അധികാരം പിടിച്ചെടുക്കുന്ന പോഡ്കാസ്റ്റുകൾ
ട്രെൻഡ് സെറ്റിംഗുകളിൽ പതുങ്ങിയിരിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ വിപുലമാണ്. വൈകാരിക തലങ്ങളിൽ പങ്കുവെക്കപ്പെടുന്ന ആശയങ്ങൾ ക്യാപ്സൂളുകളായി വിഴുങ്ങുന്ന സമൂഹം യാഥാർത്ഥ്യങ്ങളെ ചൂഴ്ന്നന്വേഷിക്കാൻ പോകുന്നില്ല. രാഷ്ട്രീയ സംവാദങ്ങളുടെ ഘടന തന്നെ മാറുമ്പോൾ നിയമനിർമ്മാണമടക്കം ഗൗരവപരമായ കാര്യങ്ങളുടെ ശ്രദ്ധ വഴിമാറുന്നു


2025 ജനുവരി 20 തിങ്കളാഴ്ച അമേരിക്കയുടെ 47-ാമത് പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരത്തിലേറി. 2016 ൽ ഇലക്ടറൽ വോട്ടിന്റെ പിന്തുണയോടെയാണ് ട്രംപ് അധികാരത്തിലെത്തിയതെങ്കിൽ ഇത്തവണ ഇലക്ടറൽ കോളേജിനു പുറമെ പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ട്രംപ് തിരിച്ചെത്തുന്നത്. 2016 ലെ തെരഞ്ഞെടുപ്പിൽ പ്രയോഗിച്ച Great America Make Again(അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ) എന്ന മുദ്രാവാക്യവുമായാണ് ഇത്തവണയും ട്രംപ് പ്രചരണത്തിനിറങ്ങിയത്.1980-ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി റൊണാൾഡ് റീഗനായിരുന്നു ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. സത്യപ്രതിജ്ഞ മുതൽ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കി അമേരിക്കയെ മഹത്തരമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അമേരിക്കൻ പാർലമെന്റ് സമുച്ചയത്തിന് നേർക്ക് നടത്തിയ അക്രമണങ്ങൾക്കെതിരെ ജനാധിപത്യ വിരുദ്ധനെന്ന് വാഴ്ത്തപ്പെട്ട, എണ്ണമറ്റ കേസുകളിൽ കുറ്റക്കാരനെന്നു കോടതി വിധിച്ച ഡോണൾഡ് ട്രംപാണ് ഇലക്ടറൽ കോളേജിന് പുറമെ ജനകീയ വോട്ടുകളും നേടി മൃഗീയ ഭൂരിപക്ഷത്തിൽ അധികാര കസേര തിരിച്ചു പിടിക്കുന്നത്. രാഷ്ട്രീയ ജീവിതം തന്നെ നിലച്ചെന്ന് പലരും വിധിയെഴുതിയിടത്തു നിന്ന് തോൽവിക്ക് ശേഷം പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തുന്ന രണ്ടാമനായി ട്രംപ് മാറിയതിന് പിന്നിലെ പരിശ്രമങ്ങൾ ചെറുതാവാൻ തരമില്ല.
കഴിഞ്ഞ ദിവസം ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ബ്ലൂംബർഗ്' പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നത് പ്രമുഖ ഒമ്പത് യൂട്യൂബ് പോഡ്കാസ്റ്റർമാരുടെ ശ്രമഫലമാണ് ട്രംപിന്റെ തിരിച്ചുവരവെന്നാണ്.
2016 ലെ തെരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റനെ പരാജയപ്പെടുത്തുന്നതിന്, ട്രംപിന് വേണ്ടി ബ്രിട്ടനിലെ ഒരു ഏജൻസി ഡെമോക്ക്രാറ്റിക്കുകളെ ലക്ഷ്യമാക്കി ആസൂത്രിതമായി ഡാറ്റ കളക്ഷന്റെ അടിസ്ഥാനത്തിൽ സോഷ്യൽ എഞ്ചിനീയറിങ് നടത്തിയതായി അന്നേ വാർത്തകളുണ്ടായിരുന്നു. വ്യക്തികൾക്കനുസൃതമായി സന്ദേശങ്ങൾ കൈമാറി വല വിരിക്കുന്ന തന്ത്രമാണിത്. അടിയുറച്ച ഡമോക്ക്രാറ്റുകൾക്ക് നിരന്തരം ഹിലരിയെക്കുറിച്ച് നെഗറ്റീവ് സന്ദേശങ്ങൾ അയച്ചും മാറാൻ സാധ്യതയുള്ള ആടിനിൽക്കുന്നവർക്ക് ട്രംപ് അനുകൂല വ്യാജ വാർത്തകൾ അയച്ചും ട്രംപ് തന്റെ അധികാരമുറപ്പിച്ചു.
തെരഞ്ഞെടുപ്പുകളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിന് ഒട്ടേറെ സാധ്യതകളും സ്വീകാര്യതയുമുള്ള കാലമാണിത്. അത്തരത്തിൽ ജനങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പരുവപ്പെടുത്തിയ ആശയങ്ങൾ കുത്തിവെക്കാൻ എളുപ്പം സാധിക്കുന്നയിടമാണ് യൂട്യൂബ്. അൽഗോരിതമെന്ന പേരിൽ കൺ മുമ്പിലെത്തുന്ന ഇഷ്ട വിഭവങ്ങളിൽ മറഞ്ഞിരിക്കുന്ന കച്ചവട തന്ത്രങ്ങൾ മുതൽ ജനങ്ങളുടെ ജനാധിപത്യ പ്രക്രിയയിൽ കടന്നുകയറുന്ന തരത്തിൽ വിദഗ്ധമായി നമ്മുടെ സാങ്കേതിക പരിസരം മാറിയിരിക്കുന്നു. ഗുജറാത്ത് കലാപ സമയത്ത് ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും മാധ്യമങ്ങൾ വംശഹത്യയുടെ പരിവേഷം നൽകിയ മോദിയെ ഒന്നര പതിറ്റാണ്ടിനിപ്പുറം ഉന്നതനായി വാഴ്ത്തുന്നതിൽ മുഖ്യധാരാ മാധ്യമങ്ങളും ഐടി സെല്ലുകളും വഹിച്ച പങ്ക് ചെറുതല്ല.
ആൻഡ്രൂ ഷുൾസിനൊപ്പം ട്രംപ്
ഇന്ത്യയിൽ ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി മാധ്യമങ്ങളുടെ ഭരണകൂട പ്രീണനങ്ങളെ പൊളിച്ചെഴുതുന്ന പ്രതിപ്രവർത്തനം നടന്നതും സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ്. വസ്തുതകളെ തിരസ്കരിച്ച് അസത്യങ്ങളും അർധസത്യങ്ങളും പടച്ചുവിടുന്ന ദേശീയ ചാനലുകളുടെ കള്ളത്തരങ്ങൾ പൊളിച്ചെഴുതാൻ ഉത്തരേന്ത്യൻ ഹിന്ദി ബെൽറ്റിൽ ധ്രുവ് റാഠിക്കും രവീഷ് കുമാറിനും മുഹമ്മദ് സുബൈറിനും സാധിച്ചു. എന്നാൽ വികസിത രാജ്യങ്ങളിലിത് കാലങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. ഇത്തവണ പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് മുക്തമായി ന്യൂജെൻ മോഡൽ വലവിരിക്കൽ വെളിച്ചത്ത് കൊണ്ട് വന്നിരിക്കുകയാണ് 'ബ്ലൂംബർഗ്'. രണ്ട് വർഷത്തിനിടയിൽ പുറത്തിറങ്ങിയ 1300 മണിക്കൂർ നീണ്ട 2002 വീഡിയോകളെ വിശകലനം ചെയ്താണ് പഠനം. 903 അതിഥികളിൽ 12% മാത്രമായിരുന്നു സ്ത്രീകൾ. അതിഥികളിൽ തന്നെ 152 പേർ രണ്ടോ അതിലധികമോ ചർച്ചയിൽ പങ്കെടുത്തിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് ലഭിച്ചതിൽ ഏറ്റവും വലിയ യുവ പങ്കാളിത്തം ഇത്തവണ ട്രംപിനാണ് ലഭിച്ചത്. 30 വയസ്സിനു താഴെയുള്ള പുരുഷന്മാരിൽ പകുതിയിലധികവും ട്രംപിനാണ് വോട്ട് ചെയ്തതെന്ന് ഇലക്ഷൻ ഡാറ്റയിൽ തന്നെ വ്യക്തമാണ്.
ഇന്നത്തെ യുവ തലമുറയുടെ അഭിപ്രായ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന മാധ്യമമാണ് പോഡ്കാസ്റ്റുകൾ. സൗഹൃദ ചർച്ചകളിൽ മുഴുകുന്ന ഒരു കൂട്ടത്തിലേക്ക് ക്യാമറ തിരിച്ചുവച്ച ലാഘവത്തിലായിരിക്കും ഇത്തരം ചർച്ചകൾ നടക്കുന്നത്. കായികം, സംഗീതം, സിനിമ, ബിസിനസ് തുടങ്ങി സകല മേഖലകളിലേക്കും കടന്നു ചെല്ലുന്ന വിഷയങ്ങൾ മൂന്ന് മണിക്കൂർ വരെ നീളുന്നതാണ്. സ്വജീവിതത്തിലെ വെല്ലുവിളികളും അനുഭവങ്ങളും പങ്കിടുന്ന ചർച്ച പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് വിഭിന്നമായി ഔപചാരികതയുടെ മുഷിപ്പിക്കലുകളേതുമില്ലാതെ സത്യസന്ധമായി പരസ്പരം തിരുത്തിയും അഭിനന്ദിച്ചും മുന്നോട്ട് പോകുന്നു. അതുകൊണ്ട് തന്നെ ഏത് പ്രായക്കാരിലേക്കും ഇറങ്ങിച്ചെല്ലാനും വിശ്വാസ്യത നേടിയെടുക്കാനും പോഡ്കാസ്റ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കണക്കുകളനുസരിച്ച് ലോകത്താകമാനം 546 മില്യൺ ആളുകൾ പോഡ്കാസ്റ്റിന്റെ ശ്രോതാക്കളാണ്. അമേരിക്കയിൽ മാത്രമിത് ജനസംഖ്യയുടെ 47% അഥവാ 135 മില്യൺ ആണ്. 12 മുതൽ 34 വയസ്സിലുള്ളവരാണ് ഇതിലധികവും. ഈ യുവാക്കളെ ലക്ഷ്യമിട്ടാണ് പോഡ് കാസ്റ്റുകൾ തങ്ങളുടെ ആശയങ്ങൾ ജനങ്ങളറിയാതെ അവരിലേക്കെത്തിച്ചത്. 2002 വീഡിയോകളും ആറ് പ്രധാന രാഷ്ട്രീയ ലക്ഷ്യങ്ങളെയായിരുന്നു അടിവരയിട്ടത്. ഒന്നാമതായി അമേരിക്കയുടെ ഇലക്ഷൻ തന്നെയായിരുന്നു. ട്രാൻസ്ജെൻഡർ അവകാശങ്ങൾ, യുദ്ധം, കുടിയേറ്റം, സാമ്പത്തികം, ആരോഗ്യം എന്നിവയാണ് മറ്റുള്ളവ. പരമ്പരാഗത സംവാദങ്ങളല്ലാതെ യുവാക്കളുടെ ഇഷ്ട വിഷയങ്ങളായ കായികം, വിനോദം, ഇന്റർനെറ്റ്, പ്രാങ്കുകൾ എന്നിവ ചേർത്ത സംസാരങ്ങൾക്കിടയിലാണ് തങ്ങളുടെ അജണ്ടകൾ അവർ കൈമാറുന്നത്.
ആദിൻ റോസിനൊപ്പം ട്രംപ്
ഇവയൊക്കെയും വലിയൊരു വിഭാഗത്തിന്റെ പ്രാഥമിക വിവരശേഖരണോപാധിയായി മാറുകയും രാഷ്ട്രീയ ചിന്തകളെ വാർത്തെടുക്കുകയും ചെയ്തു. കുറഞ്ഞത് 1 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഓരോ ചാനലുകളും പ്രധാനമായും പുരുഷ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ലോകത്തിലെ തന്നെ ജനപ്രിയ പോഡ്കാസ്റ്റായ ജോ റോഗന്റെതടക്കം ട്രംപ് നേരിട്ട് പങ്കെടുത്ത 9 പോഡ്കാസ്റ്റുകൾ 100 മില്യൺ ആളുകളാണ് കണ്ടത്. ജോ റോഗനൊപ്പമുള്ള വീഡിയോ മാത്രം 50 മില്യണിലധികം കാഴ്ചക്കാരെ നേടി. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ സ്റ്റേറ്റ് ഗവർണർമാരേക്കാൾ സ്ഥാനം റോഗനായിരുന്നെന്ന ട്രോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു. കേവലം തമാശയായി ഇതിനെ തള്ളിക്കളയാനാവില്ല. പോഡ്കാസ്റ്റുകളെ ഫലപ്രദമായി വിനിയോഗിച്ച ഏക ലോകനേതാവെന്ന ഖ്യാതി ട്രംപിനു തന്നെയാണ്.
ഒമ്പത് പോഡ്കാസ്റ്റർമാരും ഒരേ വിഷയങ്ങളുടെ പല തലങ്ങൾ ചർച്ച ചെയ്ത് സമഗ്ര കാഴ്ചപ്പാട് നൽകി വലതുപക്ഷ വക്താക്കളാക്കി യുവാക്കളെ മാറ്റി. ആദിൻ റോസ്, ആൻഡ്രൂ ഷുൾസ്, നെൽക്ക് ബോയ്, ലോഗൻ പോൾ, ജോ റോഗൻ, ലെക്സ് ഫ്രിഡ്മാൻ, ഷോൺ റയാൻപാട്രിക്, ബെറ്റ് ഡേവിഡ്, തിയോ വോൺ എന്നിവരാണ് പ്രമുഖ പോഡ്കാസ്റ്റർമാർ.
പോഡ്കാസ്റ്റുകളുടെ വ്യൂവർഷിപ്പ് കൂട്ടുന്നതിനായി ജനങ്ങൾക്കിഷ്ടപ്പെട്ട അതിഥികളെ നിരന്തരം കൊണ്ട് വന്നു. അതിൽ കായികതാരങ്ങൾ, സംരംഭകർ ആൻഡ്രു ടെയ്റ്റിനെപ്പോലുള്ള വിവാദ വ്യക്തികളും ഉൾപ്പെടുന്നു.
പിന്നീട് രാഷ്ട്രീയ നേതാക്കൾ വരുമ്പോഴും പരിപാടിയുടെ സ്വഭാവം അതേപടി തുടരുകയും കാഴ്ചക്കാരുടെ ഇഷ്ട വിഷയങ്ങൾ കൈകാര്യം ചെയ്ത് തങ്ങളുടെ അജണ്ടകൾ ഒളിച്ചുകടത്തുകയും ചെയ്യുന്നു. യുവാക്കളുടെ ഭാഷയും ശൈലിയും ഉപയോഗിച്ച് മീമുകളിലൂടെയും ട്രെൻഡിംഗ് ടോപ്പിക്കുകളിലൂടെയും സങ്കീർണ്ണമായ രാഷ്ട്രീയ വിഷയങ്ങളെ ലളിതമായി കൈകാര്യം ചെയ്ത് യുവാക്കൾ നേരിടുന്ന പ്രതിസന്ധികളെ അഡ്രസ് ചെയ്യുകയും അവർക്കാശ്രയിക്കാവുന്ന പ്രധാനയിടമായി പോഡ്കാസ്റ്റുകൾ പരിണമിക്കുകയും ചെയ്തു. ഏതു വിഷയങ്ങൾക്കുമുള്ള പരിഹാര മാർഗ്ഗമായി വലതു പക്ഷ ചിന്താഗതികൾ അവതരിച്ചു. അൽഗോരിതം സെറ്റ് ചെയ്യുന്നതിലൂടെ ഇത്തരം വിഷയങ്ങൾ മാത്രം കാഴ്ചക്കാരിലെത്തുകയും മറുവശം അറിയാതെ ഒരൊറ്റാശയത്തിൽ സമൂഹം ഒന്നടങ്കം ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് മെറ്റ സി.ഇഒ മാർക്ക് സക്കർ ബർഗ് യുഎഫ്സിയുടെ(Ultimate Fighting Championship)സിഇഒ ആയിരുന്ന ഡാന വൈറ്റിനെ മെറ്റയുടെ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. ഡാന വൈറ്റായിരുന്നു ട്രംപിനെ പോഡ്കാസ്റ്റുകളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. ദൈർഘ്യമേറിയ ഷോകൾ ജനപ്രിയമാക്കാനുള്ള നയപരിപാടികളുമായി ഈ അജണ്ടയെ ശക്തിപ്പെടുത്തുന്നതിന് പിറകിൽ വൻകിട ടെക്ക് ഭീമന്മാരുമുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മെറ്റയുടെ നയങ്ങളിൽ സക്കർബർഗ് അടുത്തിടെ അയവുവരുത്തിയിരുന്നു. 2023-ൽ വിവാദ അതിഥികളെ അനുവദിക്കുന്ന പുതിയ നയം യൂട്യൂബ് പുറത്തിറക്കി. ഇത്തരം പോഡ് കാസ്റ്റുകളിൽ പങ്കെടുത്ത് ഇലോൺ മസ്കും സക്കർ ബർഗും ഇതിനെ ജനകീയമാക്കി. മാറുന്ന കാലത്തേക്കുള്ള ട്രെൻഡ് സെറ്റിങ്ങാണ് ഇതിലൂടെ നടന്നതെന്ന് പറയാം.
ഇത്തരം ട്രെൻഡ് സെറ്റിംഗുകളിൽ പതുങ്ങിയിരിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ വിപുലമാണ്. വൈകാരിക തലങ്ങളിൽ പങ്കുവെക്കപ്പെടുന്ന ആശയങ്ങൾ ക്യാപ്സൂളുകളായി വിഴുങ്ങുന്ന സമൂഹം യാഥാർത്ഥ്യങ്ങളെ ചൂഴ്ന്നന്വേഷിക്കാൻ പോകുന്നില്ല. രാഷ്ട്രീയ സംവാദങ്ങളുടെ ഘടന തന്നെ മാറുമ്പോൾ നിയമനിർമ്മാണമടക്കം ഗൗരവപരമായ കാര്യങ്ങളുടെ ശ്രദ്ധ വഴിമാറുന്നു. ഉത്തരവാദിത്വങ്ങളുടെ ഭാണ്ഡക്കെട്ടുകളും ചരിത്ര രേഖപ്പെടുത്തലുകളും ആവശ്യമില്ലാത്ത സ്വതന്ത്ര മാധ്യമങ്ങൾ ഇങ്ങനെ ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന സങ്കല്പത്തെ ഇല്ലാതാക്കുന്നു. ജനപ്രിയമാകുന്ന ശൈലികളിൽ ഒളിച്ചു കടത്തുന്ന അജണ്ടകളെ തിരിച്ചറിയാൻ സമൂഹം പ്രാപ്തമാകേണ്ടതുണ്ട്. കേവലം അമേരിക്കയിൽ മാത്രം ഒതുങ്ങുന്നതല്ല ഇതെന്ന ബോധ്യത്തിൽ നിന്ന് തന്നെ സത്യാന്വേഷണത്തിനുള്ള കാൽവെപ്പുകൾ തുടങ്ങേണ്ടിയിരിക്കുന്നു.
Adjust Story Font
16