Quantcast
MediaOne Logo

ഷഫീഖ് ആലിങ്ങൽ

Published: 22 March 2022 6:58 AM GMT

സൂഫികളുടെ നഗരത്തിൽ

ഇബ്രാഹിം പ്രവാചകൻ ജനിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് അതിമനോഹരമായ ഒരു പള്ളിയുണ്ട്. പള്ളിയുടെ സമീപത്താണ് ഇബ്രാഹിം ഗുഹ.

സൂഫികളുടെ നഗരത്തിൽ
X
Listen to this Article

ലോക്ഡൗൺ കാലം തുറന്നിട്ട വായനയുടെയും കാഴ്ചയുടെയും ആകാശത്തിനുതാഴെ ഇരുന്നാണ് തുർക്കി യാത്ര പ്ലാൻ ചെയ്തത്. 'മുജിസെ 1', 'മുജിസെ 2', 'വൺസ് അപ് ഓൺ എ ടൈം ഇൻ അനറ്റോളിയ' തുടങ്ങിയ സിനിമകൾ, പിന്നെ എലിഫ് ഷഫാക്കിന്റെ 'ഫോർട്ടി റൂൾസ് ഓഫ് ലൗ'. ഒക്കെക്കൂടി തുർക്കിയെ രാവും പകലും മനസ്സിൽ സജീവമാക്കി നിർത്തി. എടുത്തുതീർക്കാനുണ്ടായിരുന്ന പത്തു ദിവസത്തെ ലീവ്. തുർക്കിയിൽനിന്ന് വരുന്നവർക്ക് ഖത്തർ ക്വാറനൈ്റനിൽ പ്രഖ്യാപിച്ച ഇളവ്. എല്ലാം കൂടി അനുകൂല സാഹചര്യം.

കൊടുംചൂടുള്ള ഒരു രാത്രി ദോഹയിൽനിന്ന് വിമാനം കയറി. അതിരാവിലെ ഇസ്താംബൂൾ സബീഹ ഗോച്ചൻ ഇന്റർനാഷണൽ എയർപോർട്ടിലെത്തി. എയർപോർട്ടിൽനിന്ന് സിം കാർഡ് സംഘടിപ്പിച്ചു നേരെ ഇസ്തംബൂളിന്റ ഹൃദയഭാഗമായ തക്സീമിലേക്ക് ബസ് കയറി. ഉണർന്നുതുടങ്ങിയ ഇസ്താംബൂളിന്റെ തിരക്കിനിടയിൽ ആദ്യം കണ്ട റെസ്റ്റോറന്റിൽനിന്ന് ഒരു ടർക്കിഷ് ചായ കുടിച്ച ശേഷം സുഹൃത്ത് കരീംഗ്രഫി പറഞ്ഞു തന്ന ഹാഫിസ് മുസ്തഫ റെസ്റ്റോറന്റ് തിരഞ്ഞുനടന്നു. വീണ്ടും ഒരു ചായയും ബകൽവയും. കുറച്ചുനേരം തുർക്കിയിലെ ജനാധിപത്യ പോരാട്ടങ്ങളുടെ ഐക്കണിക്ക് ലാൻഡ് മാർക്കായ ഇസ്തിക്ലാൽ സ്ട്രീറ്റിൽ. ട്രാമിൽ കയറി അയാസോഫിയയും ബ്ലൂ മോസ്കും ബോസ്ഫറസും ഗ്രാൻഡ് ബസാറും ചെറുതായി കണ്ട ശേഷം ഇസ്താംബൂൾ ഇന്റർനാഷണൽ എയർപോർട്ടിലേക്ക്. അവിടെനിന്ന് തെക്കൻ അതിർത്തി പ്രവിശ്യയായ ശാൻലി ഉർഫയിലേക്ക്.




ഐ.എസ് താവളത്തോടു ചേർന്നൊരു കുർദ് ശക്തി കേന്ദ്രം

കുർദ് ശക്തി കേന്ദ്രമാണ് ശാൻലി ഉർഫ. കുർദിഷ് നേതാവായ അബ്ദുല്ല ഒകലാന്റെ ജന്മ നാട്. തുർക്കി വംശജർ ഇവിടെ ന്യൂനപക്ഷമാണ്. ഉർഫ പട്ടണത്തിലേക്ക് ഇസ്താംബൂളിൽനിന്ന് 13,000 കിലോമീറ്ററോളം ദൂരമുണ്ട്. സിറിയൻ അതിർത്തിയിലേക്ക് 50 കിലോമീറ്റർ. എെ.എസിന്റെ തലസ്ഥാനമായിരുന്ന സിറിയൻ പട്ടണം അർറഖ 150 കിലോമീറ്റർ മാത്രം ദൂരത്ത്. ഐ.എസ് വരുന്നതിനുമുൻപ് രണ്ടു രാജ്യങ്ങൾക്കുമിടയിൽ റോഡ് ഗതാഗതം സജീവമായിരുന്നു.

വിമാനമിറങ്ങുമ്പോൾ രാത്രി 9.30. പക്ഷെ, സൂര്യൻ അസ്തമിച്ചിട്ടില്ല. എയർപോർട്ടിൽനിന്ന് നഗരത്തിലേക്ക് ബസ് സർവീസുണ്ട്. ഒരു ഹോട്ടൽ കണ്ടുപിടിച്ചു. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴേക്കും റസ്റ്റോറന്റുകൾ അടച്ചുതുടങ്ങിയിരിക്കുന്നു. ഉർഫയുടെ ചില ഭാഗങ്ങൾ തുർക്കി സൈന്യത്തിന്റെ കീഴിലാണെന്ന് വായിച്ചെങ്കിലും സൈനിക സാന്നിധ്യം എവിടെയും കണ്ടില്ല. ഒരു ചെറിയ റെസ്റ്റോറന്റ് കണ്ടുപിടിച്ചു. അറബി അറിയുന്ന ഒരാളുടെ സഹായത്തോടെ ഷവർമ ജ്യൂസും വാങ്ങിക്കഴിച്ചു കിടന്നുറങ്ങി.

ഇബ്രാഹിം പ്രവാചകൻ ജനിച്ച സ്ഥലമാണ് ഉർഫ എന്ന് പറയപ്പെടാറുണ്ട്. നംറൂദ് രാജാക്കന്മാരായിരുന്നു അക്കാലത്ത് ഉർഫ ഭരിച്ചിരുന്നത്. ഞാൻ താമസിച്ച ഹോട്ടലിൽനിന്ന് പതിനഞ്ച് കിലോമീറ്ററോളം ദൂരമുണ്ട്. ബസ് പോവുമെന്ന് ഗൂഗിൾ പറഞ്ഞു. പുറത്തിറങ്ങി ബസ് സ്റ്റേഷൻ കണ്ടുപിടിക്കാനായി നടന്നു. ഇംഗ്ലീഷ് അറിയുമോ എന്ന് മുന്നിൽകണ്ട ഒരു പെൺകുട്ടിയോട് ചോദിച്ചപ്പോൾ അറബി സംസാരിക്കുമോ എന്ന് മറുചോദ്യം. ഞാൻ ഗൂഗിളിൽ എനിക്ക് പോവേണ്ട സ്ഥലം കാണിച്ചുകൊടുത്തു. അടുത്തുള്ള ഷോപ്പിൽ ചോദിച്ച് ബസ് നമ്പർ പറഞ്ഞുതന്നു അവർ. ബസ് എപ്പോഴുമില്ല, ടാക്സി പിടിക്കുന്നതാവും നല്ലതെന്നും പറഞ്ഞു. എന്നിട്ട് ടാക്സി സ്റ്റാൻഡ് കാണിച്ചുതന്നു.

ഇബ്രാഹിം പ്രവാചകൻ ജനിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് അതിമനോഹരമായ ഒരു പള്ളിയുണ്ട്. പള്ളിയുടെ സമീപത്താണ് ഇബ്രാഹിം ഗുഹ. ഇവിടെയാണ് അദ്ദേഹം ജനിച്ചതെന്നാണ് വിശ്വാസം. സന്ദർശകർ ഗുഹയ്ക്കുള്ളിലേക്ക് തലയിട്ടുനോക്കുകയും അവിടെനിന്ന് ഭക്തിയോടെ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. പള്ളിക്ക് അടുത്തായി ഒരു കുളം. അതിമനോഹരമായൊരു കെട്ടിടം. അതിനുള്ളിലാണ് നംറൂദ് രാജാവ് ഇബ്രാഹിം പ്രവാചകനെ ആളിക്കത്തുന്ന തീയിലേക്ക് എറിഞ്ഞുവെന്ന് പറയപ്പെടുന്ന സ്ഥലം. പള്ളിയും അടുത്തുള്ള പാർക്കും സ്ഥിതി ചെയ്യുന്നത് ഒരു മലയ്ക്കുതാഴെയാണ്. മലമുകളിൽ വലിയൊരു കോട്ട. കോട്ടയ്ക്ക് അപ്പുറത്ത് ഇറാൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന അതിമനോഹരമായ ഗ്രാമങ്ങളും വഴികളും.



മഴവില്ലഴകിൽ കപ്പഡോക്കിയൻ പർവതങ്ങൾ

650 കിലോമീറ്ററോളം ദൂരെയുള്ള കപ്പഡോക്കിയയായിരുന്നു അടുത്ത ലക്ഷ്യം. കപ്പഡോക്കിയയുടെ അടുത്ത പട്ടണമായ നെവ്സഹിറിലേക്കുള്ള ആഡംബര ബസ് പിടിച്ചു. ബസ്സിൽ കൃത്യമായ ഇടവേളകളിൽ ചായയും കോഫിയും വെള്ളവവും സ്നാക്സുമെല്ലാം കിട്ടും. പുലർച്ചയോടെ നെവ്സഹിറിലെത്തി. ബസ്സിറങ്ങിയപ്പോൾ തന്നെ ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഓപ്പറേറ്റർ വന്ന് സഹായം വേണോ എന്ന് ചോദിച്ചു. കപ്പഡോക്കിയയിലേക്ക് കൊണ്ടുപോവാമെന്ന് പറഞ്ഞു.

കാറിൽ കുറച്ചുദൂരം പിന്നിട്ടപ്പോൾ ആകാശത്ത് വലിയ കുമിളകൾ പോലെ ഉദയസൂര്യനുതാഴെ വർണംവിതറുന്ന ബലൂണുകൾ. മഴവില്ലുപോലെ വിവിധ വർണങ്ങളിലുള്ള പർവതങ്ങൾ. താഴെ വെണ്മ മുറ്റിനിൽക്കുന്ന മണൽപ്പരപ്പ്. പച്ചപ്പ് പടർന്നുകിടക്കുന്ന കൃഷിയിടങ്ങൾ. എല്ലാംകൂടി ഒരു സ്വപ്നം പോലെ.



വിസ്മയിപ്പിക്കുന്ന അതിപുരാതന നഗരമാണ് കപ്പഡോക്കിയ. നൂറ്റാണ്ടുകൾക്കുമുൻപ് അഗ്നിപർവതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി രൂപപ്പെട്ടു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച ഗൊറീം എന്ന നഗരം മലകൾക്കിടയിൽ പരന്നുകിടക്കുന്നു. പാറകൾ ചെത്തിമിനുക്കി അവയ്ക്കുള്ളിലായി പള്ളികൾ സ്ഥാപിച്ചിരിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. പാറകൾക്കുള്ളിൽ ഗുഹകൾ പോലുള്ള വീടുകൾ. പത്തു മിനുട്ട് ഇവിടെ നിന്നാൽ നൂറ്റാണ്ടുകൾ പിറകിലോട്ട് പോയ പോലെ, മറ്റൊരു ലോകത്ത് എത്തിയ പോലെയൊക്കെ തോന്നും.

ഹോട്ട് ബലൂണുകൾ ആണ് ഇവിടുത്തെ ആകർഷണം. അതിൽ കയറി പുരാതന നഗരം കാണാം. പ്രകൃതി നന്നായി അനുഗ്രഹിച്ചിട്ടുണ്ട്. നിറയെ കൃഷിയിടങ്ങളാണ്. ഞാൻ ഇതുവരെ കാണാത്ത പച്ചക്കറികളും പഴങ്ങളും മലയിടുക്കുകളിലും താഴ്വാരങ്ങളിലും വളരുന്നു. രണ്ടുമൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ ടൂർ ഓപ്പറേറ്റർ അയച്ച ഡൈ്രവർ വന്നു. തിരിച്ചു നെവ്സെഹറിലേക്ക്. അവിടെനിന്ന് കെയ്സ്സെരി വഴി കൊനിയയിലേക്കും.

തുറന്നുവച്ച ഒരു പുരാവസ്തു മ്യൂസിയമാണ് കൊനിയ



ബൈസനൈ്റൻ, സെൽജൂക് ഭരണങ്ങളുടെ കേന്ദ്രമായിരുന്ന കൊനിയൻ നാഗരികതയുടെ ചരിത്രം നവീന ശിലായുഗത്തിലേക്ക് നീളുന്നു. റോമൻ, ബൈസനൈ്റൻ, സെൽജൂക്, ഓട്ടോമൻ നാഗരികതകളുടെ ശേഷിപ്പുകളുമായി Sille നഗരം. അതിപുരാതന Çatalhöyük നഗരത്തിന്റെ അവശിഷ്ടങ്ങൾ. പള്ളികളും ചർച്ചുകളും കോട്ടകളും സാംസ്കാരിക-കലാകേന്ദ്രങ്ങളുമെല്ലാമായി കൊനിയ തുറന്നുവച്ച ഒരു പുരാവസ്തു മ്യൂസിയമാണ്.

ആത്മീയതയുടെ രണ്ടു സമുദ്രങ്ങൾ സമ്മേളിക്കുന്ന ഇടം കൂടിയാണ് കൊനിയ. ഖുറാസാനിലെ ബാൾക്കിൽ ജനിച്ച മൗലാന ജലാലുദ്ദീൻ റൂമിയും ഇറാനിലെ തബ്രീസിൽനിന്ന് ഇവിടെയെത്തിയ ശംസ് തബ്രീസിയും ഈ നഗരത്തിൽ കണ്ടുമുട്ടി. ആയിരങ്ങളാണ് റൂമിയുടെ കുടീര(മഖ്ബറ)ത്തിൽ ദിവസവും എത്തുന്നത്. റൂമിയുടെ അരികത്തായി കൊനിയയിലെ സൂഫീ ആചാര്യന്മാരായ ശലബികളും അവരുടെ ഭാര്യമാരുമുണ്ട്. കാലിഗ്രഫി, ചിരാഗുകൾ, ജപമാലകളെല്ലാം കൊണ്ട് അലങ്കൃതമാണ് റൂമിയുടെ കുടീരം. മസ്നവിയുടെയും ദിവാനെ കബീറിന്റെയും ഖുർആന്റെയും വിവിധ കാലങ്ങളിലെ കൈയെഴുത്തുപ്രതികൾ. സമീപത്ത് നൃത്തമുറികളും ദർവീശ് കോട്ടേഴ്സുകളും സ്കൂളും. മഖ്ബറയ്ക്കുള്ളിൽ സദാ നിശബ്ദതയാണ്. പതിഞ്ഞ സ്വരത്തിലുള്ള സൂഫി സംഗീതം. ഖുർആൻ ഓതുന്നവർ. അധികവും സ്ത്രീകളാണ്.


''നിങ്ങൾ ആരായാലും വരൂ. അവിശ്വാസിയോ പ്രാകൃതമതക്കാരനോ അഗ്നിയാരാധകനോ ആരായാലും. നൈരാശ്യത്തിന്റെ സഹോദര സംഘമല്ല നമ്മുടേത്. ആയിരം തവണ പശ്ചാത്താപ ഉടമ്പടികൾ ലംഘിച്ചിട്ടുണ്ടെങ്കിലും വരൂ''. ജലാലുദ്ദീൻ റൂമി 700 വർഷങ്ങൾക്കുശേഷവും മികച്ച ഉസ്താദാണ്. ഇവിടെ വരുന്നവർ മഖ്ബറക്ക് അകത്തും അടുത്തുള്ള പള്ളിയിലും പുറത്തെ തെരുവിലും ഇരുന്ന് വിവിധ ഭാഷകളിൽ മസ്നവിയും ദിവാനെ കബീറും വായിക്കുന്നു. റൂമിയുടെ ആത്മീയപ്രപഞ്ചം സാർവത്രികമാണ്.

യാസീൻ (ഖുർആനിലെ ഒരു അധ്യായം) ഓതിയ ശേഷം മഖ്ബറക്കുള്ളിൽ ഇരിക്കാൻ ഒരു സ്ഥലം കണ്ടെത്തി. ധ്യാനനിമഗ്നരായി ഇരിക്കുന്ന ദാർവീശുകളെ നോക്കി വെറുതെയിരുന്നു. ദേശങ്ങൾ താണ്ടി ഇവിടെയെത്തിയ സന്ദർശകർ എന്നെ കടന്നുപോയിക്കൊണ്ടിരുന്നു.

നടക്കാനുള്ള അകലത്തിലാണ് ശംസ് തബ്രീസി. പക്ഷെ, ഏകനാണ്. തൊട്ടടുത്ത പാർക്കിൽ നിറയെ സിറിയൻ അഭയാർഥികൾ. മഖ്ബറ കാണിച്ചുതരാമോ എന്ന് ചോദിച്ചപ്പോൾ ഒരു സിറിയൻ യുവാവ് കൈപിടിച്ചു കൊണ്ടുപോയി. അകത്ത് നിശബ്ദത. ഖുർആൻ ഓതുന്ന സ്ത്രീകൾ. കാവൽക്കാരനായി ആകമാനം നരച്ചുപോയ പടുവൃദ്ധനായ ദർവീശ്. കൽപനകൾ പുറപ്പെടുവിക്കുകയോ സന്ദർശകരെ നിരീക്ഷിക്കുകയോ ചെയ്യുന്നില്ല അദ്ദേഹം. സദാ തസ്ബീഹ് ചൊല്ലുന്നു. പുഞ്ചിരിക്കുന്നു. പൈസ കൊടുത്തപ്പോൾ തസ്ബീഹ് മാല കൊണ്ട് അനുഗ്രഹിച്ചു.

ഏകാന്തത ഇഷ്ടപ്പെട്ടിരുന്നു ശംസ്. ശാന്തനായിരുന്നു എപ്പോഴും. തൊട്ടടുത്ത പാർക്കിൽ അധികവും സിറിയൻ അഭയാർഥികളാണെന്നത് ചരിത്രപരമായ മറ്റൊരു ആകസ്മികതയായിരിക്കാം. ശംസ് സിറിയയെ ഇഷ്ടപ്പെട്ടിരുന്നു. കൊനിയയിൽനിന്ന് പോയത് ഡമസ്കസിലേക്കായിരുന്നു. സ്വൂഫിചിഹ്നങ്ങളെയും ദർബാറുകളെയും ദർസുഖാനകളെയും നിരന്തരം ഉന്നമിട്ടിരുന്ന അത്താതുർക്ക് ഭരണകൂടത്തിന്റെ മതേതരഭീകരതയെ തുർക്കി അതിജീവിച്ചതിന്റെ ജീവിക്കുന്ന കാഴ്ചകൂടിയാണ് കൊനിയ.

(തുടരും)

TAGS :