നില്ല. ഫാസിസത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഇന്ത്യയിൽ സംജാതമായിരിക്കുന്നുവെന്ന നിലപാട് അദ്ദേഹം മരണം വരെയും ഉയർത്തിപിടിച്ചിരുന്നു. അവിടെനിന്നുള്ള സിപിഎമ്മിന്റെ മടങ്ങി പോക്കിനെയാണ് പുതിയ സിപിഎം കരട് രേഖ സൂചിപ്പിക്കുന്നത്.

ഈ തിരിച്ചുപോക്കിൽ, ഫാസിസത്തെ നോക്കികാണുന്നതിലുള്ള വ്യത്യസ്ത അഭിപ്രായത്തിൽ ഉപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ മറ്റൊരു തലം കൂടി മറഞ്ഞുകിടക്കുന്നുണ്ട്. അതിന് മനസിലാക്കിയിരിക്കേണ്ടത് കമ്യൂണിസ്റ്റ് നേതാവും ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ജോർജി ദിമിത്രോവിന്റെ 'ഫാസിസത്തിനെതിരായ ഐക്യമുന്നണി' കാഴ്ചപ്പാടാണ്. ഫാസിസത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രയോഗ പദ്ധതികൾക്കെതിരെ ഇടതുപക്ഷ- മതനിരപേക്ഷ ശക്തികൾ പ്രതിരോധം തീർക്കണമെന്ന നിലപാടായിരുന്നു ദിമിത്രോവ് മുന്നോട്ടുവച്ചിരുന്നത്. 'ഇൻഡ്യ' മുന്നണിയുടെ രൂപീകരണത്തിൽ ഉൾപ്പെടെ സീതാറാം യെച്ചൂരിയെ നയിച്ചത് ഈ ചിന്താധാരയായിരുന്നു.

സീതാറാം യെച്ചൂരി

എന്നാൽ ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ നേതൃത്വം നൽകിയ പ്രകാശ് കാരാട്ടിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസുമായൊരു ബന്ധം അത്ര താത്പര്യമുള്ള കാര്യമല്ല. ഇന്ത്യയിൽ ഫാസിസം ആഗതമാകുന്നുവെന്ന് അംഗീകരിക്കേണ്ടി വന്നാൽ ദിമിത്രോവിന്റെ ചിന്താധാരയെ പിൻപറ്റേണ്ട പ്രത്യയശാസ്ത്ര ബാധ്യത കൂടിയാകും നിലവിൽ സിപിഎമ്മിന് നേതൃത്വം നൽകുന്ന കാരാട്ടിന് വന്നുചേരുക. ആർ എസ് എസിന്റെ ഫാസിസ്റ്റ് അജണ്ട മോദി നടപ്പാക്കുന്നുവെന്ന കണ്ണൂരിൽ നടന്ന 23-ാം പാർട്ടി സമ്മേളനത്തിലെ നിലപാടിൽനിന്നുള്ള ചുവടുമാറ്റം അങ്ങനെയൊരു സങ്കുചിത രാഷ്ട്രീയ ചിന്തയുടെ പ്രതിഫലനമാണെന്ന് വേണം കരുതാൻ. 2017ൽ ബംഗാൾ ഘടകം സംഘടിപ്പിച്ച സെമിനാറിൽ കാരാട്ട് നടത്തിയ പരാമശവും ഈ വാദത്തിന് കരുത്ത് പകരുന്നുണ്ട്. ഫാഷിസത്തിലേക്കു നീങ്ങുന്നുവെന്നു ഭീതി പരത്തുന്നവർ കോൺഗ്രസുമായി സഹകരിക്കാമെന്നു നിലപാടുള്ളവരാണെന്നായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞത്.

പ്രകാശ് കാരാട്ട്

1915-ൽ ഇറ്റലിയിൽ ബെനിറ്റോ മുസോളിനിയുടെ നേതൃത്വത്തിൽ രൂപീകൃതമായ 'ഫാസിസ്റ്റ് റെവലൂഷണറി പാർട്ടി'യിൽ നിന്നാണ് ഫാസിസം രൂപപ്പെടുന്നത്. അതിന്റ ഏറ്റവും അക്രമാസക്തവും അപകടകരവുമായ ബീഭത്സ രൂപം അരങ്ങേറിയത് ഹിറ്റ്ലറുടെ ജർമനിയിലായിരുന്നു. അവിടങ്ങളിൽ ഫാസിസം അരങ്ങേറിയതിന് ചില രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് പല ചിന്തകരും ചൂണ്ടിക്കാട്ടിയിരുന്നു. അതൊന്നും ഇവിടെയില്ല എന്ന വളരെ സാങ്കേതികമായ കാരണം പറഞ്ഞാണ് ഇപ്പോഴും കാരാട്ടും സിപിഎമ്മിലെ ഒരു വിഭാഗവും ഇന്ത്യയിൽ ഫാസിസം നടപ്പാകില്ലെന്ന വാദം ഉന്നയിക്കുന്നത്. അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിനെയും വാദം ന്യായീകരിക്കാൻ ഇക്കൂട്ടർ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ഇറ്റലിയിലെയും ജർമനിയിലെയും ക്ലാസിക്കൽ ഫാസിസം അതേപടി ദശാബ്ദങ്ങൾക്കിപ്പുറം ഇന്ത്യയിലും അരങ്ങേറുമെന്ന ധാരണയിലാണോ സിപിഎമ്മെന്ന മറുചോദ്യവും പലരും ഉയർത്തുന്നുണ്ട്.

ഇറ്റാലിയൻ ചിന്തകനും മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ ജീവിക്കുകയും ചെയ്ത ഉംബെർട്ടോ എക്കോ 1995ൽ രചിച്ച പുസ്തകം ഫാസിസത്തെ നിർവചിക്കുന്നുണ്ട്... ഫാസിസത്തിന്റെ 14 ലക്ഷണങ്ങളും അദ്ദേഹം 'യുർ- ഫാസിസ'മെന്ന പ്രബന്ധത്തിൽ അദ്ദേഹം കുറിക്കുന്നു. പാരമ്പര്യവാദത്തിൽ തുടങ്ങി ന്യൂസ് സ്പീക്കിൽ അവസാനിക്കുന്ന ആ പട്ടികയിലെ മിക്ക ലക്ഷണങ്ങളും ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട് എന്നത് വസ്തുതതയാണ്. ഇന്ത്യയിൽ ഫാസിസം കടന്നുവന്നു/അല്ലെങ്കിൽ പടിവാതിക്കൽ എത്തിനിൽക്കുന്നു എന്ന് ഇന്ത്യയിലെ ഇടത് ബുദ്ധിജീവികളായി അറിയപ്പെടുന്ന പ്രഭാത് പട്‌നായിക്, റൊമില താപ്പർ, സുമിത് സർകാർ തുടങ്ങിയവർ അഭിപ്രായപ്പെടുകയും ചെയ്യുന്നു.

ഉംബർട്ടോ എക്കോ

"ബി.ജെ.പി.-ആർ.എസ്.എസിന് കീഴിലുള്ള ഇപ്പോഴത്തെ രാഷ്ട്രീയ സജ്ജീകരണം "നവ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന" ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യ ഭരണമാണ്. മോദി സർക്കാർ ഒരു ഫാസിസ്റ്റ് അല്ലെങ്കിൽ നവ ഫാസിസ്റ്റ് സർക്കാരാണെന്ന് ഞങ്ങൾ പറയുന്നില്ല. ഇന്ത്യൻ ഭരണകൂടത്തെ ഒരു നവ ഫാസിസ്റ്റായി ഞങ്ങൾ ചിത്രീകരിക്കുന്നില്ല" കരട് രേഖയിൽ സിപിഎം പറയുന്നു. നവ ഫാസിസത്തിന്റെ പ്രവണതകളാണ് മോദി സർക്കാരിന്റേതെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും അവരൊരു നവ ഫാസിസ്റ്റാണെന്ന് പറയാൻ പോലും സിപിഎം തയാറാകുന്നില്ല എന്നത് ഇതിൽനിന്ന് വ്യക്തമാണ്. അവിടെയാണ് യഥാർത്ഥ പ്രശ്നം ഒളിഞ്ഞുകിടക്കുന്നത്. മറ്റ് ഇടതുപക്ഷ സംഘടനകളായ സി പി ഐയും സി പി ഐ എം എലുമെല്ലാം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ബിജെപിയുടേത് ഫാസിസ്റ്റ് ഭരണകൂടമാണെന്ന് വിളിച്ചുപറയുമ്പോഴാണ് സി പി എമ്മിന്റെ ഒളിച്ചുകളി എന്നതും പ്രസക്തമാണ്.

ബിജെപിയുടെ തലച്ചോറായി പ്രവർത്തിക്കുന്ന അല്ലെങ്കിൽ പ്രത്യയശാസ്ത്ര അടിത്തറയായ ഹിന്ദുത്വ ദേശീയത,,,, ഫാസിസത്തിന്റെ രൂപമല്ലെന്നതാണോ ഇതിലൂടെ സിപിഎം പറയാൻ ശ്രമിക്കുന്നത്? അതോ രാജ്യത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതും സകല സംവിധാനങ്ങളും കൈപ്പിടിയിലാക്കുന്നതും വിമതസ്വരങ്ങളെ ഇല്ലാതാക്കുന്നതുമെല്ലാം കേവലം സ്വേച്ഛാധിപത്യ ഭരണത്തിന്റെ ചട്ടക്കൂടിൽ ഒതുക്കിനിർത്താമെന്നാണോ?

ഹിന്ദുത്വ ആചാര്യനായ എം എസ് ഗോൾവാക്കറുടെ 'WE OR OUR NATIONHOOD DEFINED' അടക്കമുള്ള രചനകൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത് നാസിസത്തിലും മുസോളിനിയുടെ ഫാസിസ്റ്റ് ഭരണക്രമത്തിലുമാണ്. ആ രചനയെ അടിസ്ഥാന ഗ്രന്ഥമായി ഉൾക്കൊള്ളുന്ന ആർ എസ് എസിന്റെ രാഷ്ട്രീയവിഭാഗം, ബ്രാഹ്മണ്യ ഹിന്ദുത്വത്തിൽ ഊന്നി നടത്തുന്ന അക്രമാസക്തമായ ഭരണം തുടരവേ, തെരഞ്ഞെടുപ്പുപോലെ നിലനിൽക്കുന്ന ചില ജനാധിപത്യ ചിഹ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ഫാസിസം വരില്ലെന്ന നിലപാട് സ്വീകരിക്കുന്നത് വർത്തമാന യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതാണോ? അതോ പുതിയകാലത്ത് 'ക്ലാസിക്കൽ ഫാസിസം' പുതിയ രൂപത്തിലെത്തുമെന്ന് ചിന്തിക്കാൻപോലും ശേഷിയില്ല എന്നാണോ പുതിയ പാർട്ടി രേഖയിലൂടെ സിപിഎം പറഞ്ഞുവയ്ക്കുന്നത്?

TAGS :

Next Story