പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; വിലയേറിയ താരങ്ങളായി സിന്ധു, സൈന, കരോലിന മാരിന്‍
2018 പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിലയേറിയ താരങ്ങളായി ഇന്ത്യയുടെ പി.വി സിന്ധുവും സൈന നെഹ്‌വാളും
2018 പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിലയേറിയ വനിതാ താരങ്ങളായി ഇന്ത്യയുടെ പി.വി സിന്ധുവും സൈന നെഹ്‌വാളും. ഐക്കണ്‍ താരങ്ങളായ ഇരുവരെയും ലേലക്കരാര്‍ പ്രകാരം ചെലവഴിക്കാവുന്ന മുഴുവന്‍ തുകയായ 80 ലക്ഷവും മുടക്കിയാണ് സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് ഹണ്ടേഴ്‌സാണ് പി.വി സിന്ധുവിനെ സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ആരും വിളിക്കാതിരുന്ന സൈനയെ രണ്ടാം ഘട്ടത്തിലാണ് നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്‌സ് 80 ലക്ഷത്തിന് സ്വന്തമാക്കുന്നത്.
ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്ത്(ബംഗളൂരു റാപ്‌ടോര്‍സ്)എച്ച്.എസ് പ്രണോയ്(ഡല്‍ഹി ഡാഷേഴ്‌സ്) എന്നിവരാണ് 80 ലക്ഷം ലഭിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍. വിദേശ താരങ്ങളില്‍ കരോലിന മാരിന്‍, വിക്ടര്‍ അക്‌സല്‍സണ്‍, സങ് ജി ഹ്യൂന്‍, ലിയോങ് ഡേ എന്നിവരെയും 80 ലക്ഷത്തിനാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. പൂനെ സെവന്‍ എയ്സാണ് മാരിനെ സ്വന്തമാക്കിയത്. കരോലിന മാരിനും പി.വി സിന്ധുവിനെയും സ്വന്തമാക്കാനായിരുന്നു ടീമുകള്‍ മത്സരിച്ചത്. നാല് ടീമുകളാണ് 80 ലക്ഷം എന്ന മുഴുവന്‍ തുകയ്ക്കും ഇരുവര്‍ക്കും വേണ്ടി രംഗത്തുവന്നത്. ഒടുവില്‍ സിന്ധുവിനെ ഹൈദരാബാദും കരോലിന മാരിനെ പൂനെയും സ്വന്തമാക്കുകയായിരുന്നു. 23 രാജ്യങ്ങളില്‍ നിന്ന് 145 കളിക്കാരാണ് ലേലത്തിനുള്ളത്.
ഡിസംബര്‍ 22 മുതല്‍ ജനുവരി 13 വരെയാണ് ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ്. ഈ വര്‍ഷം ഒമ്പത് ടീമുകളാണ് മത്സരരംഗത്തുള്ളത്. 2015ന് ശേഷം ആദ്യമായാണ് താരങ്ങളെല്ലാം ലേലത്തിന് എത്തുന്നത്. ആറു കോടിയാണ് സമ്മാനത്തുക. മുംബൈ,പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് മത്സരം.
Adjust Story Font
16