ഡെഡ് ലൈന്‍
കഥ
വാര്‍ത്തകളുടെ ഉറവിടങ്ങള്‍ തേടിയുള്ള യാത്ര പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം മരണത്തിലേക്കോ പ്രശസ്തിയിലേക്കോ ഉള്ള യാത്രയായി പരിണമിച്ചേക്കാം. യാത്ര തുടങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് ഡയറിയില്‍ കുറിച്ചു വെയ്ക്കാന്‍ തോന്നിയ വാചകമതായിരുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ എരിവുമണമാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അതിനു വേണ്ടിയുള്ള ഒരോട്ടമാണ് ഞങ്ങള്‍ നടത്തിയത്. കഥകളെഴുതി പരാജയപ്പെട്ട മൂന്നു കഥാക്യത്തുക്കളായിരുന്നു. ഞങ്ങള്‍. വാര്‍ത്തകള്‍ കഥകളാവില്ലെന്നും എന്നാല്‍, കഥയെ വെല്ലുന്ന വാര്‍ത്തകളുണ്ടെന്നും ഞങ്ങള്‍ക്കറിവുണ്ടായിരുന്നില്ല.
വാര്‍ത്തക്കായി ഞങ്ങള്‍ തെരഞ്ഞെടുത്ത വിഷയം നഗരത്തിലെ തെരുവു പട്ടികളുടെ വിളയാട്ടത്തെക്കുറിച്ചുള്ളതായിരുന്നു. അസ്വസ്ഥതകളുടെ വിത്തുപാകി വിഹരിച്ചിരുന്ന തെരുവുനായ്ക്കള്‍ നഗര ജീവിതത്തെ ആകെ കീഴ്‌മേല്‍ മറിച്ചിരുന്നു.
മരണത്തിന്റെ തീനാക്കുപോലെ ആശുപത്രി ഞങ്ങളെ ഭയപ്പെടുത്തി. മരണത്തിന്റെ മുഖത്ത് വെച്ച് മനുഷ്യന്‍ നടത്തുന്ന കുതറിമാറലുകളുടെ കേന്ദ്രമാണിത്. ഞങ്ങളാദ്യം കാണാന്‍ പോയത് രജിത്ത്.കെ മേനോന്‍ എന്ന
ചെറുപ്പക്കാരനായ പത്ര പ്രവര്‍ത്തകനെയാണ്.
ഒരു ടെലിവിഷന്‍ ചാനലില്‍ പ്രത്യേക ന്യൂസ് ഷോ അവതരിപ്പിച്ച് ശ്രദ്ധ നേടിയ രജിത്ത് മേനോനെ ഞങ്ങളിങ്ങനെ കേട്ടു.
'ഞാന്‍ രജിത്ത് മേനോന്‍ എന്റെവിവാഹം കഴിഞ്ഞമാസമാണ് നടന്നത്. എന്റെ ഭാര്യ സബിത മോനോന്‍ (രജിത്തിന്റെ മുഖത്ത് ഒരു സങ്കടക്കടലിന്റെ തിരയിളക്കം കാണുന്നു) ഞങ്ങള്‍ ഒരു സല്‍ക്കാരത്തിനുള്ള ഷോപ്പിംങ്ങ് കഴിഞ്ഞ് പാര്‍ക്കിലൊന്ന് പോയി തിരികെ വരികയായിരുന്നു. തണുപ്പു നന്നായി വീണിരുന്നു. ഞങ്ങള്‍ ടൂവീലറില്‍ ആണ് സഞ്ചരിക്കുന്നത്. ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് ഉറക്കെ
ചിരിച്ചുക്കൊണ്ടാണ് ഞങ്ങള്‍ പൊയ്‌ക്കോണ്ടിരുന്നത്. വഴിവിളക്കുകള്‍ ഇല്ലാത്ത കറുത്തയിടത്തേക്ക് വണ്ടിയെത്തിയപ്പോള്‍ ഇരുട്ടില്‍ നിന്നവ എന്റെ നേര്‍ക്കു കുതിച്ചു ചാടി. ഞങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനം ഒരഴുക്കു ചാലിലേക്ക് മറിഞ്ഞുവീണു.'
'നിറയെ ഇരുട്ടായിരുന്നു. സബിതയുടെ നിലവിളി എന്റെ നെഞ്ചില്‍ വന്നിടിച്ചു. അഴുക്കു ഗന്ധം നിറഞ്ഞ മുഖത്തോടെ ചാടിയെണീറ്റു ഞാനവളെ പരതി. അവളെവിടേക്കോ തെറിച്ചു വീണിരുന്നു. ഇരുട്ടു ക്രമേണ വെളിച്ചമായി തോന്നിയപ്പോള്‍ മാന്തിപ്പറിച്ച വസ്ത്രങ്ങളോടെ അഴുക്കുചാലിന്റെയുള്ളില്‍ അവള്‍ കിടക്കുന്നത് കണ്ടു. ഞാന്‍ തേങ്ങിക്കൊണ്ടവളെ വിളിച്ചപ്പോള്‍ അവളൊന്നു ഞരങ്ങി. മുഖം വലിച്ചു ചീന്തിയ പോലെ കാണപ്പെട്ടു. അവിടെ നിന്നും രക്തം കിനിഞ്ഞിറങ്ങിക്കൊണ്ടിരുന്നു. ചങ്കു പൊട്ടു മാറുച്ചത്തില്‍ ഞാന്‍ രക്ഷക്കായി ആരോടോ കേണു. പിന്നെയൊന്നും എനിക്കോര്‍മയില്ല.
അയല്‍ രാജ്യ ഭരണാധികാരി വരുമ്പോള്‍ പുറമ്പോക്ക് ജീവിതങ്ങളെ കാണാനേ പാടില്ല. അതിനുള്ള പരിഹാരവും അവിടെ തീരുമാനിക്കപ്പെട്ടു. പുറമ്പോക്ക് ഭുമിയെ ചുറ്റി വലിയൊരു മതില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കുക.
രജിത്ത് വിതുമ്പലോടെ അവസാനിപ്പിച്ചു. ആക്രമണത്തിന്റെ ഇരുള്‍ പൈശാചികത അയാളെ പേടിപ്പിച്ചുകൊണ്ടിരുന്നു. രജിത്തിന് ഭാര്യയെക്കുറിച്ച് ഒന്നുമറിയില്ല. അതയാളെ വല്ലാതെ വീര്‍പ്പു മുട്ടിക്കുന്നുണ്ട്.
തീവ്ര പരിചരണ വിഭാഗത്തില്‍ കണ്ണുകള്‍ അടച്ച് രജിത കിടക്കുന്നതു കണ്ടു. അവളുടെ ശരീരം നിറയെ കടിയേറ്റ പാടുകളാണ്. മുഖം വലിച്ചു ചീന്തിയ പോലെയുണ്ട്. ഉച്ഛ്വാസത്തില്‍ വിഷം വമിക്കുന്നുണ്ടെന്നു തോന്നും. സഹതാപത്തിന്റെ നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ പതുക്കെ പിന്‍വാങ്ങി. പേപിടിച്ച നായ്ക്കളുടെ വീര്യത്തില്‍ വലിച്ചു ചീന്തിയ ഒരു പെണ്ണിനെക്കുറിച്ച് ഇത്തിരി കണ്ണീര്‍ പൊഴിച്ചുകൊണ്ട്.
രജിത്തിന്റെ കഥ കേട്ടപ്പോള്‍ നഗരത്തിലെ തെരുവുനായ്ക്കളുടെ പേക്കൂത്തിനെപ്പറ്റി നിങ്ങള്‍ക്ക ് മനസിലായിട്ടുണ്ടാവും.
നഗരമിപ്പോള്‍ ഇരുട്ടുന്നതോടെ വിജനമാവുന്നു. പെണ്‍കുട്ടികളെ എപ്പോഴും ഭയം നിറഞ്ഞ മുഖത്തോടെ മാത്രം കാണപ്പെട്ടു. സായാഹ്‌നങ്ങളുടെ, സന്ധ്യകളുടെ, നേരമ്പോക്കുകള്‍ നിര്‍ത്തി വെച്ച് ചെറുപ്പക്കാരും വ്യദ്ധന്‍മാരും നേരത്തെ വീടണഞ്ഞുകൊണ്ടിരുന്നു.
വീടുകളുടെ വാതിലുകളും ജനാലകളും അടച്ചുപൂട്ടി എല്ലാവരും വീട്ടിലിരിപ്പായി. നഗര രാത്രികളുടെ ഭരണം തെരുവുനായ്ക്കള്‍ ഏറ്റെടുക്കുന്നു. കുരക്കലുകളുടെയും ഓരിയിടലുകളുടെയും ഭയാനക ഭൂമിയായി നഗരം മാറി. ദൈവത്തിന്റെ സ്വന്തം നഗരമെന്ന് അഭിമാനത്തോടെ നാവില്‍ കുറിച്ചു വെച്ച ഞങ്ങളിപ്പോള്‍ പേപ്പട്ടികളുടെ സ്വന്തം നഗരമാണിതെന്ന് ഭയത്തോടെ തിരിച്ചറിയുന്നു.
പിന്നീട് ഞങ്ങള്‍ പോയത് മറ്റൊരു സംഭവം നടന്നയിടത്തേക്കാണ്. ഹൈവേയുടെ ഓരത്തെ പുറമ്പോക്ക് ഭൂമിയിലെ ഈ സ്ഥലത്തെ നഗരത്തിന്റെ മാലിന്യമെന്നോ, അല്ലെങ്കില്‍ കണ്ണുനീരെന്നോ വിളിക്കാം. ഭാഷയും ഭക്ഷണവും നിഷേധിച്ച് നഗരത്തിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിയോടിച്ചവര്‍. അവരാണ് ഇവിടെ തമ്പടിച്ച് താമസിക്കുന്നത്.
പുറമ്പോക്കിലൂടെ നടക്കുമ്പോള്‍ ഒരമ്മയുടെ തേങ്ങല്‍ ഞങ്ങള്‍ പിടിച്ചെടുത്തു. 24-ാം മത്തെ കുടിലിനുള്ളില്‍ ചാണകം മെഴുകിയ തറയില്‍ ചുരുണ്ടു കൂടിക്കിടക്കുന്ന സ്ത്രീയെ ഞങ്ങള്‍ പരിചയപ്പെട്ടു.
അവള്‍ കരഞ്ഞു തളര്‍ന്ന് മുഖം കരുവാളിച്ചിരുന്നു. അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങള്‍ ശരീരത്തെ പലപ്പോഴും അനാവ്യതമാക്കിക്കൊണ്ടിരുന്നു. കടിച്ചു മുറിവേല്‍പ്പിക്കുന്ന ഓരോര്‍മയെ അവള്‍ കണ്ണീരില്‍ അലിയിച്ചെടുക്കുകയാണ്.
അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും കുടുംബത്തോടൊപ്പം ചെറുപ്പത്തില്‍ ഇവിടെ എത്തിയതായിരുന്നു ആനന്ദി. ആനന്ദിക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍, ഹൈവേ ഉച്ചയില്‍ ഉരുകിനില്‍ക്കുന്നൊരു നേരത്ത് ഒരാള്‍ അവളില്‍ അധിനിവേശം സ്ഥാപിച്ചു. ആക്രമണത്തിന്റെ മുറിവു നീറ്റലുകളില്‍പ്പിടഞ്ഞ് അവള്‍ നിഷ്‌ക്കളങ്കതയോടെ കരഞ്ഞു.
പിന്നീടയാള്‍ സ്ഥിരമായി ആനന്ദിയുടെ ജീവിതത്തില്‍ കയറിത്തുടങ്ങി. ആനന്ദിയെ അതിശയിപ്പിച്ചുക്കൊണ്ട് നിനച്ചിരിക്കാത്ത നേരങ്ങളില്‍ അയാള്‍ അവളുടെ കുടിലെത്തും. അയാളുടെ കൈയ്യില്‍ ഒരുപാടു സാധനങ്ങള്‍ ഉണ്ടാവും. അതുകാണുമ്പോള്‍ മഴയില്‍ത്തിളങ്ങുന്ന മാണിക്യം പോലെ ആനന്ദിയുടെ കണ്ണുകള്‍ പ്രകാശിക്കും. അന്ന് മുഴുവന്‍ അയാള്‍ ആനന്ദിയുടെ ശരീരത്തില്‍ നീന്തും.
ആനന്ദി ഗര്‍ഭിണിയായപ്പോള്‍ അയാള്‍ വരാതായി. ഒരിക്കലും വരാത്ത അതിഥിയായി അയാള്‍ ആനന്ദിയില്‍ അവസാനിച്ചു. ആരും സഹായത്തിനില്ലാത്ത ഒരു പെരുമഴയുടെ ആരവത്തില്‍ ആനന്ദി പ്രസവിച്ചു. പിറന്നു വീണ കുട്ടി മഴയിലേക്ക് നോക്കി കരഞ്ഞു തുടങ്ങി. അവന്റെ ആ കരച്ചിലാണ് ആനന്ദിയെ സ്വന്തം ശരീരത്തെ പ്രതിരോധമാക്കാന്‍ പഠിപ്പിച്ചത്. പ്രസവത്തിനുശേഷം ശരീരം പുതുക്കിപ്പണിഞ്ഞ് ആനന്ദി പരിമളം പടര്‍ത്തി.
കുഞ്ഞിനെ താരാട്ടുന്ന ഒരു സന്ധ്യക്ക് കുടിലില്‍ കടന്നു വന്ന് അവളെ അധികാരത്തോടെ കൈവെച്ച ഒരാളെ ആനന്ദി തടഞ്ഞു. അന്നവള്‍ ആനന്ദത്തിന്റെ വില ആദ്യം ഉറപ്പിച്ചു. മഴ തകര്‍ക്കുന്ന രാത്രികളില്‍, മഞ്ഞുറയുന്ന രാവുകളില്‍ ഉഷ്ണക്കാറ്റിന്റെ സന്ധ്യകളില്‍, ആനന്ദിയുടെ ശരീരം നഗരത്തെ
ആനന്ദിപ്പിച്ചുകൊണ്ടിരുന്നു.
ആ ദിവസം ആനന്ദിയെ വല്ലാതെ വിസ്മയിപ്പിച്ചിരുന്നതായിരുന്നു. മകന് ചോറുകൊടുത്ത് അവനെയുറക്കി അവള്‍ കുളിക്കാനായി മറപ്പുരയിലേക്ക് പോയി. തണുത്ത വെള്ളത്തില്‍ നന്നായി കുളിച്ച് അവള്‍ കുടിലിലേക്കെത്തിയപ്പോള്‍ അവളാകെ അമ്പരന്നു. അവള്‍ ഗര്‍ഭിണിയായ സമയത്ത് എവിടേക്കോപോയ
അയാള്‍ തിരിച്ചുവന്നിരിക്കുന്നു. അയാള്‍ ആനന്ദിയെ നോക്കി വിതുമ്പി. നന്നായി കോപിക്കണമെന്നും അയാളെ ആട്ടിപ്പായിക്കണമെന്നും അവള്‍ക്കു തോന്നി. പക്ഷെ മകനെ സമ്മാനിച്ചയാളെ വെറുക്കാന്‍ അവള്‍ക്ക് തോന്നിയില്ല. ഉച്ചനേരം കത്തിക്കൊണ്ടിരുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ക്കുള്ളിലെ അവളിലൂടെ അയാളുടെ കണ്ണുകള്‍ പാറി നടന്നു. അവള്‍ ഊക്കോടെ അയാളെ തള്ളിമാറ്റി. അയാള്‍ കരഞ്ഞു കാലങ്ങളായി അടക്കി വെച്ച പ്രണയത്തിന്റെ കഥ പറഞ്ഞു. ആ സംഭാഷണത്തില്‍ അവളലിഞ്ഞു ചേര്‍ന്നു. അവള്‍ തളര്‍ന്നിരുന്നപ്പോള്‍ ഒരു നായയെപ്പോലെ കിതച്ചുകൊണ്ട് അയാള്‍ അവളുടെ ശരീരത്തിന്റെ അടരുകളിലേക്ക് തള്ളിക്കയറി.
കീറിമുറിക്കുന്ന ഒരു നിലവിളി കേട്ടാണ് ആനന്ദി അയാളെ പറിച്ചെടുത്തത്. ചാടിയെണീറ്റ ് ശബ്ദം കേട്ടയിടത്തേക്ക് അവള്‍ ഓടിച്ചെന്നു. കോളനിയാകെ അലറികരയുകയാണ്. അവളവിടേക്ക് ഓടിച്ചെന്നപ്പോളേക്കും ആരോ അവളുടെ മുഖമടച്ച് ഒന്നു കൊടുത്തു. പൊടി മണ്ണിലേക്ക് വേച്ചുവീണ അവളെ നോക്കി ആരൊക്കെയോ തെറിച്ചാര്‍ത്തു നടത്തി.
'കൂത്തച്ചി മോളെ... പെറ്റ കുഞ്ഞിനെ നായ്ക്കള്‍ക്ക് തിന്നാന്‍ കൊടുത്തല്ലോടീ.......'.
അതുകേട്ടപ്പോള്‍ ആനന്ദിയുടെ ശരീരം തരിച്ചു. അവള്‍ മണ്‍ പ്രതിമ പോലെ പൊടിഞ്ഞു തകര്‍ന്നു. ഉറക്കിക്കിടത്തിയ കുഞ്ഞിനെ എപ്പോളാണ് നായ്ക്കള്‍ കടിച്ചുകൊണ്ടു പോയതെന്നറിയാന്‍ കഴിയാത്ത ആത്മനിന്ദയാല്‍ അവള്‍ തല തല്ലിക്കരഞ്ഞു.
ഹൈവേയുടെ തിരക്കുകളിലേക്ക് കേട്ടവര്‍ കേട്ടവര്‍ ഇരച്ചെത്തി. തെരുവുനായ്ക്കള്‍ കടിച്ചു പറിച്ച കുഞ്ഞിന്റെ ജഡം ഹൈവേയുടെ പുറമ്പോക്കു ഭൂമില്‍ വെള്ളത്തുണിക്കു താഴെ വിശ്രമിച്ചു.
വാര്‍ത്തകള്‍ മിന്നിത്തെളിഞ്ഞ് കത്തിക്കൊണ്ടിരുന്നു. തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടത്തെക്കുറിച്ചും പുറമ്പോക്കു ഭൂമിയിലെ മനുഷ്യ ജീവിതങ്ങളുടെ കഷ്ടതകളെക്കുറിച്ചും ആയിരം നാവുകളിലൂടെ വാര്‍ത്തകള്‍ പിറന്നു വീണു.
ഞങ്ങളപ്പോള്‍ ഈ വാര്‍ത്തയില്‍ നിന്ന് ആരും കണ്ടെടുക്കാത്ത ചിലതിനുവേണ്ടി പുറമ്പോക്കു കോളനിയിലൂടെ മണത്തു നടന്നു.
തെരുവു നായ്ക്കള്‍ വിളയാടുന്ന പുറമ്പോക്ക് സ്ഥലം. അവിടെയാണ് നഗരത്തിന്റെ സൗന്ദര്യങ്ങള്‍ക്ക് കറുപ്പു പടര്‍ത്തുന്ന കുറേ ജീവിതങ്ങളുടെ പൊറുതി. അവരാണ് എല്ലാ സ്വപ്നങ്ങള്‍ക്കും മേല്‍ ഇരുള്‍വീഴ്ത്തുന്നത്.
അപ്പോളാണ് കോളനിയാകെ ഇളകിമറിയുന്നത് ഞങ്ങള്‍ കണ്ടത്. കാണാന്‍ ഭംഗിയില്ലാത്ത കറുത്ത മനുഷ്യര്‍ പ്രതിഷേധ സ്വരങ്ങളുമായി വലിയ ഒരാള്‍ക്കൂട്ടമായി മാറിയിരിക്കുന്നു. അവരുടെ നെഞ്ചിലൊക്കെ കത്തി നില്‍ക്കുന്ന തീപ്പന്തങ്ങള്‍ ഞങ്ങള്‍ കണ്ടു. പട്ടിണി കിടന്ന് ഒട്ടിപ്പോയ വയറുകള്‍ പൊട്ടുമാറ് അവര്‍ പ്രതിഷേധ സ്വരങ്ങള്‍ പുറത്തേക്ക് തുപ്പുന്നുണ്ട്. ഞങ്ങള്‍ അവര്‍ക്കു പിന്നാലെ നടന്നു. അവര്‍ തെരുവുകളില്‍ ആകെ പടര്‍ന്നിരിക്കുകയാണ്. നഗരത്തിന്റെ മാറാ വ്രണം പോലെ നില്‍ക്കുന്ന പുറമ്പോക്ക് കോളനിക്കാര്‍
ആര്‍ത്തലച്ചു വരുന്നതു കണ്ട് ഭംഗിയുള്ളവരും മാന്യന്‍മാരുമായ മനുഷ്യര്‍ അറപ്പോടെ റോഡരികിലേക്ക് ഒതുങ്ങി നിന്നു.
വാറുപൊട്ടിയ ചെരിപ്പുകള്‍ ആകാശത്തേക്ക് ആവേശത്തോടെ വലിച്ചെറിഞ്ഞ് അവര്‍ പ്രതിഷേധത്തിന് തീവ്രത കൂട്ടി. തെരുവു നായ്ക്കളെക്കുറിച്ചും പുറമ്പോക്കിലെ ഒടുങ്ങിപ്പോകുന്ന ജീവനുകളെക്കുറിച്ചും അവരുറക്കെപ്പറഞ്ഞുകൊണ്ടിരുന്നു.
ആ ജാഥ നഗരത്തിന്റെ ഭരണ സിരാ കേന്ദ്രത്തിലാണ് എത്തി നിന്നത്. കൂറ്റന്‍മതില്‍ക്കെട്ടിന് പുറത്തിരുന്ന് അവര്‍ ഒച്ചയിട്ടുകൊണ്ടിരുന്നു. ഗേറ്റ് കടന്നാല്‍ ഭരണാധികാരി ഇരിക്കുന്ന കെട്ടിടത്തിലേക്ക് ഒരുപാടു ദുരമുണ്ട്. അവിടേക്കുള്ള വഴികള്‍ ഒറ്റക്കല്ലുകള്‍ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. പുല്‍ത്തകിടികള്‍
ജലത്തുള്ളികളെ നുണഞ്ഞ ് ആകാശത്തേക്കു നോക്കി ചിരിച്ചുകൊണ്ടിരുന്നു.
പ്രതിഷേധക്കാര്‍ക്കിടയിലൂടെ ഞങ്ങള്‍ ഇഴഞ്ഞു നീങ്ങുകയും അതി സാഹസികമായി പിന്‍ ഗേറ്റിലൂടെ ഭരണാസിരാ കേന്ദ്ര സമുച്ചയത്തിലേക്ക് എത്തപ്പെടുകയും ചെയ്തു.
സമുച്ചയത്തിലെ വിശാലമായ കോണ്‍ഫ്രന്‍സ് ഹാളിലാണ് യോഗം നടക്കുന്നത്. ശീതികരിച്ചതും അത്യാഡംബര ഫര്‍ണീച്ചറുകളാല്‍ നിറഞ്ഞതുമായ അവിടെക്ക് ഒരീച്ചക്ക ്‌പോലും പ്രവേശിക്കാനാകാത്ത അത്ര സുരക്ഷയാണുള്ളത്. പുറത്ത് വെയിലില്‍ തിളങ്ങുന്ന മുദ്രാവാക്യങ്ങളുടെ ഒരു ശബ്ദകണികപോലും
അവിടേക്ക് എത്തുകയേ ഇല്ല. പക്ഷെ ഭരണസിരാകേന്ദ്രത്തിനു മുമ്പില്‍ പുറമ്പോക്കിലെ മനുഷ്യര്‍ പ്രതിഷേധത്തിന്റെ ശബ്ദം മുഴക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
യോഗത്തിലേക്ക് മാധ്യമങ്ങള്‍ക്കൊന്നും പ്രവേശനമുണ്ടായിരുന്നില്ല. അതീവ രഹസ്യസ്വഭാവമുള്ള ഒരുയോഗമാണ് അവിടെ നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായി., വിദഗ്ദ്ധമായി സ്ഥാപിച്ച രഹസ്യ ഫോണിലൂടെ ഞങ്ങള്‍ക്ക് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കിട്ടിത്തുടങ്ങി.
നഗരത്തിലേക്ക് വരുന്ന അയല്‍രാജ്യത്തിന്റെ ഭരണാധികാരിയെ സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഭരണാധികാരി വരുന്ന വഴിയിലൂടെ ഒരുപാട് വിദേശ കമ്പനികളും മുതല്‍മുടക്കുമായി കടന്നു വരാനുണ്ട് എന്ന സന്തോഷവും അവിടെ പങ്കുവെയ്ക്കപ്പെട്ടു.
എങ്ങനെ മനോഹരമായ സ്വീകരണം ഏര്‍പ്പെടുത്താമെന്നതായിരുന്നു ചര്‍ച്ച. കടന്നുപോകുന്ന വഴികള്‍, സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍, എല്ലാം നാടിന്റെ മഹിമ വിളിച്ചറിയിക്കുന്നതാവണം. വീണ്ടും വീണ്ടും ഇവിടേക്ക് തന്നെ സഞ്ചരിച്ചെത്താനുള്ള ആഗ്രഹമുണ്ടാവണം. അതുവഴി നഗരത്തിലേക്ക് മുതല്‍ മുടക്കുകളുടെ പ്രവാഹമുണ്ടാവണം. അതായിരുന്നു അവിടെ പങ്കു വെയ്ക്കപ്പെട്ട ആഗ്രഹങ്ങള്‍.
നഗരത്തിന്റെ ഹ്യദയഭാഗത്ത് ഭരണത്തിന്റെ അധീനതയിലുള്ള ഒരേക്കര്‍ സ്ഥലമുണ്ട്. വരുന്ന ഒരു വിദേശ കമ്പനിക്ക് ആ സ്ഥലത്തോട് ഭയങ്കര പ്രണയമാണ്. പാട്ട വ്യവസ്ഥയില്‍ ആ സ്ഥലം നല്‍കാനാകുമോ എന്നതാണ് ഈ സന്ദര്‍ശനവേളയില്‍ കമ്പനി ചോദിക്കാന്‍ പോകുന്നത്. പക്ഷെ, അതിനു മുമ്പിലാണ്
തെരുവു നായ്ക്കള്‍ വിളയാടുന്ന പുറമ്പോക്ക് സ്ഥലം. അവിടെയാണ് നഗരത്തിന്റെ സൗന്ദര്യങ്ങള്‍ക്ക് കറുപ്പു പടര്‍ത്തുന്ന കുറേ ജീവിതങ്ങളുടെ പൊറുതി. അവരാണ് എല്ലാ സ്വപ്നങ്ങള്‍ക്കും മേല്‍ ഇരുള്‍വീഴ്ത്തുന്നത്.
അയല്‍ രാജ്യ ഭരണാധികാരി വരുമ്പോള്‍ പുറമ്പോക്ക് ജീവിതങ്ങളെ കാണാനേ പാടില്ല. അതിനുള്ള പരിഹാരവും അവിടെ തീരുമാനിക്കപ്പെട്ടു. പുറമ്പോക്ക് ഭുമിയെ ചുറ്റി വലിയൊരു മതില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കുക. ആ മതിലില്‍ നാടിന്റെ പാരമ്പര്യം വിളിച്ചോതുന്ന ചുവര്‍ ചിത്രങ്ങളാല്‍ അലങ്കരിക്കുക. പുറമ്പോക്കിലെ ഒരീച്ചയുടെ ജീവിതം പോലും ആരുമറിയരുത്. അതിനുള്ള ഫണ്ടും അപ്പോള്‍ തന്നെ പാസ്സാക്കപ്പെട്ടു.
യോഗം അവസാനിച്ചു. മാധ്യമങ്ങളെ കാണാന്‍ ഭരണാധികാരി മീഡിയാ ഹാളിലെക്കെത്തി. എല്ലാവരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്്. ക്യാമറക്കണ്ണുകള്‍ തുറന്നു വെച്ച് വെറിപിടിച്ച മനസ്സോടെ ഇരുന്നിരുന്ന മാധ്യമ പ്രവര്‍ത്തകരൊക്കെ ഒന്ന് ചലിച്ചു. ഭരണാധികാരി ഒരു യോദ്ധാവിനെപ്പോലെ ചിരിച്ചു.
'നിങ്ങള്‍ക്ക് സന്തോഷമുള്ള കുറേ വിവരങ്ങളാണ ് എന്റെ കൈയ്യിലുള്ളത്. ഈ നഗരത്തിന്റെ ജീവിതത്തില്‍ നിങ്ങളെത്രയേറെ അഗാധമായി ഇടപെടുന്നുവെന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് നിങ്ങളോട് വലിയ ആദരവുണ്ടാകുന്നു...'
അദ്ദേഹമൊന്ന് നിര്‍ത്തി ... എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
'നമ്മളെയൊക്കെ അഗാധമായി വേദനിപ്പിച്ച ദിനങ്ങളാണ് കഴിഞ്ഞുപോയത്. പുറത്ത് പാവപ്പെട്ട ജനങ്ങള്‍ പ്രതിഷേധം തീര്‍ക്കുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ നാം കാണുന്നു. അത് പരിഹരിക്കാനുള്ള തീരുമാനങ്ങളാണ് ഇന്നത്തെ യോഗം എടുത്തത് ... നിങ്ങള്‍ക്കറിയാമല്ലോ, ഏതു ഹൈടെക് നഗരത്തോടും കിടപിടിക്കാവുന്ന രീതിയിലേക്ക് നമ്മുടെ നഗരം കുതിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് തെരുവു നായ്ക്കള്‍ നമ്മുടെ നഗരത്തിന്റെ ഉറക്കം കളഞ്ഞുകൊണ്ടിരിക്കുന്നത്. തെരുവുനായ ്ക്കള്‍ കടിച്ചു കീറിയ
ജീവിതങ്ങളെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത വിങ്ങലാണ്. അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തെരുവു നായ്ക്കളെ കൊല്ലാന്‍ പാടില്ല.അവയെ വന്ധ്യംകരിക്കുക മാത്രമാണ് പോംവഴി. അതിനുള്ള പ്രത്യേക ടീമിനെത്തേടി ഞങ്ങള്‍ കുറെ അന്വേഷിച്ചു. ശാസ്ത്രീയമായി വന്ധ്യംകര
ണം നടത്തുന്ന ആരേയും കണ്ടു കിട്ടിയില്ല. അപ്പോഴാണ് 'ഡെഡ്‌ലൈന്‍' എന്ന കമ്പനിയെക്കുറിച്ച് കേള്‍ക്കുന്നത്. ലോകത്തെല്ലായിടത്തും തെരുവുനായ്ക്കളുടെ അന്തകനെന്ന് വിളിപ്പേരുള്ള ഒരു കമ്പനി. തെരുവുനായ്ക്കളെ ആകര്‍ഷിക്കുന്ന ഭക്ഷണങ്ങള്‍ അവര്‍ക്കായി ഒരു പ്രത്യേക സ്ഥലത്ത് ഒരുക്കി വെയ്ക്കുക. ആ ഗന്ധം മൂക്കിലേക്ക് പടര്‍ന്നാല്‍ നഗരത്തിന്റെ ഏതു മൂലയിലും ഉള്ള തെരുവുനായ ്ക്കളും അവിടെക്ക് പാഞ്ഞെത്തും. അപ്പോള്‍ പ്രത്യേക പരിശീലനം നേടിയ ഡെഡ്‌ലൈനിലെ യോദ്ധാക്കള്‍ വന്ധ്യംകരണ മരുന്ന നിറച്ച സിറിഞ്ചുകള്‍ പ്രത്യേകതരം തോക്കിലൂടെ നായ്ക്കളിലേക്ക ് പായിക്കും., പിന്നീടവ ഒരിക്കലും
പെറ്റു പെരുകില്ല ... തെരുവുനായ്ക്കളുടെ ഭയാനകതയില്‍ നിന്ന് നമ്മുടെ നഗരം
എന്നന്നേക്കുമായി മോചിതമാവും... എല്ലാവര്‍ക്കും നന്ദി.
ഭരണാധികാരി ഉള്ളുലഞ്ഞു ചിരിച്ചു. പത്ര സമ്മേളനത്തിനു തിരശ്ശീല വീണു. മിടിക്കുന്ന കുറേ വാര്‍ത്താ ശരീരങ്ങളും ഉള്ളില്‍പ്പേറി ഞങ്ങള്‍ അതിവേഗത്തില്‍ അവിടെ നിന്നും പറന്നു പോന്നു.
തെരുവുനായ്ക്കളുടെ ആക്രമണത്തെ പേടിക്കാനില്ലാത്ത പ്രഭാതങ്ങളാണ് വരാന്‍ പോകുന്നതെന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ വായിച്ചുണര്‍ന്ന ഒരു പ്രഭാതത്തില്‍ അസഹ്യമായ ഒരു ഗന്ധത്തില്‍ ഞങ്ങളാകെ ഉലഞ്ഞു.
ഗന്ധത്തിന്റെ പ്രഭവസ്ഥാനത്തേക്ക് ഞങ്ങള്‍ കുതിച്ചു നീങ്ങി. ഒടുവില്‍ ഞങ്ങളെത്തി നിന്നത് പുറമ്പോക്ക് ഭൂമിയിലെ കുടിലുകളിലാണ്. പുറമ്പോക്ക് ഭൂമിയിലെ കുടിലുകളില്‍ നിന്ന് കണ്ണുകളെത്തിപ്പിടിച്ച ദ്യശ്യങ്ങള്‍ ഞങ്ങളെ കീഴ്‌മേല്‍ മറിച്ചു.
പുറമ്പോക്കു ഭൂമിയിലെ മനുഷ്യ ജീവിതങ്ങള്‍ ചത്തു മലച്ചു കിടക്കുന്നിടത്തേക്ക് കാലുകള്‍ ചലിപ്പിക്കാനാവാതെ ഞങ്ങള്‍ ഭൂമിയില്‍ നിന്ന് പൊള്ളിയുരുകി.
നഗരപാതയുടെ എണ്ണക്കറുപ്പിലൂടെ 'ഡെഡ്‌ലൈന്‍' എന്ന വെളുത്ത വാഹനം ചിറകുവിരിച്ച് ആഹ്ലാദപൂര്‍വ്വം ന്യത്തംചെയ്തു പറന്നു പോകുന്നത് ഉരുകി വീഴാന്‍ തുടങ്ങുന്ന ഞങ്ങളുടെ ശരീരങ്ങള്‍ അവസാനമായി കണ്ടു.