കേരളത്തിലെ ടൂറിസം മേഖലയുടെ അനന്ത സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മന്ത്രിമാര്‍
കേരളത്തിലേതുപോലെ വശ്യമായ കാനന സൗന്ദര്യം മറ്റെവിടെയും ഇല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
- Updated:
2023-11-04 09:40:01.0
ടൂറിസം മേഖലയില്‍ കേരളത്തിനുള്ളത് അനന്തമായ സാധ്യതയാണെന്നും സംസ്ഥാനത്തെ ഒരു സ്ഥലത്തെ പോലും ടൂറിസത്തില്‍ നിന്നും ഒഴിവാക്കാനാകില്ലെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭാ പുസ്തകോത്സവത്തിനോടനുബന്ധിച്ച് 'വിനോദ സഞ്ചാര സാധ്യതകള്‍: വിവിധ മേഖലകളിലൂടെ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനം, ജലപാതകള്‍, പാലങ്ങള്‍ തുടങ്ങിയവ എല്ലാം വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേതുപോലെ വശ്യമായ കാനന സൗന്ദര്യം മറ്റെവിടെയും ഇല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനാന്തരമേഖലയിലെ ടൂറിസത്തെ മുന്‍നിര്‍ത്തിയുള്ള നടപടികളുമായി മുന്നോട്ട് പോയാല്‍ കേരളത്തിന് വലിയ നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൂറിസം വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതം അടിസ്ഥാന സൗകര്യ വികസനമാണെന്ന് മുന്‍ സ്പീക്കറും കെ.ടി.ഡി.സി ചെയര്‍മാനുമായ എം വിജയകുമാര്‍ പറഞ്ഞു. ഓരോ കേന്ദ്രങ്ങളിലേക്കും വേഗത്തില്‍ എത്തിച്ചേരാനായാല്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയ ജനപങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കായിക വിനോദസഞ്ചാര മേഖലയെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കേരളത്തിന് കഴിയണമെന്ന് കായിക - ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് ടൂറിസത്തിന്റെ വ്യാപ്തി ഏറെ വലുതാണ്. വാട്ടര്‍ സ്‌പോര്‍ട്‌സ് , ബീച്ച് സ്‌പോര്‍ട്‌സ് മികച്ച രീതിയില്‍ നടപ്പാക്കുന്നതിലൂടെ വിദേശ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതിലൂടെ ആഡംബര യാത്രാക്കപ്പലുകള്‍ക്കുള്ള വലിയ സാധ്യതയാണ് തുറന്നു വന്നിരിക്കുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജലപാതകളിലൂടെയുള്ള യാത്ര സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. വിദേശികള്‍ ഉള്‍പ്പടെ കൂടുതല്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന യാത്രാക്കപ്പലുകള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ചന്ദ്രശേഖരന്‍ മോഡറേറ്ററായി.
Adjust Story Font
16