ദോഹ അത്‍ലറ്റിക് മീറ്റ്; വ്യാജ പ്രചരണങ്ങള്‍ വേണ്ടന്ന് അത്‍ലറ്റിക് ഫെഡറേഷന്‍
ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങള്‍ ലോക അത്‍ലറ്റിക് മീറ്റില്‍ പങ്കെടുത്തേക്കില്ലെന്ന വാര‍്‍ത്തകളാണ് രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷന്‍ തള്ളിക്കളഞ്ഞത്
ദോഹയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ചില രാജ്യങ്ങള്‍ പങ്കെടുത്തേക്കില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലോക അത്‍ലറ്റിക് ഫെഡറേഷന്‍. ചാംപ്യന്‍ഷിപ്പില്‍ മുഴുവന്‍ രാജ്യങ്ങളുടെയും പങ്കാളിത്തമുണ്ടാകും. റഷ്യയുടെ പങ്കാളിത്തത്തില്‍ മാത്രമാണ് സംശയമുള്ളതെന്നും ഫെഡറഡേഷന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങള്‍ ലോക അത്‍ലറ്റിക് മീറ്റില്‍ പങ്കെടുത്തേക്കില്ലെന്ന വാര‍്‍ത്തകളാണ് രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷന്‍ തള്ളിക്കളഞ്ഞത്. റഷ്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം ചാംപ്യന്‍ഷിപ്പില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോ ജക്കാര്‍ത്തയില്‍ പറഞ്ഞു.
രാഷ്ട്രീയപ്രശ്നങ്ങളൊക്കെ താല്‍ക്കാലികമായ കാര്യമാണ്. പ്രഗത്ഭ താരങ്ങളും പ്രധാന രാജ്യങ്ങളും ഖത്തറിലുണ്ടാകും. ഉത്തേജക മരുന്നടിയുടെ കാരണത്താല്‍ ഫെഡറേഷന്‍റെ വിലക്ക് നേരിടുന്നതാണ് റഷ്യയുടെ പ്രശ്നം. ഈ വര‍്ഷം ഡിസംബര്‍ വരെയാണ് റഷ്യയ്ക്ക് വിലക്കുള്ളത്. രാജ്യാന്തര ആന്‍റി ഡോപ്പിങ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ റഷ്യയുടെ വിലക്ക് നീക്കണമോയെന്ന കാര്യം ആലോചിക്കും. ഈ റിപ്പോര്‍ട്ട് നവംബറില്‍ ലഭ്യമാകുമെന്നും കോ പറഞ്ഞു
ദോഹയില്‍ അടുത്ത വര്‍ഷം സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് ലോക അത്‍ലറ്റിക് മീറ്റ് നടക്കുക. ഗള്‍ഫിലെ ചൂടുള്ള കാലാവസ്ഥ പരിഗണിച്ച് നിരവധി മാറ്റങ്ങളോടെയാകും ദോഹയില്‍ മീറ്റ് നടക്കുക. നിലവില്‍ തുടര്‍ന്ന് വരുന്ന സമയക്രമങ്ങളില്‍ നിന്നും മാറി രണ്ട് സെഷനിലായിട്ടാകും മീറ്റ് നടക്കുക.
Adjust Story Font
16