കള്ളക്കടത്തിൻ്റെ വർത്തമാനം: രാഷ്ട്രീയം, സാഹിത്യം, പ്രവാസം (1971 - 2024)
സെപ്റ്റംബറിൽ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം -8
- Published:
2 Nov 2024 11:30 AM GMT
2024 ആഗസ്റ്റ് മാസത്തോടെ മലപ്പുറത്തെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും മൊത്തത്തില്‍ പോലിസിനുമെതിരേ ഭരണകക്ഷിയില്‍പ്പെട്ട നിലമ്പൂര്‍ എം.എല്‍.എ, പി.വി അന്‍വര്‍ നടത്തിയ വിമര്‍ശനം വലിയ വിവാദത്തിന് വഴിവച്ചു. മലപ്പുറത്തെ ഇകഴ്ത്തിക്കാണിക്കാന്‍ പോലിസുകാര്‍ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റ പരാതി. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, മുന്‍ മലപ്പുറം എസ്.പി സുജിത് ദാസിനെയും പോലുള്ള മുതിര്‍ന്ന പോലിസുകാര്‍ സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നു, ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തുന്നു, മുസ്‌ലിംസമൂഹത്തെയും മലപ്പുറത്തെയും കുറ്റകൃത്യകേന്ദ്രമായി ചിത്രീകരിക്കാന്‍ കേസുകളുടെ എണ്ണം കൂട്ടുന്നു- ഇങ്ങനെ പോകുന്നു മറ്റു പരാതികള്‍. ചില പരാതികളെ സംബന്ധിച്ച തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
പോലിസിനെതിരേയുള്ള വിവാദം പതുക്കെപ്പതുക്കെ സി.പി.എമ്മിനെതിരേയും ഒടുവില്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരേയും തിരിഞ്ഞു. ഈ ഘട്ടത്തിലാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ദി ഹിന്ദു പത്രത്തിന് ഒരു അഭിമുഖം നല്‍കുന്നത്. കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച അഭിമുഖത്തിനിടയില്‍ നടത്തിയ ഒരു പരാമര്‍ശം വിവാദമായി. മുസ്‍ലിം തീവ്രവാദശക്തികള്‍ക്കെതിരേ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ തങ്ങള്‍ മുസ്‍ലിംകള്‍ക്കെതിരാണ് എന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ക്കുള്ള ഉദാഹരണമായി മലപ്പുറത്തെ ചൂണ്ടിക്കാട്ടുകയും ചെയ്തു: നാളുകളായി യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നുണ്ട്. അത് യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലാക്കി, ആശയക്കുഴപ്പം ഉണ്ടാക്കാനായി ആര്‍.എസ്.എസ്സിനെതിരേ സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. അതിന് കൂട്ടുനിന്ന് വര്‍ഗീയവിഭജനം നടത്താന്‍വേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു. മുസ്‍ലിം തീവ്രവാദശക്തികള്‍ക്കെതിരേ ഞങ്ങളുടെ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഞങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരാണ് എന്ന് വരുത്താന്‍ അവര്‍ ശ്രമിക്കുകയാണ്. ഉദാഹരണത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍നിന്ന് കേരള പോലിസ് 150 കിലോ സ്വര്‍ണവും 123കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലെക്ക് വരുന്നത് സംസ്ഥാനവിരുദ്ധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. ആര്‍.എസ്.എസ്സിനോട് സി.പി.എമ്മിന് മൃദുസമീപനം എന്നത് സ്വര്‍ണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സര്‍ക്കാരിനെതിരായ പ്രതികരണം മാത്രമാണ്. (ഇജക(ങ) വമ െമഹംമ്യ െേെൃശറലിഹ്യേ ീുുീലെറ ഞടട, ീവേലൃ ഒശിറൗ്േമ ളീൃരല െശി ഗലൃമഹമ: ജശിമൃമ്യശ ഢശഷമ്യമി, ശോഭന നായര്‍, ദി ഹിന്ദു, സെപ്തംബര്‍ 30, 2024).
വിദ്വേഷപരാമര്‍ശം തള്ളി ഹിന്ദുവും മുഖ്യമന്ത്രിയും
മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദമായി. നിരവധി വ്യക്തികളും സംഘടനകളും മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരേ രംഗത്തുവന്നു. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഓഫിസ് ഈ പരാമര്‍ശം തള്ളി. അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും പി.ആര്‍ ഏജന്‍സിയാണ് ഇതിനു പിന്നിലെന്നുമായിരുന്നു വിശദീകരണം. ഇതു ശരി വച്ചുകൊണ്ട് ഹിന്ദുവും രംഗത്തുവന്നു:
'കൈസന്‍ എന്ന പി.ആര്‍ ഏജന്‍സി മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് ഹിന്ദുവിനെ സമീപിച്ചു. സെപ്റ്റംബര്‍ 29ന് ഒമ്പത് മണിക്ക് കേരള ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തുമ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. 30 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നു അഭിമുഖത്തിന്. തുടര്‍ന്ന് പി.ആര്‍ ഏജന്‍സിയുടെ പ്രതിനിധികളില്‍ ഒരാള്‍ നേരത്തെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളാണെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണക്കടത്തിലെയും ഹവാല ഇടപാടിന്റെയും വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കുകയായിരുന്നു. ഇവ പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ രേഖാപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇക്കാര്യങ്ങള്‍ നിരസിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അഭിമുഖത്തിലേതെന്ന പേരില്‍ നല്‍കിയത് മാധ്യമ ധാര്‍മികതയ്ക്ക് വിരുദ്ധമാണ്. ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇത്തരത്തിലൊരു തെറ്റുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു'' ദി ഹിന്ദുവിന്റെ എഡിറ്റര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.(ഡൂള്‍ ന്യൂസ് ഒക്ടോബര്‍ 1, 2024)
അന്‍വറിനെതിരേ മുഖ്യമന്ത്രി
എന്നാല്‍ ഹിന്ദു അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി തള്ളിയെങ്കിലും അതിനു മുമ്പ് സെപ്തംബര്‍ 21ന് തിരുവനന്തപുരത്ത് അന്‍വറിനെതിരേ നടത്തിയ പത്രസമ്മേളനത്തില്‍ ഇതിനു സമാനമായ കാര്യങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു: ''സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലിസ്. ആ പൊലിസ് അതിന്റെ ജോലി ചെയ്യുന്നതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതും. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസ് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകള്‍ ഇവിടെയുണ്ട്. 2022ല്‍ 98 കേസുകളിലായി 79.9 കിലോഗ്രാം സ്വര്‍ണ്ണവും 23ല്‍ 61 കേസുകളില്‍ 48.7 കിലോഗ്രാം സ്വര്‍ണ്ണവും ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്. മൂന്നു വര്‍ഷത്തില്‍ ആകെ 147.79 കിലോ സ്വര്‍ണ്ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വര്‍ണ്ണമാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണമാണ് പൊലിസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടി മലപ്പുറത്തു നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണ്ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കര്‍ക്കശമയി തടയുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്വര്‍ണ്ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പൊലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.(...) സ്വര്‍ണ്ണവും ഹവാല പണവും കടത്തുന്നവരെ ശക്തമായി നേരിടുക എന്നത് നാടിനോടുള്ള കടമയാണ്. അതില്‍ നിന്ന് പിന്മാറാന്‍ പോലിസ് ഉദ്ദേശിക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് അവസാനിപ്പിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ആരോപണം വന്നാല്‍ ഗൗരവമായി പരിശോധിക്കും. ഏറ്റവും ഉന്നതമായ ടീമാണ് പരിശോധിക്കുന്നത്. ഇനി കേരളത്തില്‍ സ്വര്‍ണ്ണം പിടിത്തം വേണ്ട, ഇഷ്ടം പോലെ പോയ്‌ക്കോട്ടെ, പൊലീസ് തിരിഞ്ഞ് നോക്കേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാന്‍ കഴിയില്ല.(മലപ്പുറം ജില്ലയില്‍ പിടിച്ച സ്വര്‍ണവും ഹവാല പണവും; ദി ഹിന്ദു അഭിമുഖത്തിന് മുമ്പ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, ന്യൂസ് 18, ഒക്ടോബര്‍ 1, 2024)
കരിപ്പൂര്‍ വിമാനത്താവളവും സ്വര്‍ണക്കടത്തും
തനിക്കെതിരേ മുഖ്യമന്ത്രി നടത്തിയ (സെപ്തംബര്‍ 21) പത്രസമ്മേളനത്തിനെതിരേ അന്‍വര്‍ രംഗത്തുവന്നു. മലപ്പുറത്തെ കേസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചുവയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം: ''മുഖ്യമന്ത്രിയുടെ അഭിമുഖത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലും ഇക്കാര്യം അന്‍വര്‍ ആവര്‍ത്തിച്ചു: ''...കരിപ്പൂര്‍ എയര്‍പോര്‍ട്ട് മലപ്പുറം ജില്ലയിലാണ്. ആ എയര്‍പോര്‍ട്ടിന്റെ പരിസരത്തുനിന്ന് പിടിച്ചാല്‍ മലപ്പുറം ജില്ലയിലാണ് കേസുവരുന്നത്. മലപ്പുറം ജില്ല എന്ന് ആവര്‍ത്തിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? മുഖ്യമന്ത്രി സത്യസന്ധമായിപറയണം. മലപ്പുറം ജില്ലയില്‍നിന്ന് 129 കേസുണ്ടാവുന്നത് ആ എയര്‍പോര്‍ട്ടിന്റെ പരിസരത്തുനിന്ന് പിടിക്കുന്നതുകൊണ്ടാണ്. 8 കിലോമീറ്റര്‍ പോയാല്‍ രാമനാട്ടുകര, കോഴിക്കോട് ജില്ലയാണ്. എല്ലാ സാധനവും വരുന്നത് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലാണ്. നമ്മള്‍ തന്നെ പറയുമ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ടെന്നാണ് പറയുക. പക്ഷേ, അത് മലപ്പുറം ജില്ലയിലാണ്. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കരുത്''. ('മുഖ്യമന്ത്രി അങ്ങനെ തെറ്റിധരിപ്പിക്കേണ്ട, കോഴിക്കോട് എയര്‍പോര്‍ട്ട് മലപ്പുറത്താണ്'; പി.വി.അന്‍വര്‍, സെപ്തംബര്‍ 26, മീഡിയാവണ്‍)
മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖം വന്ന സമയത്തും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു: പിറ്റേദിവസം ഉച്ചയ്ക്ക് ശേഷമാണ് അബദ്ധം പറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറയുന്നത്. ഇതൊക്കെ നാടകമാണ്. കേരളത്തില്‍ അത്യാവശ്യം എഴുത്തും വായനയും അറിയാവുന്ന, സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും ഇതൊക്കെ മനസ്സിലാകും. മുഖ്യമന്ത്രി ഒരു സമുദായത്തെ കുറ്റക്കാരാക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. മതസൗഹാര്‍ദത്തിന്റെ കടക്കല്‍ കത്തിവയ്ക്കുന്നത് മുഖ്യമന്ത്രിയാണ്. അതും ആര്‍.എസ്.എസുമായി സഹകരിച്ചെന്നും അന്‍വര്‍ ആരോപിച്ചു. പത്രത്തിലെ പരാമര്‍ശം തെറ്റാണെങ്കില്‍ പി.ആര്‍ ഏജന്‍സിക്കും, ദി ഹിന്ദുവിനുമെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു. (ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഒക്ടോബര്‍ 3, 2024, മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രി മാപ്പുപറയണം: മുഖ്യമന്ത്രി മാപ്പ് പറയണം; മലപ്പുറം പരാമര്‍ശം; 'മുഖ്യമന്ത്രി മാപ്പ് പറയണം': പി.വി അന്‍വര്‍, ഒക്ടോബര്‍ 3, 2024, മീഡിയാവണ്‍; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അന്‍വര്‍; കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചാലും കുറ്റം മലപ്പുറത്തിന്, 24 ന്യൂസ്, സെപ്തംബര്‍ 30, 2024).
കള്ളക്കടത്തും കെ.ടി ജലീലും
സ്വര്‍ണവും അല്ലാതെയുമുള്ള കള്ളക്കടത്തിനെയും ഹവാല ഇടപാടിനെയും ലീഗുമായും പൊതിവെ ഇസ്‍ലാമിക വിശ്വാസികളുമായും ബന്ധപ്പെടുത്തുന്ന രീതി മന്ത്രി കെ.ടി ജലീല്‍ പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. ന്യൂസ് 18 അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തതയോടെ പറയുന്നത്. ഫേസ്ബുക്കില്‍ പലരുടെയും പ്രൊഫൈലുകളില്‍ കമന്റുകളായി അദ്ദേഹം അതെഴുതിയിട്ടുണ്ട്. ന്യൂസ് 18 അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇതാണ്: മുസ്‍ലിം ലീഗിന് കള്ളക്കടത്ത് ദേശീയ വിനോദമാണ്. മുസ്‍ലിം ലീഗിന്റെ വലിയ നേതാക്കന്‍മാരില്‍ പലരും കള്ളക്കടത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കെ.എസ് അബ്ദുള്ള കേരളത്തിന്റെ ഹാജി മസ്താന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ചന്ദ്രികയുടെ ഡയറക്ടറായിരുന്ന അബ്ദുള്ള ഹാജി കള്ളക്കടത്തിന് ജയിലില്‍ പോയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ കള്ളക്കടത്തില്‍ പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‍ലിം ലീഗുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടവരുടെ രാഷ്ട്രീയം ബന്ധം പരിശോധിച്ചാലും അവരില്‍ മുസ്‍ലിം ലീഗുകാരാണ് കൂടുതലെന്ന് മനസിലാകും. കള്ളക്കടത്ത് കേസില്‍ പിടിക്കപ്പെടുന്നവരില്‍ എണ്‍പത് ശതമാനം മുസ്‍ലിം ലീഗുകാരാണ്. (സംസ്ഥാനത്ത് ഇതുവരെ കള്ളക്കടത്തില്‍ പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‍ലിം ലീഗുമായി ബന്ധമുള്ളവരെന്ന് കെ.ടി ജലീല്‍, സെപ്തംബര്‍ 21, 2024, ദി ക്യൂ).
സ്വര്‍ണക്കടത്തിനെതിരേ മതവിധി
ഇതേ കാര്യം അദ്ദേഹം ഒരു പോസ്റ്റില്‍ നടന്ന ചര്‍ച്ചക്കിടയില്‍ കമന്റായും എഴുതി: ''കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‌ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്.ഹവാല ഇസ്‍ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികള്‍ക്ക് മതനിയമങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ താല്‍പര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?'' എന്നായിരുന്നു ജലീല്‍ ഫേസ്ബുക്കിലെഴുതിയത്. റഷീദ് കെ.വിക്കുള്ള മറുപടിയിലായിരുന്നു ജലീല്‍ ഈ അഭിപ്രായം പറഞ്ഞത്. (സംഘപരിവാര്‍ വാദമുയര്‍ത്തി കെ.ടി ജലീല്‍; കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99%വും മുസ്‌ലിം പേരുള്ളവരെന്ന് ഫേസ്ബുക്ക് കുറിപ്പ്, മീഡിയാവണ്‍ ഒക്ടോബര്‍ 5, 2024). ഇതിനെതിരേ നിരവധി പേര്‍ രംഗത്തുവന്നു. വി.ടി ബല്‍റാമാണ് രൂക്ഷമായി പ്രതികരിച്ച ഒരു നേതാവ്.
അതേ ദിവസം മനോരമ ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ (നേരെ ചൊവ്വേ, ജോണി ലൂക്കോസ്) ഇക്കാര്യം ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്തിനെതിരേ സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം: കെ.ടി.ജലീല്‍, മനോരമ ഓണ്‍ലൈന്‍, ഒക്ടോബര്‍ 5, 2024).
ഇത് കൂടുതല്‍ വിവാദമായി. തൊട്ടടുത്ത ദിവസം ജലീല്‍ കൂടതല്‍ വ്യക്തത വരുത്തിക്കൊണ്ട് പുതിയ ഒരു കുറിപ്പുമായി ഫേസ്ബുക്കിലെത്തി. ദേശാഭിമാനിയിലെ അദ്ദേഹത്തിന്റെ ഒരു അഭിമുഖം പങ്കുവച്ചുകൊണ്ടായിരുന്നു കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്‌നേഹവും ഒലിപ്പിക്കുന്നവരോട്! എന്ന ശീര്‍ഷകത്തിലുള്ള എഴുത്ത്: ''
കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്‌നേഹവും ഒലിപ്പിക്കുന്നവരോട്!- തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിര്‍പ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളില്‍ നിന്നാണ് (...) കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‍ലിം സമുദായത്തില്‍ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്‍ലിം സമുദായത്തില്‍ നടത്താന്‍ 'മലപ്പുറം പ്രേമികള്‍' ഉദ്ദേശിക്കുന്നത്? സ്വര്‍ണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്‍ലിംകളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് 'ഇതൊന്നും മതവിരുദ്ധമല്ല' എന്നാണ്. അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ഖാളിമാര്‍ തയ്യാറാകണമെന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് 'ഇസ്‍ലാമോഫോബിക്ക്' ആവുക? അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക.
ഒരണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത മലപ്പുറംകാരനായ എന്നെ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിക്കാന്‍ മാധ്യമപ്പടയും മുസ്ലിംലീഗും, കോണ്‍ഗ്രസ്സും, ബി.ജെ.പിയും ഒരു മെയ്യായി നിന്ന് നടത്തിയ 'വേട്ട' നടന്നപ്പോള്‍ ഈ നവസമുദായ സ്‌നേഹികള്‍ ഏത് മാളത്തിലാണ് ഒളിച്ചിരുന്നത്? അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം? ഏത് പളളിക്കാട്ടിലാണ് ഇവരുടെ സമുദായപ്രേമം കുഴിച്ചുമൂടിയിരുന്നത്'? സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം? ഞാന്‍ പറഞ്ഞത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടിനോടല്ല. എന്റെ കൂടി 'ഖാളി''യോടാണ്.(...) എല്ലാറ്റിനേയും മതത്തിന്റെ കണ്ണാടിയിലൂടെ മുടിനാരിഴകീറി പരിശോധിക്കുന്നവര്‍ സ്വര്‍ണ്ണക്കടത്തും ഹവാലയും മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകാത്തതിന്റെ 'ഗുട്ടന്‍സ്' ബുദ്ധിയുള്ളവര്‍ക്ക് തിരിയും!'' യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സൗകര്യം ചെയ്തു കൊടുത്തതിനെതിരെ എന്നെ ഉടന്‍ കല്‍തുറുങ്കിലടക്കണമെന്ന് കത്തെഴുതിയ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബെന്നി ബെഹനാനെതിരെ ഒരക്ഷരം ഉരിയാടാത്ത തൃത്താലയിലെ 'തോറ്റ എം.എല്‍.എ'യുടെ 'കറകളഞ്ഞ കാപട്യത്തിന്' എന്തൊരു മൊഞ്ചാണെന്നും അദ്ദേഹം വിമര്‍ശിച്ചു (ഡോ. കെ ടി ജലീല്‍, ഫേസ്ബുക്ക്, ഒക്ടോബര്‍ 6, 2024).
ചില പ്രതികരണങ്ങള്‍
ആര്‍.വി ബാബു: ജലീലിനെ പ്രകീര്‍ത്തിച്ച് രംഗത്തുവന്ന ഹിന്ദുത്വ നേതാക്കളിൽ ആര്‍.വി ബാബുവാണ് പ്രധാനി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ''മുസ്‍ലിം സമുദായം കണ്ണ് തുറന്ന് യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളണം. കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വര്‍ണ്ണം തീവ്രവാദത്തിന് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഗൗരവത്തോടെ ആ സമുദായം തന്നെ പരിശോധിക്കണം. ഇത് പറയുമ്പോള്‍ ഇസ്‍ലാമോഫോബിയ ആണെന്ന ആക്ഷേപമാണ് സാധാരണയായി മുസ്‍ലിം സംഘടനകളും ഇടത് വലത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉന്നയിക്കാറുള്ളത്. കള്ളക്കടത്തുകാരും കള്ളപ്പണക്കാരും മതതീവ്രവാദികളും സമുദായത്തില്‍ നിന്ന് ഭ്രഷ്ടാക്കപ്പെടണം''(ആര്‍ വി ബാബു, ഫേസ്ബുക്ക്, ഒക്ടോബര്‍ 5, 2024)
ഡോ. കെ.എസ് രാധാകൃഷ്ണന്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍ ഈ ആവശ്യത്തെ ആശങ്കയോടെയാണ് കണ്ടത്. സ്വര്‍ണ്ണ കള്ളക്കടത്തിലും ഹവാല ഇടപാടിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും മുസ്‍ലിം സമുദായ അംഗങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് കാണിച്ചു കൊണ്ട് പാണക്കാട് തങ്ങള്‍ ഫത്‍വ പുറപ്പെടുവിപ്പിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം മറ്റ് മതസ്ഥരില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നു. മലപ്പുറത്ത് എഴുപതു ശതമാനത്തിലധികം ജനങ്ങള്‍ മുസ്‍ലിംളാണെന്നും, മുസ്‍ലിംകള്‍ ഭരണഘടനയെക്കാള്‍ പ്രാമുഖ്യം മതനിയമങ്ങള്‍ക്കും മതാധികാരികള്‍ക്കും നല്‍കുന്നു എന്നു കരുതേണ്ടി വരും. അതു കൊണ്ടാണല്ലോ ഇന്ത്യന്‍ ഭരണ ഘടനയും ശിക്ഷാ നിയമങ്ങളും കുറ്റകൃത്യമായ കാര്യങ്ങള്‍ തടയാനും ഫത്‍വ വേണം എന്ന് കെ. ടി. ജലീല്‍ പറയുന്നത് ('മലപ്പുറത്തിന്റെ അപകീര്‍ത്തി മാറാന്‍ സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം'; കെ.ടി ജലീല്‍, ഒക്ടോബര്‍ 5 ന്യൂസ് 18)
എം.വി ഗോവിന്ദന്‍: ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ലെന്നും എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു ജലീലിന്റെ പ്രസ്താവനയോടുള്ള എം.വി ഗോവിന്ദന്റെ അഭിപ്രായം('ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല, കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റണം'; എം.വി ഗോവിന്ദന്‍, ഒക്ടോബര്‍ 7, ഏഷ്യാനെറ്റ്‌ന്യൂസ്).
പി.എം.എ സലാം: 'മുസ്‍ലിം സമൂഹം മുഴുവന്‍ കള്ളക്കടത്ത് നടത്തുന്നു എന്നാണ് പ്രസ്താവനയുടെ ആന്തരാര്‍ത്ഥമെന്നും നികൃഷ്ടമായ പ്രസ്താവനയാണ് ജലീലിന്റേതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എംഎ സലാം കുറ്റപ്പെടുത്തി ('ഏറ്റവും നികൃഷ്ടമായ പ്രസ്താവനയാണ് ജലീലിന്റേത്' പി.എം.എ സലാം, മീഡിയാവണ്‍, ഒക്ടോബര്‍ 6, 2024)
കെ.ടി കുഞ്ഞിക്കണ്ണൻ: സ്വര്‍ണക്കടത്ത് ലോകത്താകമാനം തീവ്രവാദ, മതവര്‍ഗീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നുതന്നെയാണ് സി.പി.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്റെ അഭിപ്രായം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിന്ദു അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ദുര്‍വ്യാഖ്യാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "സ്വര്‍ണക്കടത്ത് ലോകത്താകമാനം തീവ്രവാദ, മതവര്‍ഗീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. താലിബാന്റെ അനുഭവം നമുക്കറിയാം. രാജ്യദ്രോഹമാനമുള്ള ശക്തികള്‍ ഇവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ അഭിപ്രായമാണത്. കരിപ്പൂരില്‍നിന്ന് പിടിയിലാവുന്നവര്‍ മലപ്പുറത്തുകാര്‍ മാത്രമല്ല, കോഴിക്കോട്ടുകാരും കാസര്‍കോട്ടുകാരും പാലക്കാട്ടുകാരുമുണ്ടാവും. അത്തരം സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങള്‍ക്ക് രാജ്യദ്രോഹസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഉത്തരവാദത്തോടുകൂടിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മലപ്പുറം ജില്ലക്കാരെ സ്വര്‍ണക്കടത്തുകാരെന്ന് പറഞ്ഞുവെന്നത് ദുര്‍വ്യാഖ്യാനമാണ്. മലപ്പുറം ജില്ല ജിഹാദികളുടെ കേന്ദ്രമാണെ സംഘപരിവാറിന്റെ വാദത്തെ പ്രതിരോധിച്ചത് ലീഗല്ല." (ലോകത്തെമ്പാടും സ്വര്‍ണക്കടത്ത് തീവ്രവാദ, വര്‍ഗീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്', കെ.ടി കുഞ്ഞിക്കണ്ണന്‍, സെപ്തംബര്‍ 30, 2024, റിപോര്‍ട്ടര്‍ ടിവി)
കള്ളക്കടത്തിന്റെ ചരിത്രം:
കള്ളക്കടത്ത്, വിദേശ ഫണ്ടിംഗ്, ചാരപ്രവര്‍ത്തനം തുടങ്ങിയ രാഷ്ട്രീയ സാമ്പത്തിക കുറ്റകൃത്യങ്ങളും മുസ്‍ലിംകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പൊതുവെ കരുതുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മുസ്‍ലിംകളുടെ സാന്നിധ്യം ഉയര്‍ത്തിക്കാട്ടുന്ന രീതി പ്രചാരത്തിലുണ്ട്. 1970- 2000 വരെ കളളക്കടത്തിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ മുസ്‍ലിംകള്‍ക്കെതിരെ വ്യാപകമായി ഉന്നയിച്ചിരുന്നത് മാധ്യമങ്ങളാണ്. മുഖ്യധാരാ മതേതര രാഷ്ട്രീയ പ്രവര്‍ത്തകരും അത് അവസരവാദപരമായി ഉപയോഗിച്ചു. സംഘപരിവാര്‍ ശക്തികളാകട്ടെ അന്നും ഇന്നും ഇത്തരം ആരോപണങ്ങള്‍ വംശീയ സ്വഭാവത്തോടെ ഉയര്‍ത്തുന്നു. എന്നാല്‍ 2000 -നു ശേഷം അതൊരു മാധ്യമ വാര്‍പ്പു മാതൃകയും ഫാഷിസ്റ്റ് പ്രചാരണവും എന്നതിനുപുറമെ ഒരു മതേതര - ഇടതുപക്ഷ - സൈദ്ധാന്തിക സമീപനംകൂടിയായി മാറി. 1973-ലെ ഗള്‍ഫ് ബൂമിനു ശേഷമാണ് പെട്രോ- ഡോളര്‍ ഇസ്‍ലാമിക് ഫണ്ടമെന്റെലിസത്തിന്റെ കേരളത്തിലെ കൈവഴികളെക്കുറിച്ചുള്ള ഇസ് ലാമോഫോബിക് വിദ്വേഷപ്രചാരണം കള്ളക്കടത്ത് ആരോപണങ്ങളുടെ സഹായത്തോടെ തുടങ്ങിയതെന്ന് മൊത്തത്തില്‍ പറയാം. ഫാഷിസ്റ്റ് സ്വഭാവമുള്ള ഘട്ടത്തിലേക്ക് കള്ളക്കടത്തിനെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ മാറുന്ന പ്രക്രിയ വിവിധ ഘട്ടങ്ങളായാണ് സംഭവിച്ചത്. ഓരോ ഘട്ടവും ഇസ്‌ലാമോഫോബിയയുടെ വിവിധ ആഖ്യാനരൂപങ്ങളായി മനസ്സിലാക്കാവുന്നതാണ്.
അടിസ്ഥാനപരമായും കള്ളക്കടത്ത് ഒരു നികുതിവെട്ടിപ്പും സാമ്പത്തിക കുറ്റകൃത്യവുമാണ്. ഏതെങ്കിലും സമുദായമായോ പ്രദേശമായോ വിശ്വാസമൂഹമായോ അതിന് യാതൊരു ബന്ധവുമില്ല. എന്നാല്‍ കള്ളക്കടത്തിനെക്കുറിച്ചുള്ള വിവിധ എഴുത്തുകളും പ്രചാരണങ്ങളും പരിശോധിച്ചാല്‍ പല തരത്തിലുള്ള അര്‍ത്ഥങ്ങളിലൂടെ അത് കടന്നുപോയതായി കാണാം. കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ മാറുമ്പോള്‍ അതിന് നല്‍കുന്ന അര്‍ത്ഥവും മാറും. ഈ ഘടകങ്ങള്‍ ചിലപ്പോള്‍ പ്രദേശങ്ങളും മറ്റു ചിലപ്പോള്‍ വിശ്വാസമൂഹങ്ങളോ തൊഴില്‍സമൂഹങ്ങളോ ആകാം. പ്രാദേശിക കാന്‍വാസില്‍നിന്ന് കൂടുതല്‍ വിശാലമായ ആഗോള കാന്‍വാസിലേക്ക് മാറ്റിസ്ഥാപിച്ചും അര്‍ത്ഥമാറ്റം വരുത്താം. കള്ളക്കടത്തിന്റെ അര്‍ത്ഥ നിര്‍മിതിയില്‍ ഇപ്പറഞ്ഞ എല്ലാ ഘടകങ്ങളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ അര്‍ത്ഥമാറ്റം പല കാലങ്ങളിലും പരസ്പരം ഇടകലര്‍ന്നു കാണുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. വംശീയ സ്വഭാവമുള്ള വിദ്വേഷപ്രചാരണത്തിന്റെ രീതിശാസ്ത്രവും അതുതന്നെയാണല്ലോ.
കള്ളക്കടത്തുപോലുള്ള ആരോപണങ്ങള്‍ ഇസ്‍ലാമോഫോബിക്കായ സാമൂഹിക പ്രചാരമായിമാറാന്‍ മറ്റൊരു കാരണവുമുണ്ട്. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളില്‍ വലിയൊരു ശതമാനം മുസ്‍ലിംകളാണെന്നത് വസ്തുതയാണ്. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ പഠന സര്‍വേ (2011) പ്രകാരം 36.8 ശതമാനം മുസ്‍ലിം വീടുകളിലും ഒന്നിലധികം പ്രവാസികളുണ്ട്. ഹിന്ദുക്കളില്‍ ഒന്നോ അതിലധികമോ പ്രവാസികളുള്ള വീടുകളുടെ എണ്ണം 12.4 ശതമാനമേയുള്ളൂ. എന്നിട്ടും പ്രതിശീര്‍ഷ വരുമാനത്തില്‍ വളരെ താഴെയാണ് കേരളത്തിലെ മുസ്‍ലിംകള്‍. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2006-ല്‍ പ്രസിദ്ധീകരിച്ച കേരള പഠനം നല്‍കുന്ന വിവരങ്ങളനുസരിച്ച് 9,600 രൂപയാണ് മുസ്‌ലിംകളുടെ പ്രതിശീര്‍ഷ വരുമാനം. പട്ടികജാതിക്കാരുടേതിനേക്കാള്‍ (9000 രൂപ) അല്‍പം മാത്രം മെച്ചപ്പെട്ടത്. സവര്‍ണ ഹിന്ദു ജാതിക്കാരും ക്രിസ്ത്യന്‍ സമുദായവും പ്രതിശീര്‍ഷവരുമാനത്തിന്റെ സംസ്ഥാന ശരാശരിക്കു (11,250 രൂപ) മുകളില്‍ വരുമാനം നേടുന്ന സാമൂഹിക വിഭാഗങ്ങളാണ്. 2004-ല്‍ 6000 വീടുകളില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ പഠനം പരിഷത്ത് നടത്തിയത്. എന്നാല്‍ ഗള്‍ഫിലെ തൊഴില്‍ സാന്നിധ്യവും സാമൂഹിക - സാമ്പത്തിക വികസന സൂചികയും തമ്മിലെ പൊരുത്തക്കേടുകളും പക്ഷെ ഇസ്‌ലാമോഫോബിയയുടെ വ്യാപനത്തിനു തടസ്സമല്ല.
വിശാലമായ തീരപ്രദേശമുള്ളതുകൊണ്ടുതന്നെ കേരളത്തില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള കള്ളക്കടത്തിന് കടലോരമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. സ്വര്‍ണം മുതല്‍ നിത്യോപയോഗസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ കടല്‍കടന്ന് നാട്ടിലെത്തി. വെള്ളി പോലുള്ള വസ്തുക്കള്‍ പുറത്തേക്കും കൊണ്ടുപോയിരുന്നു. എല്ലാ വസ്തുക്കളും എല്ലാ കാലത്തും കള്ളക്കടത്തിന്റെ ഭാഗമായിരുന്നില്ല. ഇപ്പോള്‍ സ്വര്‍ണക്കള്ളക്കടത്ത് സജീവമാണെങ്കിലും സ്വര്‍ണം കള്ളക്കടത്ത് വസ്തുവല്ലാത്ത കാലമുണ്ടായിരുന്നു. വിദേശഉപഭോഗവസ്തുക്കളോടായിരുന്നു അന്നത്തെ ജ്വരം. ചില കാലത്ത് വെളളി കള്ളക്കടത്തുകാര്‍ക്ക് ഇഷ്ടവസ്തുവായി. ''ജയ്പ്പൂരും രാജസ്ഥാനിലെ മറ്റു പ്രദേശങ്ങളും പലപ്പോഴും കള്ളക്കടത്തിന്റെ കേന്ദ്രമായിട്ടുണ്ട്. ഒരു കാലത്ത് വെള്ളി ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് കടത്തുകകൂടി ചെയ്തിട്ടുണ്ട്. വെള്ളിയിലുള്ള വില വ്യത്യാസമാണ് അതിന്റെ പിന്നില്‍. ഉത്തരേന്ത്യന്‍ കച്ചവടക്കാര്‍ വെള്ളിവില കൂടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവത്രെ. ജയ്പ്പൂരിലെ സംഘങ്ങളാണ് ഇതിനു പിന്നില്‍. ഇക്കാലത്ത് സ്വര്‍ണക്കള്ളക്കടത്ത് നിലച്ചു.''(കറുത്ത വഴിത്താരകള്‍, സി.ആര്‍ മന്മഥന്‍, മാതൃഭൂമി 1980 നവംബര്‍ 30, പുസ്തകം 58, ലക്കം 36, പേജ് 5)
മൂല്യത്തകര്‍ച്ച, സ്വാശ്രയത്വം
1960കളില്‍ കള്ളക്കടത്തിനെ സ്വാശ്രയത്വത്തെ ദുര്‍ബലപ്പെടുത്തുന്ന ദേശവിരുദ്ധപ്രവര്‍ത്തനമായാണ് പൊതുവെ കണ്ടിരുന്നത്. മഹാത്മാഗാന്ധി പഠിപ്പിച്ച സ്വശ്രയ ശീലത്തില്‍നിന്നുള്ള വിടുതലായി 1980കളില്‍പ്പോലും പലരും കള്ളക്കടത്തിനെ കണക്കാക്കി.
"വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ വഴി ധനം സംഭരിക്കുന്നതിനേക്കാള്‍ എളുപ്പം കള്ളക്കടത്തുവഴി അതു നേടുന്നതാണെന്നു വന്നാല്‍, കച്ചവടക്കണ്ണുകൊണ്ട് ലോകത്തെ നോക്കിക്കാണുന്നവരെ പിന്നെ സാന്മാര്‍ഗിക ചിന്തകള്‍ നിരുല്‍സാഹപ്പെടുത്തുകയില്ല. അങ്ങനെയുണ്ടാകുന്ന സ്വത്തും അതിനെ ചുറ്റിപ്പറ്റി വളരുന്ന സാമ്പത്തിക ശൃംഖലയും ശരിക്കും രാജ്യദ്രോഹപരമായ ഒരു സമാന്തര വ്യവസ്ഥിതിയാണ് കെട്ടിപ്പടുക്കുന്നതെന്നും കരുതപ്പെട്ടു. ആ സമ്പദ് വ്യവസ്ഥിതി വളര്‍ന്നുവരുമ്പോള്‍ നല്ല പലതും തളര്‍ന്നുപോകുന്നു. ആദ്യമായി സദാചാരമൂല്യങ്ങള്‍ക്കാണ് കോട്ടംപറ്റുന്നത്." (നമ്മുടെ സാമ്പത്തിക പ്രതിസന്ധി, പ്രഫ. പി.കെ സുരേന്ദ്രനാഥ്, 1979 സെപ്തംബര്‍ 9, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 57, ലക്കം 2, പേജ് 6)
1982ല്‍ കള്ളക്കടത്തിനെതിരേ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് പുറത്തിറക്കിയ പത്രപരസ്യം സ്വാശ്രയത്വത്തെ ദുര്‍ബലപ്പെടുത്തുന്ന ദേശവിരുദ്ധപ്രവര്‍ത്തനമെന്നാണ് കള്ളക്കടത്തിനെ വിശേഷിപ്പിച്ചിരുന്നത്. ഭാരതീയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ ഭാരതീയനാവാന്‍ കസ്റ്റംസ് വകുപ്പ് പൗരന്മാരെ ആഹ്വാനം ചെയ്തു. (1982 ഫെബ്രുരി 28, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 59, ലക്കം 50, പേജ് 48). പുതിയ കാലത്തെ ദേശദ്രോഹിയില്‍നിന്ന് ഗുണപരമായി വലിയ അര്‍ത്ഥവ്യത്യാസമുള്ള വാക്കാണ് 1982ലെ കസ്റ്റംസിന്റെ ദേശദ്രോഹമെന്ന് മാത്രം ഈ ഘട്ടത്തില്‍ പറഞ്ഞുവയ്ക്കട്ടെ.
മാധ്യമപ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ മാങ്ങാട് അക്കാലത്തെ കള്ളക്കടത്തിനെ അവതരിപ്പിക്കുന്നതുനോക്കുക:
കടലില്‍ നങ്കൂരമുറപ്പിച്ച ഉരു-കൈമാറ്റക്കച്ചവടത്തിനെത്തിയ ബോട്ടും തോണിയും, കരയില്‍ ലാന്റിങ്ങ് ഏജന്റുമാര്‍ പതുങ്ങിയിരിക്കുകയാവും. ''എന്നെപ്പറ്റി എന്തു പറയാന്‍?'' ചുകന്നു വികസിച്ച് മുഖത്ത് അലിഞ്ഞുതീര്‍ന്ന മന്ദഹാസത്തോടെ അയാള്‍ പറഞ്ഞു: ''എല്ലാം ഭാഗ്യത്തിന്റെ കളി. മറ്റൊന്നും എനിക്കറിഞ്ഞു കൂടാ...'' പിന്നെ അയാള്‍ കാറോടിച്ചുപോയി. നാലോ അഞ്ചോ വര്‍ഷം മുമ്പ് മാത്രം ദുബായിലേക്ക് ലോഞ്ച് കയറിയ അയാള്‍ കൂറ്റന്‍ ഇമ്പാലയില്‍ പതുക്കെ ഒഴുകിയപ്പോള്‍ തെരുവീഥികള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കി നിന്നു. ഇതാ, മറ്റൊരു കോടീശ്വരന്‍ കൂടി പിറന്നു വീണിരിക്കുന്നു. (കള്ളക്കടത്തിന്റെ കഥ, ബാലകൃഷ്ണന്‍ മാങ്ങാട്, മാതൃഭൂമി, 1974, ഫെബ്രുവരി 17, പുസ്തകം 51, 48, പേജ് 6).
അദ്ദേഹത്തിന്റെതന്നെ മറ്റൊരു വിവരണം കള്ളക്കടത്തിലൂടെയുണ്ടാവുന്ന ദേശീയനഷ്ടത്തിന്റെ പേരില്‍ രാഷ്ട്രീയമനഃസാക്ഷിയെയാണ് ചോദ്യം ചെയ്യുന്നത്: ''കള്ളക്കടത്ത് വിവിധ വിതാനത്തിലുള്ള ഒട്ടേറെ ആളുകളുമായും കെട്ടു പിണഞ്ഞുകിടക്കുന്നു. കച്ചവടഇറക്കുമതിവിതരണ ഏജന്റുമാര്‍ക്ക് പുറമെ വിദേശവിനിമയ വിപണന സ്ഥാപനക്കാര്‍, വിഗ്രഹ കടത്തുസംഘങ്ങള്‍, വെള്ളി വിൽപ്പനക്കാര്‍ തുടങ്ങിയവരെല്ലാം കള്ളക്കടത്തിന്റെ അനന്ത വിസ്തൃത വലയത്തില്‍ ഒതുങ്ങുന്നവരത്രേ. ഫോറിന്‍ എക്സ്ചേഞ്ചുപോലുള്ള വൈവിധ്യമാര്‍ന്ന പലതരം വ്യാപാരങ്ങള്‍ ഇതിന്റെ തണലില്‍ തഴച്ചുപടരുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തുവസ്തുക്കള്‍ ഇന്ത്യന്‍ തീരത്ത് ദിനംപ്രതി വന്നടിയുന്നുണ്ടെങ്കിലും ഇവിടത്തെ അനധികൃത ഏജന്റുമാര്‍ അൽപം മറ്റു നാടുകളിലേയ്ക്കും കടത്തിവിടുന്നുണ്ട്. ഫലമോ? കള്ളക്കടത്ത് മേഖലയിലെ ലാഭം ഇരട്ടിക്കുന്നു. എന്നാല്‍ സ്വാശ്രയശീലം വിളയിച്ചെടുക്കാന്‍ ഇവിടത്തെ മണ്ണില്‍ വേരുറച്ചുനില്‍ക്കേണ്ട വിലപ്പെട്ട പലതുമാണ് അതുവഴി കൈമോശം വന്നുപോകുന്നത്. കള്ളക്കടത്ത് ഒരു പ്രഹേളികയായി സാമൂഹ്യ രാഷ്ട്രീയ മനഃസാക്ഷിയുടെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കെ, ഇരട്ടക്കടത്തുമൂലം അങ്ങിനെ ദേശീയനഷ്ടം ഇരട്ടിക്കുകകൂടി ചെയ്യുന്നു'' (അല്പം മറുനാട്ടിലേയ്ക്കും, ബാലകൃഷ്ണന്‍ മാങ്ങാട്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1974 ഫെബ്രുവരി 17, പുസ്തകം 51, ലക്കം 49, പേജ് 8).
കള്ളപ്പണം ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയെയും സാമ്പത്തികമായുണ്ടാക്കുന്ന അലോസരങ്ങളെയും വിമര്‍ശിച്ചവരുമുണ്ടായിരുന്നു (കള്ളപ്പണമെന്ന സര്‍വാധികാരി, കെ.രാജഗോപാല്‍, 1974 ഫെബ്രുവരി 17, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 51, ലക്കം 49).
മറ്റു ചിലര്‍ കള്ളക്കടത്തിനെ അസാന്മാര്‍ഗികതയിലേക്ക് നയിക്കുന്ന പ്രതിഭാസമായാണ് കണ്ടത്. അവരുടെ അഭിപ്രായത്തില്‍ ഗള്‍ഫ് പണം നാട്ടില്‍ നാണയപ്പെരുപ്പം ഉണ്ടാക്കുന്നു. അതുവഴി കള്ളക്കടത്തിനും കരിമ്പണത്തിനും കാരണമാവുന്നു: ''നാണയപ്പെരുപ്പത്തോടൊപ്പമുണ്ടാവുന്ന മറ്റൊരു കാര്യമാണ് കള്ളക്കടത്തും കരിമ്പണവും. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ വഴി ധനം സംഭരിക്കുന്നതിനേക്കാള്‍ എളുപ്പം കള്ളക്കടത്തുവഴി അതു നേടുന്നതാണെന്നു വന്നാല്‍ കച്ചവടക്കണ്ണുകൊണ്ട് ലോകത്തെ നോക്കിക്കാണുന്നവരെ പിന്നെ സാന്മാര്‍ഗിക ചിന്തകള്‍ നിരുല്‍സാഹപ്പെടുത്തുകയില്ല. അങ്ങനെ ഉണ്ടാവുന്ന സ്വത്തും അതിനെ ചുറ്റിപ്പറ്റി വളരുന്ന സാമ്പത്തിക ശൃംഖലയും ശരിക്കും രാജ്യദ്രോഹപരമായ ഒരു സമാന്തര സമ്പദ്‌വ്യവസ്ഥിതിയാണ് കെട്ടിപ്പടുക്കുക, ആ സമ്പദ് വ്യവസ്ഥിതി വളര്‍ന്നുവരുമ്പോള്‍ നല്ല പലതും തളര്‍ന്നുപോകുന്നു. ആദ്യമായി സദാചാരമൂല്യങ്ങള്‍. പണമാണ് എല്ലാറ്റിനും കാരണക്കാരന്‍ എന്നും പണമുണ്ടായാല്‍ എല്ലാം ആയി എന്നുള്ള ബോധം മനുഷ്യനെ വഴിപിഴപ്പിക്കുന്നു. അതിന്റെ അനന്തരഫലങ്ങളാണ് കോഴയും അഴിമതിയും. (നമ്മുടെ സാമ്പത്തികപ്രതിസന്ധി, വളര്‍ച്ചയോടൊപ്പം തളര്‍ച്ചയും, പ്രഫ. പി.കെ സുരേന്ദ്രനാഥ്, മാതൃഭൂമി, 1979 സെപ്തംബര്‍ 9, പുസ്തകം 57, ലക്കം 2, പേജ് 110)-
കള്ളക്കടത്തും തൊഴില്‍സമൂഹവും
കള്ളക്കടത്തിനെ ചില പ്രത്യേക പ്രദേശത്തെ തൊഴില്‍സമൂഹവുമായി ബന്ധപ്പെടുത്തുന്ന ആഖ്യാനരീതിയും ചരിത്രത്തിലുണ്ട്. മീന്‍പിടുത്തക്കാരെയാണ് പലരും കള്ളക്കടത്തിന്റെ ഏജന്റുമാരായി കണക്കാക്കിയത്. പോള്‍ വില്യംസ് കള്ളക്കടത്തിനെ മീന്‍പിടുത്തക്കാരുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യമായാണ് കാണുന്നത്. മീന്‍പിടുത്തക്കാര്‍ പൊടുന്നനെ ഒരു ദിവസം ധനികരാവുന്നുവെന്നും കാസര്‍കോഡാണ് ഇതിന്റെ കേന്ദ്രമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കൊച്ചിയും ചേറ്റുവയും ബേപ്പൂരും കോഴിക്കോടുമാണ് മറ്റു കേന്ദ്രങ്ങള്‍. ബോംബെയിലെ മീന്‍പടുത്തക്കാര്‍ ലോകത്തിലെ ഏറ്റവും വലിയ ധനികവിഭാഗങ്ങളിലൊന്നാണെന്നും അദ്ദേഹം എഴുതുന്നുണ്ട്. (സ്വര്‍ണനായാട്ട്, പോള്‍ വില്യംസ്, മാതൃഭൂമി, 1970 ആഗസ്റ്റ് 16, പുസ്തകം 48, ലക്കം 22, പേജ് 25)
കള്ളക്കടത്തും ലീഗും: 1971ലെ നിയമസഭാ ചര്‍ച്ച
കേരളത്തില്‍ പല കാലങ്ങളിലും കള്ളക്കടത്ത് സാമഗ്രികള്‍ പിടികൂടുകയും കള്ളക്കടത്തുവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നെങ്കിലും 70കളിലാണ് ഇത് പൊതുസമൂഹത്തിന്റെ സജീവശ്രദ്ധയിലേക്ക് വരുന്നത്. പിടിച്ചെടുക്കുന്ന സാമഗ്രികളുടെ അളവില്‍ ഇക്കാലത്ത് നാടകീയമായ വര്‍ധനയുണ്ടായി. 1971 ആഗസ്റ്റ് 20ന് മാടായില്‍നിന്നുള്ള നിയമസഭാ മെമ്പറും സി.പി.എം നേതാവുമായിരുന്ന എം.വി രാഘവന്‍ നിയമസഭയില്‍ ഒരു അനൗദ്യോഗിക പ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ കടലോരങ്ങളില്‍ വ്യാപകമായി വര്‍ധിച്ചുവരുന്ന കള്ളക്കടത്തും കള്ളവ്യാപാരവും തടയാന്‍ ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്ന ഒറ്റവരി പ്രമേയമാണ് അദ്ദേഹം അവതരിപ്പിച്ചത്. ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി.പ്രമേയാവതരണത്തിനുശേഷം എം.വി രാഘവൻ ദീര്‍ഘമായി സംസാരിച്ചു. കള്ളക്കടത്ത് ക്രമാതീതമായി വര്‍ധിച്ചുവെന്നും അതിനുപിന്നില്‍ ലീഗ്കാരാണെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രധാന വാദങ്ങള്‍ ഇവയാണ്: കേരളത്തിന്റെ കടലോരങ്ങളില്‍ കള്ളക്കടത്ത് വ്യാപകമായിരിക്കുന്നു. 240 കോടി വിദേശനാണ്യം നഷ്ടപ്പെടുന്നു. കോഴിക്കോടും കാസര്‍കോഡുമാണ് കേന്ദ്രം.1970-71 കാലത്ത് പിടികൂടിയ കള്ളക്കടത്ത് വസ്തുക്കള്‍ 1968-69 കാലത്തെ അപേക്ഷിച്ചുനോക്കിയാല്‍ പതിന്മടങ്ങാണ്. 1968-69ല്‍ 1,80,000 ആയിരുന്നെങ്കില്‍ 70-71ല്‍ 75 ലക്ഷമായി. കള്ളക്കടത്തിന് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നതിന് തെളിവുണ്ട്. കള്ളക്കടത്തിനൊപ്പം കള്ളവ്യാപാരവും മനുഷ്യക്കടത്തും നടക്കുന്നു. മനുഷ്യക്കടത്തുകാര്‍ ജോലി തേടി ഗള്‍ഫിലെത്തുന്നവരെ തീരക്കടലില്‍ എറിയുന്നു. അവിടെനിന്നുവേണം കരപറ്റാന്‍. കള്ളക്കടത്തു പിടിച്ചാല്‍ ബാഫക്കി പിടിച്ചുവെന്നാണ് പറയുന്നത്. കാരണം ബാഫക്കി തങ്ങളുടെ മകന്‍ കള്ളക്കടത്തിനു പിടിയിലായി. പുതിയങ്ങാടിയില്‍ കള്ളക്കടത്തു പിടികൂടിയിട്ടുണ്ട്. അവിടെ ലീഗല്ലാതെ മറ്റാരുമില്ല. കള്ളക്കടത്തുകാര്‍ ലീഗുകാരാണ്. ലീഗ് ഖജാന്‍ജി കല്ലുട്ടാ അബ്ദുല്‍ഖാദര്‍ ഹാജിയാണ് കള്ളക്കടത്തുവ്യാപാരം നടത്തുന്നത്. മുസ്‍ലിം ലീഗ് നേതാക്കന്മാര്‍ പത്തുലക്ഷം ഉറുപ്പികകളുടെ സാധനങ്ങള്‍ തട്ടിക്കൊണ്ടുപോയി കസ്റ്റംസ് ഉദ്യോഗസ്ഥന്മാരെ ഐസ് പ്ലാന്റിലെ ഒരു മുറിയിലിട്ട് മര്‍ദ്ദിച്ചു. എന്നിട്ട് ജനാബ് മുഹമ്മദ്‌കോയയുടെ പോലിസ് യാതൊരു നടപടിയും എടുത്തിട്ടില്ലെന്നത് ലജ്ജാകരമാണ്. മുസ്‍ലിംലീഗിന്റെ ഖജാന്‍ജിയായ കല്ലൂട്ടാ അബുദല്‍ ഖാദര്‍ ഹാജിയാണ് ഈ രാജ്യത്ത് കള്ളക്കടത്ത് വ്യാപാരം നടത്തുന്നതിന്റെ മുന്നില്‍. മുസ്‌ലിംതൊഴിലാളികളുടെ കയ്യില്‍നിന്ന് പണം വാങ്ങി അവരെ ഗള്‍ഫിനടുത്ത തീരത്തോടടുത്ത തള്ളിവിടുന്നത് ഓര്‍ക്കുമ്പോള്‍ മതത്തിന്റെയും സമൂഹത്തിന്റെയും പേരില്‍... (ഈ വാചകം അദ്ദേഹത്തിന് മുഴുവിക്കാനായില്ല).(നിയമസഭാ രേഖകള്‍, നിയമസഭ.org) തുടര്‍ പ്രസംഗത്തില്‍ അദ്ദേഹം ലീഗിനെ വിശേഷിപ്പിച്ചത് പത്തുലക്ഷത്തിന്റെയും കള്ളക്കടത്തിന്റെയും അനുയായികളെന്നാണ്- നിയമവിരുദ്ധ ലോഞ്ചുകളിലും ഉരുവിലും കയറി ഗള്‍ഫിലേക്ക് കുടിയേറിയ ആദ്യകാല പ്രവാസികളെയാണ് രാഘവന്റെ ഒടുവില്‍ പറഞ്ഞ വിമര്‍ശനം ലക്ഷ്യമിട്ടത്.
ലീഗിനെയും ലീഗ് മന്ത്രിമാരെയും കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ആഖ്യാനം ചെയ്യുന്ന ശൈലി പൊതുസമൂഹത്തില്‍ കാര്‍ട്ടൂണുകളായും പ്രസംഗങ്ങളായും നിലനിന്നിരുന്നെങ്കിലും അതിനൊരു ഔദ്യോഗിക സ്വഭാവം വരുന്നത് രാഘവന്റെ പ്രമേയത്തോടെയാണ്. സ്വാഭാവികമായും പ്രമേയത്തോടുള്ള സഭയുടെ നിലപാട് സമ്മിശ്രമായിരുന്നു. ചിലര്‍ പ്രമേയത്തെ അംഗീകരിക്കുമ്പോഴും ലീഗിനെ കള്ളക്കടത്തുമായി കൂട്ടിക്കെട്ടുന്നതിനെ എതിര്‍ത്തു. ആര്‍.എസ്.പി നേതാവ് കെ.പങ്കജാക്ഷന്റെ സഭയിലെ പ്രസംഗം മര്‍മത്തെ തൊടുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെയും പുരുഷോത്തമന്‍പിള്ളയുടെയും കാര്യത്തില്‍ ഇത്തരം സാധനങ്ങള്‍(വിദേശനിര്‍മിത വസ്തുക്കള്‍) ഭാര്യയുടെ ആങ്ങളയോ അമ്മാവന്‍മാരോ കൊണ്ടുവന്നു തന്നതാകുമ്പോള്‍ ഒരു തങ്ങളുടെയോ ഒരു തോമസിന്റെയോ കാര്യമാകുമ്പോള്‍ അതൊരു സമുദായത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നമാക്കിയുള്ള പരാമര്‍ശം ഉണ്ടാകുന്നത് വളരെ ഖേദകരമാണ്. ഇതിനു മുമ്പും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോള്‍ ചില പ്രത്യേക സമുദായങ്ങളെമാത്രം ഊന്നി അധിക്ഷേപിക്കത്തക്ക തരത്തില്‍ സംസാരിക്കുന്നതിന് ചില ബഹുമാന മെമ്പര്‍മാര്‍ ഈ നിയമസഭാതലം ഉപയോഗിച്ചിട്ടുണ്ട്. കള്ളക്കടത്തിനെപ്പറ്റിയും കള്ളക്കച്ചവടത്തെപ്പറ്റിയും പറഞ്ഞപ്പോള്‍ ബാഫക്കി തങ്ങളെപ്പറ്റിയും മുസ്‍ലിം ലീഗിനെപ്പറ്റിയും അധിക്ഷേപിച്ച എന്റെ ബഹുമാന്യ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വ്വം പൊന്നാനി കടല്‍ പ്രദേശത്തെ വിസ്മരിക്കാന്‍ ശ്രമിച്ച ദയനീയ ചിത്രമാണ് ഇവിടെ തെളിഞ്ഞുവന്നത്'' - കള്ളക്കടത്തിനെ ലീഗുമായി മാത്രമല്ല, മുസ്‍ലിംകളുമായി ചേര്‍ത്തുവയ്ക്കുന്നതിനെയുമാണ് അദ്ദേഹം ചോദ്യം ചെയ്തത്.
സി.എച്ചിന്റെ മറുപടിപ്രസംഗം: രാഘവന്റെ പ്രമേയത്തില്‍ ഇടപെട്ട് പല മെമ്പര്‍മാരും സംസാരിച്ചു. സിഎച്ചായിരുന്നു പ്രമേയത്തിന് മറുപടി പറഞ്ഞത്. കുറ്റകൃത്യങ്ങളെ സമുദായംതിരിച്ചും പാര്‍ട്ടി തിരിച്ചും ആക്ഷേപിക്കുന്നതിനെതിരേ ആഞ്ഞടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം:
ഇന്ത്യയിലാകമാനം കളളക്കടത്തുളളപ്പോള്‍ അത് ഇവിടെയുളള ചില ആളുകളുടെ മേല്‍ മാത്രം ആരോപിച്ച് രക്ഷപ്പെടുന്നത് തെറ്റാണ്. ഇന്ത്യയിലാകമാനം സംഘടിതമായ രീതിയില്‍ വലിയ തോതില്‍ അന്താരാഷ്ട്ര കളളക്കടത്ത് സംഘങ്ങളുടെ നിയന്ത്രണത്തില്‍ കളളക്കടത്തുനടത്തുന്നുണ്ട്. അതിന്റെ കൂട്ടത്തില്‍ പലരും പിടിക്കപ്പെടും. അതില്‍ ചിലര്‍ക്ക് ഏതെങ്കിലും ആളുകളോട് ബന്ധവും ഉണ്ടാവും. ആ ബന്ധം രാഷ്ട്രീയമായ ആയുധമായി ഉപയോഗിക്കാന്‍ പലരും പണ്ടുകാലത്ത് ശ്രമിച്ചിട്ടുണ്ട്. (...) എന്നുമാത്രമല്ല സ്റ്റേയ്റ്റില്‍ നടന്ന സംഭവങ്ങളുടെ പട്ടിക ഞാന്‍ പരിശോധിച്ചു നോക്കുകയുണ്ടായി. അതില്‍ ജാതിയില്ല, മതമില്ല, ജില്ലയില്ല, കോട്ടയം തൊട്ട് 10 ജില്ലകളില്‍നിന്നുമുള്ള ആളുകളുണ്ട്. അതില്‍ അബ്ദുല്‍ ജബ്ബാറുണ്ട്, ഉണ്ണികൃഷ്ണനുണ്ട്, കുര്യാക്കോസുണ്ട്. ഇതെല്ലാവരും സാമാന്യം നല്ല പ്രാതിനിധ്യസ്വഭാവത്തോടുകൂടി ഏറ്റെടുത്തിരിക്കുന്നു എന്നുളളതാണ് പരമാര്‍ത്ഥം. ഇതുമാത്രമല്ല ഇവിടെ പലരും സൂചിപ്പിച്ചതുപോലെ കളളനോട്ട്, കള്ളഡോളര്‍ ഇതുപോലുളള ധാരാളം കേസുകളുണ്ട്. ഇവയെല്ലാം കളവായി രാജ്യത്തുനിന്നും ഉളളതാണെന്നും കാണാം. ചൈനയില്‍ നിന്നു വരുന്നുണ്ട്, അറേബ്യന്‍ രാജ്യ ങ്ങളില്‍നിന്നു വരുന്നുണ്ട്, അമേരിക്കയില്‍ നിന്നു വരുന്നുണ്ട്, ജപ്പാനില്‍ നിന്നു വരുന്നുണ്ട്. ഈ കാര്യത്തിലും യാതൊരു ചേരിയുമില്ല. അതുപയോഗിക്കുന്നവരാണെങ്കില്‍ എല്ലാ ആളുകളും ഉപയോഗിക്കുന്നുണ്ട്. (...)
പൊതുജനങ്ങള്‍ അറിയട്ടെ എന്നുവച്ചുമാത്രം പറയുകയാണ്. എന്റെ പാര്‍ട്ടിക്കോ ഞാന്‍ ഉള്‍ക്കൊളളുന്ന ഗവണ്‍മെന്റിനോ ആഭ്യന്തരകാര്യമന്ത്രിയെന്ന നിലയില്‍ എനിക്കോ ഭരണകക്ഷികളില്‍ ഏതെങ്കിലും കക്ഷിക്കോ കളളക്കടത്തുമായി യാതൊരു ബന്ധവുമില്ല. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലുളള ചില ആളുകള്‍ അസാന്മാര്‍ഗ്ഗികമായ, സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടാറുളളതുപോലെ ഞങ്ങളുടെ പാര്‍ട്ടിയിലുളളവരും ഇങ്ങനെയുളള പ്രവൃത്തികളില്‍ ബന്ധപ്പെട്ടു എന്നു വരും. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലുളളവരില്‍ കൊലപാതകം നടത്തുന്നവര്‍ കാണും. അതുകൊണ്ട് മാര്‍ക്‌സിപാര്‍ട്ടിക്കാരെല്ലാം കൊലപാതകികളാണെന്നു പറയാനൊക്കുമോ? മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍പ്പെട്ടവരില്‍ മറ്റ് അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ കാണും. അപ്പോള്‍ എല്ലാ മാര്‍ക്‌സിസ്റ്റുകാരും അങ്ങനെയുളളവരാണെന്നു പറയാമോ? അതുപോലെ ഞങ്ങളുടെ പാര്‍ട്ടിയിലും ഉണ്ടായിരിക്കുമെന്നല്ലാതെ ഞങ്ങള്‍ക്ക് ഇതുമായി പ്രത്യേകമായ യാതൊരു ബന്ധവുമില്ല.
സിഎച്ചിന്റെ പ്രസംഗത്തിനുശേഷം പ്രമേയം വോട്ടിനിട്ടു. 35നെതിരേ 59 വോട്ടുകള്‍ക്ക് അത് തള്ളിപ്പോയി.
ഇക്കാലത്ത് ലീഗിനെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന നിരവധി വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ അച്ചടിച്ചുവന്നു. ലീഗിന് അന്തര്‍ദേശീയ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നു പോലും ചിലര്‍ ആക്ഷേപിച്ചു. ലീഗും കള്ളക്കടത്തും തമ്മിലുള്ള ബന്ധം അക്കാലത്തെ കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടവിഷയമായിരുന്നു.
മന്ത്രിയെന്നും തന്ത്രിയെന്നും പേരില്‍ വരച്ചിരുന്ന കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വലിയ കള്ളക്കടത്തു സംഘത്തെ കസ്റ്റഡിയിലെടുക്കുമെന്ന അഡിഷണല്‍ കസ്റ്റംസ് കളക്ടറുടെ പത്രക്കുറിപ്പ് കാണുന്ന സിഎച്ച് കസ്റ്റംസ് വകുപ്പുകൂടി തന്റെ വരുതിയിലാക്കാനെന്താണ് വഴിയെന്ന് ആലോചിക്കുകയാണ്. തന്നെ കേന്ദ്ര മന്ത്രിയാക്കിയാല്‍ മതിയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആത്മഗതം. 70 ജൂണില്‍ പുറത്തുവന്ന ഈ കാര്‍ട്ടൂണിന്റെ അടിക്കുറിപ്പ് രാഷ്ട്രാന്തര കള്ളക്കടത്തുസംഘവുമായി ലീഗുകാര്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തയാണ്. (സിഎച്ച് സ്‌കെച്ചസ്, സമാഹരണം കമാലുദ്ദീന്‍, ചന്ദ്രിക പ്രസിദ്ധീകരണം). മന്ത്രിയുടെ മറ്റു ചില കാര്‍ട്ടൂണുകള്‍ ലീഗുകാരെ പോക്കറ്റടിക്കാരും കള്ളന്മാരും കള്ളക്കടത്തുകാരുമായി ചിത്രീകരിക്കുന്നതായിരുന്നു.
സര്‍ക്കാരുദ്യോഗസ്ഥന്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ ഇതിനിടെയില്‍ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇതും കാര്‍ട്ടൂണിന് വിഷയമായി. ഈ കാര്‍ട്ടൂണിലും സി.എച്ചിനെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തിയിരുന്നു. തന്നെ തിരിച്ചെടുക്കാന്‍ അപേക്ഷിച്ച് സി.എച്ചിന്റെ കൂടെ നില്‍ക്കുന്ന മന്ത്രിയെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലീഗുകാര്‍ക്ക് കള്ളക്കടത്തുമായി ബന്ധമില്ലെന്ന് താന്‍ വരക്കാമെന്നാണ് വാഗ്ദാനം. കള്ളക്കടത്തുകാരനായി ചിത്രീകരിക്കപ്പെട്ടിട്ടും മന്ത്രിയെ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ശുപാര്‍ശയില്‍ സി.എച്ച് തിരിച്ചെടുത്തു.
കള്ളക്കടത്തിലെ മാന്യന്മാര്‍
ഒരു ഭാഗത്ത് കള്ളക്കടത്തിനെ ലീഗുമായും മുസ് ലിംകളുമായും ബന്ധപ്പെടുത്താനുള്ള ശ്രമങ്ങള്‍ നിയമസഭയ്ക്കുള്ളില്‍ നടന്നിരുന്നെങ്കിലും അതൊരു കൂട്ടായ പ്രവണതയായി രൂപപ്പെട്ടിരുന്നില്ല. ടൈംസ് ഓഫ് ഇന്ത്യയില്‍ 1974-ല്‍ പി.കെ. രവീന്ദ്രനാഥ് എഴുതിയ റിപോര്‍ട്ട് (കേരളാസ് ജെന്റില്‍ മെന്‍ സ്മഗ്ലേഴ്സ്, പേജ് 4, 29 സെപ്തംബര്‍ 1974) കേരളത്തിലെ കള്ളക്കടത്തു വ്യാപാരത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ട്. വടക്കന്‍ കേരളത്തിലെ മുസ്ലിംകളായ കള്ളക്കടത്തു വ്യാപാരികളുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പ്രസ്തുത ലേഖനം ചര്‍ച്ച ചെയ്യുന്നു.
ഐക്യകേരളത്തില്‍ 1950കള്‍ മുതല്‍ വിവിധ തുറമുഖങ്ങള്‍ വഴി കള്ളക്കടത്തു സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമ, കൃഷി, മരവ്യവസായം തുടങ്ങിയ മേഖലകളില്‍ നിക്ഷേപവും നടത്തിയിരുന്നു. 1974ല്‍ കള്ളക്കടത്ത് കേസില്‍ കല്ലട്ര അബ്ബാസ് ഹാജി അറസ്റ്റിലായി. മുസ്‍ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയും ലീഗ് നേതാവായിരുന്നു. 1973ല്‍ മുസ്‍ലിം ലീഗ് നേതാവായ ബാഫഖി തങ്ങള്‍ ജിദ്ദയില്‍വെച്ചു അന്തരിച്ചപ്പോള്‍ കൂടെ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയും ഉണ്ടായിരുന്നു.
കള്ളക്കടത്തില്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മുഖ്യ എതിരാളിയായി ഉണ്ടായിരുന്നത് കെ.എസ് അബ്ദുല്ലയായിരുന്നു. ഇദ്ദേഹം ഒരു മനുഷ്യസ്‌നേഹിയാണെന്നാണ് (ഫിലാന്ത്രോപിസ്റ്റ്) പി.കെ. രവീന്ദ്രനാഥ് വിവരിക്കുന്നത്. വലിയ ജനകീയപിന്തുണ കെ.എസ് അബ്ദുല്ലക്കു ഉത്തരകേരളത്തിലുണ്ടായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കോളര്‍ഷിപ്പുകളും അബ്ദുല്ല സ്ഥാപിച്ചു നടപ്പാക്കി. 1973ല്‍ സമസ്ത കേരള സാഹിത്യ പരിഷദിന്റെ വാര്‍ഷിക സമ്മേളനം നടത്തിയത് കെ എസ് അബ്ദുല്ലയായിരുന്നു.
എന്നാല്‍ ഈ റിപോര്‍ട്ടിലെവിടെയും മുസ്‍ലിം രാഷ്ട്രീയത്തിന്റെ പ്രത്യേകതയായി കളളക്കടത്തിനെ കാണുന്നില്ല. നേരത്തെ പറഞ്ഞ 1971ലെ നിയമസഭാ ചര്‍ച്ചയില്‍ എം.വി രാഘവന്‍ കല്ലട്രയെ പേരെടുത്തു പറഞ്ഞാണ് വിമര്‍ശിച്ചതെന്ന് നാം കണ്ടു. നിയമസഭയുടെ പരിരക്ഷയ്ക്കുള്ളില്‍നിന്ന് പറയാതെ ദേശാഭിമാനിയില്‍ എഴുതാന്‍ ധൈര്യമുണ്ടോയന്നാണ് സി.എച്ച് മുഹമ്മദ് കോയ പ്രമേയമവതരിപ്പിച്ച രാഘവനെ വെല്ലുവിളിച്ചത്. അതായത് മുക്കിയും മൂളിയും മാത്രം നടന്നിരുന്ന ഒരു പ്രചാരണത്തിന്റെ സ്വഭാവമായിരുന്നു അന്ന് ഈ ആരോപണങ്ങള്‍ക്കുണ്ടായിരുന്നത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ രാഘവന്‍ ലീഗിനെ ലക്ഷ്യമിട്ടെങ്കിലും ന്യൂനപക്ഷരാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതുവിമര്‍ശനമായി അത് മാറിയില്ലെന്നു വേണം കരുതാന്‍.
എങ്കിലും 1974ലെ കല്ലട്ര അബ്ബാസ് ഹാജിയുടെ അറസ്റ്റ് ഒരു നിര്‍ണായകമായ സന്ദര്‍ഭമാണ്. ന്യൂനപക്ഷ രാഷ്ട്രീയവുമായി ചേര്‍ത്തുവച്ച് കള്ളക്കടത്ത് ചര്‍ച്ച ഈ ഘട്ടത്തില്‍ മൂര്‍ദ്ധന്യത്തിലെത്തി. കല്ലട്ര സഹോദരന്‍മാരുടെ അറസ്റ്റോടെയാണ് കേരളത്തില്‍ വിദേശബന്ധവും കളളക്കടത്തും മുസ്ലിംന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുന്നതെന്നു തിയോഡര്‍ റൈറ്റ് 1982ല്‍ എഴുതിയ (ഇന്ത്യന്‍ മുസ്ലിംസ് ആന്‍ഡ് മിഡിലീസ്റ്റ്, ജേണല്‍ ഓഫ് സൗത്തേഷ്യന്‍ ആന്‍ഡ് മിഡിലീസ്റ്റേണ്‍ സ്റ്റഡീസ്, വോള്യം 4, 1982)ലേഖനത്തില്‍ പറയുന്നത് ഇത് പരിഗണിച്ചുകൊണ്ടായിരിക്കണം. കള്ളക്കടത്തു ചര്‍ച്ച മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടം ഇതായിരിക്കാമെങ്കിലും 71ല്‍ നിയമസഭയ്ക്കുള്ളില്‍ത്തന്നെ ഈ ചര്‍ച്ച രൂപം കൊണ്ടുവെന്ന് നാം കാണുകയുണ്ടായി.
ഗള്‍ഫ് സ്വാധീനവും കള്ളക്കടത്തും
ഗള്‍ഫ് സ്വാധീനത്തെക്കുറിച്ചുള്ള പല ചര്‍ച്ചകളും ഇക്കാലയളവില്‍ കേരളത്തില്‍ അരങ്ങേറി. ഗള്‍ഫ് പ്രവാസവും കള്ളക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു വിമര്‍ശകരുടെ പ്രധാന വാദം. 1980 തുടക്കത്തില്‍ കേരളത്തിലെ ഗള്‍ഫ് സ്വാധീനത്തെക്കുറിച്ച് മദ്രാസ് സര്‍വകലാശാലയ്ക്കുവേണ്ടി അര്‍പുതരാജ്, കമലാദേവി എന്നിവര്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. ചാവക്കാട് കേന്ദ്രീകരിച്ച് നടത്തിയ ആ പഠനം ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് ചില കണക്കുകള്‍ നല്‍കുന്നുണ്ട്. ആ കണക്കനുസരിച്ച് മുസ്‍ലിംകളാണ് ഗള്‍ഫ് കുടിയേറ്റത്തില്‍ മുന്നില്‍നില്‍ക്കുന്നത്. 5.10 ലക്ഷം മലയാളികള്‍ സംസ്ഥാനത്തിനു പുറത്തു ജോലി ചെയ്യുന്നു. അതില്‍ 2.08 ലക്ഷം രാജ്യത്തിന് വെളിയില്‍. അതില്‍ 90ശതമാനവും ഗള്‍ഫില്‍.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരില്‍ 63 ശതമാനവും തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍നിന്നായിരുന്നു. മൊത്തം പ്രവാസികളില്‍ 11 ശതമാനത്തിനടുത്ത് ഈ ജില്ലകളോരോന്നും പുറത്തേക്കയച്ചിട്ടുണ്ട്. മൊത്തം കുടിയേറ്റക്കാരില്‍ അഞ്ചിലൊന്നും തൃശൂര്‍ ജില്ലയില്‍നിന്നാണ്. തൃശൂരിലെ വെളിയില്‍പോയിരിക്കുന്ന 40,224 പേരില്‍ 37,818 പേരും ഗള്‍ഫിലാണ്. അതായത് 95ശതമാനം. ചാവക്കാടുനിന്നു മാത്രം 17,160 പേര്‍. അവരില്‍ 16,278 പേര്‍ ഗള്‍ഫില്‍. ചാവക്കാട് ബ്ലോക്കില്‍നിന്നു മാത്രം 7,634 പേര്‍ പുറത്താണ്. അതില്‍ 6,962 പേര്‍ ഗള്‍ഫിലാണ്. ഗള്‍ഫ് മലയാളികള്‍ 500 കോടി രൂപയാണ് രാജ്യത്തേക്ക് തിരിച്ചയക്കുന്നത്.
ഗള്‍ഫ് പണം രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളാണ് പഠനത്തിന്റെ ഒരു ഭാഗം. ഗള്‍ഫ് പണത്തെ കള്ളക്കടത്തുമായി ബന്ധപ്പെടുത്ത ഒരു സൂചനയും ഈ പഠനത്തില്‍ നല്‍കിയിട്ടില്ലെങ്കിലും മാതൃഭൂമിയിലെ എഡിറ്റോറിയല്‍ ബോര്‍ഡ് ഗള്‍ഫിനെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തുന്ന ഒരു ചിത്രമാണ് ലേഖനത്തോടൊപ്പം ചേര്‍ത്തത്. കള്ളക്കടത്ത് രാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന ഉപദേശവും കാപ്ഷനിലുണ്ട്. (ഗള്‍ഫ് പണത്തിന്റെ സ്വാധീനം കേരളത്തില്‍, 1982, ജൂലൈ 4, പുസ്തകം 60, ലക്കം 16, പേജ് 14)
ഗള്‍ഫ് കുടിയേറ്റം സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയെന്നാണ് ലേഖനത്തോട് പ്രതികരിച്ച ചില വായനക്കാരുടെ അഭിപ്രായം. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്ന് ചെറാട്ടു ബാലകൃഷ്ണന്‍, തലോര്‍ ആവശ്യപ്പെട്ടു(1982 ആഗസ്റ്റ് 1, പുസ്തകം 60, ലക്കം 20, പേജ് 5). ഗള്‍ഫു കുടിയേറ്റത്തെ മുസ് ലിംകളുമായി ബന്ധപ്പെടുത്തിയതിനോട് വിയോജിച്ചവരുമുണ്ടായിരുന്നു. (എന്‍ മൂസക്കുട്ടി, പുതിനിരുത്തി, ഖത്തര്‍). ഗള്‍ഫിലേക്ക് പോകാന്‍ ചരിത്രപരമായ കാരണങ്ങളാല്‍ മറ്റുള്ളവരേക്കാള്‍ മുസ് ലിംകള്‍ക്ക് എളുപ്പമാണെന്ന് ലേഖനം വാദിച്ചിരുന്നു. വിസ ലഭിക്കുന്നതില്‍ ജാതി-മത വ്യത്യാസങ്ങളൊന്നുമില്ലെന്നായിരുന്നു മൂസക്കുട്ടിയുടെ പ്രതികരണം.
ഇക്കാലത്തും ഗള്‍ഫ് പണം നാട്ടിലുണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് പ്രചാരണം നടന്നിരുന്നു. മൂല്യനിരാസം, അസന്മാര്‍ഗികത്വം, നാണയപ്പെരുപ്പം തുടങ്ങി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. കള്ളപ്പണത്തിന്റെ സ്വാധീനമായിരുന്നു പല വിമര്‍ശകരും ചൂണ്ടിക്കാട്ടിയത്. നാട്ടിലേക്ക് അയക്കുന്ന പണം നിയന്ത്രിക്കണമെന്നു പറഞ്ഞവരുമുണ്ടായിരുന്നു. (ഇവിടെ മനുഷ്യന് വിലയില്ല, കെ.കെ ഗോപാലകൃഷ്ണന്‍, 1992 മാര്‍ച്ച് 22, പുസ്തകം 70 ലക്കം 3, പേജ് 6-തുടര്‍ ലക്കങ്ങളിലെ കത്തുകളും).
ഗള്‍ഫും കള്ളക്കടത്തും മുസ്‌ലിംകളും
മുസ് ലിംകുടിയേറ്റക്കാരുടെ ആധിക്യം പരിഗണിച്ച് ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തെ ഒരു മുസ്‌ലിംപ്രവണതയായാണ് അടയാളപ്പെടുത്തിയിരുന്നത്. ഗള്‍ഫ് പണത്തെയും കള്ളക്കടത്തിനെയും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള ഈ ആഖ്യാനത്തിലേക്ക് മുസ്‌ലിംഘടകം കൂട്ടിച്ചേര്‍ക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. ലീഗുമായി ബന്ധപ്പെടുത്തിക്കൊണ്ടാണെങ്കിലും കള്ളക്കടത്തിനെക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍ എഴുപതുകള്‍ തുടങ്ങി അത്തരമൊരു ധാര നിലവിലുണ്ടായിരുന്നുവെന്ന് നാം കണ്ടതാണ്.
താനൂരും വര്‍ക്കലയിലും ചാവക്കാടും പടര്‍ന്നുകിടക്കുന്ന ഗള്‍ഫ് സ്വാധീനത്തെഴുതിയ ഒരു എഴുത്തുകാരന്‍ അത് ഗ്രാമീണമേഖലയില്‍ ഉണ്ടാക്കിയ സാമൂഹ്യമായ പരിണാമത്തെ മതപരമായി വായിക്കാന്‍ ശ്രമിക്കുന്നതായി കാണാം. കുഴല്‍പ്പണം ഗ്രാമങ്ങളില്‍ എന്ന പേരില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ എന്‍.നമ്പൂതിരി നിരവധി സാങ്കല്‍പ്പിക കഥാപാത്രങ്ങളിലൂടെയാണ് കള്ളക്കടത്തിന്റെ കഥ പറയുന്നത്. പണക്കാരായി മാറുന്നവരില്‍ ഏതാണ്ട് മുഴുവന്‍ പേരും മുസ് ലിംസമൂഹത്തിലുള്ളവരാണ്. പണം കയ്യിലാവുന്നതോടെ മക്കത്തുപോയി ഹാജിയാരാവുകയാണ് ഒരാള്‍. കൃഷി ചെയ്ത് ജീവിച്ചിരുന്ന പഴയ തറവാടികളും തിരുമേനിമാരും നേരംപോക്കിന് കൃഷി ചെയ്യുന്ന 'മുഹമ്മദി'നോട് തോല്‍ക്കുകയാണ്. ഇതൊക്കെ അവര്‍ക്ക് നല്‍കുന്നത് കുഴല്‍പ്പണത്തിലൂടെ വന്ന സമൃദ്ധിയാണ്. (കുഴല്‍പ്പണം ഗ്രാമങ്ങളില്‍, എന്‍ നമ്പൂതിരി, 1974 ഫെബ്രുവരി 24, പുസ്തകം 51, ലക്കം 50, പേജ് 12, മാതൃഭൂമി)
1974ല്‍ മാതൃഭൂമിയില്‍ കള്ളക്കടത്തിനെക്കുറിച്ചെഴുതിയ ബാലകൃഷ്ണന്‍ മാങ്ങാട് യൂസുഫ് എന്ന സാങ്കല്‍പ്പിക മുസ് ലിം കോടീശ്വരന്റെ കഥയിലൂടെയാണ് കള്ളക്കടത്തിന്റെ കഥ പറഞ്ഞുതുടങ്ങുന്നത്. ബോംബെയിലെ അബ്ദുള്‍ റഹിം എന്ന ഫക്കീറാണ് അയാളെ കള്ളക്കടത്തിലേക്ക് ആനയിക്കുന്നത്. ഇവിടെയും കള്ളക്കടത്തിന്റെ കേന്ദ്രമായി കാസര്‍കോഡിനെയാണ് സ്ഥാനപ്പെടുത്തുന്നത് (കള്ളക്കടത്തിന്റെ കഥ, ബാലകൃഷ്ണന്‍ മാങ്ങാട്, മാതൃഭൂമി, 1974, ഫെബ്രുവരി 10, പുസ്തകം 51, 48, പേജ് 6).
ബാലകൃഷ്ണന്‍ മാങ്ങാട് കള്ളക്കടത്തിനൊപ്പം പെണ്‍കള്ളക്കടത്തിനെക്കുറിച്ചുള്ള ചില സൂചനകളും നല്‍കുന്നുണ്ട്. കള്ളക്കടത്തുസാധനങ്ങളുമായി പോകുന്ന ഉരുവില്‍ പെണ്‍കുട്ടികളെ കടത്തുന്ന സംഘത്തെ പിടിച്ചതായും അതില്‍ മലയാളികളും ഉള്‍പ്പെട്ടിരുന്നതായും അദ്ദേഹം എഴുതി. തൊഴിലില്ലായ്മകൊണ്ട് വീര്‍പ്പുമുട്ടുന്ന യുവതികളെയാണ് അറബികളുടെ വെപ്പാട്ടികളാക്കാന്‍ പെണ്‍വാണിഭക്കാര്‍ വലയിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു (1974 ഫെബ്രുവരി 17, പുസ്തകം 51, ലക്കം 49, പേജ് 8, അല്പ്പം മറുനാട്ടിലേക്കും , ബാലകൃഷ്ണന്‍ മാങ്ങാട്)
നാട്ടിലെ ഗള്‍ഫുകാര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കള്ളക്കടത്തുകേന്ദ്രമായി കാണുകയെന്നതായിരുന്നു അടുത്ത പടി. ചാവക്കാടും കാസര്‍കോഡും തിരൂരും പോലുള്ള പ്രദേശങ്ങള്‍ ഇത്തരം വായനയുടെ ഭാഗമായി വിവിധ കാലത്ത് കള്ളക്കടത്തുകേന്ദ്രമായും കണക്കാക്കപ്പെട്ടു. 1974 ല്‍ ഗള്‍ഫുകാരെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തോട് ചാവക്കാടുനിന്നുള്ള ഒരാളുടെ പ്രതികരണം നോക്കുക: അദ്ദേഹം വിവരിച്ച പ്രദേശത്തു നിന്ന് ഒരു പത്തു നാഴികയോളം തെക്കോട്ടു സഞ്ചരിച്ചിരുന്നെങ്കില്‍ കൂടുതല്‍ രസകരമായ ഒരു 'സദ്യ' വിളമ്പിത്തരാമായിരുന്നു. ചെറിയ രണ്ടോ, മൂന്നോ വളവും കഴിഞ്ഞു നേരെ തെക്കോട്ടു താറിട്ട ഒന്നാം തരം റോഡിലൂടെ നടന്നെത്തുന്ന സ്ഥലം. 'കാല്‍വണ്ടി'യില്‍ യാത്ര ചെയ്താല്‍ കേമമായി. കൃത്യം പത്തു നാഴിക നടന്നാല്‍ കാണുന്ന മായാലോകം. 80 കൊല്ലം മുമ്പ് പെണ്ണുങ്ങള്‍ പകലൊറ്റയ്ക്ക് നടക്കാന്‍ മടിച്ചിരുന്ന ലോകം, ഇന്ന് പരിഷ്‌ക്കാരത്തിന്റെ ഉച്ചകോടിയിലെത്തിയിരിക്കുകയാണ്. ചെറ്റപ്പുരകള്‍ കാണാന്‍ കൊതിക്കും. എങ്ങും മണിമാളികകള്‍. നിറയെ പേര്‍ഷ്യക്കാരാലലംകൃതം. എങ്ങും ഹിപ്പി തലമുടിക്കാര്‍. രാത്രിയിലും റയോണ്‍ കൂളിങ്ങ് ഗ്ലാസും വെച്ചേ നടക്കൂ. പണം കൊണ്ടാറാട്ട്. ഒറ്റനോട്ടും ചില്ലറയും നാട്ടില്‍ നിന്നപ്രത്യക്ഷമായി. ഒരു രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയാലും നൂറ് രൂപ വെച്ചുനീട്ടും. ബാക്കി വാങ്ങുമ്പോള്‍ ചില്ലറയുണ്ടായാല്‍ അതൊരു ബോറ്. അതൊരു വലിയ ഭാരം. വിചിത്രമായ വേറൊരു സത്യമുണ്ട്. നാട്ടില്‍ ഗവ. സര്‍വീസില്‍ 300 രൂപ വരെ ശമ്പളം കിട്ടുന്നവനും പെണ്ണുകിട്ടാന്‍ വിഷമം. കാരണം അവന്‍ പേര്‍ഷ്യക്കാരനല്ലാത്തത് കൊണ്ട് തന്നെ. നാട്ടിലെ 300 രൂപക്കാരന്‍ തുലഞ്ഞവന്‍, ഗതികെട്ടവന്‍. പേര്‍ഷ്യക്കാര്‍ തങ്ങളുടെ ഇനത്തില്‍ പെട്ട കുടുംബങ്ങളിലേ പെണ്ണന്വേഷിക്കൂ. അരി സേറിന്നിവിടെ 5 രൂപ 75 പൈസയാണ്. പെണ്ണിന്നു കൂലി നാലര രൂപ തൊട്ടു ആറര വരെയുണ്ട്. മരാശാരി കാക്കി സഞ്ചിയിലല്ല തങ്ങളുടെ പണിയായുധം കൊണ്ടു പോകുന്നത്. ഒന്നാം തരം സൂട്ടുകേയിസിലാണ്. പതിനായിരം 'സക്കാത്ത്' കൊടുത്താല്‍ എത്ര ചെറുത്. ഒരു ലക്ഷം കൊടുത്ത ഹാജിയാരുണ്ടിവിടെ. ഒരു ഗ്‌ളാസ് പാലിന്ന് 75 പൈസയാണിവിടെ വില. ഇന്ത്യയില്‍ ഇമ്മാതിരി വേറെ വല്ല സ്ഥലത്തും ഉണ്ടോ?'' (കളക്കടത്തും കള്ളപ്പണവും, ചോഴി ചാവക്കാട്(കത്ത്), 1974 ഏപ്രില്‍ 7, പുസ്തകം 52,ലക്കം 3, പേജ് 4). കള്ളക്കടത്തും കള്ളപ്പണവും എന്നാണ് കത്തിന്റെ ശീര്‍ഷം.
സാഹിത്യത്തിലെ കള്ളക്കടത്ത് രൂപകങ്ങൾ:
എഴുപതുകളില്‍ കള്ളക്കടത്തിനെ ലീഗുമായി ബന്ധപ്പെടുത്തി കണ്ടിരുന്നെങ്കിലും പൊതുമുസ്‍ലിംസ്വഭാവമായി കണ്ടിരുന്നില്ല. ഏറെ താമസിയാതെ സ്വാഭാവികമെന്നോണം ആഖ്യാനങ്ങള്‍ ആ ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങി. എഴുപതില്‍നിന്ന് വ്യത്യസ്തമായി ലീഗിനെപ്പോലുള്ള ഒരു സംഘടനയുടെ ഇടനിലയില്ലാതെത്തന്നെയാണ് ഇത് വികസിക്കപ്പെട്ടത്. 1980 ജൂലൈ 13ാം തിയ്യതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് (നാടെവിടെ മക്കളെ? അയ്യപ്പപ്പണിക്കര്‍, ജൂലൈ 13, 1980, മാതൃഭൂമി, പുസ്തകം 58, ലക്കം 17, പേജ് 19)അയ്യപ്പപ്പണിക്കരുടെ ഒരു കവിത പ്രസിദ്ധീകരിച്ചു. നാടെവിടെ മക്കളെ? എന്ന പ്രശസ്തമായ കവിത. ഗള്‍ഫ് പ്രവാസാനുഭവത്തെയും കുടിയേറ്റത്തെയും അദ്ദേഹം പൊന്നു ബിസ്‌കറ്റും ഗള്‍ഫ് 'കൊട്ടാരങ്ങ'ളുമായാണ് ചേര്‍ത്തുവച്ചിരുന്നത്.
കാബറേക്കോവള,
മുടന്തടിക്കഥകളി,
മധുവിധുപ്പൊന്‍മുടി
പ്പൊന്നു ബിസ്‌കറ്റുകള്‍,
ഗള്‍ഫു കൊട്ടാരങ്ങള്‍
കാണാത്തൊരെന്റെ നാ
ടെന്റെ നാടെന്റെ നാ
ടെവിടെന്റെ മക്കളേ? - ഒരു പക്ഷേ, ഈ മട്ടിലുള്ള സൃഷ്ടികള്‍ക്ക് തുടക്കമായിരിക്കണം ഈ കവിത. അതിനുശേഷം സമാനമായ നിരവധി സൃഷ്ടികള്‍ പുറത്തുവന്നു.
പോക്കറുടെ കഥ:
സേതുവിന്റെ പോക്കര്‍ പറഞ്ഞ കഥ 1982ലാണ് മാതൃഭൂമിയില്‍ അച്ചടിച്ചുവന്നത്. യാഥാര്‍ത്ഥ്യവും സ്വപ്‌നവും വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള ഒരു കഥ. ഐദ്രോസ് മൊയ്‌ലാളിയുടെ ഡ്രൈവര്‍ പോക്കറാണ് കഥയിലെ നായകന്‍. ഐദ്രോസ് മുതലാളിയോടൊപ്പമുള്ള കാര്‍ യാത്രയില്‍ ഡ്രൈവര്‍ പോക്കര്‍ക്ക് യാഥാര്‍ത്ഥ്യവും സ്വപ്‌നവും തിരിച്ചറിയാനാവുന്നില്ല. ധനികനായ ഐദ്രോസ് മൊയ്‌ലാളി പത്തേമാരിയില്‍ വന്ന സ്വര്‍ണമടങ്ങിയ പെട്ടി കാറിലേക്ക് എടുത്തുകയറ്റുന്നതും അതിലെ സ്വര്‍ണം കണ്ട് വിഭ്രമത്തിലായ പോക്കറുമാണ് കഥയിലെ അന്ത്യത്തില്‍ വായനക്കാരന്‍ കാണുന്നത്. അമ്പരന്നു നില്‍ക്കുന്ന പോക്കറെ കഥാകൃത്ത് അവതരിപ്പിക്കുന്നത് ഇങ്ങനെ: കാണെക്കാണെ മൊയ്‌ലാളിയുടെ രൂപം ഉയര്‍ന്നുയര്‍ന്ന് പോകുകയാണ്. പൊന്നിന്റെ പനപോലെ അതങ്ങ് പൊങ്ങിപ്പൊങ്ങി പോകുന്നു. മേഘങ്ങള്‍ക്കിടയിലെവിടെയോ ചെന്ന് ആ തല മാഞ്ഞുപോയി. പിളര്‍ന്നുമാറിയ മേഖങ്ങളുടെ വിള്ളലുകളില്‍നിന്ന് കടപ്പു്‌റത്തെ മണലിലേക്ക് പൊന്‍നിലാവ് ചൊരിഞ്ഞ് വീഴാന്‍ തുടങ്ങി. പോക്കര്‍ പറഞ്ഞ കഥ(കഥ), സേതു, 1982 മെയ് 9 മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1982 മെയ് 9, പുസ്തകം 60, ലക്കം 8, പേജ് 18). കഥാകൃത്ത് മുതലാളിയെന്നല്ല മൊയ്‌ലാളിയെന്നാണ് ഐദ്രോസിനെ വിശേഷിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക.
ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനും നാടകകാരനുമായി പ്രവര്‍ത്തിച്ച പി.എ.എം ഹനീഫ് കാസര്‍കോട്ടെ കള്ളക്കടത്തിനെ മഖാമുകളിലെ ആരാധനയുമായും ബന്ധിപ്പിച്ചു. മഖാമുകളില്‍ കള്ളക്കടത്തുകാര്‍ പണം നല്‍കുന്നതും തങ്ങളെയും കള്ളക്കടത്തുസാധനങ്ങളെയും സുരക്ഷിതമാക്കാന്‍ ഇവ സഹായിക്കുമെന്നും അദ്ദേഹം ആധികാരികമായി എഴുതി: ''കനകപ്രവാഹം യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്ന കാലത്ത് കാസര്‍കോട്ടെ ചില മഖാമുകളില്‍ വന്‍തുകളും ചില വിദേശവസ്തുക്കളും ഭണ്ഡാരത്തില്‍ കാണാറുണ്ടായിരുന്നുവത്രെ. ലോഞ്ചുകള്‍ സുരക്ഷിതമായി കയ്ക്കടുത്താല്‍ മഖാമില്‍ പ്രാര്‍ത്ഥിച്ചശേഷം കള്ളക്കടത്തുകാര്‍ ചരക്കിറക്കുന്നു. കള്ളച്ചരക്ക് ലക്ഷ്യത്തിലെത്തിയാല്‍ ഭണ്ഡാരവും ഉറക്കിമിളിച്ച് പ്രാര്‍ത്ഥിക്കാന്‍ നിന്ന മുസ്‌ല്യാരും രക്ഷപ്പെട്ടതുതന്നെ. ''(ഉറൂസും മഖാമുകളും, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പി എ എം ഹനീഫ്, 1980 ജൂണ്‍ 15, പുസ്തകം 58, ലക്കം 13, പേജ് 26).
കേരളത്തെയും മുസ് ലിംകളെയും കേന്ദ്രീകരിച്ച് കള്ളക്കടത്ത് ആഖ്യാനങ്ങള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ അതിനോട് ചിലര്‍ ശക്തമായി വിയോജിച്ചു. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുകയാണെങ്കില്‍ കേരളം കള്ളക്കടത്തില്‍ പിന്നിലാണെന്നായിരുന്നു ഇവരുടെ വാദം: 1965 -75 കാലത്ത് ഇന്ത്യയില്‍ കനത്ത തോതില്‍ കള്ളക്കടത്ത് നടന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഓപറേഷനുകളോടെ അത് ഏറെക്കുറെ ഇല്ലാതായി. പിന്നീട് 1980കളോടെ ഇത് വീണ്ടും ഏറെക്കുറേ സജീവമായി. കേരളത്തിലും കള്ളക്കടത്ത് വീണ്ടും തുടങ്ങി(...)കേരളത്തില്‍ കള്ളക്കടത്ത് നടക്കുന്ന സമയത്തുതന്നെ ഇന്ത്യയില്‍ മഹാരാഷ്ട്ര -ഗുജറാത്ത് തീരങ്ങളില്‍ ഇതിനേക്കാള്‍ ശക്തമായ തോതില്‍ കള്ളക്കടത്ത് നടന്നിരുന്നു. (...)ഇന്ത്യയിലെ കള്ളക്കടത്ത് ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം വളരെ ചെറുതായിരുന്നു. മഹാരാഷ്ട്ര -ഗുജറാത്ത് തീരങ്ങളുമായി താരതമ്യം ചെയ്യപ്പെടാന്‍ പോലും കേരളതീരത്തിന് അര്‍ഹതയില്ലായിരുന്നു. ''(വീണ്ടും സജീവമാകുന്ന കള്ളക്കടത്ത്, കെ എം അഹമ്മദ്, മാതൃഭൂമി 1980 നവംബര്‍ 30, പുസ്തകം 58, ലക്കം 36, പേജ് 5). സ്വര്‍ണവിലയില്‍ മാറ്റമുണ്ടായതും ഭൂമി കൈമാറ്റത്തിലൂടെ കൂടുതല്‍ ആദായം ലഭിക്കുമെന്നുമായതോടെ പലരും കള്ളക്കടത്തില്‍നിന്നുതന്നെ വിരമിച്ചുവെന്ന് കെ.എം അഹമ്മദ് നിരീക്ഷിച്ചു.
കള്ളക്കടത്തുകാരനായ തീവ്രവാദി:
1994ല്‍ ടൈംസ് ഓഫ് ഇന്ത്യ (15 ഫെബ്രുവരി 1994) മദനിയുടെ അനുയായി സൗദിയില്‍ നിന്നുള്ള വിദേശ കള്ളനോട്ടുമായി പിടിയില്‍ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറിയായ മോഹന്‍ലാലാണ് കള്ളനോട്ടുമായി പിടിയായത്. പിടിക്കപ്പെട്ടതു മുസ്‍ലിം അല്ലാത്ത മോഹന്‍ ലാല്‍ ആയിട്ടും അതു മഅദനിയുടെ തലയിലാണ് കെട്ടിവെക്കപ്പെട്ടത്. കള്ളക്കടത്തിനെ മുസ്‍ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാക്കാന്‍ മാധ്യമങ്ങള്‍ ധാരാളം ശ്രമം നടത്തി.
1980 -കളില്‍ മറ്റൊരു രീതിയില്‍ കേരളത്തില്‍ 'പുറംശക്തികളെക്കുറിച്ചുള്ള വ്യവഹാരം' ഉണ്ടായിരുന്നു. ആര്‍.എസ്.എസ്സിനെ ഹിന്ദുമൗലികവാദികളെന്നും പുറംശക്തികളെന്നും വിളിച്ചത് മുഖ്യമന്ത്രിയായ കെ കരുണാകരനായിരുന്നു. കെ സി ജോണ്‍ മുഖ്യമന്ത്രിയായ കരുണാകരന്റെ പത്രസമ്മേളനറിപോര്‍ട്ട് ( 23 മെയ് 1983 ) ടൈംസ് ഓഫ് ഇന്ത്യയില്‍ നല്‍കുന്നു. കേരളത്തില്‍ വിദേശ ശക്തികള്‍ കോണ്‍ഗ്രസ് (ഐ)സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നു കരുണാകരന്‍ പറഞ്ഞു. പഞ്ചാബ്, ആസാം മോഡലില്‍ കേരളത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടക്കുന്നു. കെ.ജി.ബിയോ സി.ഐ.എയോ ആണോ ഇതിനു പുറകിലെന്ന ചോദ്യത്തിനു കരുണാകരന്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. പക്ഷെ സാഹചര്യത്തെളിവുകളുണ്ടെന്നു കരുണാകരന്‍ പറയുന്നു. എന്നാല്‍ വിന്ധ്യനപ്പുറത്തുനിന്നു വന്ന 'ഹിന്ദുമതമൗലികവാദികള്‍' ആണ് ഈ കുഴപ്പമുണ്ടാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. നിലക്കലില്‍ എഡി ഒന്നാം നൂറ്റാണ്ടില്‍ പണിത സെന്റ് തോമസ് പള്ളി പുനരുദ്ധാരണത്തിനെതിരായ പ്രക്ഷോഭം നടത്തിയ ഹിന്ദുമൗലികവാദികളെയാണ് കരുണാകരന്‍ 'പുറംശക്തികള്‍' എന്നു വിശേഷിപിക്കുന്നത്. ആര്‍.എസ്.എസ്സ് തൃശൂരില്‍ നടത്താനിരുന്ന റൂട്ട് മാര്‍ച്ച് കരുണാകരന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആര്‍.എസ്.എസ്സിനെ നിരോധിക്കില്ലെങ്കിലും അവരുടെ അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനം തടയാനുള്ള ശ്രമമുണ്ടെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍.എസ്.എസിന്റെ പുറം ബന്ധങ്ങള്‍ എന്ന രൂപകം കേരളത്തില്‍ വലിയ സ്വാധീനം ചെലുത്തിയില്ല. കരുണാകരന്റെ ആ പ്രസ്താവനക്കു സമാനമായ പ്രയോഗങ്ങള്‍ പിന്നീടുണ്ടായതായി കാണുന്നില്ല. കേരളത്തിനു പുറത്തു നിന്നുള്ള കള്ളക്കടത്ത് ശക്തികള്‍ എന്ന പ്രയോഗം മുസ്‍ലിം രാഷ്ട്രീയവുമായാണ് കൂടുതല്‍ ബന്ധപ്പെടുത്തുന്നത്.
മുംബൈ അധോലോകവും അബ്ദുന്നാസർ മഅദനിയും
മുംബൈ അധോലോകത്തിന്റെ സംഭവബഹുലമായ ചരിത്രം എന്ന് അവകാശപ്പെട്ടുകൊണ്ട് പുറത്തുവന്ന ക്രൈം റിപോര്‍ട്ടര്‍ ഹുസൈന്‍ സെയ്ദിയുടെ 'ഡോംഗ്രിയില്‍നിന്ന് ദുബായിലേക്ക്: മുബൈ മാഫിയയുടെ ആറ് ദശകങ്ങള്‍' (കറന്റ് ബുക്‌സ്, തൃശൂര്‍, 2012) എന്ന കൃതിയുടെ അന്വേഷണവിഷയം മുസ്‍ലിം യുവാക്കള്‍ കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നത് എന്തുകൊണ്ട് എന്നായിരുന്നു. അദ്ദേഹം എഴുതുന്നു: 'ഡോംഗ്രി മുതലുള്ള കഥകളിലേക്ക് സഞ്ചരിക്കുമ്പോള്‍ സുഹൃത്തുക്കളുടെ പ്രേരണ അസ്ഥാനത്താകില്ലെന്ന് എനിക്ക്തോന്നി. ഒരു പ്രത്യേക മതത്തെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നേണ്ടതുണ്ടോ?'. കുറ്റകൃത്യങ്ങളെയും അവയെ പരസ്പരബന്ധങ്ങളെയും കുറിച്ച് സമഗ്രമായ പഠനം നടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ അമ്പതുവര്‍ഷത്തിനുളളില്‍ മുസ്‍ലിം സമുദായം കുറ്റകൃത്യങ്ങളുടെ ജീവിതത്തിലെത്തിപ്പെട്ടതിന്റെ കാരണങ്ങളെപ്പറ്റി ഗൗരതരമായ ചര്‍ച്ചകളോ പഠനങ്ങളോ ഉണ്ടായിട്ടില്ല. അതിന്റെ കാരണങ്ങളിലേക്കാണത്രെ അദ്ദേഹത്തിന്റെ പുസ്തകം വെളിച്ചം വീശുന്നത്.
കള്ളക്കടത്തും മുസ്‍ലിംകളും തമ്മിലുളള ബന്ധം ഒരു മുംബൈ പത്രപ്രവര്‍ത്തകന്റെ മാത്രമല്ല, കേരളത്തിലെയും മാധ്യമപ്രവര്‍ത്തകരുടെ ഇഷ്ടവിഷയമാണ്. കള്ളക്കടത്തുകാരായ ഇതര സമുദായക്കാരുണ്ടെങ്കിലും മുസ്‍ലിംകളെ കള്ളക്കടത്തുകാര്‍ മാത്രമല്ല, വിദേശശക്തികളും മാഫിയാസംഘങ്ങളും വിദേശ ഫണ്ട് വാങ്ങുന്നവരും ശത്രുരാജ്യങ്ങളുടെ ഏജന്റുമാരായിക്കൂടിയാണ് ചിത്രീകരിക്കുന്നത്. ഹുസൈന്‍ സെയ്ദി തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നതുപോലെ മുസ്‍ലിംകള്‍ കുറ്റകൃത്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനു കാരണം ഇസ്‍ലാമിന്റെ ആന്തരികപ്രശ്നമാണെന്നും ചിലര്‍ വാദിക്കുന്നു. ദാവൂദ് ഇബ്രാഹിമിന് മുമ്പ് ബോംബയില്‍ മാഫിയ തലവനായിരുന്ന ഹാജി മസ്താന്റെ ആശീര്‍വാദത്തില്‍ രൂപപ്പെട്ട ദലിത്-മുസ്ലിം മുന്നണിയുടെ രൂപത്തില്‍ മഅദനിയും പുതിയ ദലിത് - മുസ്‍ലിം മുന്നേറ്റത്തിനു തയ്യാറാവുമെന്നു ടൈംസ് ഓഫ് ഇന്ത്യ (23 ആഗസ്റ്റ് 1992) റിപോര്‍ട്ട് ചെയ്യുന്നതു ഇത്തരമൊരു സൂചനകളുടെ ഭാഗമാണ്.
കള്ളക്കടത്തും മലപ്പുറവും
സ്വര്‍ണ്ണക്കള്ളക്കടത്തിനെ മുസ്‍ലിം സമൂഹവുമായി പ്രത്യേകിച്ച്, മലബാറും മലപ്പുറവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്താവതരണശൈലിക്ക് ജില്ലയോളം തന്നെ പഴക്കമുണ്ട്. മലപ്പറം ജില്ലാ രൂപീകരണ കാലത്ത് ഉന്നയിക്കപ്പെട്ട പ്രധാന തടസ്സവാദം സുരക്ഷാവീഴ്ചയ്ക്കുള്ള സാധ്യതയാണ്. നീളത്തില്‍ കടല്‍ത്തീരമുള്ള മലപ്പുറം തിരൂരും പൊന്നാനിയും അന്താരാഷ്ട്ര ഗൂഢാലോചനയുടെ കേന്ദ്രമാവുമെന്ന് ജനസംഘക്കാര്‍ വാദിച്ചു. മലപ്പുറം ജില്ല ഒരു കടലോരപ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ അവിടെ തീരദേശബന്ധം സ്ഥാപിക്കുന്നതിന് സാധ്യതില്ലെന്ന് പറഞ്ഞുകൂടെന്നും കടല്‍ത്തൊഴിലാളികള്‍ ഭൂരിപക്ഷവും മുസ് ലിംകളാണെന്നും അവര്‍ പാകിസ്താനുമായി കച്ചവടം ചെയ്യുമെന്നും ഇവിടത്തെ പോലിസുകാര്‍ക്ക് അത് തടയാനാവില്ലെന്നും കെ കേളപ്പന്‍ ജില്ലാവിരുദ്ധ യോഗത്തില്‍ പ്രസംഗിച്ചു. (ചന്ദ്രിക, ജൂണ്‍ 7, 1969, മലപ്പുറം ജില്ല, പിറവിയും പ്രയാണവും, ടിപിഎം ബഷീര്‍, 2015, ഗ്രെയ്‌സ് പബ്ലിക്കേഷന്‍സ് ഉദ്ധരിച്ചത്, പേജ് 78). രാജ്യരക്ഷയെക്കരുതിയാണ് താന്‍ മലപ്പുറം ജില്ലയെ എതിര്‍ക്കുന്നതെന്നായിരുന്നു കേളപ്പന്‍ പറഞ്ഞിരുന്നത്.
എഴുപതുകള്‍ക്കുശേഷം വിവിധ പ്രദേശങ്ങളെ കള്ളക്കടത്ത് കേന്ദ്രങ്ങളായി ചിത്രീകരിക്കുന്ന പതിവുണ്ടായിരുന്നുവല്ലോ. അതില്‍ പലതും മലപ്പുറം ജില്ലയിലെ പ്രദേശങ്ങളായിരുന്നുവെങ്കിലും മലപ്പുറം ടാഗ് ലൈനിലായിരുന്നില്ല ആക്ഷേപിക്കപ്പെട്ടത്. രാഘവന്റെ നേരത്തെ സൂചിപ്പിച്ച നിയമസഭാ പ്രസംഗത്തില്‍ മലപ്പുറമോ എന്തിന് പൊന്നാനിയോ പോലും വിമര്‍ശിക്കപ്പെട്ടില്ല. കാസര്‍കോഡായിരുന്നു മുഖ്യ ഇര. കാസര്‍കോഡിനെ സംശയത്തില്‍ നിര്‍ത്തിയവര്‍ പൊന്നാനിയെ എന്തിന് ഒഴിവാക്കിയെന്ന് പെരിന്തല്‍മണ്ണ എം.എല്‍.എ കെ.കെ.എസ് തങ്ങള്‍ ചോദിക്കുക പോലും ചെയ്തു.
എണ്‍പതുകളുടെ അവസാനത്തോടെയാണ് കള്ളക്കടത്തും മലപ്പുറവും മുസ്‍ലിംകളും ഗള്‍ഫും അടങ്ങുന്ന ഒരു മിശ്രിതം രൂപം കൊള്ളുന്നത്. അന്താരാഷ്ട്ര മയക്കുമരുന്നു ശൃംഖലയും ആയുധക്കടത്തും ഇസ്‍ലാമിക ഭീകരവാദവും ഇതിലേക്ക് കൂട്ടിച്ചേര്‍ത്തു. കരിപ്പൂര്‍ വിമാനത്താവളം വന്നതോടെയാണ് ഇത് പൊതുഭാവനയുടെ ഭാഗമാവുന്നത്. ആ മാതൃകയനുസരിച്ച് മലപ്പുറം ജില്ലയുടെ സാമ്പത്തിക വികസനത്തിന് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ്. മുസ്‍ലിംകളാണ് പ്രധാനമായും കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികള്‍. ഇസ്‍ലാമിക തീവ്രവാദ സംഘങ്ങളും കരിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു!
എല്ലാ സാമൂഹിക- രാഷ്ട്രീയ വിഭാഗങ്ങളില്‍ നിന്നും പ്രതികളുണ്ടെങ്കിലും സ്വര്‍ണക്കള്ളക്കടത്തില്‍ മുസ്‍ലിംകള്‍, പ്രത്യേകിച്ച് മുസ്‍ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യാപകമായി ഇടപെടുന്നുണ്ടെന്നാണ് പൊതുധാരണ. കുഴല്‍പ്പണം, കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് ഇവയൊക്കെ മുസ്‍ലിംവിരുദ്ധ ലേബലിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. നമ്മുടെ സിനിമകളുടെ പ്രമേയപരമായ സ്രോതസ്സുകളിലൊന്നാണ് ഇത്. മുസ്ലിംസമൂഹത്തിന് തന്നെയും മറ്റുള്ളവരേക്കാള്‍ കള്ളക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന് പലരും കരുതുന്നു. മുസ്ലിംകള്‍ ഉള്‍പ്പെട്ട ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്, പത്രങ്ങളും ചാനലുകളും ആവശ്യത്തിലേറെ പ്രാധാന്യം നല്‍കുന്നു. മുസ്ലിംകളെ ഒരു കുറ്റവാളിസമൂഹമോ കുറ്റവാളിഗോത്രമായോ ചിത്രീകരിക്കുന്ന പ്രചാരവേലകള്‍ വ്യാപകമായിട്ടുണ്ട്. കള്ളക്കടത്തൊരു തൊഴിലായി സ്വീകരിക്കാത്ത, തുച്ഛശമ്പള ജോലിക്കാരായ നിരവധി പ്രവാസികള്‍ ഇരകളായും അല്ലാതെയും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുന്നുണ്ടെന്നത് സത്യമാണ്. അത്തരം കാരിയര്‍മാരാണ് മിക്കവാറും കസ്റ്റംസിന്റെ പിടിയിലാകുന്നത്.
സ്വര്‍ണക്കടത്ത് രീതികളും ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളും
ശരീരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുവയ്ക്കുന്നതിന് കള്ളക്കടത്ത് സംഘങ്ങള്‍ പല രീതികള്‍ അവലംബിക്കുന്നു. സ്വര്‍ണ്ണം രൂപമാറ്റം വരുത്തിയും അല്ലാതെയും ഒളിപ്പിക്കുകയാണ് ഒരു മാര്‍ഗം. ശരീരത്തെത്തന്നെ ഒളിയിടമാക്കി മാറ്റുന്ന രീതിയുമുണ്ട്. കാപ്സൂളുകളാക്കി വിഴുങ്ങിയും ശരീരത്തിലൊളിപ്പിച്ചും ഇവര്‍ സ്വര്‍ണ്ണം കടത്തുന്നു. ഈ രീതിയെ സെന്‍സേഷണലൈസ് ചെയ്ത് അവതരിപ്പിച്ചുകൊണ്ടുള്ള ഇസ്‍ലാമോഫോബിക് നര്‍മങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രചാരമുണ്ട്. ഇസ്ലാമോഫോബിക് ഹാന്‍ഡിലുകള്‍ ഇവ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
മലദ്വാരത്തില്‍ സ്വര്‍ണം ഒഴിപ്പിച്ചുകൊണ്ടുവരുന്നുവെന്ന സംഭവങ്ങള്‍ പുതിയതല്ല. മുന്‍കാലങ്ങളിലും ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ, അന്ന് മുസ് ലിംവിരുദ്ധ ടാഗ് ലൈനിലല്ല അത് ചര്‍ച്ച ചെയ്യപ്പെട്ടത്. 1974ല്‍ മാതൃഭൂമിയില്‍ കള്ളക്കടത്തിനെക്കുറിച്ചെഴുതിയ ബാലകൃഷ്ണന്‍ മാങ്ങാട് കള്ളക്കടത്തുകാരുടെ പല രീതികളെക്കുറിച്ച് പറയുന്നുണ്ട്. കള്ളക്കടത്തിന്റെ രീതിയില്‍ ഗുദദ്വാരവും അടിവസ്ത്രങ്ങളും വഹിക്കുന്ന പങ്കിനെക്കുറിച്ച് കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്: ''...ആരേയും അത്ഭുതപരതന്ത്രരാക്കും വിധം ദേഹത്തിനകത്തും പുറത്തും ധരിച്ച് കൊണ്ടും (സ്വര്‍ണം)കടത്താറുണ്ട്. 150വരെ ബിസ്‌കറ്റുകള്‍ തുന്നിയ ജാക്കറ്റ് ഒരാള്‍ക്കു ധരിച്ചു നടക്കാം. അരയില്‍ ബെല്‍റ്റായിട്ടും സ്വര്‍ണക്കട്ടികള്‍ കൊണ്ടു നടക്കാം. മുകളില്‍ മൃദുവായ കടലാസ്സ് പൊതിയുന്നതിനാല്‍ തൊട്ടു നോക്കിയാലും എളുപ്പം അറിയില്ല. ഇടയില്‍ അടിയടുപ്പുകള്‍ക്കടിയിലും സ്വര്‍ണ ബെല്‍റ്റ് കെട്ടിവെയ്ക്കും. എന്നിട്ട് അതില്‍ മുകളില്‍ മൃദുവായ കടലാസ്റ്റ് പൊതിഞ്ഞു കെട്ടുന്നു. കാഴ്ചയില്‍ പറയത്തക്ക ഭാരം ചുമന്നിട്ടില്ലാത്ത ഒരാളുടെ കാല്‍വെപ്പിലെ താളപ്പിഴകളാണ് സ്വര്‍ണജാക്കറ്റ് കൊണ്ടു നടക്കുന്നവരെ തെര പിടിക്കാന്‍ അധികൃതരെ തുണയ്ക്കുന്നത്. 1970 ഒക്ടോബറില്‍ ബെല്‍ഗാമില്‍ വെച്ച് ക്ഷീണിച്ച് വിളറിയ ഒരു ചെറുപ്പക്കാരന്റെ ഗുദദ്വാരത്തില്‍ നിന്നും പത്തു ബിസ്സറുകള്‍ തുന്നിയ ജാക്കറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ വലിച്ചെടുക്കുകയുണ്ടായി. ഒരാഴ്ച ഖരപദാര്‍ത്ഥങ്ങള്‍ മാത്രം ഭക്ഷിച്ചാണ് ഗുദദ്വാരത്തില്‍ ബിസ്‌കറ്റുകള്‍ തള്ളിക്കയറുക. ദേഹത്തിനകത്ത് സ്വര്‍ണം ഒളിച്ച് കടത്തുന്നതില്‍ വലിയ മിടുക്ക് സ്ത്രീകള്‍ക്കാണത്രെ. അനല്പമായ ദേഹപീഡനങ്ങളൊന്നുമില്ലാതെ 20 ബിസ്‌കറ്റുകള്‍ വരെ അവര്‍ കട്ടു കടത്തിയ ചരിത്രമുണ്ട്. പുറത്തെടുക്കുമ്പോള്‍ അല്പം രക്തസ്രാവമുണ്ടാകുമെന്നു മാത്രം.(കള്ളക്കടത്തിന്റെ കഥ, ബാലകൃഷ്ണന്‍ മാങ്ങാട്, മാതൃഭൂമി, 1974, ഫെബ്രുവരി 10, പുസ്തകം 51, 48, പേജ് 6)- എന്നാല്‍ പുതിയ കാലത്ത് ഗുദദ്വാരത്തിലെ സ്വര്‍ണക്കടത്ത് ഇസ് ലാമോഫോബിക് പ്രചാരണത്തിന്റെ മുഖ്യ സ്രോതസ്സാണ്. സെക്ഷ്വലൈസ് ചെയ്തും പരിഹസിച്ചുമാണ് ഇതേകുറിച്ചുള്ള വി്‌ദ്വേഷപ്രചാരണങ്ങള്‍ അരങ്ങേറുന്നത്. സാമൂഹ്യമാധ്യമങ്ങളാണ് ഇതിന്റെ കേന്ദ്രം.
മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്നതിനെക്കുറിച്ചുള്ള ഒരു പരാമര്‍ശം ഒരു സാഹിത്യകൃതിയിലും പ്രത്യക്ഷപ്പെട്ടു. എസ്.കെ പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയില്‍(1971). അല്‍പ്പം വംശീയസ്വഭാവത്തോടെയായിരിന്നു അദ്ദേഹത്തിന്റെ അവതരണം: ''തെരുവിലൂടെ നീങ്ങുന്ന കാട്ടറബികളെക്കാണുമ്പോള്‍ ശ്രീധരന്‍ അഹമ്മദിനെ ഓര്‍ക്കാറുണ്ട്- നട്ടെല്ലുകൊണ്ട് കൂറ്റന്‍ വഞ്ചി ഒറ്റയ്ക്കു പൊക്കിയിളക്കിയ അഹമ്മദിനെ- ടണ്‍ കണക്കില്‍ മത്തിയും ഈത്തപ്പഴവും തിന്നു കൊഴുത്ത് കൂറ്റന്‍ കുത്തിയ അഹമ്മദിന്റെ ദേഹം കടലിലെ കൊമ്പന്‍ സ്രാവുകള്‍ കടിച്ചുതിന്നുന്ന രക്തപങ്കിലമായൊരു ചിത്രവും ശ്രീധരന്റെ ഭാവനയ ലേക്കൊഴുകിവരും. അറബി മുതലാളിമാര്‍ കള്ളക്കടത്തിന് ഈ കരിമ്പന്മാരെ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. സ്വര്‍ണ്ണനാണയങ്ങള്‍ അട്ടിയാക്കി നേര്‍ത്ത റബ്ബര്‍സഞ്ചിയില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ തിരുകിക്കൊടുക്കും. അമ്പതു സ്വര്‍ണ്ണനാണ്യങ്ങള്‍ ഇങ്ങനെ കുടലില്‍ കടത്തിവയ്ക്കാന്‍ കഴിവുള്ള വീരന്മാര്‍ ഇവരുടെയിടയിലുണ്ടത്രെ. ചിലപ്പോള്‍, ചരക്കുകള്‍ അറേബ്യയില്‍ നിന്ന് ഉരുവില്‍ കയറ്റിയയച്ച് ഉടമസ്ഥന്‍ വിമാനത്തില്‍ പറന്നുവരും. പ്ലെയിനില്‍ വരുമ്പോഴും ഇവരില്‍ ചിലര്‍ സൂത്രത്തില്‍ സ്വര്‍ണ്ണം കടത്താറുണ്ട്.
സ്വര്‍ണ്ണക്കടത്തും വിമാനത്താവളങ്ങളും: ചില കണക്കുകള്‍
സ്വര്‍ണ്ണക്കടത്തിന്റെ കാര്യത്തില്‍ മലബാറിലെ എയര്‍പോര്‍ട്ടുകള്‍ മുന്നിലാണെങ്കിലും പ്രചാരകര്‍ അവകാശപ്പെടുന്നപോലെ ഏറ്റവും മുന്നിലല്ല അവയൊന്നും. രാജ്യസഭയില്‍ സി.പി.എം എം.പി എളമരം കരീമിന്റെ ചോദ്യത്തിന് ധനമന്ത്രാലയം നല്‍കിയ മറുപടിയനുസരിച്ച് മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണനല്‍ എയര്‍പോര്‍ട്ട്, ഇന്ദിരാഗാന്ധി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ഡല്‍ഹി, അണ്ണ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ചെന്നൈ, കാലിക്കറ്റ് ഇന്റര്‍നാഷ്ണ എയര്‍പോര്‍ട്ട് കോഴിക്കോട്, കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് കൊച്ചി എന്നിവയാണ് സ്വര്‍ണ്ണക്കടത്തിന് കുപ്രസിദ്ധിയാര്‍ജിച്ച അഞ്ച് വിമാനത്താവളങ്ങള്‍. ആദ്യ പത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപരും എന്നിവയുണ്ടെങ്കിലും കണ്ണൂര്‍ ഈ പട്ടികയിലൊന്നുമില്ല. പക്ഷേ, കണ്ണൂരിനെ സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രമായാണ് ആക്ഷേപിക്കാറുള്ളത് (ദി പ്രിന്റ്, സെപ്തംബര്‍ 15, 2020). സ്വര്‍ണക്കള്ളക്കടത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന തുറമുഖങ്ങളില്‍ പ്രഥമസ്ഥാനത്ത് ചെന്നൈയാണെങ്കില്‍ അടുത്ത സ്ഥാനത്ത് ഹസിറയും മുണ്ട്രയുമാണ്. ഇതില്‍ അവസാനം പറഞ്ഞ രണ്ടും ഗുജറാത്തിലാണ്. എങ്കിലും, ആരും ഗുജറാത്തിലെ ഈ തുറമുഖങ്ങളെ ഏതെങ്കിലും സമുദായങ്ങളുമായി ഇതുവരെ ബന്ധപ്പെടുത്തിയിട്ടില്ല.
കള്ളക്കടത്തിന്റെ ആഖ്യാനവും ഇസ്‍ലാമോഫോബിയയും:
അടിസ്ഥാനപരമായി കള്ളക്കടത്ത് ഒരു നികുതിവെട്ടിപ്പും സാമ്പത്തിക കുറ്റകൃത്യവുമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ജനസമൂഹമായോ തൊഴില്‍കൂട്ടായ്മകളുമായോ ജാതി-മതവിശ്വാസ സമൂഹമായോ പ്രദേശങ്ങളായോ ബന്ധപ്പെടുത്തേണ്ട ഒരു കാര്യവുമില്ല. ആദ്യ ഘട്ടത്തില്‍ കള്ളക്കടത്തിനെക്കുറിച്ച ആഖ്യാനങ്ങളും സ്വഭാവവും അങ്ങനെയൊക്കെത്തന്നെയാണ്. രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെയും സ്വാശ്രയത്വത്തെയും തുരങ്കംവയ്ക്കുന്ന ഒരു പ്രതിഭാസമായും സ്വാതന്ത്രസമരകാല മൂല്യങ്ങളില്‍നിന്നുള്ള തിരിച്ചുപോക്കായുമാണ് അത് വിശദീകരിക്കപ്പെട്ടത്.
അതിനിടയിലാണ് 70കളില്‍ ഗള്‍ഫ് കുടിയേറ്റം ആരംഭിക്കുന്നത്. ഒരു ഘട്ടത്തില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തിയിരുന്നതും ഈ പ്രവാസികളായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ഗള്‍ഫ് പ്രവാസികളുടെ എണ്ണം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലായിരുന്നു. അതിലൊന്നാണ് ചാവക്കാട്. സമാനമായി മറ്റു പ്രദേശങ്ങളുമുണ്ട്. സ്വാഭാവികമായും സവര്‍ണര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന അതുവരെയുണ്ടായിരുന്ന സാമൂഹ്യസംവിധാനത്തെ തകിടം മറിച്ചുകൊണ്ടാണ് പ്രവാസികളുടെ പണം വിതരണം ചെയ്യപ്പെട്ടത്. ഇസ്‍ലാമോഫോബിക്കായ ചില ആഖ്യാനങ്ങള്‍ക്ക് ഇത് വഴിവയ്ക്കുകയുണ്ടായി.
തീരപ്രദേശം കേന്ദ്രീകരിച്ച് എല്ലാ കാലത്തും കള്ളക്കടത്ത് നടന്നിരുന്നു. 50കളിലും 60കളിലും 70കളിലും അതുണ്ട്. പ്രവാസികളില്‍നിന്ന് പണം വരികയും നാട്ടില്‍ ഉപഭോഗവസ്തുക്കുള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാവുകയും ചെയ്തപ്പോള്‍ അത്തരം വസ്തുക്കള്‍ക്കുവേണ്ടിയുള്ള കള്ളക്കടത്തും വര്‍ധിച്ചു. ഉപഭോഗവസ്തുക്കളായിരുന്നു അക്കാലത്തെ പ്രധാന കള്ളക്കടത്ത് സാമഗ്രി. കൂടാതെ സ്വര്‍ണവും വെള്ളിയും കടത്തിക്കൊണ്ടുവന്നു. വെള്ളി പുറത്തേക്കും കൊണ്ടുപോയിരുന്നു. എഴുപതില്‍ കാസര്‍കോഡിനെയാണ് പ്രധാന കള്ളക്കടത്ത് കേന്ദ്രമായി കണക്കാക്കിയിരുന്നത്. ഈ ഘട്ടത്തിലാണ് കള്ളക്കടത്തിനെ മുസ്‍ലിംലീഗുമായി ബന്ധപ്പെടുത്തുന്ന ഒരു ആഖ്യാന രീതി വികസിപ്പിക്കപ്പെടുന്നത്. അതാണ് രാഘവന്റെ പ്രമേയമായി നിയമസഭയിലെത്തിയത്.
ഇതേ സമയത്തുതന്നെയാണ് ഗള്‍ഫ് പ്രവാസത്തെ ഒരു മുസ്‍ലിംപ്രവണതയായി കാണുന്ന രീതി വികസിച്ചുവന്നത്. താമസിയാതെ അറബികളും ഗള്‍ഫ് പ്രവാസികളും ഗള്‍ഫ് കേന്ദ്രങ്ങളും കള്ളക്കടത്തിന്റെ സൂചകങ്ങളായി കാണുന്ന ആഖ്യാന ഘടന വികസിക്കപ്പെട്ടു. തീരപ്രദേശങ്ങളെയും മുസ് ലിംകളെയും ഒരേപോലെ ബാധിക്കുന്ന കള്ളക്കടത്തിനെക്കുറിച്ച സങ്കല്‍പ്പത്തിന്റെ ഉറവിടം ഇതാണ്.
ഈ ഘട്ടത്തിലും കള്ളക്കടത്തിനെ അന്താരാഷ്ട്ര ഇസ് ലാമിക തീവ്രവാദശൃംഖലയുടെ ഭാഗമായി ചിത്രീകരിച്ചിരുന്നില്ല. അതിന് പിന്നെയും സമയമെടുത്തു. ആഗോളതലത്തിലുള്ള ഭീകരതയക്കെതിരേയുള്ള യുദ്ധമെന്ന ആഖ്യാനരീതിയാണ് കള്ളക്കടത്തിനെക്കുറിച്ച ഈ പ്രവണതയുടെ ഉറവിടം. മലപ്പുറത്തെയും കരിപ്പൂര്‍ വിമാനത്താവളത്തെയും കേന്ദ്രീകരിച്ച കള്ളക്കടത്തും ഈ ചിത്രീകരണത്തിന്റെ ഭാഗമാണ്. ലീഗിനെപ്പോലുള്ള ന്യൂനപക്ഷ ഉള്ളടക്കമുള്ള രാഷ്ട്രീയപാര്‍ട്ടിയെ ഉന്നം വച്ച് തുടങ്ങിയ ഇസ്‍ലാമോഫോബിക് ആഖ്യാന രീതി ആഭ്യന്തരമായി മുസ്‍ലിംസമൂഹത്തെ മൊത്തത്തിലും പിന്നീട് ആഗോളഭീകരതയുടെ ഭാഗമായും ചിത്രീകരിച്ചുകൊണ്ടാണ് പരിണമിച്ചത്. ഇപ്പോഴത് മുസ്‍ലിംവിരുദ്ധ വംശീയവാദത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ ചിന്താഘടന സംഘപരിവാര്‍ സംഘങ്ങള്‍ മാത്രമല്ല, ഇതര വിഭാഗങ്ങളും ആന്തരവല്‍ക്കരിച്ചിട്ടുണ്ട്.
Adjust Story Font
16