Quantcast

‘അമേരിക്കന്‍ കമ്പനിയുടെ 'മുസ്‌ലിം സര്‍വേ'യും ദേശാഭിമാനിയുടെ ബാഫഖിപ്പിടുത്തവും,

2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം- 4

MediaOne Logo
‘അമേരിക്കന്‍ കമ്പനിയുടെ മുസ്‌ലിം സര്‍വേയും ദേശാഭിമാനിയുടെ ബാഫഖിപ്പിടുത്തവും,
X

മസ്ദൂര്‍ ഭാരതിയുടെ 2024 ഒക്ടോബര്‍ ലക്കത്തില്‍ കല്ലറ അജയന്‍ വിശകലനം എന്ന ഭാഗത്ത് ഒരു ലേഖനം എഴുതിയിരുന്നു. മലയാറ്റൂരും ബഷീറും സാഹിത്യത്തിലെ പ്രീണനരാഷ്ട്രീയവും എന്ന പേരില്‍. മലയാളത്തിലെ അപൂര്‍വപ്രതിഭയായ മലയാറ്റൂര്‍ രാമകൃഷ്ണനെ മലയാളി തഴഞ്ഞെന്നും വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യത്തിന്റെ മിന്നലാട്ടം മാത്രമുള്ള ഒരു എഴുത്തുകാരനെ ആഘോഷിച്ചുവെന്നുമാണ് ലേഖകന്‍ എഴുതുന്നത്: അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മലയാറ്റൂര്‍ രചിച്ചതുപോലെ ഗൗരവമുള്ള ഒരു കൃതിപോലും ഇതുവരെ ബഷീര്‍ രചിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൃതികളൊക്കെ പരാജയമാണ്. ഗൗരവമുള്ള സാഹിത്യം സൃഷ്ടിക്കാനായിട്ടില്ല. രചനാതന്ത്രങ്ങള്‍ വശമില്ലാത്തതുതന്നെ കാരണം. ബോധപൂര്‍വം പുകഴ്ത്തിയെങ്കിലും ബഷീര്‍ കേരളത്തിനു പുറത്ത് അറിയപ്പെടാതിരുന്നത് ഈ കാരണത്താലാണ്. ബഷീറിനെതിരേ ആര് നിലപാടെടുത്താലും ആക്രമണങ്ങള്‍ നേരിടേണ്ടിവരും. വിലാസിനി, എന്‍.എസ് മാധവന്‍ തുടങ്ങിയവര്‍ ഉദാഹരണം. പാഠപുസ്തകങ്ങളില്‍ ബഷീറിന്റെ ഒരു മൂല്യവുമില്ലാത്ത കൃതികള്‍ കുത്തിക്കയറ്റുന്നു.

ഇടതുപക്ഷത്തിന്റെ പ്രീണിപ്പിക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മലയാറ്റൂര്‍ തഴയപ്പെട്ടതും ബഷീര്‍ സ്വീകരിക്കപ്പെട്ടതുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ടി വി കൊച്ചുബാവയെപ്പോലുള്ളവര്‍ക്കും ബഷീര്‍ പ്രഭാവത്തിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടായതായും അദ്ദേഹം പറയുന്നു. ഹിന്ദുത്വമാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള ഇത്തരം ബഷീര്‍ വിമര്‍ശനം ഇതാദ്യമല്ല. ഈ റിപ്പോര്‍ട്ടില്‍ തന്നെ ഇത് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അമേരിക്കന്‍ കമ്പനിയുടെ 'മുസ്‌ലിം സര്‍വേ'

മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് അമേരിക്കന്‍ കമ്പനി നടത്തിയ സര്‍വേ ദുരൂഹമാണെന്ന നിലപടുമായി ഹൈക്കോടതി. 14 വര്‍ഷം മുമ്പാണ് ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെയ്ലര്‍ നെല്‍സണ്‍ സോഫ്രെസ് ഇന്ത്യ ലിമിറ്റഡ് (ടിഎന്‍എസ്) സര്‍വേ നടപടി ആരംഭിച്ചത്. വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിനായാണ് ടിഎന്‍എസ് സര്‍വേ നടത്തിയത്. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, തായ്ലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ സര്‍വേ സംഘടിപ്പിച്ചിരുന്നുവെന്ന് കമ്പനി പറയുന്നു.

മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന ചോദ്യങ്ങളാണ് സര്‍വേയിലുപയോഗിച്ച ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. മുഴുവന്‍ ചോദ്യാവലിയും സെന്‍സിറ്റീവും പ്രതിഷേധാര്‍ഹവുമാണെന്ന് മാത്രമല്ല, സര്‍വേയ്ക്ക് പിന്നിലെ ഉദ്ദേശശുദ്ധി സംബന്ധിച്ച് സംശയം ഉന്നയിക്കുകയും ചെയ്തുവെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. പ്രസ്തുത സര്‍വേ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി, നിരുപദ്രവമെന്ന മറവില്‍ ഇന്ത്യയിലെ അതീവ സെന്‍സിറ്റീവും ദുര്‍ബലവുമായ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഒരു പ്രത്യേക മതപശ്ചാത്തലത്തില്‍ നിന്നുള്ള ആളുകളെ അഭിമുഖം നടത്തിയാണ് സര്‍വേ നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. മുസ്‍ലിം സമുദായത്തിന്റെ വൈകാരിക വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും പോലീസ് പറയുന്നു.

തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്സ് നഗറില്‍ നടത്തിയ സര്‍വേയുമായി ബന്ധപ്പെട്ട് നാല് ജീവനക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ടിഎന്‍എസ് ഹൈക്കോടതിയെ സമീപിച്ചത്. കേരളം നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്രം അന്വേഷണം നടത്തണമെന്നുമാണ് കോടതിയുടെ നിരീക്ഷണം. പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റിന്റെ 'ഗ്രീന്‍ വേവ് 12' എന്ന പ്രോജക്ടിന്റെ പഠനത്തിനാവശ്യമായ വിവരങ്ങളുള്‍പ്പെട്ട ചോദ്യാവലിയാണ് സര്‍വേയ്ക്കുപയോഗിച്ചതത്രെ. രാജ്യത്തിന്റെ മൂല്യം, പാരമ്പര്യം, എന്നിവയെപ്പറ്റി മനസിലാക്കുന്നതിന് നടത്തിയ ഗവേഷണമാണിതെന്നും ടിഎന്‍എസ് കോടതിയെ അറിയിച്ചു. ഇന്ത്യയിലെ 54 നഗരങ്ങളില്‍ ഇതേ സര്‍വേ നടത്തിയെന്നും ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും കമ്പനി വാദിച്ചു. (അമേരിക്കന്‍ കമ്പനിയുടെ കേരളത്തിലെ 'മുസ്‍ലിം സര്‍വേ' ദുരൂഹം; കേന്ദ്രം അന്വേഷിക്കണമെന്ന് ഹൈക്കോടതി, (ന്യൂസ് 18, നവംബര്‍ 18, 2024)

റംസാന്‍ വ്രതം നോക്കാതെ പരീക്ഷ

സമൂഹത്തെ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ എല്ലാവരെയും പരമാവധി കണക്കിലെടുക്കുകയെന്നതാണ് ജനാധിപത്യ രീതി. കേരളത്തില്‍ മുന്‍കാലങ്ങളില്‍ ഒരു പരിധിവരെ ഇതൊക്കെ പരിഗണിക്കാറുണ്ട്. എന്നാല്‍ പുതിയ കാലത്ത് ഇത്തരം പരാതികള്‍ അധികമായിട്ടുണ്ട്. ഇക്കാര്യത്തില്‍ പരീക്ഷകള്‍ തന്നെയാണ് വില്ലന്‍. പ്ലസ് ടു പരീക്ഷയുടെ സമയത്തിലാണ് ഇത്തവണ എതിര്‍പ്പുയര്‍ന്നിട്ടുള്ളത്.

മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈവര്‍ഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാര്‍ച്ചില്‍ റംസാന്‍ വ്രതമുണ്ടെന്നതു പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിള്‍ നിശ്ചയിച്ചത്. റംസാന്‍ വ്രതം മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നതിനാല്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂര്‍ പരീക്ഷയെഴുതേണ്ടിവരുന്നത് നോമ്പ് ആചരിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് അധ്യാപകസംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (റംസാന്‍ വ്രതം പരിഗണിക്കാതെ ടൈംടേബിള്‍ നിശ്ചയിച്ചു; വിഎച്ച്എസ്ഇ, പ്ലസ് ടു പരീക്ഷാസമയത്തില്‍ എതിര്‍പ്പുമായി അധ്യാപകര്‍, മാതൃഭൂമി, നവംബര്‍ 2, 2024)ദേശീയ മത്സര പരീക്ഷകളുടെ റാങ്കിങ്ങിന് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് പരിഗണിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് മികച്ചരീതിയില്‍ പരീക്ഷയെഴുതാന്‍ സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ദേശാഭിമാനിയുടെ ബാഫഖിപ്പിടുത്തം: കള്ളക്കടത്ത് വിവാദ ചരിത്രം

ചേലക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സിപിഎം നേതാക്കള്‍ ധാരാളം ഇസ്ലാമോഫോബിക് പ്രയോഗങ്ങള്‍ നടത്തിയിരുന്നു. പല നേതാക്കളും ഇത് വിമര്‍ശനവിധേയമാക്കി. ഈ സമയത്താണ് ദേശാഭിമാനിയുടെ പഴയ ഒരു പ്രയോഗത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രസംഗിച്ചത്. ലീഗിനെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തിയ സിപിഎമ്മിന്റെ മുന്‍കാല ചെയ്തികളെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ലീഗ് മാര്‍ക്‌സിസ്റ്റ് മുന്നണി വിട്ടപ്പോള്‍ എവിടെ സ്വര്‍ണം പിടിച്ചാലും 'ദേശാഭിമാനി' എഴുതിയിരുന്നത് 'ബാഫഖി' പിടിച്ചുവെന്നായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സിപിഎം ഏറെക്കാലമായി തുടരുന്ന രീതിയാണ്. ഏറ്റവും കൂടുതല്‍ സ്വര്‍ണം കടത്തുന്നത് മലപ്പുറം ജില്ലയിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും അതില്‍ പുതുമ തോന്നില്ല. 1969ല്‍ ലീഗ് മാര്‍ക്സിസ്റ്റ് മുന്നണി വിട്ടപ്പോള്‍ എവിടെ സ്വര്‍ണം പിടിച്ചാലും ദേശാഭിമാനി എഴുതിയിരുന്നത് അഞ്ച് ലക്ഷത്തിന്റെ ബാഫഖി പിടിച്ചു, 10 ലക്ഷത്തിന്റെ ബാഫഖി പിടിച്ചു എന്നൊക്കെയായിരുന്നു. മുസ്‍ലിം ലീഗ് നേതാവായിരുന്ന ബാഫഖി തങ്ങളെ പരിഹസിച്ചായിരുന്നു ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

1970-71 കാലത്ത് സിപിഎമ്മിന്റെ മുദ്രാവാക്യം 'ഇന്ദിരക്ക് ബോധക്കേട്, ചേലാടന് ശീലക്കേട്, അപ്പോള്‍ ബാഫഖി തങ്ങള്‍ക്ക് രാത്രി കള്ളക്കടത്ത്...'എന്നതായിരുന്നു. അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മരണത്തിന് ശേഷം ലീഗ് പിളരുകയും ഉമര്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടത് മുന്നണിയിലേക്ക് മാറുകയും ചെയ്തതിന് ശേഷമാണ് ദേശാഭിമാനി സ്വര്‍ണം എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്.

(ലീഗ് മാര്‍ക്‌സിസ്റ്റ് മുന്നണി വിട്ടപ്പോള്‍ എവിടെ സ്വര്‍ണം പിടിച്ചാലും 'ദേശാഭിമാനി' എഴുതിയിരുന്നത് 'ബാഫഖി' പിടിച്ചുവെന്നായിരുന്നു: കെ. മുരളീധരന്‍, മീഡിയാവണ്‍, നവംബര്‍ 5, 2024).

അമരനും ടര്‍ക്കിഷ് തര്‍ക്കവും:

2024 നവംബര്‍ മാസത്തില്‍ ഇസ് ലാമോഫോബിയയുടെ വീക്ഷണകോണില്‍ പരിഗണനീയമായ രണ്ട് സിനിമാചര്‍ച്ചകളാണ് കേരളത്തില്‍ നടന്നത്. ഒന്ന് മലയാളിയായ ഒരു സൈനിക ഉദ്യോഗസ്ഥന്റെ കഥ പറയുന്ന തമിഴ് ബയോപിക്കാണ്. മറ്റൊന്ന് ടര്‍ക്കിഷ് തര്‍ക്കമെന്ന മലയാള സിനിമയും. രണ്ട് സിനിമയും ഇസ്ലാമോഫോബിയയുടെ വ്യത്യസ്തങ്ങളായ രണ്ട് സാധ്യകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ശ്രമിച്ച സിനിമകളാണ്.

ടര്‍ക്കിഷ് തര്‍ക്കം:

2024 നവംബര്‍ 22ന് തിയ്യറ്ററിലെത്തിയ ടര്‍ക്കിഷ് തര്‍ക്കം സിനിമ ദിവസങ്ങള്‍ക്കുള്ളില്‍ തിയ്യറ്ററില്‍നിന്ന് പിന്‍വലിച്ചു. മതനിന്ദ നടത്തിയെന്ന ആരോപണത്തത്തുടര്‍ന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെയാണ് ചിത്രം പിന്‍വലിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നവംബര്‍ 27ാം തിയ്യതി നടത്തിയ പത്രസമ്മേളനത്തില്‍ നല്‍കിയ വിശദീകരണം. സംവിധായകന്‍ നവാസ് സുലൈമാന്‍, നിര്‍മാതാവ് നാദിര്‍ ഖാലിദ്, നടി ആമിന നജീം എന്നിവരാണ് പത്രസമ്മേളനത്തിനെത്തിയിരുന്നത്: തെറ്റിദ്ധാരണയുടെ പുറത്താണ് പ്രതിഷേധം. സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണ്. ഇത് ബോധ്യപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ചിത്രം പ്രദര്‍ശിപ്പിക്കും. ഒരു സമുദായത്തിലെ ചിലര്‍ക്ക് എതിര്‍പ്പുള്ള ഭാഗങ്ങള്‍ പുനഃപരിശോധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം വീണ്ടും തിയേറ്ററുകളിലെത്തും- ഇതാണ് പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ പറഞ്ഞിരുന്നത് (മതനിന്ദ ആരോപണം, എതിര്‍പ്പ്: 'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍നിന്ന് പിന്‍വലിച്ചു , മാതൃഭൂമി നവംബര്‍ 28, 2024). മലയോര പ്രദേശത്തെ പരമ്പരാഗത മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന ഖബറടക്കവും അനുബന്ധ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍:

സിനിമക്കെതിരേ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായരൂപീകരണമോ ഭീഷണിയോ ശ്രദ്ധയില്‍പ്പെടാതിരുന്നതുകൊണ്ടാവാം വാര്‍ത്ത കേട്ട പലരും സംശയം പ്രകടിപ്പിച്ചു. വാര്‍ത്ത വന്ന് രണ്ടാം ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സിനിമാ അണിയറപ്രവര്‍ത്തകരോട് വിശദീകരണം തേടി. തങ്ങള്‍ക്ക് ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും എന്നാല്‍ മറുപടി ലഭിച്ചിട്ടില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു.

(ടര്‍ക്കിഷ് തര്‍ക്കം പിന്‍വലിച്ച നടപടി; നിര്‍മാതാവിനോട് വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ , മാതൃഭൂമി, നവംബര്‍ 29, 2024)ട

വി.ടി. ബല്‍റാം: മതനിന്ദയെന്ന ആരോപണം കളവാണെന്നും ആരും ഇതേച്ചൊല്ലി എതിര്‍പ്പുയര്‍ത്തിയില്ലെന്നും കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമും രംഗത്തെത്തി: ''

'ടര്‍ക്കിഷ് തര്‍ക്കം' എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതില്‍ 'മതനിന്ദ' ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആ സിനിമയെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനില്‍ കണ്ടിരുന്നില്ല. മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിര്‍മ്മാതാവിനേയോ 'ഭീഷണിപ്പെടുത്തി'യതിന്റെ പേരില്‍ സിനിമ തീയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പില്‍ വന്നിട്ടുണ്ടോ അതില്‍ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാര്‍ മാധ്യമങ്ങള്‍ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.

തീയ്യേറ്ററില്‍ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കില്‍ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മന:പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിന്‍വലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്.(വി ടി ബല്‍റാം, എഫ്ബി, നവംബര്‍ 28, 2024)

ഭീഷണിയില്ലെന്ന് സണ്ണി വെയ്‌നും ലുക്മാനും

ടര്‍ക്കിഷ് തര്‍ക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും നേരിട്ടിട്ടില്ലെന്ന് സിനിമയില്‍ പ്രധാന വേഷം ചെയ്ത നടന്മാരായ സണ്ണി വെയ്‌നും ലുക്മാന്‍ അവറാനും ഫേസ് ബുക്കിലൂടെ വിശദീകരണം നല്‍കി. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിര്‍മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം ലഭിച്ചില്ലെന്നും സിനിമ പിന്‍വലിച്ച വിവരം അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും ഇരുവരും പറഞ്ഞു. സിനിമ തിയേറ്ററില്‍നിന്ന് പിന്‍വലിച്ചത് നിര്‍മാതാവിന്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണെന്ന് ലുക്മാന്‍ അവറാന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ തന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നിട്ടില്ല. സിനിമ പിന്‍വലിക്കാനുള്ള കാരണം ചോദിച്ചപ്പോള്‍ ഉത്തരവാദപ്പെട്ടവരില്‍നിന്ന് വ്യക്തമായ ഉത്തരം കിട്ടിയില്ല. ഇപ്പോള്‍ സിനിമയെച്ചൊല്ലി നടക്കുന്ന ചര്‍ച്ചകളില്‍ യാതൊരു പങ്കുമില്ല. വിവാദത്തിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ലുക്മാന്‍ ആവശ്യപ്പെട്ടു.(നവംബര്‍ 28, 2024, ഇരുവരുടെയും എഫ്ബി പോസ്റ്റ്).

ചിത്രം ചിത്രീകരിക്കുന്ന സമയത്തുതന്നെ ഒരു വ്യാജവീഡിയോ ആരോപണം സിനിമക്കെതിരേ വന്നിരുന്നു. നടന്മാര്‍ തമ്മില്‍ത്തല്ലുന്ന വീഡിയോ ഉപയോഗിച്ചാണ് അതിനുള്ള ശ്രമം നടന്നത്. ഇതുകൂടി ഓര്‍മപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് നടന്നത്.

അമരന്‍:

2014ല്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന സൈനിക നീക്കത്തിനിടെ കൊല്ലപ്പെട്ട തമിഴ്നാട്ടില്‍ നിന്നുള്ള സൈനികനായ മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിത കഥയാണ് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത അമരന്‍. ശിവകാര്‍ത്തികേയനും-സായി പല്ലവിയുമാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്. മുസ് ലിംസമൂഹത്തെ 'ഭീകരത'യുമായി സമീകരിക്കുന്ന പൊതുരീതിശാസ്ത്രം തന്നെയാണ് അമരനും പിന്തുടരുന്നത്. കമലഹാസന്റെ രാജ്കമല്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.

പൊതുവെ മുസ് ലിംവിരുദ്ധ പട്ടാളപടങ്ങളുടെ പേരില്‍ നിരവധി ആരോപണം നേരിട്ടയാളാണ് കമലഹാസന്‍. അദ്ദേഹത്തിന്റെ വിശ്വരൂപവും ഇതേ മാതൃകയാണ് പിന്തുടര്‍ന്നിരുന്നത്. പുതിയ ചിത്രവും ഇതേ മാതൃക പിന്തുടരുന്നുവെന്നാണ് ആരോപണം.

സിനിമ പുറത്തുവരുന്നതിനു മുമ്പുതന്നെ തമിഴ്‌നാട്ടില്‍ സിനിമയെക്കുറിച്ചുള്ള ചില ആശങ്കകള്‍ പുറത്തുവന്നിരുന്നു. സിനിമ റിലീസ് ആയതോടെ മുസ്‍ലിംകളെ മോശക്കാരായി ചിത്രീകരിച്ചുവെന്നാരോപിച്ച് മുസ് ലിം സംഘടനകള്‍ പ്രതിഷേധിച്ചു. 150 ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെന്നൈ ആല്‍വാര്‍പേട്ടിലെ രാജ് കമല്‍ ഓഫീസിന് മുന്നിലെത്തി ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ചിലയിടങ്ങളില്‍ കമലഹാസന്റെ കോലം കത്തിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ സിനിമയെ പിന്തുണയ്ക്കരുതെന്നും ഉടന്‍ നിരോധിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.('അമരന്‍' സിനിമയ്ക്കെതിരെ കനത്ത പ്രതിഷേധം; കമല്‍ ഹാസന്റെ കോലം കത്തിച്ചു. സൗത്ത് ലൈവ്, നവംബര്‍ 13, 2024)

കോയമ്പത്തൂരില്‍ സിനിമ പ്രദര്‍ശിപ്പിച്ച ശാന്തി തിയേറ്ററിനു മുന്നില്‍ സമാനമായ പ്രതിഷേധം നടന്നു. മുസ്‍ലിംകളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന അമരന്‍ സിനിമ നിരോധിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി മന്‍സൂര്‍ അലി ആവശ്യപ്പെട്ടു. അമരന്‍ ജനങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ വിരുദ്ധ വികാരം ഇളക്കിവിടുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കരീം ആരോപിച്ചു. ഇത് പൂര്‍ണമായ ഒരു ജീവിതകഥയല്ല. മറിച്ച്, മുസ്ലിംകള്‍ക്കെതിരായ വെറുപ്പ് വിതക്കുകയാണ് സിനിമ. നേരത്തേ കമല്‍ഹാസന്‍ നിര്‍മിച്ച വിശ്വരൂപം എന്ന സിനിമയും സമാനമായ രീതിയില്‍ മുസ്‍ലിം വിദ്വേഷം ഇളക്കിവിട്ടിരുന്നുവെന്നും കരീം പറഞ്ഞു.

വിഭാഗീയത പ്രോല്‍സാഹിപ്പിക്കുന്നതാണ് സിനിമയെന്ന് മനിതനേയ മക്കള്‍ കച്ചി നേതാവ് എംഎച്ച് ജവാഹിറുല്ല പറഞ്ഞു. കശ്മീര്‍ ഫയല്‍സ്(2022), ദി കേരള സ്റ്റോറി(2023) തുടങ്ങിയ സിനിമകള്‍ക്ക് സമാനമാണ് അമരനെന്ന് അദ്ദേഹം പറഞ്ഞു. തമിഴക മക്കള്‍ ജനനായക കക്ഷിയും നേരത്തേ സിനിമയ്ക്കെതിരേ പ്രതിഷേധമുയര്‍ത്തിയിരുന്നു.

അതേസമയം, ഒക്ടോബര്‍ 31ന് തിയേറ്ററുകളിലെത്തിയ അമരന് പൊതുവെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദേശീയവികാരം പ്രോല്‍സാഹിപ്പിക്കുന്ന അമരന്‍ സിനിമയെയും നടന്‍ ശിവകാര്‍ത്തികേയനെയും സംസ്ഥാന ബിജെപി നേതാക്കള്‍ അഭിനന്ദിച്ചു. ഒക്ടോബര്‍ 30ന് നടന്ന സിനിമയുടെ സ്‌ക്രീനിങില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.(ഇസ്ലാമോഫോബിയ പരത്തുന്നു; 'അമരന്‍' സിനിമയ്ക്കെതിരേ പ്രതിഷേധവുമായി എസ്ഡിപിഐ, ന്യൂസ്ടാഗ് ലൈവ്, നവംബര്‍ 12, 2024).

ഇസ് ലാമഫോബിയയും വിപണിയും ആയുധവൽക്കരണവും:

മുസ് ലിംവിരുദ്ധ പൊതുബോധത്തിന് ഇന്നൊരു വിപണിമൂല്യംകൂടി കടന്നുവന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രണ്ട് സിനിമകളാണ് അമരനും ടര്‍ക്കിഷ് തര്‍ക്കവും. എന്നാല്‍ രണ്ടും രണ്ടു രീതിയിലാണ് ഇത് ആയുധവൽക്കരിച്ചത്. അമരന്‍ മുസ്ലികളെക്കുറിച്ചുള്ള വാര്‍പ്പ് മാതൃകകള്‍ ഉപയോഗപ്പെടുത്തി ഇസ്ലാമോഫോബിക് ഉള്ളടക്കത്തിന്റെ ബലത്തില്‍ ലാഭം കൊയ്യുകയാണ് ചെയ്തത്. എന്നാല്‍ ടര്‍ക്കിഷ് തര്‍ക്കത്തിന്റെ രീതി വ്യത്യസ്തമായിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കാത്ത മുസ് ലിംകളെന്ന ഇസ് ലാമോഫോബിക് വാര്‍പ്പുമാതൃക ഉപയോഗിച്ച് സിനിമയുടെ റീച്ച് വര്‍ധിപ്പിക്കാനാണ് ശ്രമിച്ചത്. ആദ്യ ഘട്ടം അവര്‍ വിജയകരമായി പിന്നിടുകയും ചെയ്തു. സിനിമക്കെതിരേ ഭീഷണിയെന്ന വാര്‍ത്ത പുറത്തുവന്ന സമയത്തുതന്നെ ഭീഷണി മുഴക്കിയത് മുസ് ലിംകളാണെന്ന ചര്‍ച്ച വ്യാപകമായിക്കഴിഞ്ഞിരുന്നു. ഹിന്ദുത്വ ഹാന്‍ഡിലുകളായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ സിനിമക്കെതിരേ ഭീഷണിയുണ്ടെന്ന അവകാശവാദം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടതോടെ അതവിടെ അവസാനിച്ചു.

TAGS :

Next Story