പലവിധച്ചിരികള്‍
കുറ്റകൃത്യം ചിരിച്ചുകൊണ്ട് നടത്തിയാല്‍ തെറ്റില്ല എന്ന മഹാകണ്ടുപിടുത്തുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്
കൊലച്ചിരി
യുറീക്ക, യുറീക്ക, യുറീക്ക
പുതിയ കണ്ടുപിടുത്തം വരുമ്പോള്‍ അങ്ങിനെ വിളിച്ചുകൂവിയല്ലേ സംസാരിക്കേണ്ടത്.
കണ്ടുപിടുത്തം മറ്റൊന്നുമ്മല്ല. 2020 ല്‍ ദില്ലിയില്‍ നടന്ന കലാപത്തിന് തിരി കൊളുത്തി ഉദ്ഘാടനം ചെയ്ത രണ്ടു മഹാന്മാരാണ് അനുരാഗ് താക്കൂറും പര്‍വേഷ് വര്‍മയും. അനുയായികളോട് , 'രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക' എന്ന നിരുപദ്രവകരമായ കാര്യം ആഹ്വാനം ചെയ്തവരാണ് ഈ രണ്ട് ഏമാന്മാരും. ഇവരുടെ പ്രസംഗമാണ് കലാപത്തിന് കാരണമെന്നും പറഞ്ഞ് പൊലീസ് കേസും എടുത്തിരുന്നു. പക്ഷെ, സാധാരണഗതിയില്‍ ക്രിമിനല്‍ സ്വഭാവമുണ്ട് എന്ന് നിയമവിശാരദര്‍ വിലയിരുത്തിയ ഈ വിദ്വേഷപ്രസംഗം കുറ്റകരമല്ലായെന്ന നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. ഇതു പറയുന്ന സമയത്ത് രണ്ടുപേരും ചിരിക്കുകയായിരുന്നുവത്രെ. അതായത് തമാശ പറയുകയായിരുന്നുവെന്ന്. കുറ്റകൃത്യം ചിരിച്ചുകൊണ്ട് നടത്തിയാല്‍ തെറ്റില്ല എന്ന മഹാകണ്ടുപിടുത്തുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മിക്കവാറും അന്താരാഷ്ട്ര നീതിന്യായകോടതി ഇതു സംബന്ധിച്ച് വലിയ പഠനം നടത്താന്‍ സാധ്യതയുണ്ട്. മുമ്പ് പാലക്കാട്ട് ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ സുരേന്ദ്രജി ചിരിച്ചുകൊണ്ട് ചാനല്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ഇത്തരം ചിരികളേയായിരിക്കും ചരിത്രത്തില്‍ കൊലച്ചിരി എന്ന പേരിലറിയപ്പെടുന്നത്. 53 നിരപരാധികള്‍ കൊല്ലപ്പെട്ട കലാപത്തെ സംബന്ധിച്ച ഈ ചിരിത്തമാശ, നിയമവൃത്തങ്ങളില്‍ കൂട്ടച്ചിരിക്കും മനുഷ്യസ്‌നേഹികളില്‍ കൂട്ടക്കരച്ചിലിനും കാരണമായിട്ടുണ്ട്.
ചോരച്ചിരി
മൊത്തത്തില്‍ ചിരിക്കും പൊട്ടിച്ചിരിക്കും കൂട്ടച്ചിരിക്കും വഹ നല്‍കുന്ന കാര്യങ്ങളാണല്ലോ രാജ്യത്തിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഗാന്ധിജിയാണോ ഗോഡ്‌സേയാണോ സമാധാന പ്രിയനായ രാജ്യസ്‌നേഹി എന്ന കുസൃതി ചോദ്യം ഉന്നയിക്കപ്പെട്ടുവരികയാണ് ഗവേഷണപ്രബന്ധങ്ങളില്‍. അഹിംസയുടെ പ്രവാചകനായിരുന്ന ഗാന്ധിജിയുടെ സബര്‍മതി ആശ്രമം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ഉരുവം കൊണ്ട ഒരു വിദ്വേഷ തമാശയില്‍ നൂറുകണക്കിന് വാളുകളാണ് 2002 ല്‍ ചിരിച്ചത്. ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. വെറുപ്പിന്റെ ചോരച്ചിരിക്ക് കാരണഭൂതനായ നായകന്‍ അധികാരക്കസേരയിലെത്തുകയും ചെയ്തു.
പുലിപ്പുറത്തെ ചിരി
ചിരികളില്‍ പ്രധാനമാണ് ആക്കിച്ചിരി എന്നാണ് പറയുന്നത്. ഈ ട്രോളുകള്‍ കാണുമ്പം നമുക്ക് അറിയാതെവരുന്ന ചിരിയില്ലേ, അതാണല്ലോ ആക്കിച്ചിരി എന്ന പേരിലറിയപ്പെടുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പഞ്ചമാമാങ്കം കണക്കെ അടുത്തു നടന്നില്ലേ. അതിനെ കുറിച്ചോര്‍ക്കുമ്പോ തന്നെ പെരുംഞ്ചിരിയാ വരുന്നത്. താമരയെ എതിര്‍ക്കുന്ന കയ്യും കാലും ആനയും സൈക്കിളും തുടങ്ങിയ ചിഹ്നങ്ങളില്‍ ശക്തരായ എല്ലാരും ചേര്‍ന്ന് പരസ്പരം മത്സരിച്ച് മലര്‍ന്നുകിടന്നുതുപ്പി തോറ്റുതൊപ്പിയിട്ടു. യു.പിയിലെ കാര്യമാണ് രസം. യോഗിയെ തോല്‍പ്പിക്കാന്‍ അഖിലേഷും കൂട്ടരും ടിയാന് ചാര്‍ത്തി നല്‍കിയ ഇരട്ടപ്പേരായിരുന്നു ബുള്‍ഡോസര്‍ ബാബയെന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എന്നിട്ടവര്‍ യോഗിയെ കണ്ണടച്ച് ആക്കിചിരിക്കുകയും ചെയ്തു. മഹാനായ യോഗി ആ ആക്കിച്ചിരിയങ്ങട് ഏറ്റെടുത്തു. പാര്‍ട്ടിക്കാരെ കൊണ്ട് ''ബുള്‍ഡോസര്‍ ബാബാ കീ ജയ് ' വിളിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയറാലിയും നീളെ അണിനിരന്നത് ബുള്‍ഡോസറുകളായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ബുള്‍ഡോസര്‍, ദില്ലി ലക്ഷ്യമാക്കി ചലിക്കുമെന്ന് കേള്‍ക്കുമ്പോള്‍ മുമ്പ് പുലിപ്പുറത്തിരുന്ന ചിരിച്ചതുമാതിരിയുണ്ടാകും. മോദിജി അന്ന് എന്ത് ചിരി ചിരിക്കുമോ ആവോ.
ഇളിഭ്യച്ചിരി
യു.പിയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാരുടെ മുഖത്ത് ഫിറ്റ് ചെയ്ത ചിരിയുടെ പേരാണ് ഇളിഭ്യച്ചിരി. പ്രിയങ്ക ഓടിനടന്ന് വിയര്‍ത്തും രാഹുല്‍ പാറിപ്പറന്നും സോണിയ ഓഫീസിലിരുന്നും പാടുപെട്ടതു മെച്ചം. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ചരിത്രാതീതകാലം മുതല്‍ നടക്കാറില്ല. അതിന്റെ ആവശ്യവും അവര്‍ക്ക് തോന്നാറില്ല. കാരണം, നേതാക്കള്‍ എല്ലാ നിമിഷവും പരസ്പരം മത്സരിക്കുന്നതിന് പറയുന്ന പേരാണല്ലോ കോണ്‍ഗ്രസ് എന്നത്. കുതികാല്‍വെട്ടും പാരവെപ്പും ചാക്കിട്ടുപിടുത്തവും പയറ്റിതെളിഞ്ഞവര്‍ വിജയശ്രീലാളിതരായി ജന്‍പഥ് പത്താംനമ്പറിലെത്തുകയാണ് പതിവ്. പക്ഷെ, അവര്‍ ജനഹൃദയങ്ങളില്‍ സീറോ നമ്പറായിരിക്കും. എത്ര യോഗങ്ങള്‍ ഇനിയവര്‍ ബൈഠക്കുകളായി ഇരുന്നും കിടന്നും കൂടിയാലും എ.ഐ.സി.സിയില്‍ നിന്നാരും വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നില്ല. ആ സര്‍ക്കസ് കൂടാരത്തിലിപ്പോള്‍ പല്ലും നഖവും കൊഴിഞ്ഞവര്‍ മാത്രമാണുള്ളത്.
പ്രഹസനച്ചിരി
കെ റെയിലില്‍ കേരളത്തിലുയര്‍ന്നുവന്ന വിവാദങ്ങളില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ ചിരികളാണ് പ്രഹസനച്ചിരി എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നത്. ''എന്തു പ്രഹസനമാണ് സജീ ''എന്നു നെഞ്ചില്‍ കല്ലിന്റെ ഭാരം പേറുന്ന സമരജനം ചോദിച്ചുതുടങ്ങിയിട്ടുണ്ട്. പറഞ്ഞാല്‍ പറഞ്ഞടത്ത് കല്ല് കയറ്റിവെക്കുന്ന മുഖ്യനാണത്രെ കേരളം ഭരിക്കുന്നത്. എന്തുവന്നാലും പാര്‍ട്ടി സെക്രട്ടറി പറയുന്നതായിരിക്കും സത്യം തുടങ്ങിയ പ്രഹസനവാചകങ്ങളാണ് ബഹുമാനപ്പെട്ട മന്ത്രി എഴുന്നള്ളിച്ചത്. മന്ത്രിമാരുടെ ഇഷ്ടക്കാരുടെ ഭൂമിയില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ടി. വികസനം വളച്ചുമാറ്റാനാണത്രെ കല്ലിടുന്നതെന്നാണ് ചുരുക്കത്തില്‍ മനസിലായിട്ടുള്ളത്. അങ്ങിനെയാണെങ്കില്‍ സര്‍വവും നഷ്ടപ്പെടുന്ന ഇരകളെ ചൊറിയാന്‍ വരാതിരിക്കലാവും ചെറിയാന്‍ സഖാവിന് നല്ലത്. പലവിധ ചിരികളെ അവതരിപ്പിച്ച ഈ പാര്‍ലറിന് ഒരു ചെറു ചിരിയോടെ തിരി താഴ്ത്തട്ടെ.