യൂറോപ്പിനേയും ഏഷ്യയേയും ബന്ധിക്കുന്ന ചരിത്രനഗരി - ഇസ്താംബൂൾ
ഷാജി ഹനീഫ് എഴുതുന്ന ഇസ്താംബൂൾ യാത്രാനുഭവം തുടരുന്നു
റിസപ്ഷനിസ്റ്റ് തക്കിയുടെ സുഹൃത്തായിരിക്കണം. അവളയാളോട് ഏറെ അടുപ്പം കാണിച്ചു. എന്റെ മുറി മുന്നൂറ്റിപ്പതിമൂന്നായിരുന്നു.യൂറോപ്യൻ യാത്രകളിൽ ശ്രദ്ധിച്ചിരുന്നു, പല ഹോട്ടലുകളിലും പതിമൂന്നാം നമ്പർ മുറികൾ ഉണ്ടാകാറില്ല! പന്ത്രണ്ട് കഴിഞ്ഞാൽ പിന്നെ പതിനാലായിരിക്കും.സ്കാൻറീനേവിയൻ രാജ്യങ്ങളിൽ അങ്ങിനെയില്ല. എന്റെ ചെറിയ ലഗ്ഗേജ് എടുത്ത് റൂം ബോയ് അബ്ദുല്ല മുന്നിൽ നടന്നു. ചൂടുവെള്ളത്തിൽ കുളിച്ച് തക്കിയോടൊപ്പം തണുപ്പിലേക്കിറങ്ങി.അവന് വേണ്ടി കരുതിയ ദുബയ് സമ്മാനങ്ങൾ നൽകി. ഒത്തിരി നിർബന്ധിച്ച ശേഷമേ അതവൻ സ്വീകരിച്ചുള്ളൂ!
ദുബൈ ചൂടിൽ നിന്ന് വന്നതിനാൽ ജാക്കറ്റൊന്നും കരുതിയിരുന്നില്ല. പുറത്തെ ഊഷ്മാവ് പത്തിനും പതിനഞ്ചിനും ഇടക്കായിരുന്നു. ഒരു തെരുവു കച്ചവടക്കാരനിൽ നിന്ന് ലോകോത്തര ബ്രാന്റിലുള്ളൊരു ജാക്കറ്റ് മുപ്പത്തഞ്ച് ലിറക്ക് വാങ്ങി. ദുബയിലതിന് പത്തിരട്ടിയെങ്കിലുമാകും വില.
അവനെന്നെ 'ഓർത്താക്ലാർ' എന്നൊരു കബാബ് റസ്റ്റോറന്റിലേക്ക് കൊണ്ടുപോയി.ചൂടുള്ള കബാബും തുർക്കി കോഫിയും കുടിച്ച് ഞങ്ങൾ 'ഹഗിയാ സോഫിയ'യുടെ പുറത്ത് വെറുതേ ചുറ്റിക്കറങ്ങി.സൂഫി നൃത്തങ്ങളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളൊത്തിരി കണ്ടു തെരുവുകളിൽ.ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ആമസോൺ കടുകളിലിപ്പോൾ വിദ്യാസമ്പന്നരെ ആദിവാസി വേഷം കെട്ടിച്ചാണത്രെ സഞ്ചാരികളെ ആകർഷിക്കാൻ ഗോത്ര നൃത്തം നടത്തുന്നത്. മാസശമ്പളക്കാരായ അവർ യഥാർത്ഥ ആദിവാസികളായിരിക്കില്ല, ഒരു തൊഴിൽ അത്രമാത്രം! അതുപോലെയാണോ വഴിയോരങ്ങളിൽ കാണുന്ന പോസ്റ്ററുകളിലെ സൂഫിനർത്തകരുമെന്ന് സംശയിച്ചു, ഒരു തൊഴിൽ!
ഹോട്ടലിലേക്കുള്ള വഴിയിൽ അവന്റെ ഓഫീസിൽ കയറി.എനിക്ക് സമ്മാനിക്കാനായ് കരുതിവച്ച അവരുടെ ബ്രാന്റിലുള്ള ഒരു തുകൽ പാദുകം അവനെനിക്കു തന്നു.റൂമിലെത്തി, പുറം ജാലകം തുറന്നിട്ട് തുർക്കിത്തണുപ്പ് നന്നായി ആസ്വദിച്ച് പുതച്ചുമൂടിക്കിടക്കുമ്പോൾ കയ്യിൽ കരുതിയ കക്കട്ടിലിന്റെ *യാത്ര* വായിച്ച് കണ്ണുകൾ തളർന്നപ്പോളെപ്പോളോ ഉറങ്ങി.പകലായത് അറിഞ്ഞില്ല, മഞ്ഞുമഴക്കാറിലായിരുന്നു സൂര്യൻ. വാതിൽ മുട്ടുകേട്ടപ്പോളാണ് ഉണർന്നത്,തക്കി.കൂടെയൊരു ചെറുപ്പക്കാരനും.ക്ഷമാപണം നടത്തി ഇരിക്കാൻ പറഞ്ഞു.വാതിലടയും മുമ്പ് ചൂടുള്ള കോഫിയുമായി റൂം ബോയ് അബ്ദുല്ല. അവൻ ഞങ്ങൾക്ക് കാപ്പി പകർന്നു. കാപ്പിക്ക് മുമ്പും ശേഷവും തക്കി സിഗരറ്റ് വലിച്ചു.
കുളിച്ച് കുപ്പായം മാറ്റി അവരോടൊപ്പം ഫെയറിന് പോയി (ഇസ്താംബൂളിൽ പ്രഥമ പ്രധാനമായി നടക്കുന്ന ഒരു അന്താരാഷ്ട്ര വാണിജ്യോൽസവത്തിൽ പങ്കെടുക്കുക എന്നതായിരുന്നു എന്റെ യാത്രാ ദൗത്യത്തിൽ പ്രധാനം) അവിടെയുമുണ്ടായിരുന്നു മലയാളി സാന്നിധ്യം! കോട്ടയത്ത് കാരൻ ഒരു മാത്യുച്ചായനും മകനും. സിയോൺ എന്ന അവരുടെ കമ്പനി കുതിരക്കൂടുകളിൽ വിരിക്കുന്ന റബ്ബർ മാറ്റുകൾ ഉണ്ടാക്കുന്നവരാണ്. ഇന്ത്യക്കാരുടെ സാന്നിധ്യം വളരെ കുറവായിരുന്നു ആ ഫെയറിൽ. കൂടുതലും യൂറോപ്യൻ ഉത്പന്നങ്ങൾ. ഉച്ചതിരിയുംവരെ അവിടെ ചുറ്റിക്കറങ്ങി.ശേഷം തക്കിയുടെ മരുമകൻ അഹമ്മദ് ബൈരക്ത്യാർ എന്ന ചെറുപ്പക്കാരനൊപ്പം നഗരപ്രദക്ഷിണത്തിനായി പുറപ്പെട്ടു.
'ബയാസിത്ത്' എന്ന ആ ചെറുപട്ടണത്തിന്റെ ശുചിത്വവും ഹരിതാഭയും ആകർഷണീയമാണ്. 'ലാലിനി' എന്ന തെരുവിനിരുവശവും ഒത്തിരി കച്ചവട സ്ഥാപനങ്ങളുണ്ട്. 'ചമ്പാലിതാഷി'ലൂടെ നടക്കുമ്പോൾ തെരുവുവാണിഭക്കാർ ഒത്തിരി പ്രശസ്ത ബ്രാന്റുകൾ തുച്ചം വിലക്ക് വിൽക്കുന്നത് കണ്ടു. തുർക്കിയിലും പ്രത്യേകിച്ച് ഇറ്റലി റൊമാനിയ എന്നീ രാജ്യങ്ങളിലും അപരിചിതരോട് അകലം പാലിക്കണമെന്ന ഉപദേശം തന്നിരുന്നു നിത്യ സഞ്ചാരിയായ കൂട്ടുകാരൻ സക്കീർ ഹുസൈൻ. അത് അനുസരിക്കാഞ്ഞതിനാൽ ഒരിക്കൽ വലിയൊരു കെണിയിലും പെട്ടിരുന്നു.
യൂറോപ്പിനേയും ഏഷ്യയേയും ബന്ധിക്കുന്ന ഇസ്താംബൂൾ എന്ന ചരിത്രനഗരിക്ക് പറയാനുണ്ടൊത്തിരി കഥകൾ.
തുടരും