Quantcast
MediaOne Logo

നയതന്ത്ര

Published: 22 May 2022 6:43 AM GMT

ഡിജിറ്റല്‍ ഇന്ത്യയും ശിവലിംഗവും

പൊളിറ്റിക്കല്‍ പാര്‍ലര്‍

ഡിജിറ്റല്‍ ഇന്ത്യയും ശിവലിംഗവും
X
Listen to this Article

പണ്ട് പണ്ട്, പണ്ടാണ്. സംഭവം നടക്കുന്നത് കൊടുങ്കാട്ടിലാണ്. അവിടെ നദിക്കരയിലിരുന്ന് മീന്‍ പിടിച്ച രണ്ട് കുരങ്ങന്‍മാര്‍ക്ക് മുഴുത്ത ഒരു തിരുത തന്നെ കിട്ടി. തിരുതയെ കീറി മുറിച്ച് പങ്കിട്ടെടുക്കുന്ന കാര്യത്തില്‍ വാനരന്മാര്‍ തമ്മില്‍ പൊരിഞ്ഞ വാദപ്രതിവാദത്തിലായി. തര്‍ക്കം കൊടുമ്പിരിയായപ്പോള്‍ വിഷയത്തില്‍ മധ്യസ്ഥത പറയാനായി ബഹുമാനപ്പെട്ട ഒരു കുറുക്കന്‍ ഇടയിലെത്തി. തിരുതയുടെ തല ഒരു കുരങ്ങനും വാല്‍ മാറ്റൊരു കുരുങ്ങനും നല്‍കാനായിരുന്നു കുറുക്കന്റെ ഉത്തരവ്. കാതലുള്ള നടുക്കഷ്ണവുമായി കണ്ണിറുക്കി കാണിച്ച് മധ്യസ്ഥനായ മാന്യന്‍ യാത്രയായി. നടുക്കഷണം മറ്റേ കുരങ്ങന് കിട്ടിയില്ലല്ലോ എന്ന സന്തോഷത്തിലായിരുന്നു പൊട്ടന്മാരായ കുരങ്ങന്‍മാര്‍.

ഈ കഥക്കും പങ്കിട്ടെടുക്കലിനും തൃക്കാക്കര തെരഞ്ഞെടുപ്പുമായി യാതൊരു സാമ്യവുമില്ല. ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. പക്ഷെ, നമ്മുടെ നാട്ടില്‍ നടക്കുന്ന ബഹുമാനപ്പെട്ട ചില കോടതിവിധികളുമായി ഇതിന് ബന്ധമില്ലേയെന്ന് ചോദ്യത്തില്‍ ഇല്ലാതില്ലായെന്നേ നയതന്ത്രക്ക് പറയാനാവൂ. ആരെന്തു വിചാരിച്ചാലും യാതൊരു കുഴപ്പവുമില്ല.

ഫൈസാബാദിലെ ബാബരി വിഷയത്തില്‍ മുമ്പൊരു തര്‍ക്കം ഉണ്ടായിരുന്നല്ലോ. ആ ഒരു വിഷയമായിരുന്നല്ലോ തോറ്റോടിയ പട പോലെയിരുന്ന കാവിപ്പാര്‍ട്ടിയെ അധികാരപ്പായസമുണ്ണാന്‍ സഹായിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ പണ്ടൊരു തര്‍ക്കമുണ്ടായപ്പോള്‍ മഹാനായ ഇ.എം.എസ് സന്ദര്‍ഭത്തിന്റെ ഗൗരവം മനസിലാക്കി ഒരു പ്രസ്താവന നടത്തിയിരുന്നു. അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന പ്രദേശം എന്നായിരുന്നു ആ മധ്യസ്ഥവാചകം. ആരേയും പിണക്കേണ്ട എന്നതായിരുന്നു ഉദ്ധേശം. ബാബരി കാര്യത്തിലും അദ്ധേഹം പറഞ്ഞിരുന്നു. തര്‍ക്കസ്ഥലത്ത് പള്ളിയും ക്ഷേത്രവും നിര്‍മിക്കണമെന്ന്. എന്നാല്‍, പള്ളി തകര്‍ത്ത കേസില്‍ കോടതി മൊഴിഞ്ഞ വിധിയാണ് കേമമായത്. ഭൂമി വഖഫ് ബോര്‍ഡിന്റേതാണെങ്കിലും തല്‍ക്കാലമത് ക്ഷേത്രത്തിന് കൈമാറാനായിരുന്നു തീരുമാനം. പറയുന്നത് കോടതിയാകുമ്പോള്‍ നാം ബഹുമാനം കാണിക്കേണ്ടിവരും.

ഇതൊക്കെ ഇപ്പോള്‍ ഓര്‍മിക്കാനെന്താണ് കാരണമെന്ന് ചോദിച്ചേക്കാം. നമ്മുടെ ഓരോ വിധികളേ എന്നു വിലപിക്കയല്ലാതെ എന്തു പറയാനാണ്. കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വ്യാപി മസ്ജിദില്‍ കോടതി ഒരു കമീഷനെ നിയമിക്കുന്നത്. മഹാന്മാരായ ചില അഭിഭാഷകര്‍ പെട്ടെന്ന് എന്തോ കണ്ടുപിടിച്ചത് മാതിരി യുറീക്ക, യുറീക്ക എന്നു ആര്‍ത്തട്ടഹസിച്ചു കൊണ്ട് പുറത്തേക്കോടി. കൂപ്പുകുത്തിക്കിടക്കുന്ന ഇന്ത്യന്‍ രൂപയെ കരകയറ്റുന്ന എന്തെങ്കിലും വിദ്യയായിരിക്കും കണ്ടുപിടിച്ചിട്ടുണ്ടാവുകയെന്നാണ് പലരും വിചാരിച്ചത്. അല്ലെങ്കില്‍ കുഴിച്ചുനോക്കിയപ്പോള്‍ അല്‍പ്പം പെട്രോള്‍ കിട്ടിയിട്ടുണ്ടാകുമെന്നും ധരിച്ചു. ഇന്ധനവിലയാല്‍ നടുവൊടിയുന്നവര്‍ക്ക് അതൊരു ആശ്വാസമാകുമല്ലോ. നിലവിളികേട്ട് വിദേശ മാധ്യമപ്രതിനിധികളടക്കം പാഞ്ഞെത്തി. പള്ളിയുടെ ഒരു മൂലയില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഈ മഹാന്മാര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി കോടതി ആ ഭാഗം സീലുവെക്കാനുത്തരവിട്ടു. പാവം പള്ളികമ്മറ്റിക്കാരിത് കേട്ട് ആദ്യം ചിരിച്ചെങ്കിലും പിന്നെ കരഞ്ഞു. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച പള്ളിയിലെ വുദുഖാനയിലെ മനോഹരമായ പൈപ്പാണ് മഹാന്മാര്‍ ശിവലിംഗമായി പെരുമ്പറയടിച്ചത്. തിരുത പങ്കുവെച്ചതുപോലെയുള്ള ബഹു. കോടതിയുടെ ഉത്തരവും കാത്തിരിപ്പാണ് ഞെട്ടിവിറങ്ങലിച്ച ജനാധപത്യവിശ്വാസികള്‍. ഇതൊക്കെ നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട ഡിജിറ്റല്‍ ഇന്ത്യയിലാണ് നടക്കുന്നതെന്ന ഓര്‍മ വേണം ഓര്‍മ.


തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പതിവ് പോലുള്ള കലാപരിപാടികള്‍ പെരുമഴയത്തും അരങ്ങു തകര്‍ക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഭാസാമാജികരുമടങ്ങുന്ന 99 പേര്‍ അവിടെ തമ്പടിച്ചിരിക്കുയാണ്. സഭയെന്ന് കേള്‍ക്കുമ്പോള്‍ ഏതു സഭയെന്ന് തല്‍പ്പരകക്ഷികള്‍ നെറ്റിചുളുപ്പിച്ചേക്കാം. നിയമസഭായാണ് കേട്ടോ നിയമസഭ. നൂറു തികച്ച് സെഞ്ച്വറിയടിക്കാനാണത്രെ ഈ പരവേശമത്രയും. പ്രാചാരണത്തിന് ടെണ്ടുല്‍ക്കറിനെ കൊണ്ടുവന്നാല്‍ മതിയായിരുന്നു. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് അവര്‍ ചെയ്തുപോയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് വന്നണഞ്ഞരിക്കുന്നതെന്ന് പറഞ്ഞ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് മുഖ്യസഖാവാണ്. പി.ടിയുടെ മരണമാണ് ആ സൗഭാഗ്യമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് മനസ്സിലായത് രണ്ടുദിവസം കഴിഞ്ഞാണ്. അതല്ലെങ്കിലും അങ്ങിനെയാണല്ലോ. കാര്യങ്ങള്‍ മനസ്സിലാകാന്‍ അവര്‍ക്ക് സമയമെടുക്കും. സുധാകരന്‍ പിന്നെ അടങ്ങയിരിക്കുമോ. പി.ടിയുടെ മരണം സൗഭാഗ്യമെന്ന് പറഞ്ഞയാള്‍ തുടല പൊട്ടിച്ച നായയാണെന്ന് ടിയാന്‍ തിരിച്ചടിച്ചു. പിന്നെ ഇ.പിയും പി. യും പോരാത്തതിന് മണിയാശാനുമൊക്കെ പ്രതികരിച്ചു തുടങ്ങിയതോടെ വാചകങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണ്ടിവന്നു തുടങ്ങി.

നേതാക്കന്‍മാരെ മുട്ടി തൃക്കാക്കരക്കാര്‍ക്ക് നടക്കാന്‍ വയ്യാതായിട്ടുണ്ട്. ആകെയുള്ള സമാധാനം നഗരത്തിലെ വെള്ളക്കെട്ടാണ്. അതുകാരണം പ്രചാരണം അതിവേഗതയില്‍ മുന്നോട്ട് പോകാതായിട്ടുണ്ട്. നഗരത്തില്‍ ഇരമ്പിയെത്തുന്ന മഴവെള്ളം മൂന്നുമണിക്കൂര്‍ കൊണ്ട് കായലിലേക്ക് ഒഴുക്കിവിടുന്ന വല്ല കെ റെയിന്‍ പദ്ധതി അടുത്തെങ്ങും നടപ്പാക്കുമോ എന്ന് നഗരത്തിലെ പൗരപ്രമുഖര്‍ ഗതികെട്ട് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കെ റെയിലിനിട്ട കല്ല് പിന്‍വലിച്ചതായി റവന്യുമന്ത്രി രാജന്‍ പ്രസ്താവിച്ചതിന്റെ തൊട്ടുപുറകെ കല്ലിട്ടാലുമില്ലെങ്കിലും ഭൂമിയേറ്റെടുക്കുമെന്ന് കോടിയേരിയും അര്‍ഥശങ്കക്കിടയില്ലാതെ പ്രവചിച്ചിട്ടുണ്ട്. ഇതെല്ലാം കല്ലുവെച്ച നുണകള്‍ മാത്രമാണെന്ന് പ്രതിപക്ഷനേതാവും.

കോണ്‍ഗ്രസിപ്പോള്‍ ഒരു ചിന്താശിബിരവും കഴിഞ്ഞ് വരികയാണ്. നമ്മുടെ രാഹുല്‍ഗാന്ധി ആരോ പറഞ്ഞുകൊടുത്തതനുസരിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഒരു ബാഗും പിടിച്ച് ട്രെയിനിലാണ് രാജസ്ഥാനിലെത്തിയത്. ഒരു കുടംബത്തിന് ഒരു ടിക്കറ്റ് എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. അതോടെ പ്ലാറ്റ് ഫോം ടിക്കറ്റ് പോലും തരപ്പെടില്ലെന്ന് തിരിച്ചറിഞ്ഞ നേതാക്കള്‍ക്ക് തരിപ്പ് തുടങ്ങിയിട്ടുണ്ട്. വേഗത്തിലവര്‍ മറ്റു പാര്‍ട്ടികളിലേക്ക് കൂട്ടയോട്ടം ആരംഭിച്ചിട്ടുമുണ്ട്.

അതിപ്രധാനമായ ചില ചോദ്യങ്ങള്‍ ഇപ്പോള്‍ പാര്‍ലറിലെത്തുകയാണ്. മകളുടെ വിവാഹത്തിന് അഛനെ ക്ഷണിക്കേണ്ടതുണ്ടോയെന്നതാണ് അതിലൊന്ന്. അഛനെ കാഴ്ച്ചക്കാരാനാക്കിയിരുത്തി മകളുടെ കല്യാണം കരക്കാര്‍ നടത്തുന്നത് ശരിയാണോയെന്നതാണ് മറ്റൊന്ന്. ഭരണമുന്നണിയിലെ രണ്ടു പ്രമുഖകക്ഷികളുടെ ആരോഗ്യകരമല്ലാത്ത ഈ ഈഗോ നല്ലതാണോയെന്നാണ് നയതന്ത്ര ചോദിക്കുന്നത്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഇനിയുയരുന്നതിന് മുമ്പ് പാര്‍ലറിന്റെ തിരശീല താഴ്ത്തട്ടെ. അഭിവാദ്യങ്ങള്‍.


TAGS :