ഏഷ്യാഡിന് മുമ്പ് സുവര്‍ണ്ണ കുതിപ്പുമായി നീരജ് ചോപ്ര
ഏഷ്യന്‍ ഗെയിംസിലെ പ്രധാന എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ചൈനീസ് തായ്‌പേയിയുടെ ചോ സുന്‍ സെങിനെ മറികടന്നാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയതെന്നത് ഇരട്ടി മധുരമാകുന്നു.
ഫിന്‍ലാന്‍ഡില്‍ നടന്ന സാവോ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. ഏഷ്യന്‍ ഗെയിംസിലെ പ്രധാന എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ചൈനീസ് തായ്‌പേയിയുടെ ചോ സുന്‍ സെങിനെ മറികടന്നാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയതെന്നതും ശ്രദ്ധേയമാണ്.
വെള്ളി നേടിയ ചെങ് 82.52 മീറ്റര്‍ എറിഞ്ഞപ്പോള്‍ 20കാരനായ നീരജ് ചോപ്ര 85.69 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു. 90 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചിട്ടുള്ള ഏക ഏഷ്യക്കാരനാണ് 23കാരനായ ചെങ്. തായ്‌പേയിയില്‍ നടന്ന ലോക സര്‍വ്വകലാശാല ഗെയിംസില്‍ 91.36 മീറ്റര്‍ദൂരമായിരുന്നു ചെങ് കുറിച്ചത്. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ ചൈനീസ് താരം സാവേ ക്വിന്‍ഗാങ് നേടിയ 89.15 മീറ്ററിന്റെ റെക്കോഡും ആ പ്രകടനത്തോടെ ചെങ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഈ സീസണില്‍ ഇതുവരെ ചെങിന്റെ ഏറ്റവും മികച്ച പ്രകടനം 84.60 മീറ്ററാണെന്നത് നീരജ് ചോപ്രയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. മെയ് മാസത്തില്‍ ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ നീരജ് ചോപ്ര 87.43 മീറ്റര്‍ പിന്നിട്ടിരുന്നു. ഈ പ്രകടനത്തോടെ ദേശീയ റെക്കോഡും ഇന്ത്യന്‍ യുവതാരം സ്വന്തമാക്കി. ചെങിനും ഖത്തറിന്റെ അഹ്മദ് ബാദര്‍ മഗോറിനും(83.71) മുന്നിലാണ് സീസണില്‍ നീരജ് ചോപ്രയുടെ പ്രകടനം.
Adjust Story Font
16