മീന്‍പിടുത്തക്കാര്‍ക്കൊപ്പം ജീവിച്ച നാളുകള്‍
മീന്‍പിടുത്തക്കാര്‍ക്ക് വന്യമായ ഒരു ഭാവമുണ്ട്.
പത്തിരുപത് കൊല്ലം മുമ്പ് ഞാന്‍ ഒരു നാടോടി ആയിരുന്നു. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും.
എവിടേക്കെന്ന് കൃത്യമായ ലക്ഷ്യമില്ല. സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി എവിടേക്കും പോകാം. പോയിടുത്തുനിന്ന് ആയിരിക്കില്ല തിരിച്ചുവരുന്നത്, അക്കാലത്ത് എഴുതിയ ഒരു കവിതയിലെ വരികള്‍ പോലെ.
പാതയോരകാഴ്ചകള്‍ കണ്ടു കണ്ടു
വീട്ടിലെത്താന്‍ പാടെ
മറന്നുപോം
പൈതല്‍ പോല്‍
മറന്നു വെച്ചുവോ
ഞാനെന്‍ ജന്മം
മത്തരായി വിലാസിടുമീ
പ്രകൃതി ഭംഗികളില്‍
പല പല തൊഴില്‍ കൂട്ടങ്ങളില്‍, ചങ്ങാത്തങ്ങളില്‍, സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ കലര്‍ന്നു അങ്ങനെ... അങ്ങനെ ഒഴുകും.
അക്കാലങ്ങളില്‍ മീന്‍പിടുത്തക്കാരുമായും ഞാന്‍ ഇടപഴകിയിരുന്നു. അതായത് ബോട്ടില്‍ പോയി മത്സ്യബന്ധനം നടത്തുന്നവര്‍. കൊടുങ്ങല്ലൂര്‍ എന്റെ വീടിനു കുറച്ച് തെക്കു മാറി പെരിയാര്‍ ഒഴുകുന്നു. കേരളത്തിലെ ഏറ്റവും വലിപ്പമുള്ള പുഴ. അത് പടിഞ്ഞോട്ട് ഒഴുകി അറബികടലില്‍ പതിക്കുന്നു.
പെരിയാറിന്റെ തീരത്ത് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ കെട്ടിയിട്ടിരിക്കുന്നത് കാണാം. കാറ്റില്‍ അവ ചാഞ്ചാടും. അത് കൂടാതെ തീരത്ത് കെട്ടിയിട്ട തോണികള്‍. ചീനവലകള്‍. പുഴയുടെ സൗന്ദര്യം അതിമനോഹരം തന്നെ.
സീസണില്‍ അന്യദേശത്തുനിന്ന് ബോട്ടുകള്‍ എത്തും. നീണ്ടകര, വിഴിഞ്ഞം. കൊളച്ചില്‍ അങ്ങിനെ പലയിടത്തു നിന്നും. കൂടുതല്‍ മീന്‍ കിട്ടാനുള്ള സാധ്യത തേടിയാണ് വരവ്. മീന്‍ പിടുത്തക്കാര്‍ പുഴക്കരയില്‍ ബോട്ടുകെട്ടി അവിടെ തന്നെ തമ്പടിക്കും. വെളുപ്പിനാണു കടലില്‍ പോകുന്നത്. കിട്ടിയ മീന്‍ ഹാര്‍ബറില്‍ കൊടുത്ത് ഉച്ചയാകുന്നത്തോടെ തിരിച്ചുവരും. പിന്നെ ജീവിതം പുഴക്കരയില്‍ തന്നെ. ഭക്ഷണം ബോട്ടില്‍ തന്നെ ഉണ്ടാക്കും. ധാരാളം വെളിച്ചെണ്ണ ചേര്‍ത്ത് ആവോലി. ചെമ്മീന്‍ എന്നി കറികളുമായി അവരുണ്ടാക്കുന്ന ബോട്ട്‌ചോറ് രുചികരം തന്നെ.
മീന്‍പിടുത്തക്കാര്‍ക്ക് വന്യമായ ഒരു ഭാവമുണ്ട്. അവര്‍ ഷിപ്ര വികാരികളും നേരെ വാ നേരെ പോ പ്രകൃതക്കാരുമാണ്. കടല്‍കാറ്റേല്‍ക്കുന്ന, ഉപ്പുരസം പുരണ്ട അവരുടെ ഉറച്ച മേനിക്ക് കരുത്തിന്റെ സൗന്ദര്യമുണ്ട്. കുതന്ത്രങ്ങളോ, കുബുദ്ധിയോ ഇല്ലാത്തവരാണങ്കിലും കൊച്ചുപ്രശ്‌നത്തിനു തല്ലുണ്ടാക്കാന്‍ അവര്‍ക്ക് ഒട്ടും മടിയില്ല. വിദ്യാഭ്യാസം നേടിയവര്‍ അവര്‍ക്കിടയില്‍ കുറവ്. എന്നാല്‍, പലര്‍ക്കും കഷ്ടിച്ച് വായിക്കാനാകും. ഇതെല്ലാം പത്തിരൂപത്‌കൊല്ലം മുന്‍പത്തെ കാര്യങ്ങളാണ്.
കൊടുങ്ങല്ലൂരിന് പടിഞ്ഞാറ്, അതായത് അഴിക്കോട് ഭാഗത്ത് സെന്റ്‌തോമസ് ആദ്യമായി ഏഷ്യയില്‍ കാലുകുതിയെന്ന് വിശ്വസിപ്പിക്കപ്പെടുന്ന സ്ഥലത്ത് ഒരു തീര്‍ഥാടനകേന്ദ്രവും പള്ളിയുമുണ്ട്. അവിടെയാണ് വരുത്തന്മാരായ ഈ ബോട്ടില്‍പോക്കുകാര്‍ അധികവും തമ്പടിക്കുന്നത്. രാത്രി അവരുടെ കിടപ്പ് തീര്‍ഥാ ടനകേന്ദ്രത്തിലെ കമാനത്തിനു താഴെയാണ്. ആ കൂട്ടത്തില്‍ നിന്നാണ് എനിക്ക് ടൈറ്റസ് എന്ന ചങ്ങാതിയെ കിട്ടുന്നത്. ഇരുപതോ ഇരുപത്തഞ്ചോ വയസ്സു കാണും. നീണ്ടകരയില്‍ നിന്നും എത്തിയതാണ് അവരുടെ ബോട്ട്. ജേഷ്ഠന്‍ ആന്‍ഡ്രൂസ് ഉള്‍പ്പെടെ ബോട്ടില്‍ നാലുപേരുണ്ട്. ആന്‍ഡ്രൂസ് മഹാപോക്കിരിയാണ്. ഉഗ്രന്‍ മദ്യപാനി. എപ്പോഴും പൊലീസ് കേസുകളും. ബോട്ടിലുള്ള മറ്റു രണ്ടുപേര്‍ അവരുടെ അകന്ന ബന്ധുക്കള്‍ ആണ്.
ഞാന്‍ ടൈറ്റസുമായി പുഴക്കരയില്‍ കറങ്ങും. ചിലപ്പോള്‍ ബോട്ടിന്റെ അണിയത്തു കേറിനിന്ന് ദൂരെയുള്ള ചക്രവാളത്തിലേക്ക് നോക്കി കവിത പാടും. അവരുമായുള്ള സഹവാസകാലത്തു മീന്‍ പിടുത്തക്കാരനും കവിയും എന്ന ഒരു കവിത ഞാന്‍ എഴുതി. ഏഷ്യാനെറ്റിന്റെ മഴവില്‍ എന്ന പ്രോഗ്രാമിലും റേഡിയോവിലും പിന്നീട് ഞാന്‍ അത് പാടിയിരുന്നു. എന്റെ സമാഹഹാരത്തിലെ ഏറ്റവും പ്രധാന്യമുള്ള കവിത തന്നെ അത്.
ഓ മീന്‍പിടുത്തക്കാരാ..
നിനക്ക് കടലെത്ര അനായാസം
പാരവശ്യം
നിന്റെ ഉയര്‍ന്നു പൊങ്ങുന്ന കരത്തിന്
കടലിന്റെ തിരച്ചുളക്കമെത്ര തദാത്മ്യം
എന്നാല്‍ എനിക്കവിടം
ആദിമസ്രോതസ്സുകളുടെ
അപാരനൃത്തം
എന്നാല്‍ എനിക്കവിടം
ഭൂമിയുടെ അന്തരാത്മാവിന്റെ ഹൃദയവിഷോഭം
എന്ന് തുടങ്ങുന്ന ദീര്‍ഘ കവിത.
ആ കൊല്ലത്തെ ക്രിസ്മസ് ആഗതമായപ്പോള്‍
ടൈറ്റസ് എന്നെ നീണ്ടകരയിലേക്ക് ക്ഷണിച്ചു. ഞാന്‍ ചെല്ലാം എന്ന് പറഞ്ഞു. അങ്ങിനെ ഉച്ചക്ക് പുതിയ കുപ്പായങ്ങളണിഞ്ഞു ബോട്ടിനരികില്‍ ഹാജരായി. ഉച്ച തിരിഞ്ഞ് ഞങ്ങള്‍ പുറപ്പെട്ടു. ടൈറ്റസിന്റെ ജേഷ്ഠന്‍ ആന്‍ഡ്രൂസ് ആണ് ബോട്ട് ഓടിച്ചത്. പെരിയാറിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ സമുദ്രത്തില്‍ എത്തി. തീരത്ത് നിന്നും അത്ര അകലെയല്ലാതെ ബോട്ട് ശബ്ദമുണ്ടാക്കി പാഞ്ഞു. സമുദ്രത്തില്‍ പോക്കുവെയില്‍ വീണുകിടന്നു. ദൂരെ കടല്‍കാക്കകളും ചെറിയ നീര്‍പക്ഷികളും പറക്കുന്നത് കാണാം. വെള്ളത്തില്‍ മീനുകള്‍ പുളയുന്നു.
രാത്രി ആയപ്പോഴാണ് നീണ്ടകര എത്തിയത്. സമുദ്രം വിട്ട് അത് ചെറിയൊരു പുഴയിലേക്ക് സഞ്ചരിച്ചു. പിന്നെ ചെറിയ ഒരു കടവില്‍ അടുപ്പിച്ചു. ഞങ്ങള്‍ പുറത്തേക്കിറങ്ങി. സന്ധ്യാവെളിച്ചത്തില്‍ പുഴക്കരയിലെ കൊച്ചു വീടുകളില്‍ കടലാസ് ക്രിസ്തുമസ് നക്ഷത്രങ്ങള്‍ പ്രകാശിച്ചു. ടൈറ്റസിന്റെയും ആന്‍ഡ്രൂസിന്റെയും പിന്നാലെ ഞാന്‍ നടന്നു. അത് അവസാനിച്ചത് പഴയ ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞ പഴയ ഒരു ഓടിട്ട വീട്ടിലാണ്. ടൈറ്റസിന്റെ അമ്മ ഞങ്ങളെ സ്വീകരിച്ചു. ആ വീട്ടിലും തൊട്ടടുത്ത വീടുകളിലും കുട്ടികള്‍ പടക്കം പൊട്ടിക്കുന്നു. കമ്പിത്തിരി കത്തിക്കുന്നു. ആ വീട്ടില്‍ അവര്‍ എനിക്ക് മുറി കാണിച്ചു തന്നു. തഴപ്പായ ആണ് കിടക്കാന്‍. ഞാന്‍ എന്റെ സഞ്ചി അവിടെ വെച്ചു. വെള്ളത്തിന് ദൗര്‍ബല്യം ഉള്ള സ്ഥലമാണ്. കുടിവെള്ളത്തിനു പോലും ഉപ്പുരസം. കുളി കഴിഞ്ഞ് അത്താഴത്തിന് ഇരുന്നപ്പോള്‍ ചോറ്റ് പാത്രത്തെക്കാള്‍ വലിയ മീന്‍ കറിയുടെ പാത്രങ്ങള്‍. മീന്‍കറി വെച്ചതും. ക്ഷീണത്തോടെ ഞാന്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് കണ്ണുതുറന്ന് പുറത്തേക്ക് നോക്കുമ്പോള്‍ തൊട്ടടുത്ത് തോടുകളാണ്. ചളി നിറമുള്ള കറുത്ത എക്കല്‍ മണ്ണാണ് അവിടെ. പിന്നെ കട്ടന്‍കാപ്പി കിട്ടി. കുറേ കഴിഞ്ഞ് ക്രിസ്മസ് പ്രാതലും കള്ളപ്പവും പോത്തിറച്ചി ഈസ്‌ററ്യുവും ആവോലി പൊരിച്ചതും.
കടപ്പുറത്തെ ആര്‍.എസ്പി.യുടെ നേതാവായിരുന്നു ടൈറ്റസിന്റെ പിതാവ്. ബേബി ജോണിന്റെ സ്വന്തക്കാര്‍. ബേബി ജോണ്‍ അന്ന് മന്ത്രിസഭയില്‍ ഉണ്ടെന്ന് തോന്നുന്നു. പിതാവ് കടപ്പുറത്തെ പ്രമാണിയും ചെറിയ ഒരു ദാദയും ആയിരുന്നു. കുറച്ചു വര്‍ഷം മുന്‍പ് അസുഖം വന്നു മരിച്ചു പോയി. പ്രാതല്‍ കഴിക്കുമ്പോള്‍ ടൈറ്റസ് ബേബി ജോണിന് അപ്പനുമായി ഉണ്ടായിരുന്ന അടുത്ത ബന്ധത്തെപറ്റി വാചാലനായി. പിന്നെ ടൈറ്റസ് പറഞ്ഞു. ക്രിസ്മസ് സദ്യ തങ്കച്ചന്റെ വീട്ടിലാണ്. ടൈറ്റസിന്റെ അമ്മാവനാണ് തങ്കച്ചന്‍. അമ്മയുടെ വീട്ടുകാര്‍ എല്ലാവരും ഉണ്ടാകും.
ഉച്ചയ്ക്ക് ഒരു തോട് മുറിച്ച് കടന്നു ഞങ്ങള്‍ തങ്കച്ചന്റെ വീട്ടിലേക്ക് പോയി. ആന്‍ഡ്രൂസും കൂടെ ഉണ്ടായിരുന്നു. ദൂരെ നിന്നുതന്നെ ഓടിട്ട ചെറിയ വീട്ടില്‍ കുട്ടികളെയും സ്ത്രീകളെയും കണ്ടു. സ്ത്രീകള്‍ സാരിക്ക് പകരം മുണ്ടാണ് ധരിച്ചിരുന്നത്. തങ്കച്ചന്‍ എന്നെ ഉദാരമായി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ വല്ലാത്ത കലമ്പല്‍. എല്ലാവരും ഒച്ച വെക്കുന്നു. ആണുങ്ങള്‍ അകത്തെ മുറിയില്‍ മദ്യസേവയിലാണ്. നിലത്ത് നിരത്തിവെച്ച കുപ്പികള്‍ ഒഴിയുന്നു, നിറയുന്നു.
തങ്കച്ചന്‍ ഒരു കള്ളിമുണ്ട് ആണ് ധരിച്ചിരുന്നത്. വൃത്തിഹീനമായ വലിയ താടി ഇടക്കിടക്ക് കൈവിരലുകള്‍ കടത്തി ചൊറിയുന്നുണ്ട്. നിര്‍ത്താതെ വര്‍ത്തമാനം പറയുകയും അതിനിടയില്‍ ആരെയോ ഒന്ന് പൊട്ടിക്കുകയും ചെയ്തു. ഭാര്യ ആണെന്ന് തോന്നുന്നു. ഭാര്യയുടെ കരച്ചില്‍ കേള്‍ക്കാം. ക്രിസ്തുമസ്സ് ആഘോഷം അലങ്കോലമാകും എന്ന് ഞാന്‍ കരുതി. പക്ഷേ, ഈ തല്ലും കരച്ചിലും ഒക്കെ അവരുടെ ആഘോഷത്തിന്റെ ഭാഗമാണ് എന്ന് പിന്നീട് മനസ്സിലായി. വന്യമായ ഒരുതരം ആഹ്ലാദം അവിടെ തിരതല്ലി. തങ്കച്ചന്‍ വീണ്ടും പ്രത്യക്ഷമായി. താടിയിലൂടെ മദ്യ തുള്ളികള്‍ ഒലിച്ചിറങ്ങുന്നുണ്ട്.
'മാഷേ ഇത് എന്റെ മകള്‍ മരിയ പത്താംക്ലാസ് കഴിഞ്ഞിട്ട് നാലഞ്ചു കൊല്ലമായി. അവള്‍ക്ക് കുറച്ച് ഇംഗ്ലീഷ് പറഞ്ഞു കൊടുക്കണം'. മരിയ ഒരു ഇംഗ്ലീഷ് പഠനസഹായവുമായി പ്രത്യക്ഷപ്പെട്ടു. മരിയ എന്നെ അവളുടെ മുറിയിലേക്ക് കൊണ്ടുപോയി. പുസ്തകം നിവര്‍ത്തി ഒരു പേജ് എടുത്ത് അത് ഒന്നു വിശദമാക്കാന്‍ പറഞ്ഞു.
'ചോറായി.... ചോറായി എല്ലാവരും ഇരിക്കിന്‍.' ആരോ അകത്തുനിന്നും വിളിച്ചു പറഞ്ഞു. ആ വീട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരു മേശയില്‍ ചോറും മീന്‍ വരട്ടിയതിന്റയും പൊരിച്ചതിന്റെയും കൂമ്പാരങ്ങളും നിറഞ്ഞു. വലിയ മത്സ്യ കഷ്ണങ്ങള്‍ പ്ലേറ്റില്‍ കുത്തനെ നിരത്തി വെച്ചിരുന്നു. പിന്നെ പോത്തിറച്ചി പലതരത്തില്‍ വരട്ടിയതും ഈസ്റ്റുവും. മിക്കവരും മദ്യത്തിന്റെ ലഹരിയില്‍ ആണ്. ആ ക്രിസ്മസ് സന്ധ്യയില്‍, ഭക്ഷണം കഴിഞ്ഞ് മുറ്റത്ത് നിരത്തിയിട്ട ഒന്നില്‍ ഞാനിരുന്നു. മരിയ പഠനസഹായിയുമായി അവിടേക്ക് വന്നു. ഇരു നിറത്തിലുള്ള നല്ല പൊക്കമുള്ള ദൃഢമായ ശരീരം. ഉപ്പു രസവും കടലിന്റെ ഗന്ധവും അവളുടെ ശരീരത്തില്‍ ഉണ്ടെന്ന് തോന്നി. ചെറിയ കണ്ണുകളില്‍ കൗതുകം വിടര്‍ന്നു നിന്നു. ഒരു നീല ഫ്രോക്ക് ആണ് ധരിച്ചിരുന്നത്. ആകപ്പാടെ കടലിന്റെ ഒരു രാജകുമാരി.
അവള്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
'നാളെ പെരുന്നാളിന് വരില്ലേ?'
'വരും '
ഞാന്‍ പറഞ്ഞു
ഉച്ചതിരിഞ്ഞ് അവിടെ നിന്നും പോന്നു. പരിചയമില്ലാത്ത കാലാവസ്ഥയും ഗുരുത്വമുള്ള ഭക്ഷണവും കൊണ്ട് എന്റെ മുറിയിലെ തഴപായയില്‍ കിടന്നുറങ്ങി പോയി.
പിറ്റേന്ന് ഉണര്‍ന്നു. അന്ന് പള്ളിയിലെ പെരുന്നാള്‍ ആയിരുന്നു. ടൈറ്റസിന്റെ ചെറിയ അനിയന്മാരുമായി അവിടേക്ക് പോയി. പള്ളി പറമ്പില്‍ ഒരു പാട് സ്റ്റാളുകള്‍. വളകള്‍ മാലകള്‍. പലതരം കരകൗശല വസ്തു ക്കള്‍, മണ്‍പാത്രങ്ങള്‍, കൃഷി വിളകള്‍. എല്ലാം ഉണ്ട്. ബാന്റ്‌മേളം ഉറക്കെ കേള്‍ക്കാം. ഇടക്കിടെ കതിന പൊട്ടുന്ന ഒച്ചയും. അവിടെ കറങ്ങി വീണ്ടും വീട്ടിലെത്തി. ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും ഉത്സവപറമ്പിലേക്ക് പോയി. സന്ധ്യയായപ്പോള്‍ ട്യൂബ് ലൈറ്റുകള്‍ മിന്നി. ഗാനമേളയും ചവിട്ടുനാടകവും ഉടന്‍ തുടങ്ങും. പെട്ടന്ന് മരിയയും കൂട്ടുകാരികളും അവിടെ പ്രത്യക്ഷമായി.
നിങ്ങള്‍ പൊക്കോ 'അവള്‍ കൂട്ടു കരികളോട് പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. ഞങ്ങള്‍ പൂഴി മണ്ണിലിരുന്നു ഗാനമേള ആസ്വദിച്ചു.
ഗാനമേള കഴിഞ്ഞപ്പോള്‍ ചവിട്ടു നാടകത്തിന്റെ അനൗണ്‍സ്മന്റ് മുഴങ്ങി. കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ രസികന്‍ വസ്ത്രധാരികള്‍ കാലുകൊണ്ട് ചവിട്ടി, നൃത്തം ചെയ്ത് ക്രിസ്ത്യന്‍ പുരാണകഥ അവതരിപ്പിക്കുന്നു.
പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു ബഹളം. ചെന്ന്‌നോക്കുമ്പോള്‍ ആന്‍ഡ്രൂസ് വില്‍പ്പനക്കായ് അടുക്കി വെച്ച മണ്‍പാത്രങ്ങള്‍ എറിഞ്ഞുടക്കുകയാണ്. വില്‍പ്പനകാരനെ തെറിയും പറയുന്നുണ്ട്. ടൈറ്റസ് അയാളെ അനുനയിപ്പിക്കുന്നുണ്ട്. ആന്‍ഡ്രൂസിനെ ആരോ ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ അതെല്ലാം സാധാരണ കാര്യം.
ഞാനും മാരിയയയും തിരികെ ഗാനമേള കേള്‍ക്കാന്‍ പഴയ ഇടത്തേക്ക്. നാടകം കഴിഞ്ഞു. ഞാന്‍ അവളുമായി യാത്ര പറഞ്ഞു. പിന്നെ ടൈറ്റസിന്റ അനിയന്മാരെ അന്വേഷിക്കാന്‍ തുടങ്ങി. ഉത്സവപറമ്പില്‍ അവരെ കണ്ടുമുട്ടി. ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു പോന്നു...
ഞാന്‍ ഭക്ഷണം കഴിച്ചുസുഖമായി ഒന്നുറങ്ങി. നേരം പുലര്‍ന്നപ്പോള്‍ ടൈറ്റസ് വിളിച്ചുണര്‍ത്തി.
'നമ്മുടെ അഴിക്കോട് നിന്ന് രാത്രി ഫോണ്‍ വന്നു. അവിടെ ചാകര വീണു. ഉടനെ തിരിച്ചു പോകണം.'
ഞങ്ങള്‍ വേഗം റെഡിയായി. നാലഞ്ചു ദിവസം ആണ് നീണ്ടകരയില്‍ നില്‍ക്കാന്‍ ഉദ്ദേശിച്ചത് അത് രണ്ടു ദിവസമായി ചുരുക്കേണ്ടി വന്നു. ഞങ്ങള്‍ ബോട്ടില്‍ കേറി. അത് പുക തുപ്പിക്കൊണ്ട് അഴിക്കോട് ഹാര്‍ബര് ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്നു.