അത്താഴം
കവിത
രാത്രി പതിനൊന്നരയോടെ
കൊണ്ടുവന്ന ഇറച്ചി,
മസാലക്കൂട്ടരച്ച് വരട്ടാൻ,
അടുക്കള,
നൈറ്റി മാടിക്കുത്തി
ഉണർന്നു.
"ഏതൊക്കെ പ്യായുക്കൾ
നക്കിയതായിരിക്കും ഇത്?"
നേരമിരുണ്ടാൽ ഇറച്ചി വാങ്ങുന്നത്
ശരിയല്ല.
അമ്മച്ചിയുടെ വിരലുകൾക്കിടയിൽ നിന്നും
ചോര കലർന്ന വെള്ളം
ചട്ടിയിലേക്കൊലിച്ചു.
കുതിർന്ന കഷണങ്ങളിലേക്ക്
ഒരു വിശന്ന പട്ടിയുടെ നോട്ടം നീട്ടി
അത്താഴം തികയാതിരുന്ന കുട്ടികൾ.
"എടീ..ഒന്നെണീറ്റ് വന്നേ.."
കഴിക്കാൻ വേണ്ടെന്നു പറഞ്ഞ്,
ഉറക്കത്തിലേക്ക് ചുരുണ്ട മൂത്തവൾ
വെളിച്ചത്തിലേക്ക്,
കൺപീലികൾ പിണക്കത്തിൽ കൂട്ടിത്തല്ലി.
"കറിവേപ്പില എടുക്കാൻ,
കൂട്ടുവാ.."
അമ്മച്ചിയുടെ കയ്യിൽ ചെറിയ തൂമ്പ.
ഒരു പ്ലാസ്റ്റിക് കൂടിൽ,
കറിക്കു വേണ്ടാത്ത ഭാഗങ്ങൾ.
തല.
ടോർച്ചു തെളിച്ച് മകൾ മുമ്പിൽ നടന്നു.
"ആരാണോ ഈ കറിവേപ്പ്
ഇങ്ങ് അതിർത്തിയിൽ കൊണ്ടു വെച്ചത്?"
അമ്മച്ചി കൈ നീട്ടി ഒരു തണ്ടു പറിച്ച്
മകളുടെ കയ്യിൽ കൊടുത്തു.
"നല്ല ആഴത്തിൽ കുഴിക്കണം,
അല്ലേൽ വല്ല പട്ടിയും മാന്തിയെടുക്കും."
മകൾ മടുപ്പിൽ,
ടോർച്ച് അണക്കുകയും തെളിക്കുകയും ചെയ്തു.
മുരിക്കുംപറമ്പിൽ സ്കറിയ,
വെളിച്ചത്തിൽ പെടാതെ ഇരുട്ടിൽ മറഞ്ഞു നിന്ന്,
മരണപ്പെട്ടവന്റെ നിസ്സഹായതയോടെ,
ഒരു മതാചാരങ്ങളുമില്ലാതെ,
വെറുതെ,
സ്വന്തം ശരീരം മറവു ചെയ്യപ്പെടുന്നത്
നോക്കി നിന്നു.