Quantcast
MediaOne Logo

ഉഷാ ചന്ദ്രന്‍

Published: 3 July 2022 9:43 AM GMT

ജനനി

| കഥ

ജനനി
X
Listen to this Article

തിളച്ചുമറിയുന്ന യൗവ്വനത്തിന്റെ ഒത്ത നടുക്ക് വച്ചാണ് സൂസന് തന്റെ നല്ലപാതിയെ നഷ്ടപ്പെട്ടത്. ഇനിയും ഏറെ വഴികള്‍ തനിയെ താണ്ടേണ്ടതുണ്ട്. തനിച്ചായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കൂടെപ്പോവാമായിരുന്നു. സൂസനോര്‍ത്തു... ഇതിപ്പോള്‍ തങ്ങള്‍ ജന്മം കൊടുത്ത രണ്ടു പിഞ്ചു പൈതങ്ങള്‍ സദാ വിരലില്‍ തൂങ്ങിയുണ്ട്. ജോയിച്ചന്‍ തന്നിട്ട് പോയ സമ്മാനം. അവള്‍ അമ്മയാണ്. അമ്മ സര്‍വംസഹയാണ്. അമരക്കാരനില്ലാത്ത തോണിക്ക് സ്വന്തം കൈകള്‍ തുഴയാക്കണം. തോണിയിലുള്ള പറക്കമുറ്റാത്ത കുഞ്ഞിക്കിളികളെ അക്കരെ തീറ്റ കിട്ടുന്നിടത്തെത്തിക്കണം. അതുകഴിഞ്ഞാല്‍ തനിക്കെന്തും വന്നോട്ടെ. കൈകള്‍ കുഴഞ്ഞിട്ടും തുഴച്ചില്‍ നിര്‍ത്താതെ മറുകര ലക്ഷ്യം വച്ചവള്‍ തുഴഞ്ഞു.

മക്കള്‍ക്കുവേണ്ടി മാത്രം ജീവിച്ച അവള്‍ക്കു സഹായിക്കാനെന്ന വ്യാജേന കപട ഹസ്തവുമായി എത്തുന്ന പുരുഷന്മാരെ കാണുന്നതേ ചതുര്‍ഥിയായിരുന്നു. സ്വന്തം ജീവിതനൗകയുടെ തുഴ ഏറ്റെടുത്തു നയിക്കാന്‍ ആരെയും അനുവദിക്കാതിരുന്നതും മറ്റൊന്നും കൊണ്ടല്ല, തന്റെ സ്ത്രീസഹജമായ ദൗര്‍ബല്യത്തെ, യൗവ്വനയുക്തമായ ശരീരത്തെ ചൂഷണം ചെയ്യുമോ എന്ന് ഭയന്നും വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഇളം നാമ്പുകളുടെ സുരക്ഷയെ കരുതിയും മാത്രമായിരുന്നു. അവ ചവിട്ടിയരയ്ക്കപ്പെടരുതെന്ന ആഗ്രഹത്താലായിരുന്നു. എങ്കിലും അവള്‍ക്കും വികാര ചിചാരങ്ങള്‍ ഉണ്ടായിരുന്നു. മധുരിക്കുന്നതെല്ലാം അപ്പപ്പോള്‍ തുപ്പിക്കളയാന്‍ മനസ്സവളോട് മന്ത്രിച്ചുകൊണ്ടേയിരുന്നു. ജീവനും ജീവിതവും എല്ലാം തന്റെ ഇരു കണ്ണുകളായി കരുതിയ കുഞ്ഞുങ്ങള്‍ക്കായി ഉഴിഞ്ഞു വച്ച ആ അമ്മ അവരെയും കൊണ്ട് അമരക്കാരനില്ലാത്ത ആ ജീവിത നൗക ആഞ്ഞാഞ്ഞു തുഴഞ്ഞു..

നിവര്‍ന്നു നില്‍ക്കാന്‍ ത്രാണിയില്ലാത്ത പൊടിപ്പൈതങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാനും കൊത്തിപ്പെറുക്കാനും പ്രാപ്തരാക്കുക, അതിനായി എന്തും ത്യജികുക.. സഹിക്കുക. ജീവിതലക്ഷ്യം അതുമാത്രമായി ആ അമ്മയ്ക്ക്. കുളിരുള്ള രാത്രികളില്‍ പോലും അവളുടെ മനസ്സും ശരീരവും ഒന്നുപോലെ തപിച്ചുകൊണ്ടിരുന്നു. പാതിവഴിയെത്തിനില്‍ക്കുന്ന തോണി മുങ്ങുമോ എന്നവള്‍ വിഹ്വലചിത്തയാകവെ, സര്‍വശക്തിയുമാര്‍ജിച്ചു തുഴ നീട്ടിയെറിഞ്ഞു. കടിഞ്ഞൂല്‍ പെറ്റത് പെണ്ണായതുകൊണ്ട് ഉത്തരവാദിത്വം ഏറും എന്നത് അവളെ ഒട്ടുംതന്നെ ഖിന്നയാക്കിയില്ല. കര്‍മമേഖലയില്‍ അക്ഷീണം പൊരുതുമ്പോളും ആഭാസന്മാരുടെ അനാശാസ്യപ്രേരണകള്‍ക്ക് വശംവദയാകാതെ തന്നെത്തന്നെ സൂക്ഷിക്കാന്‍ യത്‌നിക്കുകയായിരുന്നു. മറ്റൊരു വിവാഹത്തിന് പലരും സൂസനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആരുടേയും ഉപദേശങ്ങള്‍ വകവച്ചുകൊടുക്കുകയോ ചെവിക്കൊള്ളുകയോ ചെയ്തില്ലവള്‍.. ജീവിത പാനപാത്രത്തിലെ കയ്പ്പുനീര്‍ കുടിച്ചു കുടിച്ച് ഹൃദയത്തിന്റെ മൃദുലത അമ്പേ പോയ്‌പ്പോയിരുന്നു. പരുക്കന്‍ മുഖത്ത് ധാര്‍ഷ്ട്യം മുദ്രവച്ചു. പുഞ്ചിരി എന്നോ മാഞ്ഞു. ക്ഷോഭം അവളുടെ ദുര്‍ബ്ബലതയായി.

ഇന്നവള്‍ തന്റെ ചുമലിലെ ഭാരങ്ങളെല്ലാം ഇറക്കിവച്ചു സ്വസ്ഥത കൊതിക്കുമ്പോഴും അമിതഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടവളായി. സ്വന്തം നീരൂറ്റികൊടുത്തു പോലും കരയിലെത്തിച്ച; സമ്പന്ന ജീവിതത്തില്‍ അങ്ങേയറ്റം സംതൃപ്തയായ സ്വന്തം ചോരയ്ക്ക്, ദരിദ്രയായ 'അമ്മ നിഷിദ്ധയായി. എന്നാല്‍, അവളെ കാണുമ്പോഴെല്ലാം വലിയൊരു കടമ നിറവേറ്റിയതിന്റെ നിര്‍വൃതി അനുഭവിക്കുകയായിരുന്നു, ആ 'അമ്മ. ചുമതലകള്‍ തീര്‍ത്തുവെന്ന് ലാഘവപ്പെടുമ്പോഴും ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ടെന്ന തോന്നല്‍ അപ്പോഴും അദ്ധ്വാനിയായ അവളുടെ മനസ്സില്‍ നിന്നൊഴിയാതെ നിന്നു. വീണ്ടുമവള്‍ കൂലിപ്പണിക്കും തൊഴിലുറപ്പിനുമായി ഇറങ്ങിത്തിരിച്ചു.

തുലനാവസ്ഥ നിലനിര്‍ത്തിപ്പോന്ന ആ അമ്മയുടെ സായംകാല ജീവിതത്തിന്റെ ത്രാസ്സ് ഇപ്പോള്‍ ഒരുവശത്തേയ്ക്ക് മാത്രം താഴ്ന്നു നില്‍ക്കുന്നു. എത്ര ഭാരം എടുത്തുവച്ചിട്ടും മറുവശത്തെ ദുഹിതഭാഗം താഴുന്നതേയില്ല. അതിനു ചലനം പോലുമില്ല. കാരണമറിയാതെ പകച്ചു നില്‍ക്കുമ്പോഴും ന്യായീകരണം ചോദിക്കുന്നവര്‍ക്ക് വിശ്വസനീയമായ ഒരുത്തരം കൊടുക്കാന്‍ നീതിദേവതയുടെ തുലാസ്സിനു വല്ലാതെ യത്‌നിക്കേണ്ടിവരുന്നു. അകറ്റിനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകത അറിയുന്നവളുടെ അവഗണന ഏറ്റുവാങ്ങുന്ന അമ്മയ്ക്കറിയാം, അത് തനിക്കുള്ള പാരിതോഷികമാണെന്നും, ഒരുപക്ഷേ ഇന്നും വിട്ടുപോവാത്ത തന്റെ യൗവ്വനമാവാം അതിന് കാരണമെന്നും. അല്ലാത്ത പക്ഷം ചുമടുതാങ്ങിയാവാനുള്ള അനിഷ്ടമാവാം തന്നെ മനസ്സിന്റെ പടിക്കു പുറത്തേയ്ക്കു വലിച്ചെറിയാന്‍ ഒരാളെ നിയതി തിരഞ്ഞെടുത്തതെന്ന് സൂസന്‍ കരുതുന്നു.

പ്രാര്‍ഥനാനിരതയായി പരാജിതയായ ആ അമ്മയുണ്ട്, ദുര്‍ബ്ബലവും നിസ്സഹായവും അത്താണിയാവാന്‍ പ്രാപ്തിയില്ലാത്ത വിധം സ്വയം ചെളിക്കുണ്ടിലേയ്‌ക്കെടുത്തു ചാടിയ അനാഥത്വം സമ്മാനിച്ച പ്രതിഷേധത്തിന്റെ മറുസാന്നിധ്യവുമായി മനോദുഃഖമെന്ന മാറാവ്യാധിയും പേറി മരണം കൊതിച്ച്....മരിക്കാതെ മരിച്ച് വര്‍ത്തമാന കാലത്തില്‍ ജീവിക്കുന്നു.


TAGS :