നയവും വിനയവും അഭിനയവും അറിയാത്ത ജനനേതാവ്
ആര്‍. ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയ ജീവിതം ആത്മകഥയാക്കിയ അനുഭവം പങ്കുവെക്കുകയാണ് ലേഖകന്‍
- Updated:
2021-05-03 04:59:51.0
അക്ഷരാർത്ഥത്തിൽ കേരള രാഷ്ട്രീയത്തിലെ തലപ്പൊക്കമേറിയ കൊമ്പനായിരുന്നു ആർ.ബാലകൃഷ്ണ പിള്ള. ആരോടും പകയും പരിഭവവും ഒന്നും വച്ചു പുലർത്താതിരുന്ന നിസ്വൻ. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാവുമ്പോൾ കൺകോണുകൾ ആർദ്രമാവുകയും ചെയ്യുന്ന പച്ച മനുഷ്യൻ. കേട്ടറിവ് മാത്രം വച്ച് നമ്പർ തേടിപ്പിടിച്ച് വിളിക്കുന്നവരുടെ കോളുകൾ രണ്ടാമത്തെയോ മൂന്നാമത്തെയോ ബെല്ലിന് അപ്പുറം പോകാതെ നേരിട്ട് എടുത്ത് പരിദേവനം കേട്ട് പരിഹാരം ചെയ്തു കൊടുക്കുന്ന പൊതു പ്രവർത്തകർ. ആരെയും കൂസാതെ ശരിയെന്ന് തോന്നിയത് പറയുകയും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയും ചെയ്ത ക്രൗഡ് പുള്ളർ. ഒരുപക്ഷേ, ഇ.കെ.നായനാർ കഴിഞ്ഞാൽ ഒരു കാലത്ത് ജനങ്ങൾ മനസ്സിൽ വച്ച് ആരാധിച്ചിരുന്ന ജനനേതാവ്.
ആർ. ബാലകൃഷ്ണപിള്ളയുടെ ഏതാണ്ട് ഏഴ് പതിറ്റാണ്ട് നീണ്ട പൊതുജീവിതം കേരളത്തിന്‍റെ ഇക്കാലയളവിലെ രാഷ്ട്രീയ ചരിത്രത്തിന് നേരേ പിടിച്ച കണ്ണാടിയാണ്. ഈ രാഷ്ട്രീയ ജീവിതത്തെ ആത്മകഥാരൂപത്തിൽ രേഖപ്പെടുത്താൻ കഴിഞ്ഞത് ഒരു സ്വതന്ത്രമാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എന്‍റെ സുകൃതം. 'മാധ്യമം' പെരുന്നാൾ സപ്ലിമെന്റിനായും പിന്നീട് ആഴ്ചപ്പതിപ്പിനായും 13 കൊല്ലം മുമ്പ് അദ്ദേഹത്തെ സമീപിച്ചപ്പോഴാണ് ആ ജീവിതത്തിന്‍റെ ആഴവും പരപ്പും ലാളിത്യവും ആഭിജാത്യവും ഞാനറിഞ്ഞത്. അനുഭവങ്ങളുടെ കൊടുമുടി മുകളിൽ നിന്ന് ഓർമ്മകളുടെ കുത്തൊഴുക്കായിരുന്നു. ഒരു കൗതുകത്താലെന്നവണ്ണം ചോദിച്ചു, ഈ ഓർമ്മകളും അനുഭവങ്ങളും രേഖപ്പെടുത്തിയാലോ എന്ന്.
അന്ന് പറഞ്ഞ മറുപടി ഇന്നും കർണപുടങ്ങളിൽ മുഴങ്ങി നിൽക്കുന്നു.
"എനിക്ക് ഓർമക്ക് യാതൊരു കുഴപ്പവുമില്ല. സംസാരിക്കാനും പ്രശ്നമില്ല. എഴുതാൻ ബുദ്ധിമുട്ടുണ്ട്. സെയ്ഫ് റെഡിയാണെങ്കിൽ നമുക്കത് ചെയ്യാം". 'മാധ്യമം' ആഴ്ചപ്പതിപ്പിൽ ഇക്കാര്യം പറഞ്ഞപ്പോൾ കിട്ടിയത് അനുകൂല മറുപടി.
പക്ഷേ, ബാലകൃഷ്ണപിള്ള സാറിനെ ഒന്നിരിക്കാൻ കിട്ടുന്നില്ല. ഏതാണ്ട് ആറ് മാസത്തിലധികം നീണ്ട പ്രയത്നത്തിനൊടുവിൽ അത് സംഭവിച്ചു. തുടർന്ന് ഏതാണ്ട് ഒന്നര വർഷക്കാലം. കൊട്ടാരക്കരയിലെയും വാളകത്തെയും തിരുവനന്തപുരത്തെയും വീടുകളിലും പൂജപ്പുര ജയിലിലും തിരുവനന്തപുരം കിംസ് ആശുപത്രിയിലുമായി ആ അനുഭവമഹാസമുദ്രം അലയടിച്ചുയർന്ന് വരമൊഴിയിൽ വിലയം പ്രാപിച്ചു. അതൊരനുഭവമായിരുന്നു. ഒരു കീറക്കടലാസിന്‍റെ പോലും പിൻബലമില്ലാതെ ആ നാവിൽ നിന്ന് ഏതാണ്ട് പത്തറുപത് വർഷത്തെ കേരള രാഷ്ട്രീയ ചരിത്രം ഒഴുകിപ്പരന്നു. സരസ്വതീ കടാക്ഷം ആവോളം ലഭിച്ച നാവ് എന്നൊക്കെ നമ്മൾ പറയാറില്ലേ? ശരിക്കും ഞാനത് അനുഭവിക്കുകയായിരുന്നു.
ഓരോ കുടിക്കാഴ്ചയും ഏതാണ്ട് മൂന്ന് മണിക്കൂർ വരെ നീണ്ടു. ആത്മകഥാ ഖണ്ഡങ്ങളുമായി പുറത്തു വന്ന ഓരോ ലക്കം 'മാധ്യമം' ആഴ്ചപ്പതിപ്പും കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചു. ദൃശ്യമാധ്യമങ്ങൾ അടക്കം ഇതര മാധ്യമങ്ങൾ ഓരോ അധ്യായത്തെയും വലിയ വാർത്തകളാക്കി. ആത്മകഥാരചനക്ക് ആവശ്യമായ വിവരങ്ങൾ ഡിജിറ്റൽ വോയ്സ് റെക്കോർഡിലും നോട്ടുപുസ്തകത്തിലുമായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി പ്രസിലേക്ക് പോകാൻ പാകത്തിൽ ഒന്നു രണ്ട് അധ്യായങ്ങൾ തയാറാക്കിയ ശേഷം ആദ്യമൊക്കെ വായിച്ചു നോക്കാൻ വേണ്ടി ഞാൻ കൊണ്ടു ചെന്നപ്പോൾ, 'അതിന്‍റെയൊന്നും ആവശ്യമില്ല, കൊടുത്തോളൂ' എന്നായിരുന്നു മറുപടി.
എന്നോടുള്ള വിശ്വാസം എന്നതിലുപരി എന്തുവന്നാലും നേരിട്ടോളാം എന്ന തന്‍റേടമായിരുന്നു ആ വാക്കുകൾക്ക് പിന്നിൽ. ആ തന്‍റേടം തന്നെ ആയിരുന്നു ആർ.ബാലകൃഷ്ണപിള്ള എന്ന അതികായനായ രാഷ്ട്രീയക്കാരന്‍റെ ഇടം, കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തുന്നതും.
(കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമാണ് ലേഖകന്‍)
Adjust Story Font
16