ഛേദാശംങ്ങള്‍
| കവിത
മുറിവുകളില്‍ നിന്നുന്മാദം
ഉറപൊട്ടുന്നതെങ്ങനെന്നറിയാന്‍
ചിന്തകളില്‍ വിഷമുള്ളയൊരുവന്റെ
ചോരയിറ്റുന്ന കത്തിയില്‍ നോക്കുക..
നോവുകളുടെ മുറിവായില്‍ നിന്ന്
നോവുകള്‍ മുളയ്ക്കുന്നത്
എങ്ങനെന്നറിയാന്‍ ഇരയാക്കപ്പെട്ടവന്റെ
കുഞ്ഞിന്റെ കണ്ണില്‍ നോക്കുക...
മുറിവുകളുടെ കടവായില്‍
ദാനത്തിന്റെ ഏടുകള്‍
തുടങ്ങുന്നതെന്നറിയാന്‍
കഴുകന്‍ കൊത്തിയ
കരള്‍മുറിവിനോട് ചോദിക്കുക..
അതുമല്ലെങ്കില്‍ ചോരവാര്‍ന്ന കവചകുണ്ഡലങ്ങളോട്
ചോദിക്കുക..
കുലത്തിന്റെ മുറിപ്പാടുകള്‍ നിന്ന്
ദാക്ഷിണ്യത്തേയകറ്റി
നോവുകള്‍ തലമുറകളിലേക്ക്
പലായനം ചെയ്യുന്നതറിയാന്‍
അറുത്തു വാങ്ങിച്ച
പെരുവിരല്‍ത്തുമ്പിലെ
ചോരയില്‍ നോക്കുക..
മുറിവുകളില്‍ നിന്ന്,
അത്രമേല്‍ നോവുകളില്‍ നിന്ന്
വസന്തങ്ങളുരുവാകുന്നത്,
ഹര്‍ഷമുളവാകുന്നത്
എങ്ങനെയെന്ന് അവളില്‍
കൊരുത്ത താരാട്ടിനോട്
മാത്രം ചോദിക്കുക..