Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 3 July 2022 6:39 AM GMT

ജാതി ഇടങ്ങളിലെ ശുദ്ധിയും അശുദ്ധിയും

ജ്യോഗ്രഫി, പൊതു ഇടം, ജനാധിപത്യം, ഹിന്ദുയിസം എന്നിവയെ ഒക്കെ കുറിച്ച് വളരെ ആഴത്തിലുള്ള ചിന്തകൾക്ക് തുടക്കം കുറിക്കുന്നതായിരിക്കും കാസ്റ്റീയിങ് സ്‌പേസ് എന്ന ഈ ഡോക്യുമെന്ററി

ജാതി ഇടങ്ങളിലെ ശുദ്ധിയും അശുദ്ധിയും
X
Listen to this Article

ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറ്റി ആറിൽ എനിക്ക് പതിനെട്ടു വയസ്സ് തികയുന്ന സമയത്ത് തന്നെയാണ് സർക്കാർ ഉദ്യോഗസ്ഥൻ ആയ എന്റെ അച്ഛൻ എനിക്ക് ഒരു ചേതക് സ്‌കൂട്ടർ വാങ്ങിച്ചു തരുന്നത്. ഞങ്ങളുടെ തന്നെ കോളനിയിൽ ആ സമയങ്ങൾക്കു ശേഷമാണ് അച്ഛനും അമ്മയും ഒരു വീട് വെക്കാനുള്ള പരിപാടിയും ആയി മുന്നോട്ടു പോകുന്നത്. ഗ്രാമത്തിലെ മെയിൻ സ്ട്രീമിലുള്ള ഒരു മുസ്ലിം മുതലാളിയുടെ വാടക വീട്ടിൽ നിന്നും ഞങ്ങൾ വീട് പണിയെടുക്കുന്ന ഞങ്ങളുടെ കോളനിയിലേക്ക് അന്ന് ആ സ്‌കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്. അന്ന് മറ്റ് സവർണ്ണ ജാതിയിൽ പെട്ട ചെറുപ്പക്കാരുടെ ഇടയിലും സൈക്കിൾ ഒഴികെയുള്ള ഇരു ചക്ര മോട്ടോർ വാഹനങ്ങൾ കുറവായിരുന്നു. ഞാനും എന്റെ അനിയനും ഒക്കെ പിന്നീട് ഈ സ്‌കൂട്ടറിൽ ആയിരുന്നു കറക്കം. അത്കൊണ്ടു തന്നെ ദേശത്തെ ഇടവഴിയിൽ നിന്നും ഞങ്ങൾ മെയിൻ റോഡിലേക്ക് കയറുമ്പോൾ ഞങ്ങൾക്ക് അനേകം കാഴ്ചക്കാരുണ്ടായി. ഞങ്ങൾ പിന്നീട് അത് ശബ്ദമുണ്ടാക്കുന്ന യമഹ ബൈക്കിലേക്ക് മാറിയപ്പോൾ ആ മുടിയൊക്കെ നീട്ടി വളർത്തി സ്പീഡിൽ ഓടിച്ചു യമഹയിൽ ഫസ്റ്റ് ഷോ ഷക്കീല സിനിമ കാണാനും കോളജിൽ പോകാനും ഒക്കെ തുടങ്ങി. കോളനിയിൽ നിന്നും ദൂരെയുള്ള 'മെയിൻ സ്ട്രീം' കളി സ്ഥലത്തേക്ക് ഞങ്ങൾ എത്തിച്ചേരുന്നത് ഈ ബൈക്ക് ഓടിച്ചു കൊണ്ടായിരുന്നു. കളി സ്ഥലങ്ങളിൽ ക്രിക്കറ്റ് കളിക്കുമ്പോൾ അതിന്റെ ടെക്നിക്കാലിറ്റിയിലെ സൂക്ഷ്മതയിൽ അന്ന് നന്നായി കളിച്ചതു കൊണ്ടു ക്രിക്കറ്റിലെ നിർണ്ണായകമായ ഒരു സ്ഥാനവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഇങ്ങനെയാണ് ഞങ്ങൾ ഗ്രാമങ്ങളിൽ സ്വന്തമായ ഒരു സ്‌പേസ് കണ്ടെത്തുന്നത്.

പക്ഷെ, ഇതേ ഗ്രാമം ഞങ്ങൾ വളരെ വേഗത്തിൽ ബൈക്ക് ഓടിച്ചു പോകുന്നു എന്ന ഉപദേശങ്ങളും ആയി ചുറ്റും കൂടി. ഇന്ന സ്ഥലത്ത് ഹോൺ അടിക്കാൻ പാടില്ല, 'മക്കൾക്ക് കളിക്കാൻ ബൈക്ക് വാങ്ങിച്ചു കൊടുത്തു' എന്ന ഉപദേശങ്ങളും ഉണ്ടായി. കളിക്കളത്തിൽ കളിക്കുമ്പോൾ അറിയാതെയെങ്കിലും 'പൊലയനെ പോലെ പെരുമാറല്ലേ... ' എന്ന് ചാലിയ സമുദായത്തിൽ പെട്ട കൂട്ടുകാർ ഞങ്ങളുടെ മുന്നിൽ നിന്നു തന്നെ പരസ്പരം പറഞ്ഞു. ഞങ്ങൾ കളിച്ചിരുന്ന കളി സ്ഥലം ചാലിയ സമുദായത്തിൽ പെട്ട ഒരു അമ്പലം ഗ്രൗണ്ട് ആയിരുന്നു. പക്ഷെ, ഒരിക്കൽ അവിടെ കളി നിന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു കളി നിർത്തിച്ചു. എന്ന് വേണമെങ്കിൽ പറയാം. ഞാനൊക്കെ ആ ഗ്രാമത്തിന്റെ സ്‌പേസിൽ നിന്നും പുറത്ത് പോയി. ഞാനൊക്കെ തന്നെ അല്ലെങ്കിൽ എന്റെയൊക്കെ ഐഡന്റിറ്റി തന്നെ ആയിരുന്നു ആ കളി നിൽക്കാനുള്ള ഒരു കാരണവും എന്ന് നമുക്ക് മനസ്സിലായി. ബൈക്ക് മൂലം ഞങ്ങൾ പക്ഷെ, റോഡ് എന്ന സ്‌പേസ് പിടിച്ചെടുത്തു.


ബൈക്ക് ഓടിക്കുമ്പോൾ ഗ്രാമം എന്ന സ്‌പേസിൽ നിർത്തി ആരോടും കമ്മ്യൂണിക്കെറ്റ് ചെയ്യാതെ നേരെ ടൗണിൽ പോയി സിനിമ കാണുന്നതിനോടായിരുന്നു ഗ്രാമത്തിനു ഞങ്ങളോട് കലിപ്പ്. അത് പോലെ കോളനിയിൽ ഓട് മാറ്റി കോൺക്രീറ്റ് വീട് വെക്കുന്ന പുതിയ സ്പെസിങ് ഉണ്ടാക്കുന്നതും ഗ്രാമത്തിനു ഷോക്ക് ഉണ്ടാക്കി. സർക്കാർ ഉദ്യോഗത്തിലൂടെ പുറത്ത് പോയി ഗ്രാമത്തിനോട് അധികം കമ്മ്യൂണിക്കെറ്റ് ചെയ്യാതെ അവിടത്തെ ഗ്രാമീണ ഇടങ്ങളിൽ പ്പെടാതെ ഹോളിവുഡ് സിനിമ കണ്ടതും ഇംഗ്ലീഷ് പഠിക്കുന്നതും ജീൻസ് ഇടുന്നതും എം ടി വി കാണുന്നതും ഒക്കെ കൂടി ഞങ്ങൾ പുതിയ ഒരു സ്‌പേസ് രൂപീകരിച്ചു. ഈ സ്പെസിംഗ് ഗ്രാമത്തിന്റെ ഇക്വേഷന് യോജിക്കാത്തത് കൊണ്ടാണ് ഞങ്ങൾ വീണ്ടും പുറത്ത് പോകുന്നത്. പക്ഷെ ഞങ്ങൾ അതിൽ നിന്നും രക്ഷപ്പെടുന്നത് യൂണിവെഴ്‌സിറ്റി വിദ്യാഭ്യാസത്തിലൂടെ പിന്നീട് നഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ ആയിരുന്നു.

എന്റെ അച്ഛൻ ഇത് പോലെ ഇതേ 'ഗ്രാമ'ത്തിൽ നിന്നും വളരെയധികം ദൂരമുള്ള മൂന്നു വശവും പുഴകളാൽ ചുറ്റപ്പെട്ട ഒരു ചതുപ്പ് ദേശത്ത് ജീവിച്ച ഒരു മനുഷ്യൻ ആയിരുന്നു. ഒരു മതില് പോലും ഇല്ലാതെ എത്തിപെടാൻ 'ബുദ്ധിമുട്ടുള്ള' ചതുപ്പു നിറഞ്ഞ 'ചളി' പ്രദേശമായി നിന്നു കൊണ്ടാണ് ഭൂമി ശാസ്ത്രപരമായി ജാതി ആ ദേശത്തെ സെക്രെഗേറ്റ് ചെയ്തത്. ഞങ്ങളുടെ പുലയ സമുദായത്തിൽ പെട്ട മറ്റുള്ളവർ തന്നെ 'ഞങ്ങളെ കൈപ്പാട്ടിൽ തൂറി' എന്ന രീതിയിൽ ആയിരുന്നു കളിയാക്കിയത്. അച്ഛൻ അവിടെ നിന്നു കോളേജുകളിലേക്കും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്കും മാറി സ്‌പേസ് മാറി ജീവിച്ചത് കൊണ്ട് തന്നെ പിന്നീട് സർക്കാർ ഉദ്യോഗസ്ഥൻ ആയി പല ട്രാൻസ്ഫറുകളിലൂടെയും പുതിയ സ്പെസുകളിലൂടെ മെയിൻ സ്ട്രീമിൽ എത്തുകയും ജാതിയെ തകർക്കുകയും ചെയ്തു.


കാസ്റ്റീയിങ് സ്‌പേസ് എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ് ഒന്ന് കൂടെ ആഴത്തിൽ സ്‌പെയ്‌സിങ് എന്ന ഒരു കൺസപ്റ്റിനെ കുറിച്ച് ഒന്നുകൂടെ ഒരു 'അടി' കിട്ടുന്നത്. സ്ഥലം ശരീരം ശബ്ദം ആർക്കിട്ടെക്ച്ചർ എന്നിവയിൽ ജാതി സൂക്ഷ്മമായി പ്രവർത്തിക്കുന്നതിനെ കുറിച്ചു സംസാരിക്കുന്ന ചർച്ചകൾക്ക് വെടി മരുന്നിടാൻ ഈ ഡോക്യുമെന്ററി ഒരു തുടക്കമാകും. സിനിമാറ്റിക് സ്‌പേസിലെ കൃട്ടിക്കൽ ഡിസ്‌കഷനുകളിൽ സ്പെസുകളെയും ജ്യോഗ്രാഫിയെയും ആർക്കിട്ടെക്ച്ചറിനെയും ഒക്കെ ബന്ധപ്പെടുത്തി വംശീയതയെ പഠിക്കുന്ന വിഷ്വൽ ടെക്സ്റ്റുകൾ വളരെ കുറവാണ്. വളരെ എക്സ്ട്ടെൻസീവ് അല്ലെങ്കിലും ഒരു മോളീക്കൂലാർ ഫോമില്ലെങ്കിലും വിഷ്വൽ ലാൻഗ്വേജിൽ ഇത്തരം ഒരു ടെക്സ്റ്റ് ഉണ്ടാകുന്നത് തീർച്ചയായും ഒരു ഗംഭീര തുടക്കമാകും.

ഇവിടത്തെ പൊതു എന്ന ഇടം പോലും രൂപപ്പെടുന്നത് ഇന്ത്യൻ ഹിന്ദുയിസം എന്ന ശുദ്ധി സങ്കല്പത്തിൽ നിന്നും ആണെന്ന് തോന്നുന്നു. ബ്രഹ്മണന്റെ 'കാൽപാത്തികൾ' ശുദ്ധമാവുകയും കോളനികൾ ആശുദ്ധമാവുകയും ചെയ്യുന്ന ഈ സമൂഹത്തിൽ അതൊരു കുഴപ്പമേയല്ല. ക്ഷേത്ര നഗരങ്ങൾ പരിശോധിച്ചാൽ ക്ഷേത്ര മതിൽ കെട്ടു ശുദ്ധമായിരിക്കുകയും അതിനു പുറത്ത് മാലിന്യമുഴുകുന്ന നഗരങ്ങളും ആയിരിക്കും. ജനാധിപത്യത്തിലെ പൊതു എന്ന ഇടത്തെ മൂത്രപ്പുരകളും ദൈവത്തിന്റെ സ്വന്തം നാടായ ടൂറിസം കേരളത്തിലും വൃത്തി ഇല്ലാതെ ഇരിക്കുന്നത് കീഴാളർ അടക്കമുള്ളവർ കൂടിച്ചേർന്ന് മലീമസമായ പൊതു ഇടത്തിനു അത്ര വൃത്തി മതി എന്ന ഹിന്ദു ബ്രാഹ്മണിക് ചിന്തയാണ്. ജ്യോഗ്രഫി, പൊതു ഇടം, ജനാധിപത്യം, ഹിന്ദുയിസം എന്നിവയെ ഒക്കെ കുറിച്ച് വളരെ ആഴത്തിലുള്ള ചിന്തകൾക്ക് തുടക്കം കുറിക്കുന്നതായിരിക്കും കാസ്റ്റീയിങ് സ്‌പേസ് എന്ന ഈ ഡോക്യുമെന്ററി.



TAGS :