Quantcast

അത്‌ലറ്റിക്‌സിനെ പിടിച്ചുകുലുക്കി ഇന്ത്യയുടെ വടക്കു കിഴക്കേ മൂലയില്‍ നിന്നൊരു 18കാരി

അസമിലെ നാഗോണ്‍ ജില്ലയിലെ നെല്‍കര്‍ഷകരായ ദമ്പതികളുടെ നാല് മക്കളില്‍ മൂത്തവളായ ഹിമ ദാസിന്റെ ലോക ജൂനിയര്‍ അത്‌ലറ്റിക്‌സിന്റെ നെറുകയിലേക്കുള്ള കുതിപ്പ് ആവേശമുണര്‍ത്തുന്നതാണ്...

MediaOne Logo

Web Desk

  • Published:

    14 July 2018 10:52 AM GMT

അത്‌ലറ്റിക്‌സിനെ പിടിച്ചുകുലുക്കി ഇന്ത്യയുടെ വടക്കു കിഴക്കേ മൂലയില്‍ നിന്നൊരു 18കാരി
X

ഹിമ ദാസ്

'നിങ്ങളൊക്കെ ഉറങ്ങുമ്പോള്‍ ഞാന്‍ ലോകം പിടിച്ചു കുലുക്കി' എന്നായിരുന്നു ഹിമദാസ് സ്വന്തം പിതാവിനെ ഫോണില്‍ വിളിച്ച് പറഞ്ഞത്. ലോക അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായതിന് പിന്നാലെയായിരുന്നു ഫിന്‍ലാന്‍ഡില്‍ നിന്നും ഹിമ ദാസ് പിതാവ് രോഞ്ജിത്ത് ദാസിനെ വിളിച്ചത്. ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ പിടിച്ചുകുലുക്കുന്ന പ്രകടനമായിരുന്നു 18കാരിയായ ഹിമ ദാസിന്റേത്.

അസമിലെ നാഗോണ്‍ ജില്ലയില് നിന്നുള്ള ഹിമയുടെ പിതാവ് രോഞ്ജിത് ദാസിന് ആകെ 40 സെന്റ് ഭൂമിയാണുള്ളത്. ഇവിടെ കൃഷി ചെയ്താണ് റോഞ്ജിത്തും മാതാവ് ജുനാലിയും ഹിമയടക്കമുള്ള നാല് മക്കളെ പഠിപ്പിച്ചത്. മക്കളില്‍ മൂത്തവളായ ഹിമ ദാസ് പരിമിതികളെ ഊര്‍ജ്ജമാക്കിയാണ് ലോക ജൂനിയര്‍ അത്‌ലറ്റിക്‌സിലെ സ്വര്‍ണ്ണനേട്ടത്തിലേക്ക് ആവേശക്കുതിപ്പ് നടത്തിയിരിക്കുന്നത്. സ്വന്തം ഗ്രാമത്തില്‍ ഫുട്‌ബോള്‍ കളിച്ചായിരുന്നു ഹിമദാസിന്റെ തുടക്കം. ഇന്ത്യക്കുവേണ്ടി ഫുട്‌ബോള്‍ കളിക്കുകയായിരുന്നു അന്നത്തെ അവളുടെ സ്വപ്നം. ഫുട്‌ബോള്‍ മൈതാനത്ത് മിന്നലുപോലെ പായുന്ന ആ പെണ്‍കുട്ടിയെ കണ്ട് നാട്ടുകാരനായ കായികപരിശീലകനാണ് കൂടുതലിണങ്ങുക അത്‌ലറ്റിക്‌സാണെന്ന് നിര്‍ദ്ദേശിക്കുന്നത്. അതോടെ ഫുട്‌ബോള്‍ ട്രാക്കിന് വഴിമാറി.

ഹിമ ദാസ് കുതിക്കുകയാണ്. അവര്‍ക്ക് ഫിനിഷിംങ് ലൈന്‍ കാണാം. അതിനപ്പുറമുള്ള പുതിയ ചരിത്രത്തേയും. ഇന്ത്യക്കാര്‍ ഇതുവരെ ലോക അത്‌ലറ്റിക് വേദിയില്‍ സ്വര്‍ണ്ണം നേടിയിട്ടില്ല. പക്ഷേ, അത് ഇവിടെ സംഭവിച്ചിരിക്കുന്നു.

ജില്ലാ തലത്തില്‍ നടന്ന ഒരു അത്‌ലറ്റിക് മത്സരങ്ങളിലെ ഹിമ ദാസിന്റെ പ്രകടനം കണ്ടാണ് കായിക പരിശീലകനായ നിപോണ്‍ ദാസ് ഒരു വാഗ്ദാനവുമായി എത്തുന്നത്. ഗുവാഹട്ടിയിലേക്ക് താമസം മാറിയാല്‍ ഹിമ ദാസിന് അത്‌ലറ്റിക്‌സില്‍ മികച്ച പരിശീലനം നല്‍കാന്‍ തയ്യാറാണെന്നതായിരുന്നു ആ വാഗ്ദാനം. 140 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തിയിലേക്ക് ഹിമ ദാസ് പോകുന്നതിനോട് തുടക്കത്തില്‍ കുടുംബത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. ഹിമ ദാസിന്റെ കഴിവിലുള്ള നിപോണ്‍ ദാസിന്റെ വിശ്വാസത്തില്‍ അവര്‍ വൈകാതെ സമ്മതം മൂളുകയായിരുന്നു. അസമിലെ സ്റ്റേറ്റ് കായിക അക്കാദമിയില്‍ അതുവരെ ബോക്‌സിംങും ഫുട്‌ബോളും മാത്രമാണ് ഉണ്ടായിരുന്നത്. ഹിമദാസിന്റെ വരവോടെ അവര്‍ക്ക് അവിടെ അത്‌ലറ്റിക്‌സിനെ കൂടി പരിഗണിക്കേണ്ടി വന്നതും ചരിത്രം.

ये भी पà¥�ें- ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ നേട്ടത്തോടെ ഹിമ

ഫിന്‍ലാന്‍ഡിലെ ടാംപെയറില്‍ നടന്ന ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററിലായിരുന്നു ഹിമ ദാസിന്റെ സുവര്‍ണ്ണ പ്രകടനം. ലോക അത്‌ലറ്റിക് വേദിയില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമാണ് ഹിമദാസ് നേടിയത്. 51.46 സെക്കന്റില്‍ ഫിനിഷിംങ് ലൈന്‍ കടന്നായിരുന്നു ഈ നേട്ടം. അവസാന 80 മീറ്ററുകളിലെ കുതിപ്പില്‍ മൂന്ന് എതിരാളികളെ പിന്നിലാക്കിയായിരുന്നു ഹിമ ദാസ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഹിമ ദാസിന്റെ പ്രകടനം എത്രത്തോളം വ്യത്യസ്ഥമാണെന്നതിന്റെ തെളിവ് മത്സരത്തിന്റെ കമന്ററി തന്നെയാണ്. നാലാം ട്രാക്കിലോടുന്ന ഹിമ ദാസില്‍ ഒരു കണ്ണുവേണം എന്ന മുന്നറിയിപ്പ് ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കമന്റേറ്റര്‍ നല്‍കുന്നുണ്ട്. പരമ്പരാഗത രീതിയില്‍ പതിഞ്ഞ താളത്തിലായിരുന്നു ആദ്യ പകുതിയില്‍ ഹിമ ദാസ് ഓടിയത്. പിന്നീട് ഘട്ടം ഘട്ടമായി വേഗത കൂട്ടി. ആസ്‌ത്രേലിയയുടേയും റൊമാനിയയുടേയും അമേരിക്കയുടേയും താരങ്ങളായിരുന്നു അപ്പോള്‍ മുന്നില്‍. അവസാനത്തെ വളവോടെയാണ് ഹിമ ദാസ് ചാമ്പ്യന്റെ പ്രകടനം പുറത്തെടുക്കുന്നത്.

'ജീവിതത്തിലെ ഏറ്റവും പ്രധാന ഓട്ടത്തിലാണോ അമേരിക്കന്‍ ചാമ്പ്യന്‍ ടെയ്‌ലര്‍ മാന്‍ഷന്‍? പക്ഷേ.. ഇതാ വരുന്നു, ഹിമ ദാസ്. ഇന്ത്യക്കാരി കുതിക്കുകയാണ്. അവര്‍ക്ക് ഫിനിഷിംങ് ലൈന്‍ കാണാം. അതിനപ്പുറമുള്ള പുതിയ ചരിത്രത്തേയും. ഇന്ത്യക്കാര്‍ ഇതുവരെ ലോക അത്‌ലറ്റിക് വേദിയില്‍ സ്വര്‍ണ്ണം നേടിയിട്ടില്ല. പക്ഷേ, അത് ഇവിടെ സംഭവിച്ചിരിക്കുന്നു. ടാമറെയ്‌നില്‍ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു' എന്നായിരുന്നു കമന്റേറ്റര്‍ ഹിമ ദാസിന്റെ ഓട്ടത്തെ വിശേഷിപ്പിച്ചത്.

നേരത്തെ ആസ്‌ത്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ ഹിമ മത്സരിച്ചിരുന്നു. അന്ന് 51.32 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഹിമക്ക് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷേ സമപ്രായക്കാര്‍ക്കൊപ്പം മത്സരിച്ചാല്‍ ലോകത്തെ തന്നെ മികച്ച താരമാണെന്ന് ഹിമ അണ്ടര്‍ 20 ലോക വേദിയില്‍ തെളിയിക്കുകയും ചെയ്തു. പക്ഷേ, ഇതൊന്നുമല്ല ഹിമ ദാസിന്റെ ഏറ്റവും മികച്ച സമയം. അത് ഗുവാഹത്തിയില്‍ നടന്ന അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച 51.13 സെക്കന്റാണ്. ഇന്ത്യക്കാരിയുടെ ഈയിനത്തിലെ നിലവിലെ റെക്കോഡ് മഞ്ജിത് കൗര്‍ 2004ല്‍ സ്ഥാപിച്ച 51.05 സെക്കന്റാണ്. ഈ റെക്കോഡും കടന്ന് ലോക വേദികളില്‍ ഉദിച്ചുയരുന്ന താരമായി മാറുന്നതാണ് ഹിമദാസിന്റേയും അസമിലെ അവളുടെ ഗ്രാമത്തിന്റേയും സ്വപ്നം, ഇപ്പോള്‍ ഇന്ത്യയുടേയും.

TAGS :

Next Story