Quantcast
MediaOne Logo

നയതന്ത്ര

Published: 29 Jun 2022 6:18 AM GMT

അവരെന്താണ് ചെയ്യുന്നതെന്ന് അവരറിയുന്നില്ല

വയനാട് സംഭവത്തില്‍ മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് സങ്കടത്തോടെയല്ലേ സഖാവ് ഇ.പി പ്രതികരിച്ചത്; അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ക്ക് തന്നെയറിയുന്നില്ല. ആള് മതനിഷേധിയാണെങ്കിലും ഇത് പ്രസ്താവിക്കിമ്പോള്‍ യേശുവിന്റെ മുഖമായിരുന്നു സഖാവിന്. കുഴക്കുന്ന ഈ പ്രശ്‌നത്തിന് മറുപടിയുമായി വരുന്നത് സഖാവ് ഗോവിന്ദന്‍ മാഷാണ്. യുവജന സംഘടനകളില്‍ നല്ലൊരു പങ്കും കുടിയന്മാരാണെന്നാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ മാഷ് പ്രഖ്യാപിച്ചത്. | പൊളിറ്റിക്കല്‍ പാര്‍ലര്‍

അവരെന്താണ് ചെയ്യുന്നതെന്ന് അവരറിയുന്നില്ല
X
Listen to this Article

മൗനം വിദ്വാന് ഭൂഷണമെന്ന ചരിത്രപരമായ സമീപനത്തിന് ശേഷം ഒടുവില്‍ സി.പി.എം സംസ്ഥാന സമിതി വായ തുറന്നു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഘടനാ ദൗര്‍ബല്യം സംഭവിച്ചുവെന്ന് സമ്മതിച്ചു. മണ്ഡലത്തില്‍ ബൂത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചവരെല്ലാം പ്രദേശത്തിന് പുറത്തുള്ളവരായിരുന്നു. അവര്‍ അവരുടെ ജോലിസമയം കഴിഞ്ഞ് മടങ്ങിപ്പോവുകയും ചെയ്തു. പ്രവര്‍ത്തനങ്ങളിലെ പാളിച്ച പരിശോധിക്കാന്‍ സംസ്ഥാന സമിതി രണ്ടംഗ കമീഷനെ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും സെഞ്ച്വറിയടിക്കാനുള്ള അതിയായ ആഗ്രഹവുമായി നിയമസഭാ സാമാജികരും അവിടെ തമ്പടിച്ചപ്പഴേ പാര്‍ലറിലുള്ളവര്‍ പറഞ്ഞിരുന്നു ഈ കളി അത്ര നല്ലതിനല്ലെന്ന്. ഇപ്പോള്‍ പാര്‍ട്ടിയത് തലകുലുക്കി സമ്മതിച്ച സ്ഥിതിക്ക് ആര്‍ക്കും കുഴപ്പമില്ലല്ലോ. പക്ഷെ, ജില്ലാ കമ്മിറ്റിയിലുള്ള പലരുടേയും തല നിലത്ത് കിടന്ന് ഉരുളാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ജില്ല നിര്‍ദേശിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി മുന്‍കൂട്ടി ചുമരെഴുതിയ കാര്യം സംസ്ഥാന സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെയൊരു മുന്‍വിധിയോട് കൂടിയാണ് കമീഷന്‍ വരുന്നത് വ്യക്തം.

മഹത്തായ ഒരു മുദ്രാവാക്യവുമായാണ് ഇപ്പോള്‍ പാര്‍ട്ടി കേരളത്തില്‍ സമര രംഗത്തിറങ്ങിയിരിക്കുന്നത്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ, തൊഴില്‍ അല്ലെങ്കില്‍ ജയില്‍, കൃഷിഭൂമി കര്‍ഷകന് തുടങ്ങിയ മഹത്തായ മുദ്രാവാക്യങ്ങള്‍ കേരളത്തിന് സംഭാവനചെയ്ത പാര്‍ട്ടിയാണ് ഇത് എന്ന് നാമെന്നും അഭിമാനം കൊള്ളാറുണ്ട്. 'മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചനക്കെതിരെ കേരളം' എന്നതാണ് പുതിയ മുദ്രാവാക്യം. സ്വപ്നയും സ്വര്‍ണക്കടത്തും ബിരിയാണി ചെമ്പുമൊക്കെയാണ് പാര്‍ട്ടി വേദികളിലെ പ്രധാന സംവാദ വിഷയങ്ങള്‍. ചിലത് കേട്ടാല്‍ ചില ജ്വല്ലറിക്കടകളുടെ പരസ്യമാണോ എന്ന് സംശയിച്ചുപോകും.

ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ചോദ്യം ചെയ്യലിന് വിധേയമായ രാഷ്ട്രീയനേതാവ് ആരാണ് എന്ന ചോദ്യം അടുത്ത പി.എസ്.സി ചോദ്യപേപ്പറില്‍ ഇടം പിടിക്കാനിടയുണ്ട്. അപ്രകാരം ചോദ്യം വന്നാല്‍ കണ്ണും പൂട്ടി ഉത്തരമെഴുതിക്കോ രാഹുല്‍ ഗാന്ധിയെന്ന്. അഞ്ചുദിവസം കൊണ്ട് അമ്പത് മണിക്കൂറാണ് അദ്ധേഹത്തെ ചോദ്യം ചെയ്തത്. ഒടുവില്‍ മടുത്തും തളര്‍ന്നും നാണം വന്നും ഇ.ഡി ചോദിച്ചുപോലും; ഈ ക്ഷമ രാഹുല്‍ ഗാന്ധിക്ക് എവിടെ നിന്നു കിട്ടീന്ന്. ഒന്നും ആലോചിക്കാതെ മറുപടിയും വന്നു; താന്‍ ഇത്രയും കാലമായി കോണ്‍ഗ്രസ്സിലല്ലേ പ്രവര്‍ത്തിക്കുന്നത്. തന്നെ ക്ഷമ പഠിപ്പിക്കുകയും മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കുകയും ചെയ്ത നേതാക്കന്മാരോട് തന്നെയാണ് രാഹുല്‍ ഇക്കാര്യം വിളമ്പിയത്. അപ്പോഴും നേതാക്കന്മാരിരുന്ന് തമാശ കേട്ട മാതിരി ചിരിക്കുകയാണ് ചെയ്തത്. അതും അവര്‍ക്ക് മനസ്സിലായില്ലെന്ന് സാരം.

രാഹുല്‍ഗാന്ധിയെ ഇപ്രകാരം ചോദ്യം ചെയ്യുന്നതിനിടയിലാണ് വയനാട്ടിലെ ഇടതു വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ വയനാട്ടില്‍ അദ്ധേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ത്തത്. സത്യം പറയാലോ അതും ആരും അറിഞ്ഞിട്ട് ചെയ്ത കാര്യമല്ല കേട്ടോ. വയനാട്ടിലെ വിദ്യാര്‍ഥി നേതാക്കള്‍ തിരുവനന്തപുരത്ത് നിന്നുള്ള പാര്‍ട്ടി കാര്യാലയത്തിന്റെ ഉത്തരവനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നുന്നു. മിക്കവാറുമവര്‍ മുദ്രാവാക്യങ്ങള്‍ കടമെടുക്കുന്നത് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നാകാന്‍ സാധ്യതയുണ്ട്. അതു കൊണ്ടാണ് എസ്.എഫ്.ഐക്കാര്‍ സംഘ്പരിവാറിന്റെ ക്വട്ടേഷനാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. പതിവുപോലെ കാനം ഇത്തരം പരിപാടികളെ അപലപിച്ചിട്ടുണ്ട്. കേരളത്തില്‍ എന്നും മാധ്യമങ്ങളിലൂടെ അപലപിക്കുന്ന എളിമയുള്ള നേതാവായി കാനം മാറിയിരിക്കുകയാണ്. പക്ഷെ, കോടിയേരി ഒരു തമാശയുമായി രംഗത്ത് വന്നു. കോണ്‍ഗ്രസ്സുകാര്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവരെ പിടിക്കുന്നവരായി പൊലീസ് മാറരുത് എന്നാണ് ഭീഷണി. അതിന്റെയര്‍ഥം പൊലീസുകാര്‍ക്ക് പിടിക്കിട്ടിക്കാണും. പാര്‍ട്ടി ഓഫീസില്‍ നിന്നും അകത്താക്കേണ്ടവരുടെ ലിസ്റ്റ് തരുമെന്ന്.

തുടര്‍ ഭരണം കിട്ടിയപ്പോള്‍ ഇരട്ടക്കിരീടം ചൂടിയ ചക്രവര്‍ത്തിമാരുടെ മട്ടിലാണത്രെ ഇപ്പോള്‍ സഖാക്കള്‍ പെരുമാറുന്നത്. ജനങ്ങളോട് ചൂടാവുകയെന്നതാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം. അതിനാല്‍ നേതാക്കള്‍ക്ക് പോലും പാര്‍ട്ടിയംഗങ്ങളെ മെരുക്കിനിര്‍ത്താനാവുന്നില്ല എന്നാണ് പരാതി. പ്രത്യേകിച്ച് വിദ്യാര്‍ഥികളേയും യുവജനങ്ങളേയും. വയനാട് സംഭവത്തില്‍ മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് സങ്കടത്തോടെയല്ലേ സഖാവ് ഇ.പി പ്രതികരിച്ചത്; അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ക്ക് തന്നെയറിയുന്നില്ല. ആള് മതനിഷേധിയാണെങ്കിലും ഇത് പ്രസ്താവിക്കിമ്പോള്‍ യേശുവിന്റെ മുഖമായിരുന്നു സഖാവിന്. കുഴക്കുന്ന ഈ പ്രശ്‌നത്തിന് മറുപടിയുമായി വരുന്നത് സഖാവ് ഗോവിന്ദന്‍ മാഷാണ്. യുവജന സംഘടനകളില്‍ നല്ലൊരു പങ്കും കുടിയന്മാരാണെന്നാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ മാഷ് പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്നപ്പോള്‍ മന്ത്രിയുടെ നാവ് കുഴങ്ങിയതാണ് എന്നായിരുന്നു വിശദീകരണം.

ദില്ലിയില്‍ നടക്കുന്നത് കാണുമ്പോള്‍ ഹിന്ദുസ്ഥാന്‍ ഒരു ജന്തുസ്ഥാനായി മാറുകയാണോ എന്ന സംശയം മുറുകുകയാണ്. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രിയടക്കം 67 ഉന്നതരുടെ പങ്ക് അന്വിഷിക്കണമെന്ന, കൊല്ലപ്പെട്ട എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സകിയ നല്‍കിയ ഹരജി ബഹു. സുപ്രീം കോടതി നിഷ്‌കരുണം തള്ളി. ടീസ്റ്റ സെതല്‍വാദിനേയും മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനേയും ദില്ലി പൊലീസ് രായ്ക്കുരാമാനം അറസ്റ്റ്‌ചെയ്യുകയും ചെയ്തിട്ടുണ്ട്. പരാതിക്കാര്‍ കല്‍തുറുങ്കിലടക്കപ്പെടുന്ന നീതിയാണ് ഇപ്പോള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

പശുക്കടത്തെന്നപോലെ മഹാരാഷ്ട്രയില്‍ ഇപ്പോള്‍ എം.എല്‍.എ കടത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ശിവസേനയില്‍, ബി.ജെ.പി പിന്തുണയോടെ കലാപക്കൊടിയുര്‍ത്തിയ ഷിന്‍ഡെ എം.എല്‍.എമാരെ മുംബെയില്‍ നിന്നും വിനോദയാത്രയെന്നെ വണ്ണം ലക്ഷ്വറി ബസ്സില്‍ കയറ്റി ആദ്യം ഗുജറാത്തിലെ റിസോര്‍ട്ടിലേക്കും പിന്നീട് അസമിലേക്കും കടത്തി. വിലയേറിയ വോട്ടുകള്‍ അതിനേക്കാള്‍ വിലയേറിയ നോട്ടുകള്‍ കൊടുത്ത് വാങ്ങുകയാണ് കേന്ദ്രത്തിലെ ഭരണകക്ഷി. റിസോര്‍ട്ടിലിരുന്ന് ഷിന്‍ഡെ ചെസ് കളിക്കുന്ന ചിത്രം പത്രങ്ങളില്‍ കണ്ടു. കരു കുതിര ഉയര്‍ത്തിയാണ് ഷിന്‍ഡെ നില്‍ക്കുന്നത്. കുതിരക്കച്ചവടത്തിന് നേതൃത്വം നല്‍കുമ്പോള്‍ അത് തന്നെ ചെയ്യുന്നതാണ് നല്ലത്. കൂടെയുള്ളവര്‍ കഴുതകളായി തൊട്ടടുത്ത് നില്‍ക്കുകയും ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 47 ലക്ഷം രൂപ മുടക്കി പുതിയ തൊഴുത്ത് വരികയാണ്. നല്ല കാര്യം. തലസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ തൊഴുത്തിന് സമാനമാകയാല്‍ സുപ്രധാനമായ ആ തീരുമാനത്തിന് നല്ല നമസ്‌കാരം പറഞ്ഞ് പാര്‍ലറില്‍ നിന്നും വിരമിക്കട്ടെ.




TAGS :