Quantcast

വിജയിച്ചു വിട പറഞ്ഞ ഗുരുനാഥൻ

രാഷ്ട്രീയം ഉൾപ്പടെ സമൂഹത്തിന്റെ എല്ലാ തുറകളിലും അദ്ദേഹത്തിന്റെ വിരൽപ്പാടുണ്ട്

MediaOne Logo

പി.ടി നാസര്‍

  • Published:

    6 April 2021 9:20 AM GMT

വിജയിച്ചു വിട പറഞ്ഞ ഗുരുനാഥൻ
X

ആധുനിക കാലത്ത് കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ലഭിച്ച കാമ്പുറ്റ മാർഗദർശിയാണ് കെ.എ സിദ്ദീഖ് ഹസ്സൻ സാഹിബ്. ഐഡിയൽ പബ്‌ളിക്കേഷൻ ട്രസ്റ്റ്, ഹ്യൂമൻ വെല്‍ഫെയര്‍ ഫൗണ്ടേഷൻ എന്നീ രണ്ട് സ്ഥാപനങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നതിൽ കാണിച്ച ശുഷ്‌കാന്തി മാത്രം മതി സമുദായത്തിന്റെ ഓർമയിൽ അദ്ദേഹം നിറഞ്ഞുനിൽക്കാൻ.

മാധ്യമങ്ങളിൽ മുസ്‌ലിം സമുദായവും ദളിതരും ഒരേ പോലെ അപരവൽക്കരണത്തിന് വിധേയമായിരുന്ന കാലത്താണ് മാധ്യമം ദിനപത്രം എന്ന ദൗത്യം ഏറ്റെടുത്ത് സിദ്ദീഖ് ഹസ്സൻ സാഹിബ് മുന്നോട്ടുവരുന്നത്.

മാധ്യമം എന്ന ആശയം മുന്നോട്ടുവെച്ചവരുടെ സ്വപ്‌നം പൂർണമായും സാക്ഷാത്കരിക്കാൻ സിദ്ദീഖ് ഹസ്സൻ സാഹിബിന് കഴിഞ്ഞു. അക്ഷരാത്ഥത്തിൽ വാർത്താ മാധ്യമങ്ങളിൽ വഴിത്തിരിവ് തന്നെയായി മാധ്യമം.

1987 ൽ ദിനപത്രമായി ആരംഭിച്ച മാധ്യമം മലയാളത്തിലെ വാർത്താമാധ്യമങ്ങളിൾ പുതിയൊരു തരംഗം സൃഷ്ടിച്ചു. വസ്തുതയിലും നിഷ്പക്ഷതയിലും ഊന്നിയ നിലപാട് കൊണ്ട് പത്രം വിജയക്കൊടി പാറിച്ചപ്പോൾ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ ചെയർമാൻ അദ്ദേഹമാണ്.

രണ്ടു പതിറ്റാണ്ടിനകം മലയാള ദിനപത്രങ്ങളിൽ ഒന്നാം നിരയിൽ മാധ്യമത്തെ എത്തിച്ചു. തുടർന്ന് ആഴ്ചപ്പതിപ്പും അതിനു പിന്നാലെ ടെലിവിഷൻ ചാനലുമായി മാധ്യമം അതിന്റെ ദൗത്യം തുടർന്നപ്പോൾ ഓരോ നിമിഷത്തിലും തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു കൊണ്ട് ആ വളർച്ചയെ സിദ്ദീഖ് ഹസ്സൻ സാഹിബ് പിന്തുടർന്നു.

2013 ഫെബ്രുവരി 10ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി മീഡിയാവൺ ഉദ്ഘാടനം ചെയ്തപ്പോൾ അധ്യക്ഷ പ്രസംഗത്തിൽ സിദ്ദീഖ് ഹസ്സൻ സാഹിബ് ചാനലിന്റെ പ്രവർത്തകർക്ക് ശക്തമായ ഒരു താക്കീതാണ് നൽകിയത്.

'ഇത് നമ്മൾ ഉദ്ദേശിച്ചതു പോലെ തന്നെ കൊണ്ടു നടക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഈ പെട്ടി തല്ലിപ്പൊട്ടിക്കാൻ നമുക്ക് കഴിയണം' - എന്ന ഉപദേശം നെഞ്ചിൽ തറച്ചു നിൽക്കുന്നതാണ്. വാർത്താ ചാനലുകളുടെ കടുത്ത മത്സരത്തിൽ ചായുമ്പോഴും ചെരിയുമ്പോഴും ആ വാക്കുകൾ പിടിച്ചുവലിച്ച് നേരെ നിർത്തുന്നുണ്ട്.

1990 ൽ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ ആ സംഘാടകന്റെ ചടുലത ഒന്നുകൂടി കേരളത്തിന് ബോധ്യപ്പെടുകയായിരുന്നു. സംഘടനയും പ്രവർത്തകനും രണ്ടല്ലാ എന്ന് സമൂഹത്തിന് കാണിച്ചു കൊടുത്ത പൊതു ജീവിതമാണത്. പലപ്പോഴും കുടുംബ ജീവിതം എന്നത് അവിടെ അപ്രസക്തമായി. പക്ഷേ, ആ കുടുംബം അവസരത്തിനൊത്ത് ഉയർന്നു. അവർ ആ നേതാവിനെ അദ്ദേഹത്തിന്റെ അനുയായികളുടെ സ്വന്തവും സമുദായത്തിന്റെ സ്വത്തും ആയിത്തന്നെ കണക്കാക്കി. അതിന് അനുയോജ്യമാംവിധം പരിചരിച്ചു. അവസാന ശ്വാസംവരെയും.

ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ നേതൃത്യത്തിലേക്ക് നിയോഗിക്കപ്പെട്ടതോടെ ആ കർമ്മമണ്ഡലം വളർന്നു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫയർ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു. അതോടെ ഉത്തരേന്ത്യയിലെ അനേകായിരം മനുഷ്യരുടെ ജീവിതത്തിന്റെ ഗതിമാറി. വിദ്യാഭ്യാസം എന്താണ് എന്നു പോലും അറിയാതെ ജീവിച്ച് മരിച്ചു പോയിരുന്ന ഒരു സമുദായത്തിന് ജീവിതം നൽകിയ സ്ഥാപനങ്ങളാണത്. അവയെ പിൻതുടർന്നാണ് കേരളത്തിലെ മറ്റു പല പ്രസ്ഥാനങ്ങളും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് ജീവകാരുണ്യ പ്രവർത്തനവുമായി കടന്നു ചെയ്തത്.

അദ്ധ്യാപകനായി പൊതുജീവിതം ആരംഭിച്ച സിദ്ദീഖ് ഹസ്സൻ സാഹിബ് ജീവിതത്തിലുടനീളം ആ ദൗത്യം തന്നെയാണ് തുടർന്നത്. ക്ലാസുമുറിക്ക് പകരം സമൂഹത്തിലേക്കിറങ്ങി എന്നു മാത്രം.കുട്ടികൾക്കല്ല മുതിർന്നവർക്ക് തന്നെ വഴികാട്ടി. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമല്ല പരിഹാരം കണ്ടെത്തുക തന്നെ ചെയ്തു.

രാഷ്ട്രീയം ഉൾപ്പടെ സമൂഹത്തിന്റെ എല്ലാ തുറകളിലും അദ്ദേഹത്തിന്റെ വിരൽപ്പാടുണ്ട്. പ്രശ്‌നങ്ങളിൽ ഇടപെടുകയും പ്രതിസന്ധികൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മാധ്യമരംഗത്തും വിദ്യാഭ്യാസരംഗത്തും ജീവകാരുണ്യ മേഖലയിലും ആ വ്യക്തിമുദ്ര കൂടുതൽ തിളക്കമുള്ളതാണ്.

1945 മെയ് അഞ്ചിന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എറിയാട് ആരംഭിച്ച ജീവിതം 2021 ഏപ്രിൽ ആറിന് കോഴിക്കോട് അവസാനിക്കുമ്പോൾ ജീവിതത്തിൽ വിജയിച്ച ഒരു നായകൻ വിടപറയുകയാണ്. അദ്ദേഹത്തിന്റെ നന്മകളും കർമങ്ങളും എന്നും ജീവിക്കും. അതിനാൽ സിദ്ദീഖ് ഹസ്സൻ സാഹിബ് എന്നെന്നും ഓർക്കപ്പെടും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story