ഗോവിന്ദന്‍കുട്ടി എങ്ങനെ നക്‌സലൈറ്റായി?
കേരളത്തിലെ ആദ്യ യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട, പീപ്പിള്‍സ് മാര്‍ച്ച് എഡിറ്ററായിരുന്ന പി ഗോവിന്ദന്‍കുട്ടി അനുഭവം പറയുന്നു.
ആയിരത്തി തൊള്ളായിരത്തി നാല്‍പത്തിയെട്ടില്‍ തമിഴ്നാട്ടിലെ താംബരത്താണ് ജനിച്ചത്. എന്റെ അച്ചന്‍ റെയില്‍വേയിലായിരുന്നു. അമ്മ ടീച്ചറും. ഒരു അനിയനും ഒരു സഹോദരിയും ഉണ്ട്. വിദ്യാഭ്യാസം അവിടെതന്നെയായിരുന്നു. പഠനത്തില്‍ ഞാന്‍ നമ്പര്‍ വണ്‍ ആയിരുന്നു. കരുണാനിധിയുടെ മൂത്തമകന്‍ എം.കെ മുത്തു എന്റെ സഹപാഠിയാണ്. അങ്ങിനെയുള്ള ഒരു എലൈറ്റ് സ്‌കൂളിലായിരുന്നു പഠിച്ചത്. സ്‌കോളര്‍ഷിപ്പോടെയായിരുന്നു പഠനം. അച്ചന്‍ റെയില്‍വേയില്‍നിന്ന് റിട്ടയര്‍ഡ് ആയപ്പോള്‍ താമസിക്കാന്‍ വീടില്ലാതയായി. പിന്നീട് ചെറിയ വാടക വീട്ടിലായിരുന്നു താമസം. പഠിക്കാനുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിരുന്ന് പഠിച്ചാണ് എസ്എസ്എല്‍സി പാസ്സാകുന്നത്. പതിമൂന്നാമത്തെ റാങ്കുകാരനായിരുന്നു ഞാന്‍. സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ പഠനം വേണ്ടെന്ന് അച്ചന്‍ പറഞ്ഞു. തുടര്‍ന്ന് ഞാന്‍ തന്നെ താല്‍പര്യമെടുത്ത് പോളിടെക്ടിനികിന് ചേര്‍ന്നു. മെറിറ്റ് സ്‌കോളര്‍ഷിപ്പ് കിട്ടുകയും ഡിപ്ലോമ പാസ്സാവുകയും ചെയ്തു. ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന കാലമായതിനാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കുക പ്രയാസമായിരുന്നു. പിന്നീട് ഒരു പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു. പഠനം തുടരുകയും ചെയ്തു. സഹോദരങ്ങള്‍ക്ക് പഠനത്തിനുവേണ്ട സഹായമൊക്കെ ഞാനാണ് ചെയ്തുകൊടുത്തിരുന്നത്.
ഒറ്റയാള്‍ പോരാട്ടം
തിരുവനന്തപുരം തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ധാരാളം തൊഴിലാളികള്‍ ഗള്‍ഫിലേക്ക് ജോലിതേടി പോയതിനാല്‍ അവിടെ കുറെ ഒഴിവുകള്‍ വന്നു. അവിടെ ഇന്റര്‍വ്യു അറ്റൻഡ് ചെയ്യുകയും കൈക്കൂലിയൊന്നും കൊടുക്കാതെ തന്നെ ഫോര്‍മാനായി ജോലി ലഭിക്കുകയും ചെയ്തു. അവിടെ ചില അഴിമതികളൊക്കെ നടന്നിരുന്നു. ഇന്‍സുലേഷന്‍ മെറ്റീരിയലായി ഉപയോഗിക്കേണ്ട തെര്‍മോകോളിന് പകരം ഫൈബര്‍ഗ്ലാസ്സ് സപ്ലെ ചെയ്തത് ഒപ്പിട്ടുകൊടുക്കാന്‍ കോണ്‍ട്രാക്റ്റര്‍മാര്‍ എന്നോട് ആവശ്യപ്പെട്ടു. കോണ്‍ട്രാക്റ്റില്‍ സ്‌പെസിഫൈ ചെയ്ത മെറ്റീരിയലേതാണോ അതുതന്നെ ഉപയോഗിക്കണം. അതുകൊണ്ട് ഞാന്‍ അതിന് തയ്യാറായില്ല. അന്ന് എനിക്ക് രാഷ്ട്രീയമൊന്നും ഇല്ല. മാര്‍ക്‌സിനെ പറ്റിയോ ലെനിനെ പറ്റിയോ ഒന്നും എനിക്ക് അറിയുമായിരുന്നില്ല. അന്ന് അടിയന്തരാവാസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഒരു മൂവ്‌മെന്റ് നടന്നിരുന്നു. അഴിമതിക്കെതിരായിരുന്നു ആ മൂവ്‌മെന്റ്. ഞാന്‍ അഴിമതിക്കെതിരായി നിലപാടെടുത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് എന്റെ പിന്നില്‍ ആരോ ഉണ്ടെന്ന് തോന്നല്‍ ഉണ്ടായി. എന്റെ പിന്നില്‍ ആരും ഉണ്ടായിരുന്നില്ല എന്ന് പിന്നീടാണ് അവര്‍ക്ക് മനസ്സിലായത്. അടിയന്തരാവസ്ഥക്കാലമായിരുന്നു. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഉദ്യോഗക്കയറ്റം നല്‍കാതിരുന്നു. ശമ്പളം തടഞ്ഞുവെച്ചു. ഇതിനെല്ലാമെതിരെ ഞാന്‍ ഒറ്റയാള്‍ സമരം നടത്തി. ആവശ്യങ്ങളെല്ലാം ഷര്‍ട്ടില്‍ എഴുതിവെച്ച് അത് ധരിച്ചും പ്ലക്കാര്‍ഡ് പിടിച്ചും തിരുവനന്തപുരം നഗരത്തിലൂടെ ഞാന്‍ നടന്ന് സമരം ചെയ്തു. ഇത് മാതൃഭൂമിയില്‍ വാര്‍ത്തയായി വന്നു. പത്രവാര്‍ത്തകളൊക്കെ വരാന്‍ തുടങ്ങി. ഗവണ്‍മെന്റ് ക്വാര്‍ട്ടേഴിസിലായിരുന്നു എന്റെ താമസം. തടഞ്ഞുവെച്ച ശമ്പളം ലഭിക്കാന്‍വേണ്ടി ഞാന്‍ വഴക്കിടുമായിരുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നു
എനിക്കെതിരെ സി.എസ്,എഫ് ഒരു കള്ളക്കേസുണ്ടാക്കി. കൊലപാതകശ്രമം എന്ന നിലയിലായിരുന്നു അത്. കോടതിയില്‍ ഹാജരാക്കി. ആകേസ് പിന്നീട് പൊളിഞ്ഞു. അവസാനം ഗുണ്ടകളെ ഉപയോഗിച്ച് എന്നെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഒഴിപ്പിച്ചു. എന്നെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിയിലാക്കി. ജാമ്യത്തിനുവേണ്ടി ഞാന്‍ അപേക്ഷ നല്‍കിയില്ല. എന്തുവേണമെങ്കിലും ചെയ്‌തോ എന്നായിരുന്നു എന്റെ നിലപാട്. ഭാര്യ സഹോദരന്‍ ജാമ്യത്തിനുവേണ്ടി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് ജാമ്യം വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അവരെന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെ എന്നു പറഞ്ഞു. ഇങ്ങിനെയുള്ളവരെ ഭ്രാന്തന്‍മാരാണ് എന്ന് മുദ്രകുത്താറാണ് പതിവ്. അവര് ഐ.പി.സി സെക്ഷന്‍ 83/84 വകുപ്പ് വെച്ച് ഭ്രാന്തനാണെന്ന് പറഞ്ഞ് കേസില്ലാതാക്കി. ജയിലില്‍നിന്ന് ഞാന്‍ പൊന്നാനിയിലുള്ള ഭാര്യവീട്ടിലേക്കാണ് പോയത്. അവര്‍ വലിയ ജന്മിമാരായിരുന്നു. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ വീട്ടുകാരെ നിര്‍ബന്ധിച്ചു. വീട്ടുകാര്‍ ഭക്ഷണത്തില്‍ മയക്കമരുന്ന് തന്ന് എന്നെ കോഴിക്കടുള്ള ഒരു മാനസിക ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഇങ്ങിനെയൊന്നും ചെയ്യരുതെന്നും ഇതെല്ലാം തെറ്റാണെന്നും അന്ന് ഞാന്‍ ഡോക്ടറോട് പറഞ്ഞു. പിന്നീട് ഭാര്യ സഹോദരന്‍ നൈജീരിയയില്‍നിന്ന് വന്ന് ഞങ്ങളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. അവിടെവെച്ചും മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകാനുള്ള ശ്രമം നടത്തി. ഭാര്യയുടെ കയ്യില്‍നിന്ന് വെള്ളം വാങ്ങിക്കുടിക്കാന്‍ പോലും എനിക്ക് പേടിയായി. ഇങ്ങിനെയിരിക്കുമ്പോഴാണ് വീട്ടിലൊരു സംഭവം നടക്കുന്നത്. എന്നെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഭാര്യയുടെ അമ്മയേയും ചെറിയമ്മയേയും ഞാന്‍ ക്ലോസ്സ് ചെയ്തു. ഭാര്യയുടെ സഹോദരനും മരിച്ചു. ശരിയായിട്ടുള്ള ഭക്ഷണം നല്‍കാത്തതിനാലും ജോലിയില്ലാത്തതിനാലുമാണ് സംഭവം നടന്നതെന്ന് പറഞ്ഞ് മോട്ടീവ് ഓഫ് ദി മര്‍ഡറിനെ മാറ്റി ഭാര്യയെകൊണ്ട് കള്ള സാക്ഷി പറയിപ്പിച്ചു.
ചാരക്കേസിന്റെ യഥാര്‍ഥ കാരണം?
എന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അത് 1985 ലായിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ ജയിലിലായിരുന്നു. എല്ലാവരുമായുമുള്ള ബന്ധം നിലച്ചു. ജയിലില്‍ വലിയ കൊള്ളക്കാരായ ആളുകളൊക്കെ ചികിത്സക്കെന്ന പേരില്‍ എസ്‌കോര്‍ട്ടോടുകൂടി പുറത്തുപോകും. സ്വാധീനമുണ്ടെങ്കില്‍ ഒരു ദിവസംപോലും അകത്തുകിടക്കേണ്ടി വരില്ല. പത്തരവര്‍ഷത്തെ കഠിന ശിക്ഷ ഞാന്‍ അനുഭവിച്ചു. 1994 ല്‍ തെരഞ്ഞെടുപ്പ് സമയമായിരുന്നു. എല്ലാ ഇലക്ഷന്‍ സമയത്തും നക്‌സല്‍ ഇഷ്യു ഉയര്‍ന്നുവരും. പത്ത് വര്‍ഷമായി ജയിലില്‍ കിടന്നവര്‍ക്കൊക്കെ മോചനം നല്‍കുമെന്ന് രാമറാവു വാഗ്ദാനം നല്‍കി. അന്ന് നക്‌സല്‍ പാര്‍ട്ടി പീപ്പീള്‍സ് വാര്‍ എന്ന പേരിലായിരുന്നു. ഞാന്‍ അപ്പോഴൊന്നും നക്‌സലൈറ്റ് അല്ലായിരുന്നു. അന്ന് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പാര്‍ട്ടിയുടെ മേലുള്ള നിരോധനം എടുത്തുകളയണെമെന്നും ഏഴ് വര്‍ഷമായ തടവുകാരെ മോടിപ്പിക്കണെമന്നുമുള്ള ഡിമാന്റ് വെച്ചു. രാമറാവു അധികാരത്തില്‍ വന്നു. ആ സമയത്ത് കേരളത്തില്‍ കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഞാന്‍ പുറത്തുവന്നാല്‍ തുമ്പയില്‍ വന്ന് വീണ്ടും പ്രശ്‌നമുണ്ടാക്കും എന്ന് പറഞ്ഞാണ് രമണ്‍ ശ്രീവാസ്തവ നമ്പിനാരയാണനെയും മറിയം റഷീദയേയുമൊക്കെ ഉള്‍പ്പെടുത്തി ചാരക്കേസ് ഉണ്ടാക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്പിനാരായണന്‍ നിരപരാധിയാണ്.
നക്‌സല്‍ ബന്ധം
രാമറാവു മുഖ്യമന്ത്രിയായി. 14 കൊല്ലമായ തടവുകാരെ മാത്രമാണ് വിട്ടയച്ചത്. ജയിലില്‍ നക്‌സലൈറ്റ് തടവുകാരുടെ പ്രത്യേകം ബ്ലോക്കായിരുന്നു. അവരെ അങ്ങിനെ കാണാനൊന്നും പറ്റില്ല. ഞാന്‍ അവിടെ കയറി നേതാക്കളെ കണ്ടു. ഞ്ഞങ്ങള്‍ പത്ത്‌കൊല്ലത്തിലേറെ ജയിലിലുള്ളവരുടെ വിഷയങ്ങള്‍ പറഞ്ഞു. നിങ്ങള്‍ സമരം ചെയ്യൂ ഞങ്ങള്‍ പിന്തുണക്കാമെന്നും അവര്‍ പറഞ്ഞു. സമരത്തെ അവര്‍ പിന്തുണട്ടു. മുപ്പത്തിയൊന്ന് ദിവസം നിരാഹാരം കിടന്നു. ഇതിനിടെ പിയുസിഎല്‍ പ്രസിഡന്റ് കണ്ണബീരാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ്സ് പെറ്റീഷന്‍ നല്‍കി. കോടതി ഏഴ് കൊല്ലമായവരെ മോചിപ്പിക്കണെമന്ന ഉത്തരവ് നല്‍കി. ആ ഉത്തരവ് കൊണ്ടുവന്നതിന് ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. എന്നിട്ടും ജയിലില്‍നിന്ന് പുറത്തുവിടുന്നില്ല. പിന്നീട് രണ്ടുമാസം കഴിഞ്ഞ് കണ്ടംപെറ്റീഷന്‍ നല്‍കി. പിന്നേയും വിട്ടില്ല. അന്ന് ഞങ്ങള്‍, ഞങ്ങളെ വിട്ടില്ലെങ്കില്‍ ജയില്‍ തകര്‍ക്കുമെന്ന് പറഞ്ഞു. തുടര്‍ന്നാണ് 1995 ജൂലൈ 5ന് 540 തവുകാരെ പുറത്തുവിട്ടത്. ജയില്‍ പകുതി കാലിയായി. നിരാഹാര സമരം ഇരുപത് ദിവസമായപ്പോള്‍ ഞങ്ങളെ നക്‌സല്‍ ബാരക്കിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ചാണ് ഞാന്‍ നക്‌സലിസത്തിലേക്ക് വരുന്നത്. അവിടെവെച്ച് പുസ്തകങ്ങളൊക്കെ വായിച്ചു. അങ്ങിനെയാണ് ഞാന്‍ ഈ ചിന്താധാരയിലേക്ക് വരുന്നത്. ജയിലധികാരികളാണ് എന്നെ നക്‌സലൈറ്റ് ആക്കിയത്.
Adjust Story Font
16