Quantcast

കവിതയുടെ മധുരസ്മരണയുമായി മലയാളത്തിന്റെ പ്രിയപ്പെട്ട മധുസൂദനന്‍ നായര്‍

നല്ല കവിത തിരിച്ചറിയുന്ന ആസ്വദിക്കാന്‍ യോഗ്യതയുള്ള സമൂഹമാണ് കവിതയെ വിമര്‍ശിക്കേണ്ടതെന്ന് കവി.

MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

  • Updated:

    2023-11-05 06:46:41.0

Published:

4 Nov 2023 2:30 PM GMT

കവിതയുടെ മധുരസ്മരണയുമായി മലയാളത്തിന്റെ പ്രിയപ്പെട്ട മധുസൂദനന്‍ നായര്‍
X

നിത്യജീവിതത്തില്‍ ആരാധനയില്‍ കൃഷിയില്‍ വീട്ടുജോലികളില്‍ വിനോദത്തില്‍ ഒക്കെ കവിതയോടൊത്തു ജീവിച്ച ഒരു പൂര്‍വ്വ സമൂഹമാണ് നമുക്കുള്ളതെന്ന് മലയാളത്തിന്റെ പ്രിയകവി പ്രഫ. വി. മധുസൂദനന്‍ നായര്‍. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കവിയും കവിതയുമെന്ന' പരിപാടിയില്‍ അദ്ദേഹം കവിതയുടെ നീതിബോധത്തെക്കുറിച്ചും നന്മയെക്കുറിച്ചുമുള്ള ചിന്തകള്‍ പങ്കുവച്ചു.

ആശയങ്ങളുടെ സര്‍ഗ്ഗാവിഷ്‌കാരമാണ് കവിതകളെന്നും അതിന്റെ ഛന്ദസ് കൈവിടരുതെന്നും കവി ഓര്‍മ്മപ്പെടുത്തി. ഗദ്യത്തില്‍ എഴുതാന്‍ വളരെ എളുപ്പമാണ് എന്ന ധാരണ പലര്‍ക്കുമുണ്ട്. ഇന്ന് ഗദ്യത്തിലുള്ള കവിതകള്‍ അത്ര ഹൃദ്യമല്ലാത്തതായാണ് കാണുന്നത്. പണ്ടുകാലം മുതല്‍ നമ്മുടെ നാട്ടില്‍ ആവിഷ്‌കൃത കവിതകള്‍ക്ക് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. മികച്ച ആവിഷ്‌കാരങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കുഞ്ചന്‍ നമ്പ്യാരുടെ സൃഷ്ടികള്‍ പിന്നീട് സര്‍വകലാശാലകളില്‍ പഠിക്കാനും പ്രബന്ധമെഴുത്തിനുമുള്ള വിഷയമായി ചുരുങ്ങി. ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എ.അയ്യപ്പപണിക്കരെ കവി സ്മരിച്ചു. പ്രിയ കവികളില്‍ പലരും വിസ്മരിക്കപ്പെട്ടതിലുള്ള നിരാശയും കവി മറച്ചു വച്ചില്ല. 'ചിലരെ ചിലകാലം വേണം, കുറച്ചു കഴിഞ്ഞ് ചവച്ചു തുപ്പണം' എന്ന പ്രയോഗത്തിലൂടെയാണ് അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചത്.

നാട്ടിടങ്ങളില്‍ കവിതയെത്തിച്ച്, കവിതയ്ക്ക് എല്ലായിടത്തും വേദിയുണ്ടാക്കി കൊടുത്തവരാണ് അയ്യപ്പപണിക്കര്‍, കടമ്മനിട്ട, ഡി.വിനയചന്ദ്രന്‍ എന്നിവരെപ്പോലെയുള്ള കവികള്‍. ആസ്വാദനത്തിനെ ഉന്നതിയിലെത്തിക്കുന്നത് കവിതകളിലെ രസായനത്വമാണ്. എന്നാല്‍, ഇന്ന് ആളുകള്‍ക്ക് ആവശ്യം ഗുളികകളാണ്, വേഗം കേട്ട് തീരുന്ന കവിതകള്‍ക്കാണ് ആവശ്യക്കാര്‍. നല്ല കവിത തിരിച്ചറിയുന്ന ആസ്വദിക്കാന്‍ യോഗ്യതയുള്ള സമൂഹമാണ് കവിതയെ വിമര്‍ശിക്കേണ്ടത്. കവിത എഴുതുന്നവരും സ്വയം വിമര്‍ശകര്‍ ആകണമെന്ന് കവി സൂചിപ്പിച്ചു.

താന്‍ കവിതയിലേക്ക് എത്തിയ കാലം കവി ഓര്‍മിച്ച് പറഞ്ഞു: ചെറുപ്രായത്തിലേ വിളിച്ചു പാടുന്ന സ്വഭാവമുണ്ടായിരുന്നു. പിന്നീട് താളത്തില്‍ എഴുതാന്‍ തുടങ്ങി. ഉത്സവപ്പറമ്പുകളിലും ചെറിയ സമിതികളിലും ചില്ലറ വാദ്യങ്ങളോടെ അവതരിപ്പിച്ച പാട്ടുകള്‍ക്ക് ലഭിച്ച പ്രോത്സാഹനമാണ് കവിതയെഴുത്തിലേക്ക് തിരിയാന്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജമായത്. എഴുതുന്നതില്‍ അന്യന്റെ ഒരു വരി പോലും കടന്നു വരാതെ ശ്രദ്ധിച്ചിട്ടുണ്ട്. വാക്കുകളുടെ ഭദ്രതയ്ക്ക് കുറവുണ്ടാകാതെ എഴുതണം. സമൂഹത്തില്‍ എല്ലാവര്‍ക്കുമായി എഴുതുന്ന കവിതകളില്‍ ഈ ദേശത്തിന്റെ രുചികള്‍ കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് കവി വ്യക്തമാക്കി. ഇത്രയേറെ കീറിമുറിക്കലുകള്‍ ഉണ്ടായിട്ടും മഹത്തായ ഗ്രന്ഥമായി നിലനില്‍ക്കാന്‍ മഹാഭാരതത്തിന് കഴിഞ്ഞത്, അത് ലോകത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെ നാട് വേണ്ടവിധം തിരിച്ചറിയുന്നില്ല എന്ന സങ്കടവും അദ്ദേഹം പങ്കുവച്ചു. കവികളില്‍ കവിയായ ശ്രീനാരായണ ഗുരുദേവന്റേത് പോലുള്ള ഒരു മനസ്സ് എന്ത് കൊണ്ട് മനുഷ്യരില്‍ ഉണ്ടാകുന്നില്ല.

44 നദികളെ നശിപ്പിക്കാന്‍ 40 വര്‍ഷം പോലും വേണ്ടി വന്നില്ല മലയാളിക്ക് എന്ന് പരാതിപ്പെട്ട കവി, തന്റെ അത്തരം കുറ്റബോധത്തില്‍ നിന്നാണ് 'അഗസ്ത്യഹൃദയം' എന്ന കവിത ജനിച്ചതെന്ന് വ്യക്തമാക്കി. ആത്മസംസ്‌കരണത്തിന് ഉതകുന്നതാവണം കവിതകള്‍. പുറംവരികളിലല്ല, അകംതിണകളിലാണ് ശരിയായ ഉള്ളടക്കം ഇരിക്കുന്നത്. മനുഷ്യബോധത്തെ നവീകരിക്കുന്ന തരം രചനകള്‍ വരണം. ഉണ്ട് ഉറങ്ങി നശിക്കുന്നവരല്ലാത്ത ഉദാരമനസുള്ളവര്‍ക്ക് മുന്നില്‍ ലോകം സുന്ദരമായിരിക്കും. ഒരു കുഞ്ഞും ഇവിടെ പാഴാകരുത്, കുഞ്ഞുങ്ങളെ ഔന്നത്യത്തിലേക്ക് നയിക്കാന്‍ കഴിയണം. ജനം ജനമായിരിക്കണമെങ്കില്‍ സ്വന്തം മൊഴി ഒപ്പമുണ്ടാവണമെന്നും കവി മധുസൂദനന്‍ നായര്‍ ഓര്‍മിപ്പിച്ചു. ആത്മനിന്ദ, പരപുച്ഛം, അസൂയ, ആര്‍ത്തി തുടങ്ങിയവയുള്ള ഒരു സമൂഹമായി നാം മാറരുതെന്ന പ്രാര്‍ത്ഥനയോടെയാണ് കവി പ്രഭാഷണം അവസാനിപ്പിച്ചത്. 'അച്ഛന്‍ പിറന്ന വീട്' എന്ന തന്റെ കവിതയിലെ ഏതാനും വരികളും കവി സദസ്സിനായി ആലപിച്ചു. വാക്കിന്‍ വരമ്പത്തുകൂടെ കൈപിടിച്ച് നടത്തി മലയാളികളെ കവിതയെന്ന അക്കരെവീട്ടിലെത്തിച്ച പ്രിയപ്പെട്ട കവിയെ കരഘോഷത്തോടെയാണ് കവിതാസ്വാദകര്‍ മടക്കി അയച്ചത്.


TAGS :

Next Story