Quantcast

ശാകുന്തളം മുതൽ സാമുദ്രകം വരെ -ശകുന്തളയുടെ സഞ്ചാരങ്ങൾ; ഷൂബ കെ.എസ് സംസാരിക്കുന്നു

‘ശാകുന്തളത്തിലെ ബ്രാഹ്മണമത വിമർശനങ്ങൾ മായ്ക്കപ്പെട്ട, മറക്കപ്പെട്ട അവസ്ഥയിലാണ് വായനകളിൽ കാണപ്പെട്ടത്. ആത്മീയ പ്രകൃതിസ്നേഹവും ആത്മീയ നിഷ്കളങ്കവിശുദ്ധസ്ത്രീ മാതൃകയും ദുരന്തമാണെന്നു പറയാനാണ് കാളിദാസൻ ശാകുന്തളമെഴുതിയത്. എന്നാൽ പിന്നീട് ആശ്രമസ്നേഹവും വിശുദ്ധസ്ത്രീത്വവും പുനരാനയിക്കപ്പെടുകയായിരുന്നു. നാലാമങ്കപ്രാമുഖ്യവചനങ്ങളും മറ്റും അതിൻ്റെ സൂചകമാണ്.ബുദ്ധാശയങ്ങൾക്ക് മേൽ സമ്പൂർണ്ണ ആധിപത്യം സാധ്യമായ ബ്രാഹ്മണമതാധീശത്വത്തിൻ്റെ പിൽക്കാല സന്ദർഭങ്ങളിലായിരുന്നു അത്’

MediaOne Logo
ശാകുന്തളം മുതൽ സാമുദ്രകം വരെ -ശകുന്തളയുടെ സഞ്ചാരങ്ങൾ;   ഷൂബ കെ.എസ് സംസാരിക്കുന്നു
X

‘സാമുദ്രകം - ശാകുന്തളം പൊറാട്ട് ‘ എന്ന നാടകം കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തി​ന്റെ സമകാലികപാഠ നിർമ്മിതിയാണ്. പാലക്കാട്ടിലെ തനത് കലാരൂപമായ പൊറാട്ടുനാടകത്തിന്റെ സാന്നിധ്യവും നാടകത്തിലുണ്ട്. അഭിജ്ഞാനശാകുന്തളം നാടകം അഭിനയിക്കാൻ ഒരുങ്ങുന്ന ഒരു നാടകസംഘത്തിൽ പൊറാട്ടുസംഘം ഇടപെട്ട് കഥയിൽ മാറ്റം വരുത്തുന്നതായി ആഖ്യാനം ചെയ്യപ്പെടുകയാണ് നാടകത്തിൽ. ഒരേ സമയം ക്ലാസ്സിക് സങ്കേതങ്ങളും ഫോക് സങ്കേതങ്ങളും ആഖ്യാനഘടനയിൽ ഉപയോഗിക്കുന്നു.കെ.ബി.റോയിയായിരുന്നു സംവിധാനം.നാടകരചയിതാവ് ഷൂബ കെ.എസുമായി സ്റ്റാർലി ജി.എസ് നടത്തിയ അഭിമുഖം.

? വിമർശനമെഴുത്തിൽ നിന്നും നാടകമെഴുത്തിലേക്ക് വരുമ്പോഴുള്ള വ്യത്യാസമെന്താണ്

വിമർശന ബോധം തന്നെയാണ് എല്ലാ എഴുത്തിൻ്റെയും അടിസ്ഥാനം. ‘വാല്മീകിയുടെ രാമൻ’ വിമർശകനായ മാരാര് എഴുതുന്നതും ‘ചിന്താവിഷ്ടയായ സീത’ കവിയായ കുമാരനാശാൻ എഴുതുന്നതും ഒരേ പ്രേരണയിൽ നിന്നുമാണ്. നിലവിലുള്ള കൃതികൾക്കും ജീവിത ബോധ്യങ്ങൾക്കും വിമർശനവും പുതുവ്യാഖ്യാനവും ഉണ്ടാക്കുകയാണ് എല്ലാ എഴുത്തുകാരും കാലാകാരന്മാരും ചെയ്യുന്നത്. നാടകത്തിലും കവിതയിലും നോവലിലും സിനിമയിലുമൊക്കെ എഴുത്തുകാരൻ തനിക്ക് പറയാനുള്ളത് കഥാസന്ദർഭങ്ങളിലൂടെ, കഥാപാത്രങ്ങളിലൂടെ പറയിക്കുന്നു എന്നു മാത്രം. ജിറൾഡോ സിന്തിയയുടെ ഹെക്കറ്റോമിതി (കഥാ ശതകം ) യിലെ ഒരു കഥയോട് ഉള്ള വിമർശനമായാണല്ലോ ഷേക്സ്പിയർ ഒഥെല്ലോ നാടകം എഴുതുന്നത്.പെൺകുട്ടികൾ വഴിപിഴച്ചു പോകുന്നതിന് മുന്നറിയിപ്പ് എന്ന നിലയിലാണ് ഒഥല്ലോയുടെ പൂർവ്വകഥ വായിക്കപ്പെട്ടത്.നാടകം അങ്ങനെയല്ലല്ലോ വായിക്കപ്പെടുന്നത്. വ്യത്യസ്ത വ്യാഖ്യാനവും വിമർശനവും തന്നെയാണ് എല്ലാ കലകളുടെയും അടിസ്ഥാനം. ഗ്രന്ഥാലോകത്തിൽ പ്രസിദ്ധീകരിച്ച, ‘കാളിദാസൻ: ജലം കൊണ്ടു മുറിവേറ്റവൻ ' എന്ന ലേഖനത്തിലെ ആശയമാണ് ‘സാമുദ്രകം - ശാകുന്തളം പൊറാട്ട് ‘എന്ന നാടകത്തിലുള്ളത്. വിമർശനത്തിൽ നിന്നും നാടകത്തിലെത്തുമ്പോൾ സ്വാഭാവികമായും ആ ആശയം സ്ഥാപിക്കാൻ പുതിയ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉണ്ടായി വരുന്നു.പൊറാട്ടുനാടകം ഉപയോഗിക്കാം എന്ന സന്തോഷ് മാഷിൻ്റെ നിർദ്ദേശം വിമർശനത്തെ ദൃശ്യപ്പെടുത്താൻ ഏറെ സഹായകമായി.

​? വിമർശനത്തെ നാടകമാക്കാൻ ഇടയായ സാഹചര്യമെന്തായിരുന്നു?

‘വൈഗാതീരത്തെ കണ്ണകി ‘യും ‘പാഞ്ചാലീ പർവ്വ’വും നോവ​​ലെറ്റുകളായിരുന്നു. ചിലപ്പതികാരത്തിനും ദ്രൗപദിയെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്കും എഴുതാനിരുന്ന വിമർശനം ഒടുവിൽ ചെറുനോവൽ രൂപത്തിൽ എഴുതുകയായിരുന്നു. വൈഗാതീരത്തെ കണ്ണകിക്ക് നാടകരൂപം പിന്നീട് നൽകിയിരുന്നു. എന്നാൽ സാമുദ്രകം നാടകം നാടക സംവിധായകനായ കെ.ബി.റോയിയുടെ സ്നേഹനിർബന്ധത്താൽ വളരെ പെട്ടെന്നു എഴുതിയതായിരുന്നു. പട്ടാമ്പി ഗവ.കോളേജിലെ കവിതാകാർണ്ണിവലുമായി ബന്ധപ്പെട്ടു നടത്തുന്ന നാടകാവതരണത്തിൽ അവതരിപ്പിക്കാനാണ് ഇത് എഴുതിയത്.

? ‘അഭിജ്ഞാനശാകുന്തള ‘ത്തിൻ്റെ മുണ്ടശ്ശേരിയുടെ വായന പ്രഖ്യാതമാണല്ലോ? കാളിദാസൻ ദുഷ്യന്തനെ വെള്ളയടിക്കാൻ ആണ് മറവിയുടെ കഥ കൂട്ടിച്ചേർത്തത് എന്നാണല്ലോ അദ്ദേഹത്തിൻ്റെ വിമർശനം.സാമുദ്രകം നാടകം എങ്ങനെയാണ് വ്യത്യസ്തമാകാൻ ശ്രമിക്കുന്നത്?’

മുണ്ടശ്ശേരിക്ക് അന്നു സമർത്ഥിക്കാൻ ഉണ്ടായിരുന്നത് എഴുത്തുകാരന് കാലവുമായി ഉള്ള ബന്ധമായിരുന്നു. തെറ്റായ ഉദാഹരണങ്ങളിലൂടെ ശരിയായ കാര്യങ്ങൾ സ്ഥാപിക്കുന്ന വിമർശകനായിരുന്നു മുണ്ടശ്ശേരി. ആശാനെ വിപ്ലവത്തിൻ്റെ കവിയായി ശരിയായി നിർവ്വചിക്കുന്നത് മോശപ്പെട്ട ഉദാഹരണങ്ങളിലൂടെയാണ്. പ്രത്യക്ഷ അധികാര വിമർശനം മാത്രമേ മുണ്ടശ്ശേരിക്ക് മനസ്സിലാക്കാൻ കഴിയുന്നുള്ളു.ലീല പോലുള്ള കൃതികളിലെ അധികാരമൂല്യവിമർശനങ്ങൾ കണ്ടെത്താനാവുന്നില്ല. നവോത്ഥാനം രാജാവിൻ്റെ നിഷേധം മാത്രമല്ല, രാജാവാഴ്ചയെയും ക്ഷത്രിയനെയും ഉപയോഗിക്കുന്ന ബ്രാഹ്മണമതത്തിൻ്റെ മൂല്യ വിമർശനവും കൂടിയായിരുന്നു. സോവിയറ്റ് ക്ലാസിക്കൽ മാർക്സിയൻ വിമർശനത്തിൻ്റെ പൊതു പരിമിതിയായി ഉത്തരാധുനികർക്ക് ഇതിനെ വ്യാഖ്യാനിക്കാനാവും. എന്നാൽ അതു പൂർണ്ണമായും ശരി ആകണമെന്നില്ല… അതവിടെ നിൽക്കട്ടെ, പറഞ്ഞു വന്നത് കാളിദാസൻ്റെ രാജഭക്തിയാണ് ശാകുന്തളത്തിലെ മറവിയുടെ ആവിഷ്കാരത്തിന് കാരണം എന്ന മുണ്ടശ്ശേരിയുടെ നിലപാടിൽ രാജാധികാരവിമർശനം കാണാം. എന്നാൽ മറവിക്ക് കാരണമായി ദുഷ്യന്തൻ്റെ ബഹുഭാര്യാത്വത്തെ സൂക്ഷ്മരൂപത്തിലും മുനിയുടെ ശാപത്തെ പ്രത്യക്ഷരൂപത്തിലും കൊണ്ടുവരിക മൂലം ക്ഷത്രിയൻ്റെ സ്ത്രീ നിഷേധത്തിന് കാരണമായി ബ്രാഹ്മണ മൂല്യവ്യവസ്ഥയെ പ്രതിയാക്കുകയാണ് ചെയ്തത് എന്നതാണ് വാസ്തവം. ദുഷ്ടനായ ഒരു രാജാവ് കാട്ടു പെണ്ണിനെ ഉപേക്ഷിക്കുന്നു എന്ന കാര്യം പറയാൻ ഒരു എഴുത്തുകാരൻ്റെ ആവശ്യമില്ല. അതു രാജാവിൻ്റെ ദുഷ്ടത മാത്രമല്ല. അന്നത്തെ ബ്രാഹ്മണമൂല്യവ്യവസ്ഥയിൽ നല്ലവനെന്നു കരുതപ്പെടുന്ന ഭരണാധികാരി തന്നെ മോശം കാര്യങ്ങൾ ചെയ്യുന്നു എന്നു പറയാനാണ് കാളിദാസൻ ശ്രമിക്കുന്നത്. (ദുഷ്യന്തൻ്റെ പ്രണയത്തിന് ആശ്രമത്തിൻ്റെ അംഗീകാരമുണ്ടായിരുന്നു.) രാമായണം ഉൾപ്പെടെ എല്ലാ കൃതികളും അങ്ങനെ തന്നെ. രാജാവ് തന്നെ അധികാരത്തിൻ്റെ ഇരയായി മാറുന്നതല്ലേ ഭാസൻ്റെ സ്വപ്നവാസവദത്തം. കാലവും അധികാരവും എഴുത്തുകാരനിൽ പ്രവർത്തിക്കുന്നു എന്നത് ശരിയാണെങ്കിലും പ്രത്യക്ഷഅധികാര രൂപത്തിലാവണമെന്നില്ല അതു പ്രവർത്തിക്കുന്നത്. കുറേക്കൂടി സൂക്ഷ്മരൂപത്തിലുള്ള മൂല്യാധീശത്വം പ്രവർത്തിക്കുന്നുണ്ട്. അതാണ് അധീശത്വത്തിന് ജനങ്ങളുടെ സമ്മതി നേടിക്കൊടുക്കുന്നത്.ഹെജിമണിക്കലായുള്ള അധീശത്വമൂല്യങ്ങൾ അധികാരത്തെ നിർണ്ണയിക്കുന്നുണ്ട് ഇന്നു നമ്മൾ പറയാറുണ്ടല്ലോ. കാലത്തിൻ്റെ ദാസൻമാത്രമല്ല എഴുത്തുകാരൻ കാലത്തിൻ്റെ പ്രതിരോധങ്ങളെയും എഴുത്തുകാരൻ ഉൾക്കൊള്ളുന്നുണ്ട്. ഇക്കാര്യങ്ങൾ ആണ് സാമുദ്രകത്തിൽ ഉന്നയിക്കാൻ ശ്രമിക്കുന്നത് .

? അഭിജ്ഞാനശാകുന്തളത്തിലെ ശകുന്തളയുടെ ദുർബ്ബലവ്യക്തിത്വം മുണ്ടശ്ശേരി ശരിയായി ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ?

തീർച്ചയായും സ്ത്രീപക്ഷ നിരൂപണമാണത്… ഈശ്വരനെ പുല്ലിംഗത്തിൽ നിർവ്വചിക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ച് മുണ്ടശ്ശേരി പറയുന്നുണ്ട്. എന്നാൽ ശരീരം വച്ച് രാജ്യത്തെ വിലപേശുന്ന മഹാഭാരത ശകുന്തളയാണ് മെച്ചം എന്നത് താരതമ്യത്തിനായി ഉള്ള ഒരു അതിവാദം എന്ന നിലയിൽ കുഴപ്പമില്ല. പക്ഷെ കാളിദാസൻ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊന്നാണ്. ചരിത്രപരമായി പ്രണയം എന്ന സാംസ്കാരികാവസ്ഥയുടെ വികാസവും പ്രണയത്തെ അധികാര വിധേയമാക്കി അലസിപ്പിക്കുന്ന ബ്രാഹ്മണ മൂല്യവ്യവസ്ഥയുടെ ആധിപത്യവുമാണ് കാളിദാസൻ സംബോധന ചെയ്തത്. രാജാവിനോടായതു കൊണ്ടു പ്രണയം അംഗീകരിക്കപ്പെടുന്നു, രാജാവ് മറക്കുമ്പോൾ, മുല്ലവല്ലിയെയും മാൻ കിടാവിനെയും സ്നേഹിക്കുന്ന ആശ്രമവും ശകുന്തളയെ മറക്കുന്നു ഈ ദുരന്തമാണ് ആവിഷ്കരിക്കപ്പെടുന്നത്.കാട്ടുപെണ്ണിനെ ആശ്രമ കന്യകയാക്കി ദുർബ്ബലയാക്കുന്നു എന്നത് തീർച്ചയായും വാസ്തവമാണ്. എന്നാൽ ശകുന്തളയുടെ രാജനിഷേധവും മുക്കുവൻ്റെ ബ്രാഹ്മണ വിമർശനവും അഭിജ്ഞാനശാകുന്തളത്തിലുണ്ട്. അതിനെ വിപുലീകരിക്കുകയാണ് സാമുദ്രകം ചെയ്യുന്നത്.

​? ജലം കൊണ്ടു മുറിവേറ്റവൾ എന്നാണല്ലോ സാമുദ്രകത്തിലെ ശകുന്തള സ്വയം വിശേഷിപ്പിക്കുന്നത്. നദിക്കരയിലെ മുക്കുവ കുടിലിൽ തുടങ്ങി അവിടെ അവസാനിക്കുന്ന രീതിയിലാണല്ലോ നാടകം .കാളിദാസനും ജലവും തമ്മിൽ എന്താണ് ബന്ധം?

അതു ലോർകയുടെ ഒരു പ്രയോഗമാണ്. പക്ഷെ കാളിദാസൻ്റെ കൃതിയിലുടനീളം ജലം ഒരു രാഷ്ട്രീയ രൂപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പുറന്തള്ളപ്പെട്ട ജലവും ജീവിതവും പ്രണയവുമാണ് മേഘങ്ങൾ. ഇടിമിന്നലോടെ പെയ്ത് ജലം ഭൂമിയെ തൊടുന്നതാണ് സ്നേഹവും ജീവിതവും കാളിദാസ കൃതികളിൽ. അതു മേഘസന്ദേശത്തിൽ മാത്രമല്ല. ജലം കടന്ന് കാനൽജലത്തെ അന്വേഷിക്കുന്നു എന്നാണ് ശാകുന്തളയെക്കുറിച്ചുള്ള ഓർമ്മ വീണ്ടെടുത്ത ദുഷ്യന്തൻ പറയുന്നത്. അതായത് ജലത്തെ ഉപേക്ഷിക്കലാണ് മിഥ്യ, മറവി, പ്രണയ നിരാസം.മഞ്ഞുമൂടിയ പൂവിൽ വണ്ടിന് തേൻ കുടിക്കാനാവാതെ നിൽക്കുന്നതായാണ് പ്രണയ പ്രതിസന്ധിയെ അവതരിപ്പിക്കുന്നത്. ജലത്തിലാണ് മോതിരം നഷ്ടപ്പെട്ടത്. ജലത്തിൽ പണിയെടുക്കുന്നവരാണ് അത് വീണ്ടെടുക്കുന്നത്.ജലത്തിൽ നിന്നും ആണ് ഓർമ്മകൾ ഉയർന്നു വരുന്നത്. ജലം അബോധ മനസിൻ്റെ സൂചകമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ഇവിടെ ജലം, നാം സൃഷ്ടിക്കുന്ന നാഗരികതയ്ക്ക് വേണ്ടി, ഉപരിവർഗ്ഗ മൂല്യങ്ങൾക്ക് വേണ്ടി കുടിയിറക്കപ്പെടുന്ന മനസ്സിൻ്റെ അബോധ സ്ഥലങ്ങളാണ്. കുടിയിറക്കപ്പെട്ടവരുടെ സൂചകമാണ്.ഭൂമിയും ജലവും വലിയ രാഷ്ട്രീയ ദൃശ്യ ബിംബങ്ങളായി മാറുന്നു. ആശ്രമത്തിലെ മാൻ കൂടുതൽ ആകാശത്തിലും കുറച്ചു മാത്രം ഭൂമിയിലുമാണ്. ശകുന്തള ഒരു കാലിൽ നിന്നു കൊണ്ട് ദുഷ്യന്തനെ നോക്കുന്നു. ആശ്രമം ഭൂമിയല്ല. കൂടുതലും ആകാശത്തിലാണ്. ആ ആശ്രമപ്രകൃതി അധികാരത്തിനു വേണ്ടി മെരുക്കപ്പെട്ടതാണ്. ജലത്തിലേക്കും ഭൂമിയിലേക്കുമുള്ള യാത്രയായാണ് സാമുദ്രകം നാടകം വിഭാവനം ചെയ്യുന്നത്.

ഷൂബ കെ.എസ്, സ്റ്റാർലി ജി.എസ്

? ഗയ്ഥെയെ ഉദ്ധരിച്ചു കൊണ്ടുള്ള ടാഗോറിൻ്റെ വായനയുടെ വിപരീതമാണല്ലോ ഇത്. ശാകുന്തളത്തിൻ്റെ വിദേശ- ഇന്ത്യൻ വായനകളെ എങ്ങനെ കാണുന്നു?

ശാകുന്തളത്തിലെ ബ്രാഹ്മണമത വിമർശനങ്ങൾ മായ്ക്കപ്പെട്ട, മറക്കപ്പെട്ട അവസ്ഥയിലാണ് വായനകളിൽ കാണപ്പെട്ടത്. ആത്മീയ പ്രകൃതിസ്നേഹവും ആത്മീയ നിഷ്കളങ്കവിശുദ്ധസ്ത്രീ മാതൃകയും ദുരന്തമാണെന്നു പറയാനാണ് കാളിദാസൻ ശാകുന്തളമെഴുതിയത്. എന്നാൽ പിന്നീട് ആശ്രമസ്നേഹവും വിശുദ്ധസ്ത്രീത്വവും പുനരാനയിക്കപ്പെടുകയായിരുന്നു. നാലാമങ്കപ്രാമുഖ്യവചനങ്ങളും മറ്റും അതിൻ്റെ സൂചകമാണ്.ബുദ്ധാശയങ്ങൾക്ക് മേൽ സമ്പൂർണ്ണ ആധിപത്യം സാധ്യമായ ബ്രാഹ്മണമതാധീശത്വത്തിൻ്റെ പിൽക്കാല സന്ദർഭങ്ങളിലായിരുന്നു അത്.

വിവർത്തനങ്ങളിലും അത്തരം വായനകൾ നിർണ്ണയിച്ചിരുന്നു.വിവർത്തനങ്ങൾ എപ്പോഴും അതത് ദേശത്തെ അതത് കാലത്തെ സാംസ്കാരിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വില്യം ജോൺസ് 1789 ൽ ആണ് ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നത് എന്ന് എല്ലാർക്കും അറിയാം. വില്യം ജോൺസ് ഇന്തോളജിസ്റ്റും ഓറിയൻ്റലിസ്റ്റുമായിരുന്നു. ബ്രിട്ടീഷുകാർ ഓറിയൻറലിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചു.വിവർത്തനത്തിന് മുന്നൊരുക്കമായി വില്യംസ് സംസാരിച്ച ബ്രാഹ്മണൻ നാലാമങ്കത്തിൻ്റെ പ്രാധാന്യവും അതിലെ നാലുശ്ലോകങ്ങളുമാണ് വിശദീകരിച്ചു കൊടുത്തത് എന്ന് ഇംഗ്ലീഷ് വിവർത്തനത്തിൻ്റെ ആമുഖത്തിൽ അദ്ദേഹം എഴുതുന്നുണ്ട് .അതായത് ബ്രാഹ്മണവായന തന്നെയാണ് ഒറിയൻ്റിലിസ്റ്റുകൾക്കും ആവശ്യം. ശകുന്തളയുടെ നിതംബഭാരം കൊണ്ട് താഴ്ന്ന ചുവടുകളെ കുറിച്ചു പറയുന്ന ഭാഗത്തിനുണ്ടായ വിവർത്തനങ്ങളെക്കുറിച്ച് റോമിലാ ഥാപ്പർ പറയുന്നണ്ടല്ലോ.ജോൺസ് elegant limps എന്നും മോണിയൽ വില്യംസ് graceful undulation of her gait എന്നും മറ്റൊരാൾ weight of rounded hips എന്നുമാണ് വിവർത്തനം ചെയ്യുന്നത്. കോളനി രാജ്യങ്ങളെ പരിഷ്കൃതരായി കാണുമ്പോഴും ലൈംഗികതയുടെ കാര്യത്തിൽ ചില വെട്ടിത്തിരുത്തലുകൾ വരുത്തുന്നതിനുദാഹരണമായാണ് ഥാപ്പർ ഇതിനെ വിശദീകരിക്കുന്നത്. അതെന്തായാലും ശാകുന്തളത്തിൻ്റെ ബ്രാഹ്മണ പാഠമാണ് ഓറിയൻ്റലിസ്റ്റുകൾ പ്രോത്സാഹിപ്പിച്ചത്.

1791 ൽ തന്നെ ജർമ്മൻ വിവർത്തനം ഉണ്ടാകുന്നു. ഗയ്ഥെ പറഞ്ഞത് ഇങ്ങനെയാണ്:

'’Would'st thou the young year's blossoms and the fruits of its decline,

And all by which the soul is charmed,enraptured, feasted, fed,

Would'st thou the Earth and Heaven itself in one sole name combine?

I name thee, O Sakuntala! and all at once is said”

പക്ഷെ, ഇതിനെ ഉപയോഗിച്ചു കൊണ്ട് ടാഗോർ പറയുന്നത്, ത്യാഗത്തിലൂടെ ലഭിക്കുന്ന സ്നേഹത്തിൻ്റെ സ്വർഗ്ഗത്തെക്കുറിച്ചാണ്. സൗമ്യവും ഉത്തമവുമായ മാതൃത്വത്തിൻ്റെ മൂർത്തീഭാവമായി മാറിയതുകൊണ്ടാണ് ശകുന്തളയെ ദുഷ്യന്തൻ ഒടുവിൽ ഉപേക്ഷിക്കാത്തത് എന്നാണ് ടാഗൂർ പറയുന്നത്. ലൈംഗിക ബന്ധത്തെ കാമ മാർഗ്ഗത്തിൽ നിന്നും വീണ്ടെടുത്ത് തപസ്സിൻ്റെ പാവന പീഠത്തിൽ പ്രതിഷ്ഠിക്കുന്നു ,ദു:ഖത്തിലൂടെ ദുഷ്യന്തൻ വിഷയലമ്പടനല്ലാതായി മാറുന്നു എന്നെല്ലാം പറയുന്നു.സ്വർഗ്ഗത്തെ വീണ്ടെടുക്കുന്ന കഥയായി, പൂക്കൾ അഴുകി ഫലമായി തീരുന്ന കഥയായി ശാകുന്തളത്തെ നിർവ്വചിക്കുന്നു. കൊളോണിയൽ - ഓറിയൻ്റലിസ്റ്റ് ഹിന്ദുത്വ നിർവ്വചനമാണ് ടാഗോർ പിൻതുടരുന്നത്.ബ്രാഹ്മണ പ്രണയ _ സ്ത്രീവിരുദ്ധ സന്യാസ ആദർശത്തിനെതിരായി, സന്യാസിയുടെ ഗൃഹസ്ഥാശ്രമ കുമാര സംഭവങ്ങളെ അവതരിപ്പിച്ച കാളിദാസനിലെ ഉപരിതലങ്ങളെ സ്പർശിച്ചു കൊണ്ട് വിപരീതമാക്കുകയാണ് ടാഗൂർ.. സന്യാസത്തെയും ഗൃഹസ്ഥാശ്രമത്തെയും ഒരു പോലെ സ്വീകരിച്ച കവിയാണ് കാളിദാസൻ എന്നു ടാഗൂർ പറയുന്നു.. ആശ്രമ നിഷ്കാമ ജീവിതവും രാജകീയ സ്ത്രീ വേട്ടകളും എങ്ങനെ പൂരകമായിത്തീരുന്നു എന്നു പറയാനാണ് കാളിദാസൻ സത്യത്തിൽ ശ്രമിക്കുന്നത്.

ഇത്തരത്തിൽ, രാജകീയവും വ്യവസ്ഥാപിതവുമായ ജാതി ബദ്ധവുമായ കുടുംബ ബന്ധത്തെ അംഗീകരിക്കുകയും അടിത്തട്ടിലുള്ള പ്രണയ ലൈംഗികതയെ നിഷേധിക്കുകയുമാണ് ബ്രാഹ്മണമതം ചെയ്തത്. പ്രണയത്തെയാണ് ബ്രാഹ്മണമുനി ശപിക്കുന്നത്. രാജാവാണെങ്കിൽ, അടയാളമുണ്ടെങ്കിൽ മാത്രം ശാപമോക്ഷമുണ്ട്. ഇങ്ങനെ ഒന്നുമില്ലാത്തവൻ്റെ പ്രണയത്തിനു മേൽ പതിക്കുന്ന ബ്രാഹ്മണ ശാപത്തെ പ്രതിയാക്കാതിരുന്ന ശാകുന്തള വായനകൾ ഉപരിവർഗ്ഗ ദേശീയതയുടെ ആവശ്യമായിരുന്നു. ശകുന്തളമാർ മണ്ണിൽ അഴുകിത്തീരുമ്പോൾ ഉണ്ടാകുന്ന സ്വർഗ്ഗം അഥവാ അംബേക്കറാൽ എതിർക്കപ്പെട്ട രാമരാജ്യം - അതിൻ്റെ വായനാ പ്രതിനിധാനമായിരുന്നു ടാഗൂറിൻ്റെ നിരൂപണം.രാമന് അധികാരം കിട്ടാൻ കുറേ വാനരന്മാർ കൊല ചെയ്യപ്പെടണം. വാനരന്മാരുടെ ത്യാഗം മറ്റു ചിലരുടെ സ്വർഗ്ഗമായിത്തീരുന്നു. സ്ത്രീയുടെ ത്യാഗം മധ്യ വർഗ്ഗകുടുംബമെന്ന സ്വർഗ്ഗത്തിൻ്റെ നിർമ്മിതിക്കുള്ള അനിവാര്യതയായി മാറിയത് അങ്ങനെയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സായുധ സമരമല്ല, അഹിംസയും ത്യാഗവുമാണ്, സ്വാതന്ത്ര്യം തന്നത് എന്ന സ്വാതന്ത്ര്യസമരവ്യാഖ്യാനവും അങ്ങനെ ഉണ്ടായതാണ്.

ബ്രിട്ടീഷുകാരോട് എതിരിട്ട് മരിക്കാൻ ഒരു കൂട്ടരും അധികാരം പങ്കിടാൻ മറ്റൊരു കൂട്ടരുമായിത്തീരുന്ന ദുരവസ്ഥകൾ അങ്ങനെ ഉണ്ടാകുന്നതാണ്. ഒറിയൻ്റലിസ്റ്റുകൾക്കും ഇപ്പോൾ മുതലാളിത്ത രാജ്യങ്ങൾക്കും പ്രിയപ്പെട്ട രാമ രാജ്യസങ്കല്പം ഇതിൻ്റെ സമകാലിക യാഥാർത്ഥ്യമാണ്.സാമുദ്രകം - ശാകുന്തളം പൊറാട്ട് എന്ന നാടകം എഴുതുന്നത് ഇതിനോടൊക്കെയുള്ള പ്രതികരണമായാണ്.

TAGS :

Next Story