Quantcast
MediaOne Logo

മേദിനി കൃഷ്ണന്‍

Published: 17 Jun 2022 7:00 AM GMT

പ്രാണന്റെ പച്ചനിറം

കഥ

പ്രാണന്റെ പച്ചനിറം
X
Listen to this Article

ഒരുപാട് പേര്‍ പ്രണയിച്ചും നോവിച്ചും നൊമ്പരപ്പെടുത്തിയും അവഗണിച്ചും വലിച്ചെറിഞ്ഞു കളഞ്ഞ ഹൃദയമുള്ള ഒരാളെ പ്രണയിക്കുക. ഒരുപാട് ഹൃദയങ്ങളുടെ പ്രണയമന്ത്രങ്ങള്‍ ഹൃദിസ്ഥമാക്കിയ ഒരാള്‍.. ഓരോ ഹൃദയത്തിന്റെ തായ്‌വേരിലും ഇത്തിള്‍ക്കണ്ണിയാവാന്‍ മോഹിച്ചയാള്‍.. പറിച്ചെറിയുമ്പോള്‍ മുറിപ്പാടുകളില്‍ ഒരു വിങ്ങല്‍ അമര്‍ത്തിപ്പിടിച്ചു മറവിയിലേക്ക് ഒരു കടലിനെ ക്ഷണിച്ചു തിരകളെണ്ണി തുടങ്ങുന്നയാള്‍..

നനഞ്ഞ കണ്ണുകളില്‍ ഇരുളിന്റെ വേരോടി തുടുങ്ങുമ്പോള്‍ കാണാത്ത ഏതോ ഒരു രൂപത്തിന്റെ ഹൃദയത്തിലേക്കു മുഖം ചേര്‍ത്തു വച്ചു ആശ്വസിക്കുന്നയാള്‍. ആ ഹൃദയത്തിലേക്കാണ് ഞാനെന്റെ പ്രണയമന്ത്രങ്ങള്‍ ഉരുവിട്ട് കാത്തിരുന്നത്. എന്റെ ആത്മാവിന്റെ അഴിയാത്ത കെട്ടുകളില്‍ ഞാന്‍ അയാളെ ബന്ധിച്ചതാണ്. മിഴികളെ ബന്ധിച്ച് മൊഴികളെ ചേര്‍ത്തു കെട്ടി. ഹൃദയത്തെ ബന്ധിച്ച് ചിന്തകളെ സ്വന്തമാക്കി. വേദനകളെ ബന്ധിച്ച് എന്നില്‍ അടക്കി. കണ്ണുനീരിനെ ബന്ധിച്ച് ചിരിയെ സമ്മാനിച്ചു. ശരീരത്തെ ബന്ധിച്ച് ഞാന്‍ അവന്റെ ഭ്രാന്തിനെ തളച്ചു. ആ ആത്മാവിനെ ബന്ധിച്ച് ഞാന്‍ എന്റെ ആത്മാവില്‍ ഇടം കൊടുത്തു. ഇനിയൊരു മുറിവിന്റെ വേദനയറിയിക്കാതെ ഞാന്‍ അങ്ങനെ അയാളിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്നു.'

വായിച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരിറ്റ് തുള്ളി ആ അക്ഷരങ്ങളില്‍ വീണു. ഒരു മൂടല്‍ പോലെ..

നന്ദന്‍... അവളുടെ സ്വരം.

കയ്യില്‍ ആവി പറക്കുന്ന ചായ.

അയാള്‍ ഒരു നിമിഷം അവളെ നോക്കി. ചുരുണ്ട മുടി ഇരു വശങ്ങളിലും ചിതറി കിടക്കുന്നു. മുഖത്ത് ശാന്തഭാവം.. എപ്പോഴും കഥ പറയുന്ന കണ്ണുകള്‍..

'നീ ഇത് എന്നെ പറ്റിയാണോ എഴുതിയത്..'

അയാള്‍ ചോദിച്ചു.

അവളുടെ മുഖത്ത് നീരസം. 'അനുവാദം ഇല്ലാതെ ഒരാളുടെ കുറിപ്പുകള്‍ വായിക്കുന്നത് ശരിയാണോ..'

'അല്ല. ഇത് ഇവിടെ മേശപ്പുറത്തു നിവര്‍ത്തി വച്ചിരുന്നു. പേന അടച്ചിരുന്നില്ല. ഞാന്‍ ആദ്യവരിയില്‍ വെറുതെ കണ്ണോടിച്ചപ്പോ...

അയാള്‍ പാതിയില്‍ നിര്‍ത്തി.

കണ്ണോടിച്ചപ്പോ....' അവള്‍ ആ വാചകം എടുത്തു പറഞ്ഞു.

അയാള്‍ മിണ്ടിയില്ല.

അവളുടെ മുഖത്ത് പരിഹാസം നിറഞ്ഞു.

'അറിയാം.. സ്വന്തം സ്വഭാവം എന്തെന്ന്..

നന്ദന്‍ ചായ കുടിക്കു.. ചൂടാറും.'

നന്ദന്‍ ചായ വാങ്ങി. ചതഞ്ഞ ഏലക്ക മുകളില്‍ പൊന്തി കിടന്നിരുന്നു.

ചായ ചുണ്ടോടു ചേര്‍ത്തു. ആ പഴയ സ്വാദ്.. വര്‍ഷങ്ങള്‍ക്കിപ്പുറം..

'മണിക്കുട്ടി.. നിനക്ക് ഇപ്പോഴും ന്നെ ഇഷ്ടമാണോ.. എന്നോട് വെറുപ്പ് തോന്നിയിട്ടില്ലേ.. '

അവള്‍ ആ ഡയറി അടച്ചു വച്ചു. അയാള്‍ക്ക് മുന്‍പില്‍ ആ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. 'എന്ത് തോന്നുന്നു..'

ആ സ്വരത്തിന്റെ മൂര്‍ച്ച. അയാളൊന്നു പതറി. കപ്പ് മേശപ്പുറത്ത് വച്ചപ്പോള്‍ തുളുമ്പി.

അയാളൊന്നു തളര്‍ന്നത് പോലെ കസേരയിലിരുന്നു.

'മണിക്കുട്ടി.. ആ പേര് മറന്നില്ലല്ലോ.. അതോ എല്ലാവരെയും അങ്ങനെ തന്നെയാണോ വിളിക്കാറുള്ളത്..'

അവളുടെ പരിഹാസസ്വരം..

'നീ.. കല്യാണം കഴിച്ചില്ലേ..'

അയാളുടെ ചോദ്യത്തില്‍ തളര്‍ച്ചയുണ്ടായിരുന്നു.

'ഇല്ല..ഒരുപാട് പേരെ സ്‌നേഹിക്കാനും സഹിക്കാനും എന്റെ ഹൃദയത്തിനു വിസമ്മതം. പിന്നെ ഞാന്‍ ഞാനായിരുന്നുവല്ലോ.. നിങ്ങളായി മാറിയില്ല. അതൊരു ഭാഗ്യം..'

അവള്‍ അയാള്‍ക്ക് താഴെ നിലത്തിരുന്നു.

'നന്ദനു പിന്നെ അതിന്റെ ആവശ്യം ഇല്ലായിരുന്നുവല്ലോ.. വിവാഹം..'അവള്‍ പുച്ഛത്തോടെ പറഞ്ഞു.

അയാള്‍ ചുവരിലെ അവള്‍ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ഒരു പെണ്ണിന്റെ നഗ്‌നതയെ നിറങ്ങള്‍ കൊണ്ട് മറച്ചിരിക്കുന്ന ചിത്രം.. ഇടയില്‍ അവളുടെ കണ്ണുകളില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ തുളുമ്പി നില്‍ക്കുന്നത് പോലെ..

അയാളൊന്ന് പിടഞ്ഞു..

വിഭ എന്ന മണിക്കുട്ടി..

അവളെ മാത്രമേ അങ്ങനെ വിളിച്ചിട്ടുള്ളു.

പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെടുമ്പോള്‍ അവള്‍..

അയാള്‍ ആ മുഖം ഓര്‍ത്തു. എപ്പോഴും ചിരിക്കുന്ന ശാന്തമായ മുഖം. ചുരുണ്ട മുടിയിഴകള്‍.. വല്ലാത്തൊരു ആകര്‍ഷണമായിരുന്നു.

നല്ലൊരു ചിത്രകാരി.. കഥാകാരി.. സുന്ദരി..

ആദ്യം കണ്ട നിമിഷം മുതല്‍.. തന്റെയാണെന്നൊരു തോന്നല്‍.

പിന്നെ പിന്നെ രണ്ട് വര്‍ഷത്തെ പ്രണയം. ആ സമയങ്ങളില്‍ അവള്‍ അത്ര മാത്രം തന്നെ പ്രണയിച്ചിരുന്നു. വരച്ചിരുന്ന ചിത്രങ്ങള്‍.. എഴുതിയ ഓരോ വരികളും അങ്ങനെ എല്ലാം തനിക്ക് വേണ്ടി മാത്രം..


അന്ന് താന്‍ സാധാരണ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. പിന്നീട് അറിയപ്പെടുന്ന ഒരു ചാനലിലേക്ക് മാറിയ ശേഷം.. പിന്നെ എന്തോ ജീവിതത്തിന്റെ ഗതി തന്നെ മാറിപോയി.

യാത്രകള്‍.. പുതിയ സ്ഥലങ്ങള്‍.. പുതിയ മുഖങ്ങള്‍.. ആ ജീവിതത്തിന്റെ ചുഴിയിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍...

മണിക്കുട്ടി എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന ഇവളെ താന്‍ എന്തേ മറന്നത്.. തന്റെ ഹൃദയമിടിപ്പില്‍ കൊരുത്തിട്ട ഹൃദയവുമായി ഇവളിങ്ങനെ നീറി നീറി ഇല്ലാതാവുന്നത് താന്‍ എന്തേ അവഗണിച്ചത്..

പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം വഴക്കില്‍ അവസാനിച്ചു പിരിയുന്നതു പതിവായി. കാരണങ്ങള്‍ സത്യമായിരുന്നു. തന്നിലേക്ക് അറിയാതെ തന്നെ കടന്നു വന്നിരുന്ന പുതിയ ബന്ധങ്ങള്‍...പെണ്ണ്.. അല്ല.. പെണ്ണുങ്ങള്‍..

മനസ്സ് കൊണ്ട് കൊരുത്തു കെട്ടിയവരെല്ലാം ആ കെട്ടഴിച്ചിട്ട് ഇറങ്ങി പോയി.

ഒഴിവാക്കല്‍, അവഗണന, ചതി, ഇണ ചേരല്‍.. അത് മാത്രമായി ജീവിതമങ്ങനെ ഒഴുകി..

തെറ്റ് എന്ന് മനസ്സ് വിലക്കിയിട്ടും എത്രയോ തവണ.. ആ വഴിയില്‍ തന്നെ..

പിന്നിട്ട വഴികളെല്ലാം ശാപം മാത്രം.. എത്ര കണ്ണുനീര്‍ തന്റെ മണ്ണില്‍ വീണു നനഞ്ഞിരിക്കുന്നു. എന്നിട്ടും..താന്‍ നന്നായില്ല.

പക്ഷേ... അന്ന് മുതല്‍ ഇന്ന് വരെ തന്റെ ചിന്തകളുടെ ഒരറ്റത്ത് മണിക്കുട്ടിയുണ്ടായിരുന്നു.. മറന്നില്ല. ഒരു തുമ്പപ്പൂവിന്റെ പരിശുദ്ധിയോടെ അവളങ്ങനെ മനസ്സില്‍ നിറഞ്ഞ് നിന്നിരുന്നു.

അവള്‍ വരയ്ക്കുന്നതും എഴുതുന്നതും എല്ലാം ദൂരെ നിന്ന് നോക്കി കാണുന്ന ഒരു കാഴ്ചക്കാരനായി. പിന്നെ പിന്നെ മനഃപൂര്‍വം ആ മുഖം മറന്നു. അവളുടെ വരികളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമെല്ലാം ഓടിയൊളിച്ചു.


വര്‍ഷങ്ങള്‍ക്കിപ്പുറം..

ചെന്നൈയിലെ ടി നഗറിലെ ആര്‍ട്ട് ഗാലറിയിലെ ചിത്രപ്രദര്‍ശനത്തിന് എത്തിയപ്പോള്‍ യാദൃശ്ചികമായി വീണ്ടുമൊരു കണ്ടുമുട്ടല്‍..

ഒന്നും പറയാതെ മുന്നില്‍ നിന്നും അവള്‍ ഇറങ്ങി പോയപ്പോള്‍...

ഹൃദയത്തിലെ ഒരു പഴയ മുറിവ് പൊറ്റ അടര്‍ന്നു രക്തമൊലിക്കുന്നതു പോലൊരു വേദന.. വിങ്ങല്‍..

താമസിക്കുന്ന സ്ഥലം കണ്ടു പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. ഇവിടെ അവള്‍ക്ക് മുന്നിലിങ്ങനെ..

നിറയെ മുനകളുള്ള ഒരു ചങ്ങല ഉടലില്‍ വീണിഴയുന്നത് പോലെ..

താന്‍ പോയപ്പോള്‍ അവള്‍ക്ക് വേറൊരു ജീവിതം കിട്ടിയിരിക്കുമെന്ന് കരുതി. ഒന്നും ഇല്ലെന്ന് ആ വരികള്‍ ചൂണ്ടി കാണിച്ചു തന്നു. താന്‍ പക്ഷേ... ഇത്രയും കാലം..

അയാള്‍ അസ്വസ്ഥതയോടെ തല കുടഞ്ഞു.

എന്ത് പറയാന്‍..

ക്ഷമിക്കണം എന്നൊരു വാക്ക് പറഞ്ഞാല്‍... സ്വയം പരിഹസിക്കുന്നത് പോലെയാവും.

നിനക്ക്... നിനക്ക് ഒരു ജീവിതം വേണ്ടേ.. '

നന്ദന്റെ സ്വരം പതറിയിരുന്നു.

'ഒരു ആണിന്റെ കൂടെ ജീവിച്ചാലേ പെണ്ണിന്റെ ജീവിതം പൂര്‍ണ്ണമാവു എന്ന് എവിടെയാണ് എഴുതി വച്ചിരിക്കുന്നത്..?

ഞാന്‍ ജീവിക്കുന്നില്ലെന്ന് ആരു പറഞ്ഞു..?

അവളുടെ സ്വരം കഠിനമായിരുന്നു.

അയാള്‍ക്ക് ആ മുഖത്തേക്ക് നോക്കാന്‍ ബുദ്ധിമുട്ട് തോന്നി.

പതിയെ എഴുന്നേറ്റു.

'ഞാന്‍ പോട്ടെ.. വന്നതില്‍ ക്ഷമിക്കുക..'

അവള്‍ നിശ്ബദയായിരുന്നു. വാതിലിനരികെ എത്തിയതും ചുവരില്‍ എന്തോ വീണുടയുന്ന സ്വരം. അയാളൊന്നു ഞെട്ടി. തിരിഞ്ഞു നോക്കി. ചുവരില്‍ വീണുടഞ്ഞ കപ്പിന്റെ ചില്ലുകള്‍ താഴെ ചിതറി കിടന്നു. ചുവരില്‍ ഒഴുകി പടര്‍ന്ന ചായ.

അവള്‍ നിന്ന് കത്തുന്നത് പോലെ തോന്നി. ആ ചൂടില്‍ താന്‍ വെന്തുരുകുകയാണെന്നും..

മേശപ്പുറത്തു നിരത്തി വച്ചിരിക്കുന്ന നിറങ്ങളും ബ്രഷും കടലാസ്സുകളും അവള്‍ വലിച്ചു നിലത്തിട്ടു.

വെളുത്ത തറയില്‍ നിറങ്ങള്‍ പരന്നൊഴുകി. പൊട്ടിയ ചില്ല് കുപ്പികള്‍..

'മണിക്കുട്ടി.. നീയെന്താ ഈ കാണിക്കുന്നേ.. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ..'

അയാള്‍ അലറി ചോദിച്ചു.

ഒരു നിമിഷം.. അവളൊന്നുറക്കെ കരഞ്ഞു. താഴെ തറയില്‍ തളര്‍ന്നിരുന്നു.

അയാള്‍ അവളുടെ അടുത്തേക്ക് ചെന്നു. പാദങ്ങളില്‍ നിറങ്ങള്‍ പരന്നു.

പൊട്ടിയ ഒരു ചില്ലു കഷ്ണം കാലില്‍ തറച്ചു. വേദന തോന്നിയില്ല. അയാള്‍ അവളുടെ അടുത്തിരുന്നു. മുഖം പിടിച്ചുയര്‍ത്തി. കണ്ണുകള്‍ കലങ്ങിയിരുന്നു.

'നീ.. നീ ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നു. എനിക്ക് വേണ്ടി കാത്തിരിക്കുന്നു.'

അവള്‍ മിണ്ടിയില്ല.

'ഞാന്‍ നിന്നെ വിളിക്കില്ല. എനിക്കതിനുള്ള യോഗ്യതയില്ല.'

പെടുന്നനെ അവള്‍ കൈനീട്ടി അയാളെ അടിച്ചു. അയാള്‍ പിന്നോട്ടാഞ്ഞു. നിലത്ത് കുത്തിയ കൈയില്‍ ചില്ല് കയറി മുറിഞ്ഞു.

മുറിവില്‍ ചോര നനഞ്ഞു.

ഒരു നിമിഷം അവള്‍ അയാളെ കെട്ടിപ്പിടിച്ചു. പിന്നെ നിശബ്ദമായി കരഞ്ഞു. അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു തറയില്‍ അമര്‍ന്നു കിടന്നു.

നിറങ്ങളുടെ നനവ്. ഉടഞ്ഞ ചില്ലിന്റെ നോവ്.

ചോദ്യങ്ങളില്ല ഉത്തരങ്ങളില്ല.. ഏറെ നേരം.

'നീയെങ്ങനെ എന്നെ വിശ്വസിക്കും. ഞാന്‍.. ഞാന്‍ നല്ലവനല്ല.'

ആ പതിഞ്ഞ സ്വരത്തിലേക്ക് അവള്‍ ചുണ്ടുകള്‍ ചേര്‍ത്തു.

പതിയെ പറഞ്ഞു.

'നിന്റെ കണ്ണുനീര്‍ വീണ് എന്റെ അക്ഷരങ്ങള്‍ നനഞ്ഞിരിക്കുന്നു. മാഞ്ഞിരിക്കുന്നു.

ഞാന്‍ വിശ്വസിക്കുന്നു. എന്റെ പ്രാണന്‍ തൊട്ടെഴുതിയ അക്ഷരങ്ങളാണ്. അതില്‍ നീ മാത്രമേ ഉള്ളൂ.. വേറൊന്നും..'

അവളൊന്നു വിതുമ്പി.

അയാള്‍ അവളെ മുറുകെ ചേര്‍ത്തു പിടിച്ചു. കണ്ണുകള്‍ നിറഞ്ഞു. ചൂണ്ടു വിരല്‍ തുമ്പില്‍ ചുവന്ന നിറം..

അയാള്‍ ആ വിരല്‍ത്തുമ്പ് അവളുടെ നെറ്റിയില്‍ ചേര്‍ത്തു.

'ഇനിയൊരിക്കലും നിന്നെ വിട്ടെനിക്ക് പോവാന്‍ കഴിയുമെന്ന് തോന്നുന്നില്ല..'

അയാളുടെ നരച്ച സ്വരം..

'എന്തോ നീ അകലും തോറും ഞാന്‍ നിന്നെ കൂടുതല്‍ സ്‌നേഹിച്ചിരുന്നതു പോലെ.. നീ തിരിച്ചു വരുന്ന ഒരു ദിവസം... നിറങ്ങള്‍ക്കിടയില്‍ നമ്മളിങ്ങനെ കിടക്കുന്നത് പോലെ.. അങ്ങനെയൊരു തോന്നല്‍..

അവള്‍ കയ്യെത്തിച്ചു തറയില്‍ വീണ് കിടന്നിരുന്ന ഒരു പുസ്തകം എടുത്തു.

അതിലെ ഒരു ചിത്രം അയാളുടെ മുഖത്തിന് നേരെ അവള്‍ നിവര്‍ത്തി പിടിച്ചു.

തറയില്‍ നിറങ്ങള്‍ക്കിടയില്‍ മലര്‍ന്നു കിടക്കുന്ന രണ്ട് പേര്‍.. നഗ്‌നതയില്‍ നിറങ്ങള്‍ ചാലിച്ചെഴുതി...

പക്ഷേ അവരുടെ കഴുത്തില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്ന ഒരു മുറിവ് അയാള്‍ കണ്ടു.

കണ്ണുകള്‍ പിടഞ്ഞു.

കാണെക്കാണെ ആ രൂപങ്ങള്‍ അവരായി മാറി.

'നിന്നെ ഞാന്‍ കൊല്ലട്ടെ..'

അവളുടെ മൂര്‍ച്ചയുള്ള സ്വരം.

കൈയില്‍ പേനയെന്ന് തോന്നിപ്പിക്കുന്ന മുനയുള്ള കത്തി.

അയാള്‍ക്ക് ഭയം തോന്നിയില്ല. കൈകള്‍ രണ്ടും തലയ്ക്കു പിന്നില്‍ പിണച്ചു വച്ചയാള്‍ മലര്‍ന്നു കിടന്നു. ചുണ്ടില്‍ നേരിയ ചിരി. പലവട്ടം മരിച്ചവന് ഇനിയെന്ത് മരണം. പറ്റുമെങ്കില്‍... നീയെന്നെ ഒന്ന് ജീവിപ്പിക്ക്.. എന്റെ പ്രാണന്‍ തിരിച്ചു താ... '

അവളൊന്നു പതറി.

കണ്ണുകള്‍ നിറഞ്ഞൊഴുകി.

അവള്‍ ആ കത്തി ദൂരേക്ക് വലിച്ചെറിഞ്ഞു. പുസ്തകത്തിലെ ആ പേജ് ചീന്തി കളഞ്ഞു.

'ഞാനിനി പോവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..'

ഇല്ല... അവളുടെ സ്വരം മൃദുലമായിരുന്നു.

നന്ദന്‍ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു. അയാളുടെ നെഞ്ചിലെ ചുരുണ്ട മൂടിക്കിടയില്‍ മുഖം പൂഴ്ത്തി അവള്‍ കരഞ്ഞു.. അയാള്‍ കണ്ണുകള്‍ അടച്ചു. അവളും.. നഗ്‌നമായ ഉടലില്‍ നിറഞ്ഞൊഴുകുന്ന നിറങ്ങള്‍.. ഉടലില്‍ ഒരുമിച്ചൊഴുകിയ ഒരു പ്രാണന്റെ പച്ചനിറം മാത്രം കണ്ണുകളിലങ്ങനെ നിറഞ്ഞു നിന്നു.



TAGS :