ട്രാക്കില്‍ തളര്‍ന്നുവീഴാറായ താരത്തെ തോളിലേറ്റി ഓടി ട്രാക്കിലെ ഹീറോ
പട്ടിണിയോട് പടവെട്ടുമ്പോഴും മാനവികതയുടെ വിളംബരങ്ങളാകുന്ന ആഫ്രിക്കന്‍ കായികാവേശത്തിന് ചരിത്രത്തില്‍ മറ്റൊരേട് കൂടി.
അയ്യായിരം മീറ്റര്‍ മത്സരത്തിനിടെ ട്രാക്കില്‍ തളര്‍ന്നുവീഴാറായ താരത്തെ ചുമലില്‍ താങ്ങി ഓട്ടം പൂര‍്ത്തിയാക്കാന്‍ സഹായിച്ച എതിരാളിയായിരുന്നു ദോഹ അത്‍ലറ്റിക് മീറ്റിലെ ആദ്യ ദിനത്തിലെ യഥാര്‍ത്ഥ ഹീറോ. ആ മഹാത്യാഗത്തിന് പക്ഷെ ഫലം കാണാതെ പോയതും കായികപ്രേമികള്‍ കാണേണ്ടിവന്നു. അത്‍ലറ്റിക്സ് ട്രാക്കിന്‍റെ കുമ്മായവരകള്‍ക്ക് മനുഷ്യത്ത്വത്തിന്‍റെ നിറവുമുണ്ടെന്ന് ദോഹയിലെ കായിക പ്രേമികള്‍ തിരിച്ചറിഞ്ഞനിമിഷം. പുരുഷവിഭാഗം അയ്യായിരം മീറ്ററില്‍ ഒന്ന് മുതല്‍ അഞ്ച് സ്ഥാനങ്ങളില്‍ വരെയുള്ളവര്‍ ഓടിയെത്തിയപ്പോഴും വിരലിലെണ്ണാവുന്ന ചിലര്‍ ലാപ് പൂര്‍ത്തിയാക്കിയിരുന്നില്ല.
അതില്‍ അവസാനത്തെ രണ്ടുപേര്‍ അറൂബയെന്ന ദ്വീപ് രാജ്യത്ത് നിന്നുമെത്തിയ ജോനാഥന്‍ ബസ്ബിയും മറ്റൊരാള്‍ ഗിനിയ ബിസാവുവില്‍ നിന്നുള്ള ബ്രൈമ സന്‍കാര്‍ ദാബോയും. മത്സരം പൂര്‍ത്തിയാക്കാന്‍ മീറ്ററുകള്‍ മാത്രം അകലെ ജോനാഥന്‍ ബസ്ബി ട്രാക്കില്‍ തളര്‍ന്നുവീഴുമെന്നായി.
പിറകില്‍ നിന്നും ഇത് കണ്ട ബ്രൈമ പെട്ടെന്ന് തന്നെ ബസ്ബിയെ ചുമലില്‍ താങ്ങി. രണ്ടുപേരും വേച്ച് വേച്ച് ഫിനിഷിങ് പോയിന്‍റിലേക്ക്. ഖലീഫ സ്റ്റേഡിയത്തില്‍ തടിച്ചൂകൂടിയ കായിക പ്രേമികള്‍ എണീറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കി. രണ്ടുപേരും ഫിനിഷിങ് പോയിന്‍റിലെത്തി. ബ്രൈമയുടെ മഹാത്യാഗത്തിന് പക്ഷെ ഫലസൂചികയില്‍ മാത്രം ഫലമുണ്ടായില്ല. ബസ്ബിയെ സംഘാടകര്‍ അയോഗ്യനാക്കുകയും ബ്രൈമ മത്സരം പൂര്‍ത്തിയാക്കിയതായി അറിയിക്കുകയും ചെയ്തു. പട്ടിണിയോട് പടവെട്ടുമ്പോഴും മാനവികതയുടെ വിളംബരങ്ങളാകുന്ന ആഫ്രിക്കന്‍ കായികാവേശത്തിന് ചരിത്രത്തില്‍ മറ്റൊരേട് കൂടി.
Adjust Story Font
16