Quantcast
MediaOne Logo

പി.എ നാസിമുദ്ദീന്‍

Published: 14 March 2022 6:42 AM GMT

കോട്ടപ്പുറം പാലത്തിൽ നിന്ന് വേർഡ്‌സ് വർത്തിനെ വായിക്കുമ്പോൾ

ലണ്ടനിലെ തെംസ് നദിയിലെയും കേരളത്തിലെ പെരിയാറിലെയും കാഴ്ചകൾ വെവ്വെറെയെങ്കിലും അവയുടെ മുഖഭാവം ഒന്നുതന്നെ

കോട്ടപ്പുറം പാലത്തിൽ നിന്ന് വേർഡ്‌സ് വർത്തിനെ വായിക്കുമ്പോൾ
X
Listen to this Article

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ പാലത്തിൽനിന്ന് തെംസ് നദിയിലേക്ക് നോക്കുമ്പോൾ അനുഭവവേദ്യമാകുന്ന പ്രഭാത ഭംഗിയെ പറ്റി വേർഡ്സ് വർത്ത് രണ്ടു നൂറ്റാണ്ട് മുമ്പ് എഴുതിയ upon west minister bridge എന്ന കവിത പുലരിയിൽ കേരളത്തിൽ ഒരു പ്രധാന പാലത്തിൽനിന്ന് വായിക്കുമ്പോൾ ലോകത്തിലെ എല്ലാ നദിമുഖങ്ങളിലെയും പുലരികൾക്ക് ഒരേ ചാരുതയെന്ന്, ആദ്യ സൂര്യരശ്മികൾക്ക് ഒരേ കാന്തികതയെന്ന് എനിക്ക് തോന്നുന്നു. കാലവും സ്ഥലവും മാറിയിട്ടും അനുഭവങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല.


ലണ്ടനിലെ തെംസ് നദിയിലെയും കേരളത്തിലെ പെരിയാറിലെയും കാഴ്ചകൾ വെവ്വെറെയെങ്കിലും അവയുടെ മുഖഭാവം ഒന്നുതന്നെ. വേർഡ്‌സ് വർത്തിന്റെ കവിതയിലെ ആദ്യവരികൾ സത്യമാണെന്ന് എനിക്കും തോന്നുന്നു.

ഭൂമിക്ക് ഇതിനേക്കാൾ മനോഹരമായി മറ്റൊന്നും വെളിപ്പെടുത്താനാകില്ല.

അതിന്റെ മഹത്വം തൊടുന്ന

ഈ കാഴ്ച കാണാതെ

നടന്നു പോകുന്നവൻ

മരവിച്ച ഒരു ആത്മാവായിരിക്കും.




Earth has not anything

To show more fair

Dull would he be of soul

Who could pass by


കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം - മൂത്തുകുന്നം പാലം പെരിയാറിലാണ്. കൊടുങ്ങല്ലൂർ ചരിത്രപ്രധാനമായ സ്ഥലമാണ്. ഈ പാലം കടന്ന് നദി അറബിക്കടലിൽ പതിക്കുന്നു. ഇവിടെയായിരുന്നു ലോകത്തിലെ ചരിത്ര പുരാതനമായ തുറമുഖ പട്ടണം മുസിരിസ്. ദക്ഷിണേന്ത്യയിലെ പ്രധാന സാമ്രാജ്യം ആയിരുന്ന ചേര നാടിന്റെ തലസ്ഥാനം. സുലൈമാൻ നബിയുടെ കാലത്ത് പോലും വിദൂര രാജ്യങ്ങളുമായി ബന്ധം ഉണ്ടായിരുന്ന തുറമുഖ പട്ടണം. ലോകത്തിലെ എല്ലാ സംസ്കാരങ്ങളിൽ നിന്നുമുള്ള കച്ചവടക്കാർ ഇവിടെ ഒത്തുകൂടി. മധുരയിലേക്ക് ഇവിടെനിന്ന് ജലപാത ഉണ്ടായിരുന്നെന്ന് തമിഴ് ക്ലാസിക്കൽ കൃതിയായ പതിറ്റുപത്തിൽ പറയുന്നു. പി. കുഞ്ഞിരാമൻ നായരും ജി. ശങ്കരക്കുറുപ്പും ഈ അഴിമുഖത്തെ കുറിച്ച് കവിതകൾ എഴുതിയിട്ടുണ്ട്.


എൺപതുകളുടെ അവസാനമായിരുന്നു ഈ പാലം പണിതത്. ഇതിനുമുമ്പ് പാലത്തിനു കുറച്ച് മാറി കോട്ടപ്പുറം ചന്തയുടെ ഭാഗത്തുനിന്ന് പുക തൂവി ഒാടിയിരുന്ന ഒരു ഫെറിയായിരുന്നു യാത്രക്കാർക്ക് ആശ്രയം. എൻ.എച്ച് 17 ൽ വലിയ പണിക്കർ തുരുത്തിലേക്കും അവിടെനിന്ന് മൂത്തു കുന്നത്തേക്കും കിലോമീറ്ററുളുള്ള ഈ പാലം റോഡ് ഗതാഗതം വേഗത്തിലാക്കി. പാലം പണിതത് ഉത്തരേന്ത്യയിൽ നിന്നുള്ള തൊഴിലാളികളും എൻജിനീയർമാരും ആയിരുന്നു. നാട്ടുകാർക്ക് അത് നല്ല കാഴ്ചയായിരുന്നു. പാലത്തിന് പടിഞ്ഞാറു കിടക്കുന്ന എന്റെ ഗ്രാമത്തിൽനിന്ന് പാലംപണി കാണാൻ നാട്ടുകാർ പോകുമായിരുന്നു.


മറ്റ് നദികളെ പോലെയല്ല പെരിയാർ. കേരളത്തിലെ 44 നദികളിൽ വെച്ച് നീളവും വീതിയും ഏറെ കൂടിയ പെരിയ നദി, ഒരുപാട് നദികൾ അതിൽ ഒഴുകിച്ചേരുന്നു. എട്ട് ഇടങ്ങളിൽ നിന്നാണ് പർവത പ്രദേശത്ത് ഇത് ഉത്ഭവിക്കുന്നത്. ഭാരതപ്പുഴ പോലെയോ മറ്റ് നദികൾ പോലെയോ ശാലീനത അതിനില്ല. അറബിക്കടലിൽ പതിക്കുമ്പോൾ കരകൾ തമ്മിലുള്ള അകലം അതി വിസ്തൃതമാണ്.


മഹാകവി ഇടശ്ശേരിയുടെ

ഇരുപത്തി മൂന്നോളം

ലക്ഷമിന്ന്

ചെലവാക്കി നിർമിച്ച പാലത്തിന്മേൽ /

അഭിമാനപൂർവം ഞാൻ ഏറി നിൽപ്പാണ്. /

അടിയിലെ ശോഷിച്ച പേരാർ നോക്കി /

എന്നാരംഭിക്കുന്ന പ്രശസ്തമായ 'കുറ്റിപ്പുറം പാലം' എന്ന കവിതയിൽ പറയും പോലെ

ഉൺമയിൽ പുതുലോകത്തിനു തീർത്തൊരു

ഉമ്മറപ്പടിയാമീ പാലത്തിന്മേൽ

അനുദിനം മങ്ങുമാ ഗ്രാമ ചിത്രം

മനസ്സാൽ ഒന്നു നുകർന്നു നിന്നു

പിറവി തൊട്ടെൻ കൂട്ടുകാരിയാം

മധുരമ തൂകിടും ഗ്രാമലക്ഷ്മി അകലേക്കകലേക്കകലുകയായ്

അവസാന യാത്ര പറയുകയാം

എന്നിങ്ങനെ കോട്ടപ്പുറം പാലം പണി കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് തോന്നിയില്ല . 1954 ൽ ഇടശ്ശേരി കുറ്റിപ്പുറം പാലം എഴുതുമ്പോഴുള്ള പോലെയായിരുന്നില്ല ഈ പാലം പണി തീർന്ന 1980 കളിൽ.

നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സ്വഭാവം പേറുന്ന പ്രദേശങ്ങളുടെ ശൃംഖലയായി കേരളം അപ്പോഴേക്കും മാറികഴിഞ്ഞിരുന്നു. അതിനാൽ കവിതയിൽ മറ്റൊരിടത്ത് പറയുംപോലെ




അറിയാത്തോർ തമ്മിലടിപിടികൾ

അറിയാത്തോർ തമ്മിൽ പിടിച്ചുകൂട്ടൽ

അറിയാത്തോർ തമ്മിൽ അയൽപക്കക്കാർ

അറിയുന്നോരെല്ലാം അന്യനാട്ടുകാർ

എന്ന അവസ്ഥ വളരെ മുമ്പ് തന്നെ സംഭവിച്ചിരുന്നു.


രണ്ടാഴ്ച മുമ്പ് ഞാൻ കോട്ടപ്പുറം മൂത്തകുന്നം പാലത്തിന്റെ അടിയിലുള്ള ഒരു ആത്മമിത്രത്തിന്റെ വീട്ടിൽ താമസിച്ചിരുന്നു. നേരം പരപരാ വെളുക്കുന്ന നേരത്ത്, സൂര്യനുദിച്ചു തുടങ്ങുന്ന നേരത്താണ് ഞാൻ ആ പാലത്തിലൂടെ നടന്നത്. പാലത്തിൽ നിന്ന് നോക്കുമ്പോൾ ദൂരെ കാണുന്ന പുഴക്കരകളിൽ നേരിയ ഇരുളിൽ തെങ്ങുകൾ മെല്ലെ ചാഞ്ചാടുന്നു. തെങ്ങുകൾക്കിടയിൽ വീടുകൾ പുലർകാല കുളിരിലാഴ്ന്നു കിടക്കുന്നു. അവക്കിടയിൽ ഇടക്ക് മിന്നായം പോലെ വെളിച്ചങ്ങൾ... പുഴയിൽ ചൂണ്ടൽകാരുടെ കൊച്ചുതോണികൾ മീൻ പിടിക്കുന്നു. ചിലർ പുഴയിൽ തോണി നിറുത്തി ചളിയെടുക്കുന്നു. വെള്ളത്തിൽ ഊളിയിട്ടുപോയി ചെറിയ ചളിക്കൂനകൾ പൊക്കിക്കൊണ്ടുവരുന്നു. ചെളിയെടുക്കലും ഇത്തിൾവാരലും നദീതീരത്തുളളവരുടെ ഉപജീവന മാർഗങ്ങളാണ്. പുഴയിൽനിന്ന് കൊച്ചുകൊച്ചു ശബ്ദങ്ങൾ ഉയരുന്നു. പാലത്തിന്റെ കൂറ്റൻ കോൺക്രീറ്റ് കാലിൽ അതിന്റെ ഒഴുക്ക് തട്ടി ഉണ്ടാകുന്ന ശബ്ദവും കേൾക്കാം.




അപ്പോൾ എനിക്ക് വേർഡ്‌സ് വർത്തിന്റെ നേരത്തെ പറഞ്ഞ കവിത ഓർമ വന്നു. ആ കവിത എനിക്ക് ഹൃദ്യസ്ഥമായിരുന്നു. അത് ഞാൻ മനസ്സിൽ പതുക്കെ വായിച്ചു.

വെസ്റ്റ് മിനിസ്റ്റർ പാലത്തിൻമേൽ

ഭൂമിക്ക് ഇതിനേക്കാൾ മനോഹരമായി

ഒന്നുംതന്നെ വെളിപ്പെടുത്താനാവില്ല

അതിന്റെ മഹത്വം തൊടുന്ന

ഈ കാഴ്ച കാണാതെ നടന്നുപോകുന്നവർ

മരവിച്ച ഒരു ആത്മാവായിരിക്കും

നഗരമിപ്പോൾ

പുലരിയുടെ സൗന്ദര്യത്തിന്റെ

വസ്ത്രം ധരിക്കുന്നു.

നിശബ്ദം, നഗ്നം

കപ്പലുകൾ, മിനാരങ്ങൾ

വീടുകൾ, തിയേറ്ററുകൾ

ദേവാലയങ്ങൾ

സമതലങ്ങളിൽ

ആകാശത്തേക്ക് തുറന്നു കിടക്കുന്നു

ധൂമ രഹിതമായ വായുവിൽ

എല്ലാം ശോഭയായ്

വെട്ടിത്തിളങ്ങുന്നു

ജസൂര്യൻ ഇത്ര മനോഹരമായി

അതിന്റെ ആദ്യ തേജസ്സിൽ

താഴ്വരകളെ പാറക്കെട്ടുകളെ

കുന്നുകളെ

പുണർന്നിട്ടില്ല

ഇതുവരെ

ഞാൻ കണ്ടിട്ടില്ല

അനുഭവിച്ചിട്ടുമില്ല

ഇത്ര ഗാഡമായ

ശാന്തത


നദി അതിന്റെ

മധുരമായ ഇച്ഛയാൽ

മന്ദം ഒഴുകുന്നു

പ്രിയ ദൈവമേ

മിക്ക വീടുകളും

ഇപ്പോൾ നിദ്രയിലാണ്

ആ എല്ലാ

ശക്തമായ ഹൃദയങ്ങളും

ഇപ്പോഴും ശയിക്കുന്നു.


വേർഡ്‌സ് വർത്ത് 1802 സെപ്റ്റംബർ മൂന്നിന് തന്റെ സഹോദരി ഡെറോത്തിയുമൊന്നിച്ച് ഫ്രാൻസിലേക്ക് തന്റെ ആദ്യഭാര്യയിലുണ്ടായിരുന്ന കുട്ടിയെ കാണാൻ പോകുന്ന വഴിക്ക് വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ വെച്ചാണിത് രചിച്ചതെന്ന് സഹോദരിയുടെ ഓർമകുറിപ്പിൽ പറയുന്നു.





TAGS :