ഇതികർത്തവ്യതായ നമഃ
കഴിഞ്ഞ ദിവസമാണ് നയതന്ത്രന് ഒരു സന്ദേശം ലഭിച്ചത്. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്ന രണ്ടു സുന്ദരിമാരുടെ ചിത്രമാണ്. മാറിലൂടെ അണിഞ്ഞിട്ടുള്ള റിബണിൽ റഷ്യ, യുക്രൈൻ എന്ന് എഴുതിയിട്ടുണ്ട്. ചോദ്യമിതാണ്. റഷ്യയുടെ കൂടെ നിൽക്കുമോ യുക്രൈന്റെ കൂടെ നിൽക്കുമോ.
അതേ ദിവസം തന്നെയാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളന മാമാങ്കം പൊടിപൊടിച്ചത്. ചെങ്കോട്ടയുടെ മാതൃകയിലായിരുന്നു നഗരി. ഭരണത്തിന്റെ തണലിൽ പിണറായിയുടെ പൊലീസ് പുറത്തും, റെഡ് വളണ്ടിയർമാർ അകത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിഭാഗീയതയുടെ വൈറസിനെ, സാനിറൈ്റസർ നൽകിയും വിമതൻമാർക്ക് ക്വാറന്റെയിൻ വിധിച്ചും പ്രതിനിധികൾക്ക് ബൂസ്റ്റർഡോസ് കുത്തിവെച്ചും മെരുക്കിയൊതുക്കാൻ സമ്മേളനത്തിന് സാധിച്ചു.
സമ്മേളനത്തിലേക്കോ നേതൃത്വത്തിലേക്കോ വഴി വെട്ടിത്തെളിക്കുവാൻ മുൻ പൊതുമരാമത്ത് മന്ത്രി സുധാകരന് പോലും സാധിച്ചില്ല. കണ്ണൂരിൽ നിന്നുള്ള കരുത്തനായ നേതാവ് പി.ജെ ആർമിക്കാരൻ സെക്രട്ടേറിയറ്റിലെത്തപ്പെടാതെ വെറും ശശിയായി. അന്തർധാര വളരേ സജീവമാകയാൽ, നിർമിക്കപ്പെട്ട പുതിയ പാലത്തിലൂടെ പുതുമുഖമന്ത്രി സെക്രട്ടേറിയറ്റിലേക്ക് റോഡ് റോളർ ഓടിച്ചുകയറ്റുകയും ചെയ്തു. ഇതിൽ കുപിതരായ കണ്ണൂർ സഖാക്കൾ ഫേസ്ബുക്ക് ചുമരുകളിൽ ചില പോസ്റ്ററുകളൊട്ടിച്ചെങ്കിലും, പാകത്തിന് പശ ചേർക്കാത്തതിനാൽ അത് വേഗമുലിഞ്ഞുവീണു. അതിനിടയിലൂടെ പതിവു പോലെ നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ, ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന സ്ഥലങ്ങളിലെല്ലാം കണ്ണടച്ച് ഒപ്പിടുന്ന കോടിയേരി കൊടിവാഹകനാവുകയും ചെയ്തു.
അപ്പോഴാണ് പത്രക്കാർ സീതറാം യെച്ചൂരിയെ വളഞ്ഞുവെച്ചു ചോദിക്കുന്നത്. റഷ്യയുടെ കൂടെ നിൽക്കുമോ അതോ യുക്രൈന്റെ കൂടെ നിൽക്കുമോ. സജീവമായിരുന്ന പാർട്ടി സെക്രട്ടറി പെട്ടെന്ന് ഉത്തരം കിട്ടാനാവാതെ ഇതികർത്തവ്യതാമൂഢനായിപ്പോയി. അതായത്, ഇപ്പോഴത്തെ സംഘ്ഭാഷയിൽ പറഞ്ഞാൽ ഇതികർതവ്യതായ നമഃ
സമാനമായ ഇതികർത്തവ്യത, ചൈന ഇന്ത്യൻ അതിർത്തിയിലേക്ക് ഇരച്ചുകയറിയപ്പോൾ ഇ.എം.എസിനേയും ബാധിച്ചിരുന്നു. അങ്ങിനെയാണ്"'നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന പ്രദേശം'' എന്ന സിദ്ധാന്തമുണ്ടായത്. കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും ഭരിക്കുന്ന ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയതയോട് സമീകരിക്കുന്ന പ്രവണതയിലും ഒളിഞ്ഞുനിൽക്കുന്നത് ഈ മൂഢത തന്നെയാണ്.
സംഘും ചങ്കും
കേരളമുഖ്യനായി വാഴുന്ന സഖാവ് പിണറായി, പുരാതന കാലത്ത് ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ മുറിവുകളൊന്നുമേൽക്കാതെ നടന്നുവന്ന അത്ഭുതസിദ്ധിക്കഥ പാർട്ടിയുടെ പാതിരാ പ്രസംഗങ്ങളിൽ, ഊഴം വെച്ച് പലരും പാടി നടക്കുന്നത് നയതന്ത്രന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വാള് പിടിച്ചത് സംഘികളാണെങ്കിൽ സാധാരണഗതിയിൽ ഉന്നം പിഴക്കാറില്ലെന്നതാണ് അന്നത്തെയും ഇന്നത്തെയും എന്നത്തെയും അനുഭവം. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നാണല്ലോ പ്രമാണം. എന്നിട്ടും അമ്പത്താറടവുകൾ കൊണ്ട്, അതൊക്കെ തടുത്തൊഴിഞ്ഞുമാറിയ വീരനാണീ വിജയനെന്ന് പാട്ടുകളിലുണ്ട്. പക്ഷെ, താമസം തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിലേക്ക് മാറിയത് മുതൽ ചെറിയ വിറയൽപനി മുഖ്യനെ ബാധിച്ചതായി പരക്കെ പരാതിയുണ്ട്. മോദിജിയെകുറിച്ചും അമിത് ഷാജിയെകുറിച്ചും മിണ്ടാതിരിക്കുക, ന്യൂനപക്ഷങ്ങളോട് ന്യൂനമർദ്ദമുണ്ടാകുമ്പോൾ പോലും അനുകമ്പ കാണിക്കാതിരിക്കുക തുടങ്ങിയതൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. അഞ്ചു സംസ്ഥാനങ്ങളിൽ നാലിലും ബിജെപി ജയിച്ചു കയറിയപ്പോൾ മുൻ പ്രതിപക്ഷനേതാവിനെ വേദിയിലിരുത്തി നിങ്ങൾക്കിത് ദുർദിനമാണല്ലോ എന്നു ചിരിച്ചുകൊണ്ടു പറയുന്ന സഖാവിന്റെ ചങ്കിലെന്തായിരിക്കുമെന്ന് പരിശോധിക്കുകയും ചികിത്സിക്കുകയും വേണം. നമുക്കിത് ദുർദിനമാണല്ലോ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ നയതന്ത്രനിത്ര നാണം വരില്ലായിരുന്നു.
കസേരകളി
കുറേയാളുകൾ ഒരു കസേരക്ക് ചുറ്റും ഓടിക്കൊണ്ടിരിക്കുന്ന കളിക്ക് പറയാൻ പറ്റുന്ന പേരാണ് കോൺഗ്രസ് പാർട്ടി. പെട്ടിപിടിച്ചും പൊട്ടിക്കരഞ്ഞും പരസ്പരം തലയെടുപ്പ് മത്സരം നടത്തിയും മുന്നേറവെ, ജനങ്ങളുടെ കോടതിയിൽ തകർന്നടിയുകയാണ് അവരുടെ പതിവ്. ഇപ്പോൾ സതീശനും സുധാകരനും അങ്കത്തട്ടിൽ കയറി അരക്കച്ച മുറുക്കുമ്പോൾ അഴിഞ്ഞുവീഴുന്നത് കോൺഗ്രസ് പാർട്ടിയുടെ അഭിമാനം തന്നെയാണ്.