ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പ്: കന്നി മെഡല്‍ നേടി ആതിഥേരായ ഖത്തര്‍
ഹര്‍ഡില്‍സില്‍ ഖത്തര്‍ താരം അബ്ദുറഹ്മാന്‍ സാംബയാണ് ഖത്തറിനായി വെങ്കലം നേടിയത്
ആതിഥിയരായ ഖത്തര്‍ നേടിയ കന്നി മെഡലായിരുന്നു ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ നാലാം ദിനത്തിലെ മറ്റൊരു സവിശേഷത. ഹര്‍ഡില്‍സില്‍ ഖത്തര്‍ താരം അബ്ദുറഹ്മാന്‍ സാംബയാണ് ഖത്തറിനായി വെങ്കലം നേടിയത്. നാലാം ദിനത്തിലെ അവസാന മത്സരമായിരുന്നു 400 മീറ്റര്‍ ഹര്‍ഡില്‍സ്. മത്സരത്തിനുള്ള താരങ്ങള്‍ ട്രാക്കിലേക്കിറങ്ങിയപ്പോള്‍ തന്നെ സ്റ്റേഡിയം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ആര്‍പ്പുവിളികളുയര്‍ന്നു.
മെറൂണ്‍ നിറത്തിലുള്ള ഖത്തറിന്‍റെ ജഴ്സിയുമണിഞ്ഞ് എല്ലാ കയ്യടികളും ഏറ്റുവാങ്ങി അബ്ദുറഹ്മാന്‍ സാംബയെന്ന ആതിഥേയരുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷ അന്തിമ കുതിപ്പിനൊരുങ്ങി. ഫൈനല്‍ വിസില്‍ മുഴങ്ങി. ഒപ്പത്തിനൊപ്പം കുതിച്ച എതിരാളികളെ അവസാന ചുവടുകളില്‍ പിന്നിലാക്കി സാംബ മൂന്നാമതെത്തി. സ്റ്റേഡിയം ആര്‍ത്തിരമ്പി. സാംബ ട്രാക്കിലിരുന്ന് ദൈവത്തിന് സ്തുതിയര്‍പ്പിച്ചു. ഖത്തര്‍ അമീറിന്‍റെ അനിയനും ലോക ചാംപ്യന്‍ഷിപ്പിന്‍റെ സംഘാടക സമിതി ചെയര്‍മാനും കൂടിയായ ഷൈഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍ത്താനി സാംബയെ അനുമോദിക്കാന്‍ നേരിട്ട് ട്രാക്കിലിറങ്ങി. ഇതാദ്യമായാണ് ലോക ചാംപ്യന്‍ഷിപ്പിന്‍റെ ഹര്‍ഡില്‍സില്‍ ഒരു ഖത്തരി താരം മെഡല്‍ നേടുന്നത്.
Adjust Story Font
16