പാ-തി
കവിത
Listen to this Article
ഈസ്ട്രജന്‍ കണികകളുടെ ഒരു കടല്‍.
ചൂരല്‍ക്കുട്ടയുമായ് ഒരുവള്‍
അതിലേക്ക് ആണ്ടു മുങ്ങുന്നു.
ഒട്ടു നേരം കഴിഞ്ഞ്,
ഹൃദയങ്ങള്‍ നിറച്ച കുട്ടകവുമായ്
പൊങ്ങി വരുന്നു.
നീറ്റുകക്ക കണക്ക് പൊള്ളിപ്പിടയുന്ന ഹൃദയങ്ങള്‍.
അവ തുള്ളിത്തുള്ളി തെറിക്കുന്നു.
കുട്ടകം ചുവക്കുന്നു;
അതേന്തിയ കൈകള്‍,
താങ്ങിയ ഉടല്‍,
എല്ലാം ചുവക്കുന്നു.
വാരിക്കെട്ടിയ
മുടി പെയ്യുന്നു.
മദജലം രുചിച്ച
ചുണ്ടുകള്‍ പെയ്യുന്നു.
മഴവില്ലു വരക്കുന്നതു നിര്‍ത്തി
ആകാശം അതു നോക്കി നില്‍ക്കുന്നു.
'ഹും ! അവളുടെ ഉള്ളിലൊരുവന്‍
തീകാഞ്ഞു കൊണ്ട്
രഹസ്യമായ് താമസിക്കുന്നു!'
എന്നു പിറുപിറുത്തുകൊണ്ട്
തന്റെ കറുത്ത കുതിരകളിലൊന്നിനെ
താഴേക്കു പായിക്കുന്നു.