ബഷീര്‍: വെളിച്ചത്തിന്റെ കവചം
'ബാല്യകാലസഖി' ബഷീര്‍ ആദ്യമെഴുതിയത് ഇംഗ്ലീഷിലായിരുന്നു. ഒരുപക്ഷേ, ഇംഗ്ലീഷിലായിരുന്നു തുടര്‍ന്നും ബഷീര്‍ എഴുതിയിരുന്നതെങ്കില്‍ ലോകോത്തര എഴുത്തുകാരില്‍ പ്രമുഖനായി അദ്ദേഹം ഗണിക്കപ്പെടുമായിരുന്നു എന്നത് നിസ്സംശയമാണ്.
കുഴിക്കുംതോറും പുതു ഖനിജങ്ങള്‍ കാട്ടിത്തരുന്ന മഹാപ്രതിഭാസമാണ് ബഷീര്‍സാഹിത്യം. അതിനാല്‍, ബഷീര്‍ കൃതികളിലൂടെ കടന്നുപോകുമ്പോള്‍ അനുഭവത്തിന്റേയും അനുഭൂതികളുടേയും പുതു വന്‍കരകളില്‍ നാം എത്തിച്ചേരുന്നു. ഭാവനയ്ക്കപ്പുറമുള്ള യാഥാര്‍ഥ്യത്തിന്റെ ഏകാന്തമായ ചെറുദ്വീപുകളാണവ. മലയാളിയുടെ അനുഭവസീമയ്ക്കപ്പുറമുള്ള, ശീലമായ ധാരണകളെ തിരുത്തുന്ന പൊള്ളുന്ന സത്യങ്ങളാണവ.
ഗതാനുഗതികത്വമോ ആത്മാനുകരണമെന്ന അഭിശപ്തതയോ ഏശാത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അതിനാല്‍ ബഷീറിന്റെ ഓരോ രചനകളും പുതുശില്‍പ്പങ്ങളാണ്; നവോ ന്മേഷശാലിനിയാണ്. രൂപപരമായും പ്രമേയപരമായും മൗലികമാണ്. അനുഭവപരമായ സത്യസന്ധതയാണ് ബഷീര്‍ സാഹിത്യത്തിന്റെ മുഖമുദ്ര.
ബഷീര്‍ കൃതികളുടെ സത്താപരമായ ഉള്ളടക്കം ആത്യന്തികമായി കരുണയാണ്. അതിനാല്‍, അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നിന്ന് പരന്നൊഴുകുന്ന ഉയര്‍ന്ന സാന്ദ്രതയിലുള്ള നന്മയുടെ പൂനിലാവ് അനുവാചകനെ വിമലീകരിക്കുന്നു; ചിലപ്പോള്‍ ചിരിപ്പിച്ചും അല്ലെങ്കില്‍ കരയിപ്പിച്ചും മനസ്സിനെ അവ ശുദ്ധീകരിക്കുന്നു; മാന വികതയുടെ ഉന്നതപീഠത്തിലേക്ക് നമ്മെ ആനയിക്കുന്നു .
അത്യുന്നതമായ ജീവിതവീക്ഷണവും പ്രപഞ്ചദര്‍ശനവുമുള്ള എഴുത്തുകാരനായിരുന്നു ബഷീര്‍. ജീവല്‍സാഹിത്യവും കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളും കൊടികുത്തിവാണ ദശകമെന്ന് വിശേഷിപ്പിക്കാവുന്ന ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകള്‍ക്കൊടുവിലാണ് അദ്ദേഹം രചനാജീവിതമാരംഭിച്ചത്. തുടര്‍ന്ന് ആധുനികതയുടെ ദശകങ്ങളിലും ബഷീര്‍ എഴുത്തില്‍ സ വമായിരുന്നെങ്കിലും ഏതെങ്കിലും ഇസങ്ങളുടേയോ പ്രസ്ഥാനങ്ങളുടേയോ പതാകവാഹകനായിരുന്നില്ല അദ്ദേഹം. സത്താപരമായി ഇത്തരം ദര്‍ശനങ്ങളുടെ നന്മയെ ബഷീര്‍ ആന്തരവത്കരിച്ചിരുന്നെങ്കിലും പ്രസ്ഥാനങ്ങളുടെ പ്രചാരണസാഹിത്യമെഴുത്തുകാരനായിരുന്നില്ല. എന്നല്ല, സ്വയമൊരു പ്രസ്ഥാനമായി, സ്വകീയമായൊരു തത്വദര്‍ശനത്തിന്റെ വക്താവായി മാറുകയായിരുന്നു. മലയാളത്തില്‍ മറ്റൊരെഴുത്തുകാരനും അവകാശപ്പെടുവാനാകാത്ത മൗലികതയാണിത്.
അതേസമയം, നവോത്ഥാനാശയങ്ങളെ മുന്‍നിര്‍ത്തി ബഷീര്‍ ഒട്ടേറെ രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രേമലേഖനം (1943), ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! (1951) തുടങ്ങിയ ആദ്യകാല നോവലുകളുടേയും നിരവധി ചെറുകഥകളുടേയും ഇതിവൃത്തം നവോത്ഥാനാശയപരമാണ്. സാഹിത്യത്തെ ആത്മാവിഷ്‌ക്കാരമായി, പ്രതിബദ്ധതയായി, ചരിത്രമായി, തനിക്കു പറയുവാനുള്ളത് പറയുവാനുള്ള അവസരവും മാധ്യമവുമായി ബഷീര്‍ പരിഗണിച്ചു. സാമ്പ്രദായികമായ ഏതെങ്കിലുമൊരു ആശയധാരയെ സര്‍വാത്മനാ കെട്ടി പ്പുണരുന്നതിനു പകരം തന്റേതായ മൗലികചിന്തയുടെ അടിത്തറയില്‍ നിന്നുകൊണ്ട് അവയെ വീക്ഷിക്കുകയായിരുന്നു ബഷീര്‍. അത് ഏതെങ്കിലും തരത്തിലുള്ള സാമുദായികമോ വിഭാഗീയമോ ആയ പ്രത്യയശാസ്ത്ര ചട്ടക്കൂടിന് അകത്തായിരുന്നില്ല. സ്വാതന്ത്ര്യബോധത്തിലും നൈതികമൂല്യങ്ങളിലും അധിഷ്ഠിതമായ വിശാല മാനവികതയായിരുന്നു അതിന്റെ അടിത്തറ.
ബഷീര്‍ എന്ന എഴുത്തുകാരനെ നിര്‍മിച്ച സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിസരമെന്തായിരുന്നു? ബഷീറിലെ ഹ്യൂമനിസ്റ്റിനേയും സ്വാതന്ത്യദാഹിയേയും രൂപപ്പെടുത്തിയ ചരിത്രപശ്ചാത്തലമെന്തായിരുന്നു? ബഷീറിനേയും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക ജീവിതത്തേയും പഠനവിധേയമാക്കുന്ന ഏതൊരന്വേഷണത്തിലും പ്രസക്തമായ ചോദ്യങ്ങളാണിവ. സ്വാതന്ത്ര്യസമരം, നവോത്ഥാന പ്രസ്ഥാനങ്ങള്‍, ദേശീയപ്രസ്ഥാനത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ ചലനങ്ങള്‍, ലോകമഹായുദ്ധങ്ങളും ഫാസിസവും നാസിസവും സൃഷ്ടിച്ച മുറിവുകളുമടക്കം ആലോചനാശേഷിയുള്ള അക്കാലത്തെ ഏതൊരു മനുഷ്യനേയും പല വിതാനത്തില്‍ സ്വാധീനിക്കുവാന്‍ ഇടയുള്ള ആശയധാരകളും സംഭവവികാസങ്ങളും ബഷീറിനേയും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. 'ബദല്‍ ഹിറ്റ്‌ലര്‍ ' എന്ന ബഷീര്‍ സമ്പൂര്‍ണ്ണ കൃതികളില്‍ ഉള്‍പ്പെടാത്ത കഥ ഇതിനുദാഹരണമാണ്. (ബഷീര്‍ പഠനങ്ങള്‍, ഐ ബുക്‌സ് - കാണുക)
സ്വാതന്ത്ര്യസമരസേനാനി എന്ന നിലയില്‍ ബഷീര്‍ നേരിട്ട പലതരം അനുഭവങ്ങള്‍-ജയില്‍വാസമടക്കം- ബഷീറിന്റെ രചനകളെ, സ്വാതന്ത്ര്യബോധത്തെ സാഹിത്യസൃഷ്ടികളില്‍ സന്നിവേശിപ്പിക്കുവാന്‍ കാരണമായ ഘടകമാണ്. 'മതിലുകള്‍' 'ശബ്ദങ്ങള്‍' എന്നീ കൃതികള്‍ ബഷീര്‍ സാഹിത്യത്തില്‍ എന്നല്ല, മല യാള സാഹിത്യത്തില്‍ തന്നെ വേറിട്ട സൃഷ്ടികളാണ്. എഴുതപ്പെട്ട കാലത്തുതന്നെ (1947) ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട കൃതിയാണ് ശബ്ദങ്ങള്‍. ഒരു പക്ഷേ, യുദ്ധത്തിന്റെ മുറിവുകളെപ്പറ്റി, സ്വാതന്ത്യത്തിന്റെ അര്‍ഥത്തെപ്പറ്റി, മനുഷ്യബന്ധങ്ങളെക്കുറിച്ച് അന്നുവരെ മലയാളി വായനാസമൂഹത്തിനപരിചിതമായ അന്വേഷണങ്ങളും സന്ദേഹങ്ങളും ശബ്ദങ്ങള്‍ മുന്നോട്ടുവെക്കുന്നു. യുദ്ധത്തിന്റേയും അഭയാര്‍ഥി പ്രവാഹത്തിന്റേയും ഇന്നത്തെ ആഗോള പശ്ചാത്തലത്തില്‍ ചേര്‍ത്തു വായിക്കാവുന്ന മലയാളത്തിലെ ഏകകൃതിയാണ് 'ശബ്ദങ്ങള്‍.' ദാര്‍ശനികമായ ഒട്ടേറെ ചോദ്യങ്ങള്‍ ഈ കൊച്ചുകൃതി പങ്കുവെയ്ക്കുന്നു. ഒരു സന്ദര്‍ഭം ഇങ്ങനെ:
'' ഓരോരുത്തര്‍ക്കും ജീവിതത്തിന് ഓരോ തത്വശാസ്ത്രമുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു. '
'എനിക്ക് മാത്രം ജീവിതത്തിന് ഒരു തത്ത്വശാസ്ത്രമില്ല. ഇത് ആരുമായിട്ടും എനിക്ക് ബന്ധമില്ലാത്തതുകൊണ്ടാണോ?'
'നിങ്ങള്‍ക്ക് ജീവിതത്തിന് ഒരു തത്ത്വശാസ്ത്രമുണ്ട്. ഇനി ബന്ധത്തിന്റെ കാര്യമാണെങ്കില്‍-നിങ്ങള്‍ക്ക് എല്ലാവരുമായി ബന്ധമുണ്ട്.
''എന്തു ബന്ധം?'
'നിങ്ങള്‍ക്ക് പൊക്കിളുണ്ടോ?' 'പൊക്കിളോ? അതുകൊണ്ടെന്ത് ബന്ധം?'
'നിങ്ങള്‍ നിങ്ങളുടെ അജ്ഞാതമായ അമ്മയോട് ബന്ധപ്പെട്ടിരിക്കുന്നു' ''അതുകൊണ്ടെന്താ?'
''നിങ്ങളുടെ അജ്ഞാതനായ അച്ഛന്‍ അദ്ദേഹത്തിന്റെ അമ്മയോട്. ചുരുക്കത്തില്‍ ഈ ലോകത്തിലുള്ളവരെല്ലാം തമ്മില്‍ ബന്ധപ്പെട്ടവരാണ്.'' (ശബ്ദങ്ങള്‍)
ഇതുപോലെ ദാര്‍ശനീകവും മാനവികവുമായ ഒട്ടേറെ ചോദ്യങ്ങള്‍ 'ശബ്ദങ്ങള്‍' ഉന്നയിക്കുന്നുണ്ട്. രതിയുമായും കാഴ്ചയുടെ ആനന്ദമായും സൗന്ദര്യത്തിന്റെ ദൃഷ്ടാന്തമായും പല തരത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ള പൊക്കിളിനെ അമ്മയുമായുള്ള ബന്ധത്തിന്റെ മരണത്തോളം നീളുന്ന പ്രതീകമായി ബഷീര്‍ അടയാളപ്പെടുത്തുന്നു.
സമീപകാലത്തു മാത്രം നമ്മുടെ ചര്‍ച്ചാവേദികളിലും രചനകളിലും മുഖം കാണിച്ചുതുടങ്ങിയ ഭിന്നലിംഗത്തില്‍ പെട്ടവരുടെ പ്രശ്‌നങ്ങള്‍ പോലും 'ശബ്ദങ്ങളി'ല്‍ ആവിഷ്‌ക്കരിച്ചത്, ചാരുകസേരാ നിരൂപകരിലും സദാചാരത്തിന്റെ വളരെ ചെറിയ അളവുകോലുകളുമേന്തി നടക്കുന്നവരേയും ഏറെ അങ്കലാപ്പില്‍ പെടുത്തിയ വസ്തുതകളാണ്. അന്നത്തെ മലയാളി സമൂഹത്തിന് ഒട്ടും പരിചിതമല്ലാത്ത അനുഭവത്തിന്റെ പുതുഭൂഖണ്ഡം ബഷീര്‍ വരച്ചിടുകയായിരുന്നു എന്ന് ഇന്നു വായനാസമൂഹം തിരിച്ചറിയുന്നു.
വിപുലമായ സഞ്ചാരാനുഭവങ്ങളും അടിത്തട്ടിലുള്ള, മാറ്റി നിര്‍ത്തപ്പെട്ടവരുമായുള്ള ഗാഢബന്ധങ്ങളും ദാര്‍ശനികമായ ഔന്നത്യവുമുള്ള വലിയൊരെഴുത്തുകാരനു മാത്രം രചിക്കുവാന്‍ കഴിയുന്ന കൃതിയാണ് ' ശബ്ദങ്ങള്‍. അസാധാരണവും ഉജ്ജ്വലവുമായ നിരവധി ദാര്‍ശനിക ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ ബഷീറിനെ പ്രാപ്തനാക്കിയ ഘടകങ്ങള്‍ ഗവേഷണമര്‍ഹിക്കുന്നതാണ്. കാലചിന്തകള്‍, പ്രപഞ്ചദര്‍ശനം, കലാതത്വബോധം തുടങ്ങി പര്‍വതശിരസ്‌കരായ അപൂര്‍വ പ്രതിഭാശാലികള്‍ക്ക് മാത്രം സ്വകീയമായി രൂപപ്പെടുത്തുവാനാകുന്ന തത്വദര്‍ശനങ്ങള്‍ തന്റെ നിരന്തരാന്വേഷണങ്ങളിലൂടെ രൂപപ്പെടുത്തിയ മലയാളത്തിലെ ഏക എഴുത്തുകാരനാണ് ബഷീര്‍.
അനുഭവങ്ങളാണ് അടിസ്ഥാനപരമായി ബഷീറിന്റെ മൂലധനം. നീണ്ട കാലത്തെ സഞ്ചാരം ബഷീറിന്റെ മാനസിക മണ്ഡലത്തേയും ധൈഷണിക ലോകത്തേയും വിപുലപ്പെടുത്തിയ ഘടകങ്ങളാണ്. ഈ യാത്രകളില്‍ അദ്ദേഹം ചെയ്യാത്ത ജോലികള്‍ കുറവാണ്. സൂഫികളുടേയും സന്ന്യാസികളുടേയും കൂടെ, അവരിലൊരാളായി ബഷീര്‍ ജീവിച്ചത് ഈ സഞ്ചാരകാലത്താണ്.
'അനല്‍ഹഖി'ന്റേയും' അഹം ബ്രഹ്മാസ്മി'യുടേയും പൊരുള്‍ ബഷീര്‍ സ്വാംശീകരിച്ചത് ഈ കാലത്താണ്. ഹിജഡകളേയും ആണ്‍വേശ്യകളേയും കണ്ടതും ഈ യാത്രകള്‍ക്കിടയാണ്, നമ്മള്‍ അറിഞ്ഞതു മാത്രമല്ല ലോകമെന്നും നമ്മള്‍ അനുഭവിച്ചതു മാത്രമല്ല അനുഭവഖണ്ഡങ്ങളെന്നും ബഷീര്‍ മലയാളിയെ ബോധ്യ പ്പെടുത്തുകയായിരുന്നു. മറ്റൊരര്‍ഥത്തില്‍, അനുഭവങ്ങള്‍ കൊണ്ട് മലയാളിയുടെ ലാവണ്യബോധത്തേയും വരേണ്യബോധത്തേയും അട്ടിമറിക്കുകയായിരുന്നു അദ്ദേഹം.
തീക്ഷ്ണവും വിപുലവും വൈവിധ്യം നിറഞ്ഞതുമായ അനുഭവങ്ങളുടെ വിസ്തൃതവും അഗാധവുമായ തലങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരനാണ് ബഷീറെങ്കിലും തന്റെ എല്ലാ അനുഭവങ്ങളും രചനകളില്‍ ആവിഷ്‌ക്കരിക്കപ്പെട്ടു എന്ന് പറയാവതല്ല. അനുഭവ വൈവിധ്യത്തിന്റെ വിപുലസ്ഥലികളില്‍ നിന്ന് ചില ബിന്ദുക്കള്‍ മാത്രമാണ് രചനകളില്‍ ബഷീര്‍ വരച്ചിട്ടത്. അനുഭവങ്ങളെ യഥാതഥമായി ആവിഷ്‌ക്കരിക്കുകയായിരുന്നില്ല ബഷീര്‍. മറിച്ച്, അനുഭവങ്ങളെ ചെത്തിമിനുക്കിയും സത്ത പിഴിഞ്ഞെടുത്ത് അതില്‍ കലാംശവും ദാര്‍ശനീകാംശവും ചേര്‍ത്ത് മറ്റൊന്നാക്കി മാറ്റിപ്പണിയുകയായിരുന്നു. ബഷീറിന്റെ എഴുത്ത് സത്താപരമാണെന്ന് ചുരുക്കം.
വിപുലമായ ആത്മകഥ എഴുതുവാന്‍ മാത്രം അനുഭവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ബഷീര്‍ ആത്മകഥയെഴുതിയില്ല എന്ന ചോദ്യം പൊതുവെ ഉന്നയിക്കപ്പെടാറുണ്ട്. ബഷീര്‍ കൃതികള്‍ സത്താപരമാണെന്നും രചനകളിലെല്ലാം അനുഭവത്തിന്റെ വിപുലമായ ആവിഷ്‌ക്കാരമുണ്ടെന്നുമാണ് പൊതുവെ ഇതിനു നല്‍കാറുള്ള മറുപടി. അതു ശരിയാണു താനും. അതേ സമയം, എഴുത്തിനെക്കുറിച്ചുള്ള ബഷീറിയന്‍ കാഴ്ചപ്പാട് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. നന്മയുടെയും കരുണയുടേയും ആത്യന്തികമായി ഉദാത്തമായ മാനവിക മൂല്യങ്ങളുടേയും ആശയലോകം സൃഷ്ടിക്കുവാന്‍ ഉതകുന്ന കാര്യങ്ങളേ ബഷീര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളു. 'ഞാന്‍ ' എന്ന കഥാപാത്രം പലതവണ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വ്യക്തിപ്രശ്‌നത്തില്‍ നിന്ന് സമഷ്ടി പ്രശ്‌നങ്ങളിലേക്ക് നീളുന്നതാണ് ബഷീറിന്റെ ആലോചനാലോകം. കുടുംബത്തിലെ കഥ പറയുമ്പോഴും ഒരു കുടുംബത്തില്‍ ഒതുങ്ങുന്നതല്ല 'കുടുംബകഥകള്‍.
'പാത്തുമ്മയുടെ ആട് മികച്ച ഉദാഹരണമാണ്. തലയോലപ്പറമ്പിലെ ഒരു കൊച്ചുവീട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ കലാപരമായ വിവരണം എന്നതിനപ്പുറം, ചൂഷണാത്മകവും സ്‌നേഹ, വിശ്വാസങ്ങളുടെ ശബ്ദം നേര്‍ത്തുവരുന്നതുമായ ഗാര്‍ഹികാന്തരീക്ഷത്തിന്റെ സത്യസന്ധമായ ആവിഷ്‌ക്കാരം കൂടിയാണ് ആ കൃതി. അതിനാല്‍, ഒരു കാലഘട്ടത്തിലെ കുടുംബാന്തരീക്ഷത്തിന്റെ ചിത്രീകരണമാണ് 'പാത്തുമ്മയുടെ ആട്.'
'ഭൂമിയുടെ അവകാശികള്‍' എന്ന കഥയിലെന്നപോലെ പല തരം മൃഗങ്ങളും പക്ഷികളും പാത്തുമ്മയുടെ ആടി'ല്‍ അടക്കം ഒട്ടേറെ രചനകളില്‍ നിറഞ്ഞ സാന്നിധ്യമാണ്. മലയാള സാഹിത്യത്തില്‍ പാരിസ്ഥിതികാവബോധം സാഹിത്യ പ്രമേയമാകുന്നതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ ബഷീറെഴുതിയ പല കൃതികളിലും പാരിസ്ഥിതികമായ സന്ദേഹങ്ങളും ആലോചനകളും മിന്നായം പോലെ കടന്നുപോകുന്നത് കാണാം. നിശ്ചയമായും ബഷീര്‍ ആന്തരവത്കരിച്ച ദാര്‍ശനീകാവബോധത്തിന്റെ ഗരിമയാണിത് സാക്ഷ്യപ്പെടുത്തുന്നത്. പ്രപഞ്ചത്തെ മുഴുവന്‍ കെട്ടിപ്പുണരുന്ന ഏകത്വബോധമാണിത്. ബഷീര്‍ സാഹിത്യത്തിന്റെ ഏറ്റവും മൗലികമായ സവിശേഷത, ബഷീര്‍ സൃഷ്ടിച്ച ഭാഷയാണ്. ആഢ്യഭാഷയേയും അക്കാദമിക് ഭാഷയേയും നിരാകരിക്കുകയും തനിക്കു മാത്രം വഴങ്ങുന്ന, സ്വതസിദ്ധമായ ഒരു ഭാഷ സൃഷ്ടിക്കുകയുമായിരുന്നു ബഷീര്‍.
എം.എന്‍. വിജയന്‍ നിരീക്ഷിച്ചതുപോലെ, 'അക്ഷരം മുഴുവനുമറിയാത്ത ഒരു ചെറുപ്പക്കാരന്‍ അര നൂറ്റാണ്ടു മുമ്പ് നമ്മുടെ സാഹിത്യത്തിലെ വര്‍ണ്ണവ്യവസ്ഥ തിരുത്തിക്കുറിക്കുകയായിരുന്നു. ബഷീര്‍ എഴുതുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നു. തന്റെ അനുഭവം കുറിക്കാനുള്ള അടയാളങ്ങള്‍ തേടിയാണ് അദ്ദേഹം വാക്കുകളില്‍ തടഞ്ഞുവീണിരുന്നത്. നുള്ളിപ്പറിക്കുന്ന വേദനകളോട് കിന്നാരം പറയുന്ന, ഐറണിയുടെ അപൂര്‍വമായ ഭാഷ ബഷീര്‍ നമ്മെ പഠിപ്പിച്ചു. ഞാനാണ് എന്റെ ഭാഷ എന്ന് അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു... ''
വാസ്തവത്തില്‍, നിലവിലുണ്ടായിരുന്ന മലയാളഭാഷയെപ്പറ്റി കൃത്യമായ ധാരണകള്‍ ബഷീറിനുണ്ടായിരുന്നു. അറിഞ്ഞുകൊണ്ടുള്ള മുറിച്ചുകടക്കല്‍, ഭാഷയെ കശക്കിയെറിയല്‍, പുതുക്കിപ്പണിയല്‍ തന്നെയാണ് അദ്ദേഹം നിര്‍വഹിച്ചത്. ഇന്ന് ദലിത്/ഫെമിനിസ്റ്റ് എഴുത്തുകാര്‍ തിരിച്ചറിഞ്ഞ ഭാഷയുടെ പരിമിതികള്‍ അരനൂറ്റാണ്ടുമുമ്പേ ബഷീര്‍ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. വിവര്‍ത്തനത്തിനു വഴങ്ങാത്ത നിരവധി പദങ്ങളും പ്രയോഗങ്ങളും അദ്ദേഹം മലയാളഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. അപൂര്‍വ പ്രതിഭകള്‍ക്കു മാത്രം കഴിയുന്ന സിദ്ധിയാണ് പുതുഭാഷ സൃഷ്ടിക്കുക എന്നത്. വി.കെ.എന്‍, ഒ.വി വിജയന്‍ തുടങ്ങി ഏതാനും പ്രതിഭാശാലികള്‍ക്കു മാത്രമേ മലയാളത്തില്‍, ഇരുപതാം നൂറ്റാണ്ടില്‍ ഇത്തരത്തില്‍ സ്വന്തമായൊരു ഭാഷ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുള്ളു.
ആറുവയസ്സുകാരനും അറുപതുവയസ്സുകാരനും ഒരുപോലെ സംവേദനം സാധ്യമാകുന്നതാണ് ബഷീര്‍ ഭാഷ. ദുരൂഹതയോ ദുര്‍ഗ്രാഹ്യതയോ ഇല്ലാത്ത, ചൊവ്വായ ഭാഷയാണ് ബഷീറിന്റേത്. വായനക്കാരനെ ബഷീറിലേക്ക് ചേര്‍ത്തടുപ്പിക്കുന്നതില്‍ ഭാഷ വഹിച്ച പങ്ക് ചെറുതല്ല. ഭാഷയില്‍ വേണ്ടത്ര വ്യൂല്‍പ്പത്തിയില്ലാ ത്തയാളാണ് ബഷീറെന്ന 'പൊതുബോധം' എങ്ങനെയോ പ്രചാരം നേടിയിട്ടുണ്ട്. ബഷീര്‍ എഴുതിയ ഏതെങ്കിലും സൃഷ്ടിയില്‍ ഇന്നേ വരെ വ്യാകരണപ്പിശക് കണ്ടെത്തിയിട്ടില്ലെന്നിരിക്കെ ആ 'പൊതു ബോധം' അബദ്ധധാരണയാണെന്നു വ്യക്തം. 'ലൊഡ്ക്കൂസ് ആഖ്യ' എന്നും പളുങ്കുസന്‍ വ്യാകരണമെന്നും ബഷീര്‍ പ്രയോഗിച്ചിട്ടുണ്ട്. ജീവിതവുമായി ബന്ധമില്ലാത്ത, വ്യാകരണ, അലങ്കാര ശാസ്ത്രാദികളില്‍ ദുശ്ശാഠ്യപ്പെടുന്ന വൈയാകരണന്മാരോടുള്ള ധൈഷണികമായ എതിര്‍പ്പാണ് ഇതിലൂടെ ബഷീര്‍ വെളിപ്പെടുത്തിയത്.
''എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരിയാണ് എഴുതിയിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാനമില്ലെങ്കിലെന്ത്? 'എന്ന ബഷീര്‍ വചനത്തില്‍ നിന്നും വ്യക്തമാവുന്നത്, സാഹിത്യം ഹൃദയത്തില്‍ നിന്നും വരേണ്ടതാണെന്നും കൃത്രിമമായ ബാഹ്യമോടികള്‍ക്കൊന്നും അതില്‍ സ്ഥാനമില്ലെ ന്നുമാണ്.
ഭാഷയെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടായിരുന്ന എഴുത്തുകാരനാണ് ബഷീര്‍ എന്നതിന് തെളിവുകള്‍ നിരവധിയാണ്. പലതവണ മാറ്റി എഴുതിയും വെട്ടിത്തിരുത്തിയുമാണ് എല്ലാ കൃതികളും ബഷീര്‍ പ്രസിദ്ധീകരിച്ചിരുന്നത്. 'ബാല്യകാലസഖി ' ആദ്യമെഴുതിയത് അഞ്ഞൂറുപുറങ്ങളിലായിരുന്നുവത്രെ. മികച്ചൊരു ശില്‍പ്പിയെ പോലെ, ഭാഷയെ ചെത്തിമിനുക്കി, കൂര്‍പ്പിച്ച് പലതവണ മാറ്റിയെഴുതി എണ്‍പത് പുറങ്ങളിലേക്ക് ചുരുക്കുകയായിരുന്നു പിന്നീട്. ഒരു വാക്കും ഒഴിവാക്കാനാകാത്ത വിധം ശില്‍പ്പമനോഹരമാക്കുകയായിരുന്നു. ഭാഷയുടെ സൗന്ദര്യത്തേയും കരുത്തിനേയും തിരിച്ചറിഞ്ഞ ഒരാള്‍ക്കു മാത്രമേ ഇത്രമേല്‍ വെട്ടിച്ചുരുക്കി മനോഹരമാക്കാനാവൂ.
' ബാല്യകാലസഖി' ബഷീര്‍ ആദ്യമെഴുതിയത് ഇംഗ്ലീഷിലായിരുന്നു. ഒരുപക്ഷേ, ഇംഗ്ലീഷിലായിരുന്നു തുടര്‍ന്നും ബഷീര്‍ എഴുതിയിരുന്നതെങ്കില്‍ ലോകോത്തര എഴുത്തുകാരില്‍ പ്രമുഖനായി അദ്ദേഹം ഗണിക്കപ്പെടുമായിരുന്നു എന്നത് നിസ്സംശയമാണ്.
വിവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും ഒറിജിനലിന്റെ കരുത്തും സൗന്ദര്യവുമുണ്ടാവുക സാധ്യമല്ലല്ലോ. എന്നു മാത്രമല്ല, ബഷീര്‍ കൃതികള്‍ തര്‍ജ്ജമ ചെയ്യുക എന്നത് ഏറെ ദുഷ്‌കരമാണെന്ന് ബഷീര്‍ കൃതികളുടെ വിവര്‍ത്തകനായ ആഷര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യവുമാണ്. എന്നിട്ടും കേരളത്തിനു വെളിയില്‍ (എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ബഷീര്‍ കൃതികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്) ബഷീര്‍ ആവേശപൂര്‍വം സ്വീകരിക്കപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ബഷീര്‍ കൃതികളുടെ യൂണിവേഴ്‌സല്‍ സ്വഭാവമായിരിക്കണം ഇതിനു കാരണം.
ബഷീര്‍ കൃതികളുടെ എടുത്തുപറയേണ്ട ഒരു സവിശേഷത, അവയുടെ ബഹുസ്വരമായ വായനാസാധ്യതയാണ്. അരനൂറ്റാണ്ട് മുമ്പ് എഴുതപ്പെട്ട കൃതികള്‍ പോലും സമകാലികമായി അനുഭവപ്പെടുന്നത് ഈ ഭിന്നവായനാ സാധ്യതകള്‍ മൂലമാണ്. കാല ദേശങ്ങള്‍ക്കതീതമായ വ്യാഖ്യാനസാധ്യതകള്‍ നിമിത്തമാണ്. ഒരു ഉദാഹരണം പറയാം: 'മതിലു'കളെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍മിച്ച സിനിമ, ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ സിനിമ മഹത്തരമാണെന്ന് അവിടുത്തെ പത്രങ്ങള്‍ എഴുതുകയുണ്ടായി. ബെര്‍ലിന്‍ മതില്‍ നിര്‍മാണാനന്തരം അപ്പുറവും ഇപ്പുറവും പെട്ടുപോയവരുടെ അനുഭവമായിട്ടാണ് 'മതിലു'കളെ അവിടുത്തെ പ്രേക്ഷകര്‍ കണ്ടത്. പ്രണയത്തിനും ആത്യന്തികമായി സ്വാതന്ത്ര്യത്തിനും മുമ്പില്‍ പലതരം അധികാരവ്യവസ്ഥകള്‍ കെട്ടിയുയര്‍ത്തുന്ന മതിലുകളാണ് ആ കൃതി പ്രതീകവത്കരിക്കുന്നത്. ഇത് യൂണിവേഴ്‌സല്‍ ആയ പ്രശ്‌നമാണ്. എക്കാലത്തെയും മനുഷ്യര്‍ നേരിടുന്ന അടിസ്ഥാന സമസ്യയാണ്. അതിനാല്‍ ഈ കൃതി എക്കാലത്തും പ്രസക്തമാണ്. കാല, ദേശങ്ങള്‍ക്കതീതമായി വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ഭിന്നപാഠങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അനശ്വര ഗ്രന്ഥങ്ങളെയാണ് നാം ക്ലാസിക്കുകള്‍ എന്നു പറയുന്നത്. 'മതിലുകള്‍' ഈയൊരര്‍ഥത്തില്‍ ക്ലാസ്സിക്കാണ്.'' ശബ്ദങ്ങള്‍ക്കും' ബാല്യകാലസഖി'ക്കും 'പാത്തുമ്മയുടെ ആടി'നും മറ്റും ഈ ക്ലാസിക്കല്‍ സ്വഭാവമുണ്ട്. അതുകൊണ്ടായിരിക്കാം മലയാളത്തിലെ 'ബെസ്റ്റ് സെല്ലര്‍ ' എഴുത്തുകാരനായി ഇന്നും ബഷീര്‍ തുടരുന്നത്.
ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്ന ജനകീയനായ എഴുത്തുകാരനാണ് ബഷീര്‍. എം.എന്‍ വിജയന്‍ നിരീക്ഷിച്ചതുപോലെ, ബഷീറിനെ പരാജയപ്പെടുത്തുവാന്‍ ബഷീറിന് മാത്രമേ കഴിയൂ. നമ്മുടെ വിധികര്‍ത്താക്കള്‍ക്ക് കഴിയില്ല.