അനാമിക
| കഥ
അസമയത്ത് വരാറുള്ള ഫോൺ കോളുകൾ, മരണ വാർത്തകൾ മാത്രമെത്തിക്കാനുള്ളതാണെന്ന്, എപ്പോഴോ പതിഞ്ഞു പോയ ബോധത്തിന്റെ മീതേ നിന്നു കൊണ്ടാവണം പ്രിയപ്പെട്ടവരുടെ മരണം മാത്രം ഞാനന്ന് സ്വപനം കണ്ടത്. ഞെട്ടിയുണർന്ന് കണ്ണു മിഴിച്ചപ്പോഴും തൊട്ടടുത്തിരുന്ന മൊബൈൽ ഫോൺ അതിന് കഴിയാവുന്നത്ര ഉച്ചത്തിൽ ശബ്ദിച്ചു കൊണ്ടിരുന്നു.
'നിന്നെ എനിക്കൊന്ന് കാണണം, നമുക്കൊരു യാത്ര പോകാനുണ്ട്'.എന്ന് മാത്രം പറഞ്ഞ്, എനിക്കേറ്റവും പ്രിയപ്പെട്ട ആ ശബ്ദം മറുപടിക്ക് കാത്തു നിൽക്കാതെ മടങ്ങിയതിനു ശേഷം, അവളെന്നെ എത്ര വട്ടം വിളിച്ചുവെന്ന് കോൾ ലോഗിൽ ഒന്നു പരതി നോക്കി. ഒറ്റ പ്രാവിശ്യം മാത്രമുണ്ടായ ആ നീണ്ട റിങ്ങ് ടോണിനിടയിലാണ് സ്വാപ്നവും ഞെട്ടിയുണരലുമുണ്ടായത്. നേരത്തിന്, സ്വപ്നത്തിനകത്തും പുറത്തും വെവ്വേറെ അളവ് കോലാകുമെന്നാശ്വസിച്ച് വീണ്ടുമുറങ്ങി.
ഒരു ജന്മം കൊണ്ട്, നാം കണ്ടു തീർക്കുന്ന കാഴ്ച്ചകളിൽ ചിലത്, നാമറിയാതെ തന്നെ നമ്മുടെ കണ്ണുകൾ കടന്ന് മനസ്സിന്റെ ഏതെങ്കിലുമൊരു ഇരുട്ടറയിൽ കയറി ഒളിച്ചിരിക്കും. കാലങ്ങൾക്ക് ശേഷം ചിലപ്പോൾ, ഇരുട്ടിന്റെ നിഗൂഢതയിൽ നിന്ന് പുറത്ത് കടന്ന്, ചില രാത്രികളിൽ നമ്മുടെ ഉറക്കം കെടുത്താൻ പോന്ന കിനാവുകളായി തെളിഞ്ഞു വരും. അത്തരമൊരു വിചിത്ര സ്വപ്നമാണ്ആ പാതിരാത്രിക്ക് ശേഷം റിതു, എന്നെ വിളിക്കാൻ കാരണമായതെന്ന് അവൾ പിറ്റേന്ന് പറഞ്ഞു.
അഞ്ച് വർഷങ്ങൾക്കെങ്കിലും മുൻപത്തെ പഠന കാലത്താണത്രെ, നിർബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമായി കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു സന്ദർശനത്തിന്അനുമതി തേടി, അവൾക്ക് പോവേണ്ടി വന്നത്. ആവശ്യം നിരാകരിക്കപ്പെട്ട നിരാശയിൽ, കൂട്ട് വന്ന സുഹൃത്തുക്കൾക്കൊപ്പം തിരിച്ച് പോകാനൊരുങ്ങുമ്പോഴാണ് ആ ആശുപത്രിക്കുള്ളിലെ ഏഴാം വാർഡ് എന്നെഴുതി പ്രദർശിപ്പിച്ചിരുന്ന കവാടത്തിലൂടെ ഇരുപത് വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഉറക്കെ കരഞ്ഞു കൊണ്ട് പുറത്തേക്കോടി വന്നത്, അപരിചിതരായ ചിലരെ പുറത്ത് കണ്ട്, തന്നെ രക്ഷിക്കാനെത്തിയവരാകുമെന്ന് കരുതിയാവണം അവൾ അവർക്കരികിലേക്ക് ഓടിയെത്താൻ ശ്രമിച്ചത്. ആശുപത്രി ജീവനക്കാരാൽ വലിച്ചിഴക്കപ്പെട്ട് തിരികെ പോകേണ്ടി വന്നതിനിടയിൽ,അവസാനിക്കാത്ത പ്രതീക്ഷയോടെ അവൾ നോക്കിയത്റിതുവിന്റെ മുഖത്തേക്കായിരുന്നു പോലും.
'പിന്നീട് രണ്ട് ദിവസത്തോളം ഞാനവളെ പറ്റി ആലോചിച്ചു. പിന്നെ മറക്കുകയും ചെയ്തു. പക്ഷേ ഈയിടെയായി ഞാനവളെ സ്വപ്നം കാണുന്നു. ഇന്നലെ രാത്രി മുഴുവൻ അവളെന്നെ പിന്തുടർന്നു കൊണ്ടിരുന്നു. സ്വപ്നങ്ങൾക്കിടയിൽ പലപ്പോഴും ഞാനവളുടെ മുഖം വ്യക്തമായി കണ്ടു. നമുക്ക് അവൾക്ക് വേണ്ടി എന്തോ ചെയ്യാനുണ്ട്. വരാമോ എന്റെ കൂടെ?' സ്വീകരിക്കപ്പെടുമെന്ന് അവൾക്കുറപ്പുണ്ടായിരുന്ന ഒരഭ്യർത്ഥനയും നടത്തി റിതു യാത്രയായതിനു ശേഷം, കോഴിക്കോട്ടെ ഒരു സുഹൃത്തിനെ ഫോണിൽ വിളിക്കുകയാണ്ഞാനാദ്യം ചെയ്തത്. രതീഷ്, ഒരു മരുന്ന് കമ്പനിയിൽ ചരക്കു വിൽപ്പനയ്ക്ക് നിയോഗിക്കപ്പെട്ടവനാണ്. കച്ചവട ശാസ്ത്രത്തിന്റെ കോർപ്പറേറ്റ് നയതന്ത്രങ്ങൾക്കിടയിൽപെട്ട് വീർപ്പുമുട്ടുന്ന എന്റെ പ്രിയപ്പെട്ട സഖാവ്. നില തെറ്റിയ മനസ്സുകൾക്ക് ചികിത്സ നിർദ്ദേശിക്കാറുള്ള ഡോക്ടർമാരെ മരുന്നുകൾ പരിചയപ്പെടുത്തലാണ് അവന്റെ ജോലി എന്നതിനാൽ രതീഷിന്റെ സഹായം തേടാനാണ് തീരുമാനിച്ചത്. കുതിരവട്ടത്ത് തനിക്ക് ചിലരെ പരിചയമുണ്ടെന്നും, താൻ കൃത്യസമയത്ത് എത്തിക്കോളാമെന്നും രതീഷ് ഉറപ്പ് നൽകി.
പൊറ്റമ്മലിൽ നിന്നും കുതിരവട്ടത്തേക്കുള്ള ഇടുങ്ങിയ ടാർ റോഡിലൂടെ പലവട്ടം സഞ്ചരിച്ചിട്ടുണ്ടെങ്കിലും,ആ ജീർണ്ണിച്ച മതിലിനപ്പുറത്തെ ലോകം, അവിടൊരിക്കൽ പോകണമെന്ന് റിതു ആവശ്യപ്പെടുന്നത് വരെ, എന്റെ ചിന്തകളിൽ ഇടം നേടിയിരുന്നില്ല. അവിടേക്ക് ഞങ്ങൾ ഒരുമിച്ച് നടത്തിയ യാത്രയിൽ ഞാനതവളോട്പറയുകയും ചെയ്തു.'എന്ത് കൊണ്ടായിരിക്കും റിതു, നീ പറയുന്നത്വരെ ആ ലോകമൊന്ന് സന്ദർശിക്കണമെന്ന് ഞാനിന്ന് വരെ ചിന്തിക്കാതിരുന്നത്?'
പക്ഷേ റിതു, ആ പെൺകുട്ടിയെ പറ്റിയാണ്യാത്രയിലുടനീളം ചിന്തിച്ചതും പറഞ്ഞതും. അവൾ ഇക്കാലത്തിനിടയിൽ എപ്പോഴെങ്കിലും സുബോധത്തിലേക്ക് മടങ്ങി വന്നിട്ടുണ്ടാകുമോയെന്ന്,
വന്നെങ്കിൽ, അവളെ ആ അവസ്ഥയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് ചിന്തിച്ചിരിക്കുമോയെന്ന്.
ഞങ്ങൾക്കവളെ കാണാൻ കഴിയുമോയെന്ന്...
രണ്ട് വൻമരങ്ങൾക്കിടയിൽ, ഒരു തടവറയുടേത് എന്ന് തോന്നിക്കുന്ന കൂറ്റൻ കവാടത്തിന് മുൻപിൽ രതീഷ് കാത്തുനിൽപ്പുണ്ടായിരുന്നു. സുന്ദരിയായൊരു പെൺകുട്ടി എന്റെ കൂടെയുണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ വരുന്ന വഴിക്ക് വോൾഗാ ബാറിൽ കയറിയിറങ്ങുമായിരുന്നില്ലന്ന് റിതുവിനെ പരിചയപ്പെടുത്തിയപ്പോളുള്ള അവന്റെ മുഖഭാവം, എന്നോടുള്ള നീരസത്തോടെ ഉറക്കെ വിളിച്ച് പറഞ്ഞു.
ഒരു വശത്ത് സാധാരണയിൽ കവിഞ്ഞ ഉയരമുള്ളൊരു മതിലും, മറുവശത്ത് ഔട്ട് പേഷ്യന്റ് വിഭാഗവുമായിരുന്നു ഗെയ്റ്റിനപ്പുറം ആദ്യം.
'നിന്നെ ഒന്നവിടെ കാണിച്ചാലോ? പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലങ്കിലും എന്തെങ്കിലും മരുന്ന് എഴുതി തരാതിരിക്കില്ല. നമ്മൾ പറഞ്ഞു കൊടുക്കുന്നതിനപ്പുറം ബുദ്ധിയുടെ താളപിഴകൾ അളന്നു തിട്ടപെടുത്താൻ അവിടിരിക്കുന്ന ഡോക്റ്റർമാർക്ക് യാതൊരു ഉപകരണവും കയ്യിലില്ല.'
പറഞ്ഞത് എന്നോടാണെങ്കിലും രതീഷ്റിതുവിന്റെ മുഖത്തേക്കാണ് നോക്കിയത്. അല്ലെങ്കിലും, തമാശകൾക്ക് മുന്നിൽ പൊട്ടിച്ചിരിക്കുന്ന പെൺമഖം കാണാനാവും പുരുഷൻ ആഗ്രഹിക്കുക. അൽപ്പം മദ്യലഹരിയിലായാൽ പ്രത്യേകിച്ചും.
പക്ഷേ, അവളുടെ കണ്ണുകൾ ആ പെൺകുട്ടിയെ കാണാൻ തിടുക്കം കൂട്ടിയത് കൊണ്ടാവും, റിതു മറ്റൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾക്ക് മുമ്പേ വേഗത്തിൽ നടക്കുകയായിരുന്നു. എഴാം വാർഡിന്മുന്നിൽ, അവൾക്കൊപ്പമെത്തിയതും, അതിന്റെ കവാടത്തിലേക്കാണ് എന്റെ കണ്ണുകൾ പതിഞ്ഞത്.
ആ വലിയ വാതിൽ പക്ഷേ അടഞ്ഞു കിടന്നു. ഒന്ന് തുറന്ന് വിട്ടാൽ ഓടി അകലാൻ വെമ്പി നിൽക്കുന്ന ഒരുപാട് അസാധാരണ മനസ്സിനുടമകൾ അതിനകത്തിരുന്ന് കാലം കഴിക്കുന്നതിന്റെ ഒരു സൂചനയും ആ വാതിലിന് നൽകാനായില്ല.
ഞങ്ങളോടൊപ്പം നടക്കുന്നതിനിടയിൽ മങ്ങി തുടങ്ങിയ നീലഛായം പൂശിയിരുന്ന ഇരുട്ട് നിറഞ്ഞു നിന്നൊരു കൊച്ചു കെട്ടിടം ചൂണ്ടി, രതീഷ്പറഞ്ഞു.
'കാലങ്ങളോളം ഇവിടെ കിടന്ന് രോഗം ഭേദമായവരെ ഇവിടെയാണ് പാർപ്പിക്കുക. പലരേയും അവരുടെ ബന്ധുക്കൾ ഇവിടെ ഉപേക്ഷിക്കുകയാണ് പതിവ്. രോഗം പാടെ മാറിയാലും എവിടേയ്ക്കാണ് പോകേണ്ടതെന്നറിയാതെ അവരിവിടെ തുണി സഞ്ചി തയ്ച്ചും, പുസ്തകം ബൈൻഡ്ചെയ്തും, കുടകൾ നിർമ്മിച്ചും കഴിഞ്ഞു കൂടേണ്ടി വരുന്നു'.
ആശുപത്രിയുടെ ഭരണകാര്യാലയത്തിനുള്ളിൽ, ഡോക്റ്റർ അബ്ദുൾ സലാമിനെ റിതുവിന്പരിചയപെടുത്തി രതീഷും ഞാനും പുറത്തിറങ്ങി. ഒരു കൊച്ചു മരത്തിന്റെ തണലിലിരുന്ന്, കണ്ണൂരിലെ റിയാസ് ഹോമിൽ ഒരുമിച്ച് താമസിച്ചിരുന്ന കാലം ഞങ്ങൾ ഓർത്തെടുത്തു.
മോഹനേട്ടനെ,
ഷാജനെ,
സൈനബയേയും.
'അനാമിക എന്നാണ്അവളുടെ പേര്...'
കുതിരവട്ടത്തെ പിന്നിലാക്കി, ഞങ്ങൾ യാത്ര തുടരുന്നതിനിടയിൽ അൽപ്പനേരം തങ്ങി നിന്ന മൗനമവസാനിപ്പിച്ച് റിതു പറഞ്ഞ് തുടങ്ങി.
'അവളിപ്പോൾ അവിടെയില്ല. ചെറൂപ്പ എന്ന സ്ഥലത്താണ്. അയ്യപ്പൻകാവിനടുത്ത് അവുടെ അച്ഛൻപെങ്ങളുടെ വീട്ടിൽ. വിലാസം എന്റെ കയ്യിലുണ്ട്. നമുക്കങ്ങോട്ടാണിപ്പോൾ പോവേണ്ടത്.'
എവിടെ നിന്നാണെന്നും, എന്തിനാണെന്നും അറിഞ്ഞിരുന്നില്ലങ്കിലും,അന്വേഷിച്ച് ചെന്നത്അവരുടെ വീട് തന്നെയാണെന്നുറപ്പ് വരുത്തി, ജാനമ്മ ഞങ്ങളെ കയറിയിരിക്കാൻ ക്ഷണിച്ചു. അവർ തന്ന തണുത്ത നാരങ്ങാവെള്ളം ഞങ്ങൾ കുടിച്ചു തീർക്കുന്നത്വരെ കാത്തിരുന്നു. എന്നിട്ട് ചോദ്യരൂപേണ എന്റെ മുഖത്തേക്ക് നോക്കി. റിതു നിംഹാൻസിലെ സൈ
ക്കോളജി വിഭാഗത്തിൽ ഒരു പഠനത്തിലാണെന്നും ഒരു കേസ്സ്റ്റഡിയുടെ ഭാഗമായി അവിടെ നിന്നും നിർദ്ദേശിക്കപെട്ട പേരാണ് അനാമികയുടേതെന്നും ഒരു ഭാവവിത്യാസവും വരുത്താതെ ഞാൻ കള്ളം പറഞ്ഞു.
റിതു അനാമികയെ കണ്ടു!
അവൾക്കൊപ്പം ഒത്തിരി നേരമിരുന്നു. ഞാൻ കാത്തിരുന്നു മടുത്ത് പുറത്തെ സോഫയിലിരുന്നു മയങ്ങി പോയി. റിതു, തട്ടിയുണർത്തി പോകാമെന്ന് പറഞ്ഞയുടൻ ജാനമ്മയോട് യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.
* * *
നിരവിൽപുഴ പിന്നിട്ട ഉടനെ അന്തരീക്ഷമാകെ മഞ്ഞ് മൂടിയിരുന്നു. വാഹനത്തിന്റെ മഞ്ഞ വെളിച്ചം തെളിച്ച പാതയിലൂടെ വളരെ പതുക്കെയാണ് ഞങ്ങൾ നീങ്ങിയത്. പൂർണമായും ചുരമിറങ്ങി കഴിയുന്നതിന് മുൻപാണ് പൂതംപാറ എന്ന ഗ്രാമം. നല്ല മഴയായിരുന്നതിനാലാവാം ആ കൊച്ച് അങ്ങാടിയിലെങ്ങും ആരെയും കണ്ടില്ല. മഴ തോർന്ന് തുടങ്ങിയപ്പോഴാണ് ചുരം കയറി വന്ന ഒരു ജീപ്പിൽ നിന്നും കുറച്ച് പേരിറങ്ങി വന്നത്. അതിലൊരാളോട് വാഹനത്തിന്റെ ഗ്ലാസ് അല്പം താഴ്ത്തി ഗോപിയേട്ടന്റെ വീടന്വേഷിച്ചു. ഏത് ഗോപിയേട്ടൻ എന്നയാളുടെ മറുചോദ്യത്തിന് ഒരു വധശ്രമ കേസ്സിൽ ജയിലുള്ള ആളാണെന്നത് തൃപ്തികരമായ മറുപടിയായി. അവിടിപ്പോൾ ആരുമില്ലല്ലോയെന്ന സംശയം പങ്കുവെച്ച് അയാളൊരു ഇടവഴി കാണിച്ചു തന്നു. ഞങ്ങളെ യാത്രയാക്കി പോകുന്നതിന് മുൻപ് അയാൾ പറഞ്ഞു.
'ഗോപിയിപ്പോൾ എവിടാണെന്ന് ആർക്കുമറിയില്ല. അയ്യാക്കൊരു മോളൊണ്ടാർന്നു. ഇപ്പോൾ ഏതോ ഭ്രാന്താശുപത്രീലോ മറ്റോ ആണ്.'
അറിയാമെന്ന് തലകുലുക്കി, അയാൾ ചൂണ്ടി കാണിച്ചു തന്ന വഴിയിലൂടെ ചാറ്റൽ മഴ നനഞ്ഞ് ഞങ്ങൾ കൈ പിടിച്ച് നടന്നു. ആ വഴിക്ക് രണ്ടു വീടുകൾ മാത്രമേയുള്ളുവെന്നും, അതിൽ ആൾ താമസമില്ലാത്തത് ഗോപിയേട്ടന്റെ വീടാണെന്നും അയാൾ പറഞ്ഞു തന്നിരുന്നു.
ഇടവഴി അവസാനിക്കുന്നിടത്തെ ചെറിയൊരു അരുവിയും കടന്ന് ഞങ്ങൾ ആ വീടിനടുത്തെത്തി. തുരുമ്പെടുത്തൊരു താഴിട്ട് പൂട്ടിയിരുന്ന ആ വീടിന്റെ മുറ്റത്ത് നിന്ന് റിതു പറഞ്ഞു.
'അനാമികയുടെ വീട്! അവൾ ജൻമമെടുത്ത, അവൾ വായിച്ചു വളർന്ന, അവളുടെ മനസ്സിന്റെ താളം തെറ്റിച്ച ദുരന്തങ്ങൾ പെയ്തിറങ്ങിയ വീട്.'
പഴകി ദ്രവിച്ച് തുറന്ന് കിടന്നിരുന്ന പിന്നിലെ വാതിലും കടന്ന് ഞങ്ങൾ അകത്ത് കയറി. ഒരു കുരിശിന്റെ ആകൃതിയിൽ അരഭിത്തി കെട്ടി നാലായി പകുത്ത ഒരു കൊച്ചു വീടായിരുന്നു അത്. അടുപ്പിനടുത്ത് കൂട്ടിയിട്ടിരുന്ന ചാരം, ചില ഒഴിഞ്ഞ പാത്രങ്ങൾ, ഒരു കട്ടിൽ, ദ്രവിച്ച് തുടങ്ങിയ ഒരു കിടക്ക, പിന്നെ ചിതറി കിടന്ന കുറേ പത്രതാളുകൾ. അത്ര മാത്രമേ ആ വീടിനകത്ത് ഉണ്ടായിരുന്നുള്ളു. ആ വീടിനകത്ത് റിതു എന്തിനോ വേണ്ടി തിരയുന്നുണ്ടായിരുന്നെങ്കിലും ഒന്നും കിട്ടിയതായി കണ്ടില്ല. പുറത്ത് കടന്നതും, തൊട്ടടുത്തൊരു വീട്ടിലേക്ക് ചൂണ്ടി റിതു പറഞ്ഞു.
'നമുക്ക് ആ വീട്ടിലൊന്ന് കയറണം. അത് സതീഷിന്റെ വീടാണ്.'
ഏത് സതീഷ് എന്ന് ഞാൻ ചോദിച്ചില്ല. അനാമികയോട് ദീർഘനേരം സംസാരിച്ചത് റിതുവായിരുന്നല്ലൊ.
അൽപ്പം ഉയരം കൂടിയ ഒരു കട്ടിലിൽ കണ്ണടച്ച് കിടക്കുകയായിരുന്നു സതീഷ്. തളർന്നു പോയ ശരീരം, ഒരു കൊച്ച് കുട്ടിയുടെതോളം ചെറുതായി പോയിരുന്നു. ഞങ്ങളുടെ സാന്നിധ്യമറിഞ്ഞതും അയാൾ കണ്ണുകൾ തുറന്നു. അനാമികയെ കണ്ടിട്ട് വരികയാണന്നറിഞ്ഞപ്പോൾ, നിറഞ്ഞ ആകാംഷയോടെ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
'അവൾ സുഖമായിരിക്കുന്നോ?'
മുഖവരയില്ലാതെ, അയാളുടെ മുഖത്ത് പോലും നോക്കാതെ, റിതുവാണ് മറുപടി പറഞ്ഞത്.
'സതീഷ്, അച്ഛന്റെ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന നിങ്ങളാണ് അവളുടെ അവസാനത്തെ ഓർമ്മ. നിങ്ങൾ ജീവിച്ചിരിക്കുന്നുവോയെന്ന് അവൾക്കറിയില്ല. മരിച്ചു കാണുമെന്ന് വിശ്വസിച്ചിട്ടുമില്ല. അനാമികയുടെ അമ്മയും ഏട്ടനും മരണപെട്ടതിന് ശേഷം, നിങ്ങളായിരുന്നു അവൾക്കെല്ലാമെന്ന് എന്നോട്പലവട്ടം പറഞ്ഞു. സത്യത്തിൽ എന്താണ് സംഭവിച്ചത്?'
ഈ ലോകത്ത് അനാമികയെക്കാൾ താനാരെയും സ്നേഹിച്ചിട്ടില്ല എന്ന ക്ലീഷേ പ്രയോഗത്തിൽ തുടങ്ങിയാണ് സതീഷ് സംസാരിച്ചത്.
'ചിലപ്പോൾ ഒരു പാടവരമ്പത്ത്, മറ്റു ചിലപ്പോൾ ഒരു അരുവിക്കരയിൽ, ഒരു പാറപ്പുറത്ത്, ചിലപ്പോൾ ഒരു മരചുവട്ടിൽ, എല്ലായിടത്തും ഞാനവളെ പ്രണയിച്ചു കൊണ്ടേയിരുന്നു. അക്കാലത്ത്, അവളുടെ മുടിയിഴകളിൽ ഞാൻ തഴുകാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. അവളുടെ നെറ്റിയിൽ ഞാനൊരിക്കലെങ്കിലും ചുംബിക്കാതെ ഒരു പകലും ഇരുണ്ട് പോയിട്ടില്ല'.
തീവൃമായിരുന്ന ഒരു പ്രണയത്തിന്റെ ഓർമ്മകൾ, അയാളെ വാചാലനാക്കി.
'എന്റെ മേൽ സർവ്വ സ്വതന്ത്രയായിരുന്നു അനാമിക. അവളെന്നോട് ദേഷ്യപെടുമായിരുന്നു. സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുമായിരുന്നു. അവളുടെ എല്ലാ വികാരങ്ങളും എന്റെ മേൽ അടിച്ചേൽപ്പിക്കുമായിരുന്നു. എന്റെ സ്വകാര്യതകളിൽ അത്രമേൽ സ്വതന്ത്രയായിരുന്നു അവൾ.അവളില്ലാത്ത സ്വകാര്യത പോലും എനിക്ക് വെറുപ്പായിരുന്നു'.
അയാളുടെ മുഖത്ത് നിരാശയുടെ ഇരുട്ട് തങ്ങി നിന്നു.
'എനിക്കിവിടെ നിന്ന് ഒന്നെണീറ്റോടുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു പലപ്പോഴും. അവളുടെ കാൽപാടുകൾ പതിഞ്ഞ വഴികളിലൂടെ എനിക്കൊന്ന് നടക്കണം. അവളുടെ കൈവിരലുകൾ സ്പർശിച്ചിരുന്ന ഇലകളും പൂക്കളും എനിക്കൊന്ന് തലോടണം. അവളുടെ കണ്ണുകൾ കണ്ടു തീർത്ത പ്രകൃതിയിലൂടെ എനിക്കെന്റെ കാഴ്ച്ചകളെത്തിക്കണം. അവളുടെ സ്വരം അലതീർത്തിരുന്ന വായുവിൽ, എനിക്കെന്റെ കാതുകൾ കൂർപ്പിച്ച് നിൽക്കണം. ഇനിയുമൊരിക്കൽ കൂടി, അവളുടെ ചിന്തകളോടൊപ്പം എനിക്കെന്റെ മനസ്സിനെ ഓടിയെത്തിക്കണം. അവളുടെ സ്വപ്നങ്ങളുടെ ഫ്രെയിമിലെവിടെയെങ്കിലും എനിക്കെന്റെ ഇടം തീർക്കണം. അവളുടെ സുഖദു:ഖങ്ങളിൽ പങ്കു പറ്റണം. അവളുടെ ശ്വാസം നിറഞ്ഞ ചുവരുകൾക്കുള്ളിൽ എല്ലാം മറന്നൊന്ന് മയങ്ങണം.'
നിറഞ്ഞൊഴുകിയ അയാളുടെ കണ്ണുനീർ തുടച്ച് കളഞ്ഞത്ഞാനാണ്. അൽപ്പനേരം നിറുത്തിയെങ്കിലും അയാൾ തുടർന്നു.
'നിങ്ങൾക്കറിയാമോ? പ്രണയത്തിന്റെ ഒരു മനോഹര ഘട്ടത്തിൽ, പെണ്ണിന്റെ ശ്വാസത്തിന്ഒരു അപൂർവ സുഗന്ധമുണ്ടാകും. നമ്മളെ നാമല്ലാതാക്കി തീർക്കുന്ന ഒരു തീക്ഷ്ണമായ ലഹരിയുണ്ടതിന്. ഒരു പുസ്തകം വായിച്ചുറങ്ങിപ്പോയ അവളുടെ മുഖത്തിനരികിലേക്ക്, അവൾ പുറന്തള്ളിയ ശ്വാസത്തിനരികിലേക്കാണ്ഞാനന്ന് എന്റെ മുഖമമർത്തിയത്. ഒരലർച്ച കേട്ട് തിരിഞ്ഞ് നോക്കിയതേ എനിക്കോർമ്മയുള്ളു.'
ആ നിമിഷമാണ്, അയാളുടെ ജീവിതത്തെ ഒരു കട്ടിലിലേക്ക് ചുരുക്കിക്കളഞ്ഞ സംഭവമുണ്ടായത്. അനാമികയെ ഭ്രാന്തിയാക്കിയ, ഗോപിയേട്ടനെ ജയിലിലാക്കിയ,നിർഭാഗ്യ നിമിഷം!
അയാൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ, ശബ്ദങ്ങളൊന്നുമുയരാതിരുന്ന ആ അൽപ്പനേരത്ത് ഞാൻ റിതുവിനടുത്തേക്ക് ചേർന്നു നിന്നു. എനിക്കറിയാം,എന്നെ മത്തു പിടിപ്പിക്കാൻ പോന്ന ഒരപൂർവ സുഗന്ധമുണ്ട് അവളുടെ ചുടു ശ്വാസത്തിനും.
തലയിണക്കടിയിൽ സൂക്ഷിച്ചിരുന്ന ഒരു പുസ്തകമെടുത്ത് ഞങ്ങൾക്ക് നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
'നിങ്ങളിത് അനാമികക്ക് കൊടുക്കണം. അവളന്ന് വായിച്ചുറങ്ങിപ്പോയ പുസ്തകമാണിത്.'
വളരെ പെട്ടന്ന് റിതു, ആ പുസ്തകം വാങ്ങി കയ്യിൽ പിടിച്ചു. തിരിച്ചുള്ള യാത്രയ്ക്കിടെ, അവൾ പറഞ്ഞു.
'ഈ പുസ്തകമാണ്, അനാമിക, ഇവിടെ നിന്ന് കൊണ്ട് വരാൻ എന്നോടാവശ്യപ്പെട്ടത്. പുറംചട്ടയിൽ സതീഷിന്റെ രക്തം തെറിച്ചു വീണ ഈ പുസ്തകം. അവൾ ഇതിന് വേണ്ടി കാത്തിരിക്കും.'