പുസ്തകങ്ങളുടെ മഹോത്സവം : മൂന്നുനാള്‍ കൂടി; പുസ്തകമേളക്ക് വന്‍ തിരക്ക്
സാമൂഹിക സാംസ്‌കാരിക പുരോഗതിയിലേക്ക് നാടിനെ കൈപിടിച്ച് നടത്താനുള്ള അതിമനോഹരമായ നാട്ടുപാതയാവുകയാണ് വായനയുടെ ഈ മഹോത്സവം.
- Updated:
2023-11-05 17:27:21.0
എഴുത്തിനും പുസ്തകങ്ങള്‍ക്കും മലയാള മണ്ണില്‍ എത്ര വലിയ സ്ഥാനമാണുള്ളതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. ആദ്യ നാല് ദിനങ്ങള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ തന്നെ പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിലേക്ക് പുസ്തകപ്രേമികളും എഴുത്തുകാരും കുട്ടികളും സാമാജികരുമടക്കം സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വലിയ ജനക്കൂട്ടമാണ് എത്തിച്ചേരുന്നത്.
പ്രിയ എഴുത്തുകാരെ കാണാനും സംവദിക്കാനും സാധിച്ചാല്‍ ഒരു കയ്യൊപ്പു വാങ്ങാനുമായി വിദൂരത്ത് നിന്നുപോലും വായനക്കാര്‍ നിയമസഭാ മന്ദിരത്തില്‍ എത്തുന്നു. സാഹിത്യത്തോടുള്ള മലയാളിയുടെ അടങ്ങാത്ത അഭിനിവേശമാണ് പുസ്തകോത്സവ വേദിയില്‍ കാണാന്‍ കഴിയുക.
സാഹിത്യലോകത്തേക്ക് കടക്കുന്നവര്‍ക്കും വായിച്ചു തുടങ്ങുന്നവര്‍ക്കും ഒരു പാഠശാല കൂടിയായി പുസ്തകോത്സവ വേദി മാറിക്കഴിഞ്ഞു. പുസ്തകങ്ങളെക്കുറിച്ചും ഭാഷയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍, സംവാദങ്ങള്‍, ആശയങ്ങള്‍ പങ്കുവയ്ക്കല്‍ എന്നിവയെല്ലാം ഓരോ വായനക്കാരനെയും ഒരു എഴുത്തുകാരന്‍ കൂടി ആകാന്‍ പ്രേരിപ്പിക്കുന്നതാണ്. കുട്ടികളുടെ സാഹിത്യം, നോവലുകള്‍, ശാസ്ത്ര പുസ്തകങ്ങള്‍, ചരിത്രം, കുറ്റാന്വേഷണ കഥകള്‍ തുടങ്ങി ഏതു വിഭാഗം വായനക്കാരനെയും ആകര്‍ഷിക്കുന്ന തരത്തിലാണ് നിയസഭാ അങ്കണത്തില്‍ പുസ്തകമേള ഒരുക്കിയിരിക്കുന്നത്.
അനുവാചകര്‍ക്ക് വിനോദവും അറിവും ഒരുപോലെ അനുഭവവേദ്യമാക്കാന്‍ നിയമസഭാ പുസ്തകോത്സവത്തിന് കഴിഞ്ഞിട്ടുണ്ട്. 'വായനയാണ് ലഹരി' എന്ന സങ്കല്‍പ്പത്തിന് ചുറ്റും ഒരേ മനസുള്ള എത്രയധികം മനുഷ്യരാണ് ഒത്തുചേരുന്നത്. സാമൂഹിക സാംസ്‌കാരിക പുരോഗതിയിലേക്ക് നാടിനെ കൈപിടിച്ച് നടത്താനുള്ള അതിമനോഹരമായ നാട്ടുപാതയാവുകയാണ് വായനയുടെ ഈ മഹോത്സവം.
164 പ്രസാധകരുടെ 256 സ്റ്റാളുകളാണ് മേളയില്‍ പ്രവര്‍ത്തിക്കുന്നത്. 22 അന്താരാഷ്ട്ര പ്രസാധകരും ഇക്കുറി മേളയില്‍ സജീവമായുണ്ട്. രാത്രി ഒന്‍പത് വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. കലാസന്ധ്യയും ദീപാലംകൃതമായ നിയമസഭാ മന്ദിരവും കാണുവാന്‍ എത്തുന്നവരുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. ഈ മാസം ഏഴ് വരെയാണ് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം.
Adjust Story Font
16