Quantcast
MediaOne Logo

ബാല ആങ്കാരത്ത്

Published: 16 July 2022 12:45 PM GMT

'മായ'യുടെ വിത്തുകള്‍ പറയുന്നത്

മായയുടെ ''വിത്തുകള്‍'' എന്ന കവിത വായിക്കുമ്പോള്‍ അനുവാചകന് സ്വാഭാവികമായി തോന്നിയേക്കാവുന്ന ചില സംശയങ്ങള്‍ക്കുത്തരവുമായി വരുന്നു, മായ. ഡോ. അജയ് നാരായണനും ബാല ആങ്കാരത്തും ചേര്‍ന്ന് തയ്യാറാക്കിയ അഭിമുഖ സംഭാഷണം.

മായയുടെ വിത്തുകള്‍ പറയുന്നത്
X
Listen to this Article

മായ ബാലകൃഷ്ണന്‍ എന്ന കവിയെ അറിയുക എന്നത് ഒരു പുണ്യമാണ്. മായയുടെ ചിന്തയിലൂടെ വിടരുന്ന കാവ്യശകലങ്ങള്‍ക്ക് ലാളിത്യമുണ്ട്, നിരീക്ഷണ വിമര്‍ശന ശൈലിയുണ്ട്. ഒപ്പം, കാലാതീതവുമാണ്. കാലികമായ വിഷയങ്ങളെ തനതുശൈലിയില്‍ കവിതയിലൂടെ പ്രതികരിക്കുന്ന മായയുടെ എഴുത്തുശൈലി ഏറെ പ്രശംസ നേടിയിട്ടുണ്ട്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും പ്രത്യക്ഷമാകുന്ന മായ പലര്‍ക്കും പ്രചോദനമാകുന്നതിനു കാരണം അവളുടെ ജീവിതം തന്നെയാണ്. എറണാകുളം ജില്ലയില്‍ അങ്കമാലി നായത്തോട് സ്വദേശിയാണ് മായ. തുടികൊട്ട്, നിഷ്‌കാസിതരുടെ ആരൂഢം എന്നീ കവിതാസമാഹാരങ്ങളും, ''നാലാംവിരലില്‍ വിരിയുന്ന മായ''എന്ന ആത്മകഥാപരമായ ഓര്‍മക്കുറിപ്പും ഏറെ പ്രശംസകള്‍ നേടിയ കൃതികളാണ്. 'നിഷ്‌കാസിതരുടെ ആരൂഢം' എന്ന പുസ്തകത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ഭിന്നശേഷി കമ്മീഷണറേറ്റ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വിത്തുകള്‍

മായ ബാലകൃഷ്ണന്‍

കറുപ്പിലും വെളുപ്പിലും

ഞെരുങ്ങി ശ്വാസംമുട്ടി

ജീവനും മരണത്തിനുമിടയില്‍

വെറും നിസ്സംഗരായി

മൗനത്തിന്റെ അടരുകളില്‍

ഓടിയൊളിക്കും

അവര്‍!

സ്വപ്നങ്ങള്‍ കൂട്ടിവച്ചിരിക്കുന്നവന്റെ

ഹൃദയത്തില്‍ ഊറിക്കൂടിയ

നെഞ്ചുരുക്കങ്ങള്‍

കടലിന്നഗാധത്തില്‍

ശംഖുപോലെ ദീനദീനം

മര്‍മ്മരം പൊഴിക്കുന്നുണ്ടാവും!

എന്നാല്‍,

കണ്ണീരില്‍ കുതിര്‍ന്ന മൗനങ്ങള്‍

തിളച്ചുതിളച്ചു ക്രമേണ

വേദനകള്‍ ആവിയായി

ഹൃദയം

ഖരരൂപം പ്രാപിക്കും.

അന്ന്, സമാനതകളില്ലാത്ത

അവരുടെ ആകാശങ്ങളില്‍

തീ പടരുമ്പോള്‍,

ഒരു വെയിലിലും വാടാതെ

ഒരു മഴയിലും നനയാതെ

ഇനിവരും ഋതുക്കളില്‍

ചുട്ടെടുത്ത ശില്പംപോലെ

അവര്‍

നീണ്ടുനിവര്‍ന്നുനിന്ന്

വിരല്‍ചൂണ്ടി

ഈ ലോകത്തോട്

സംസാരിക്കും.

കാരണം കറുത്ത സൂര്യന്റെ

വിത്തുകള്‍ വീണ് മുളച്ചതാണ്

ഈ ലോകം!

ഇനി ചോദ്യങ്ങളിലേക്കു വരാം.

ഈ കവിതയില്‍ അന്തര്‍ധാരയായി കാണുന്ന ആത്മാംശം മായയുടെ ജീവിതത്തിന്റെയും ഒളിപ്പിച്ചുവച്ച വികാരവിചാരങ്ങളുടെയും ഒരു നിഴല്‍രൂപമുണ്ടെന്നു അനുവാചകനു തോന്നാം. എങ്ങനെ കാണുന്നു മായ ഈ കവിതയെ?

ഈ കവിത കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയ്ഡ് ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുതിയതാണ്. അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗത്തിന്റെ വികാരം അത് സുഖമില്ലാതെയായ ഒരു സുഹൃത്തിന്റെ അവസ്ഥയാണ് അതില്‍ പതിഞ്ഞിരിക്കുന്നത്. ഒരു പക്ഷെ, എന്റേതുമായി വായനക്കാരന് സാമ്യം തോന്നിക്കാം. അത് യാദൃശ്ചികം മാത്രം.

കാലികമായ ദുരന്തങ്ങളെ നിരീക്ഷണബുദ്ധിയോടെ സമീപിക്കുകയും വ്യക്തമായ ഒരു നിലപാട് എടുക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയാണ് മായ. എഴുത്തില്‍ ആരാണ്, എന്താണ് മായയുടെ പ്രചോദനം?

അനീതിക്കെതിരെയുള്ള മാധ്യമമാണ് എഴുത്ത് എന്നിരിക്കെ നിലപാട് സ്വീകരിക്കുകയെന്നത് എഴുത്തിന്റെ ധര്‍മം ആയി ഞാന്‍ കാണുന്നു. മുന്‍കാല കവികളില്‍ വയലാര്‍ വൈലോപ്പിള്ളി, സുഗതകുമാരി, ജി ഉള്‍പ്പടെയുള്ളവര്‍ പ്രചോദനമാണ്. അവരുടെ പാതയിലൂടെ കുറച്ചുദൂരം നടന്നുവെങ്കിലും സ്വന്തമായ ഒരു ശൈലി ഞാന്‍ സ്വീകരിച്ചിട്ടുണ്ട്.

ശംഖുപോലെ ദീനം ദീനം മര്‍മ്മരം പൊഴിക്കുന്ന നെഞ്ചുരുക്കുങ്ങള്‍... അപരിചിതമായ പ്രയോഗങ്ങളാല്‍ ചില അവസ്ഥകളെ, നോവുകളെ പ്രകടമാക്കുവാനുള്ള മായയുടെ കഴിവ് പ്രശംസാര്‍ഹമാണ്. ഇത്തരം പ്രയോഗങ്ങള്‍ എങ്ങനെ സ്വായത്തമാക്കുന്നു?

വിഷയത്തോടുള്ള ആഭിമുഖ്യം അങ്ങനെ എഴുത്തില്‍ വന്നുപോകുന്നതാണ്. മനസ്സ് മൂളുന്നത് എഴുതുന്നു. അവിടെ ജീവന്‍ നിലനില്‍ക്കുന്നു എന്ന അടയാളം കാണിക്കുവാന്‍ ആണ് ദീനദീന മര്‍മ്മരം എന്ന് എഴുതിയത്.

കറുത്ത സൂര്യ കിരണങ്ങളേറ്റ വിത്തുകള്‍ പുതു തലമുറയുടെ അടയാളപ്പെടുത്തലാണോ? ഇവിടെ കവി നട്ടുച്ചക്ക് വിളക്ക് തെളിച്ചുപിടിച്ച് മനുഷ്യനെ തിരഞ്ഞ ഡയോജനിസ് ആകുന്നു. എന്താണ് ഇതേ കുറിച്ച് പറയാനുള്ളത്?

കറുത്ത സൂര്യന്റെ, ആദിമമനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് നാം ഏവരും എന്നാണ് ഉദ്ദേശിച്ചത്. പുതുതലമുറയുടെ അടയാളപ്പെടുത്തല്‍ തന്നെയാണ് ഇവിടെ ഞാന്‍ വരച്ചുകാണിക്കുവാന്‍ ശ്രമിച്ചത്!

എഴുത്ത് ഒരാശ്വാസമാകുന്നുണ്ടോ? സാമൂഹ്യ മാധ്യമങ്ങളിലെ അമിതമായ ഇടപെടല്‍ എഴുത്തിന്റെ ക്വാളിറ്റി കുറച്ചിട്ടുണ്ടോ? മായയുടെ എഴുത്തില്‍ കാലക്രമേണ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

എന്റെ അനാരോഗ്യകരമായ അവസ്ഥയില്‍ എഴുത്ത് വലിയ സന്തോഷവും ആശ്വാസവുമാണ്. അത് മനസ്സിലെ ചിന്തകളെ പറത്തിവിടുന്ന ഒരു ജാലകമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സൗഹൃദങ്ങളുടെ അമിതമായ ഇടപെടല്‍ വല്ലാതെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. ചിലപ്പോള്‍, എഴുത്തു ചുരുങ്ങിപ്പോയതുപോലെയും തോന്നാറുമുണ്ട്.

കണ്ണീര്‍ മൗനങ്ങള്‍... വേദനകള്‍ ആവിയായി ഹൃദയം ഖരരൂപം പ്രാപിക്കുന്നു... എന്ന് പറഞ്ഞു വയ്ക്കുന്നിടത്ത് മൂന്നവസ്ഥകള്‍ പ്രതിപാദിക്കുന്നു. ഇത്തരം വിഷയങ്ങളെ നിത്യജീവിത പരിസരങ്ങളില്‍ നിന്നും എങ്ങനെ കണ്ടെത്തുന്നു മായ?

കാത്തിരിപ്പിന്റെ ഘനം, ആഴം ഇവയെല്ലാമാണ് കണ്ണീര്‍ മൗനങ്ങള്‍. വെന്റിലേറ്ററില്‍ ആയ ഒരു സുഹൃത്തിന്റെ വിവരങ്ങള്‍ ഒന്നും അറിയാനാവാതെ ദിവസങ്ങള്‍ പോയപ്പോള്‍ മനസ്സ് വല്ലാതെ ആയിപ്പോയിരുന്നു. ആ വേദനകള്‍ ഈ എഴുത്തുമായി വന്നപ്പോള്‍ കറുത്തവന്‍ നേരിടുന്ന അടിച്ചമര്‍ത്തലുമായി, സ്വാതന്ത്യവുമായി ബന്ധപ്പെട്ട് എഴുതി ഈ വിധമായി രൂപപ്പെട്ടു. പ്രയോഗങ്ങള്‍ കണ്ടെത്തുകയല്ല, സ്വാഭാവികമായി വന്നെത്തുകയാണ്. സംഭവിക്കുന്നതാണ്.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മായയുടെ കഴിവ് ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്നു. എങ്ങനെയാണ് കവിതയ്ക്കുള്ള വിഷയങ്ങള്‍ മനസ്സില്‍ കൊളുത്തിപിടിക്കുന്നത്?

സ്ത്രീപക്ഷ വിഷയങ്ങള്‍, അടിച്ചമര്‍ത്തപ്പെടുന്ന വിഷയങ്ങള്‍ അവയൊക്കെ എന്നില്‍ വല്ലാതെ നീറ്റല്‍ അനുഭവപ്പെടുത്തുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ സ്വയം പ്രതികരിച്ചുപോകുന്ന അവസ്ഥ കടന്നു വരുന്നതാണ്.

ഏറെ നന്ദി, മായ. മായ ബാലകൃഷ്ണന്‍ എന്ന കവിയുടെ ഉള്‍ക്കാമ്പില്‍ വിടരുന്ന ചിന്തകള്‍ പടര്‍ത്തുന്ന വെളിച്ചം ഏതൊരു സഹൃദയനും ഭാഷാപ്രേമിക്കും പ്രചോദനം എന്നുറച്ചു വിശ്വസിക്കുന്നു ഞങ്ങള്‍. എഴുത്തുവഴിയില്‍ ഏറെ ദൂരം നടന്നെത്തിയ മായയ്ക്ക് ഇനിയും ഏറെ ചെയ്യുവാനുമുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു ഞങ്ങള്‍.



TAGS :